ശിലായുഗം - അനിൽ ദേവസി എഴുതുന്ന കഥ
കാലിത്തൊഴുത്ത് പണിയാൻ വേണ്ടി കുഴിയെടുക്കുമ്പോഴാണ്, സാമാന്യം വലിപ്പമുള്ള, കൊത്തുപണികളുള്ള ഒരു കരിങ്കൽത്തൂൺ അടയ്ക്കാരപ്പന്തലിന്റെ കിഴക്കേമൂലയിൽനിന്നു കിട്ടുന്നത്. എല്ലാവരും പണിനിർത്തിവെച്ച് കല്ലുകാണാൻ തിരക്കുകൂട്ടി. "കാണാൻ മാത്രം ഒന്നില്ല്യടോ." ഞാനാ കല്ല് കാലുകൊണ്ട് തട്ടിമറിച്ചിട്ടു.
കാലിത്തൊഴുത്ത് പണിയാൻ വേണ്ടി കുഴിയെടുക്കുമ്പോഴാണ്, സാമാന്യം വലിപ്പമുള്ള, കൊത്തുപണികളുള്ള ഒരു കരിങ്കൽത്തൂൺ അടയ്ക്കാരപ്പന്തലിന്റെ കിഴക്കേമൂലയിൽനിന്നു കിട്ടുന്നത്. എല്ലാവരും പണിനിർത്തിവെച്ച് കല്ലുകാണാൻ തിരക്കുകൂട്ടി. "കാണാൻ മാത്രം ഒന്നില്ല്യടോ." ഞാനാ കല്ല് കാലുകൊണ്ട് തട്ടിമറിച്ചിട്ടു.
കാലിത്തൊഴുത്ത് പണിയാൻ വേണ്ടി കുഴിയെടുക്കുമ്പോഴാണ്, സാമാന്യം വലിപ്പമുള്ള, കൊത്തുപണികളുള്ള ഒരു കരിങ്കൽത്തൂൺ അടയ്ക്കാരപ്പന്തലിന്റെ കിഴക്കേമൂലയിൽനിന്നു കിട്ടുന്നത്. എല്ലാവരും പണിനിർത്തിവെച്ച് കല്ലുകാണാൻ തിരക്കുകൂട്ടി. "കാണാൻ മാത്രം ഒന്നില്ല്യടോ." ഞാനാ കല്ല് കാലുകൊണ്ട് തട്ടിമറിച്ചിട്ടു.
പ്രധാനമായും രണ്ടു കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനു വേണ്ടിയുളള ആലോചനായോഗമാണ് വിളിച്ചുകൂട്ടിയത്. കാര്യം ഒന്ന്: ഇലക്ട്രിക് ക്രിമിറ്റോറിയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തുക. കാര്യം രണ്ട്: കുടിക്കിടപ്പ് അവകാശത്തിനുവേണ്ടിയുള്ള ഒപ്പുശേഖരണം ആരംഭിക്കുക. എന്നാൽ ഈ രണ്ടുകാര്യങ്ങളെയും പിൻബെഞ്ചിലിരുത്തിക്കൊണ്ട് മറ്റൊരുകാര്യം മേൽക്കൈ നേടുകയായിരുന്നു; റൂട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പുനരുദ്ധാരണം. ഇതിലേക്ക് വഴി തെളിച്ചവർ, ഈവക കാര്യങ്ങളിലൊന്നും തലയിടാൻ നിൽക്കാതെ സ്വന്തം കാര്യം സിന്ദാബാന്നു കുഞ്ഞുകളിച്ചു നടക്കുന്ന രണ്ടുപേരായിരുന്നു. ബക്കറിന്റെ ഇളയമോൻ ഷമീറും പീറ്ററിന്റെ മൂത്ത പെങ്ങൾ ആനിയുടെ ആദ്യത്തെ കണ്മണിയായ വാവച്ചിയും.
ഷമീറിന്റെ സുന്നത്തുകല്ല്യാണവും വാവച്ചിയുടെ മാമോദീസയും ഒരേ ദിവസം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. അവിടെയായാലും ഇവിടെയായാലും ബിരിയാണി വെക്കേണ്ടത് ഒരാൾതന്നെ; ബക്കറിന്റെ ബാപ്പ ബഷീറാജി. എന്നാപ്പിന്നെ രണ്ടുംകൂടി ഒരു ചെമ്പിൽ ദമ്മിട് ബഷീറാജീന്ന് ഗിരീഷിന്റെ അച്ഛന്റെ ശശിയേട്ടൻ. അതിരുതിരിക്കാത്ത പുറമ്പോക്കു ഭൂമിയിലെ വീടുകൾക്കിടയിൽ തഴച്ചുവളരുന്ന ചെമ്പരത്തികളുടെയും മയിലാഞ്ചികളുടെയും കൊമ്പൊന്നു മാടിവച്ചാൽ നീട്ടിപ്പിടിച്ചൊരു പന്തലിടാമല്ലോയെന്ന് ബക്കറിന്റെ ഉമ്മ, കയ്യുമ്മ. പറമ്പ് വെട്ടിത്തെളിക്കണ കാര്യം പിള്ളേർടെ അച്ഛൻ നോക്കിക്കോളുമെന്ന് ഗിരീഷിന്റെ അമ്മ, ശാരദാമ്മ. അങ്ങനാണേൽ ബാക്കിക്കാര്യങ്ങൾ ഞങ്ങൾക്ക് വിട്ടേരെയെന്ന് എന്റെ പുന്നാര അപ്പൻ, അവറാച്ചൻ. ഇതിനെയെല്ലാം പിന്താങ്ങിക്കൊണ്ട് കോളനിയിലെ മുത്തുമണികളുടെ കരഘോഷം.
പുതുതലമുറയിലെ കുട്ടികളുടെ ആവേശം കണ്ടപ്പോൾ ക്ലബിന്റെ ആൾ ഇന്നോളായ ഗിരീഷിന്റെയുള്ളിൽ കുറ്റബോധം പൊട്ടിമുളച്ചു. നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ക്ലബിന്റെ അവസ്ഥയിപ്പോൾ പരിതാപകരമാണ്. കനാൽത്തിണ്ടിലെ ബദാം മരത്തിൽ തൂങ്ങിക്കിടക്കുന്ന തുരുമ്പുപിടിച്ച നെയിംബോർഡ് മാത്രമേ ക്ലബിന്റേതായി ശേഷിക്കുന്നുള്ളൂ. പണ്ട്, പാർട്ടിയാഫീസിന്റെ കോണിച്ചോട്ടിൽ കുറച്ചു സ്ഥലമുണ്ടായിരുന്നതാണ്. അവടിപ്പോൾ കൊടിയും വടിയും നിറഞ്ഞു... ROOTS - Rising out of the shadow എന്ന പേര് അന്വർഥമാക്കുന്ന ഒരു തിരിച്ചുവരവ് ക്ലബിനുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്ന ഗിരീഷ് തന്നെയാണ് പുനരുദ്ധാരണ ചർച്ചകൾക്കുള്ള കാഞ്ചിവലിച്ചത്. എല്ലാവരും വലിയ ആവേശത്തിൽ അതേറ്റെടുക്കുകയും ചെയ്തു. നവീനവും കലാപരവുമായ മുന്നേറ്റങ്ങളിലൂടെയാകണം ക്ലബിന്റെ ഉയർത്തെഴുന്നേൽപ്പെന്ന് പൊതുവേയൊരു അഭിപ്രായം ഉയർന്നുവന്നു. എല്ലാവർക്കും അവരവരുടേതായ രീതിയിൽ ആലോചിക്കാനുള്ള സമയം അനുവദിച്ചുകൊണ്ട് യോഗം പിരിച്ചുവിട്ടു.
പുസ്തകവിതരണം, രക്തദാനം മഹാദാനം, പായസമേള, പെനാൽറ്റി ഷൂട്ടൗട്ട്, ക്രിക്കറ്റ് ടൂർണമെന്റ്, സൗജന്യ വൈദ്യപരിശോധന തുടങ്ങിയ പഴഞ്ചൻ പരിപാടികളൊന്നും തലയിലെടുത്തുവെക്കേണ്ടെന്ന പക്ഷക്കാരനായിരുന്നു ഗിരീഷ്. ചുരുക്കിപ്പറഞ്ഞാൽ കൂടിയിരിപ്പും വെടിപറച്ചിലും നടന്നതല്ലാതെ ക്ലബിന്റെ കാര്യം തഥൈവ. എന്നാലും ആലോചനകൾ പലവഴിക്കും നടക്കുന്നുണ്ടായിരുന്നു. ഗുമ്മ് ഐഡിയ വല്ലതും കിട്യാൽ പറയണേടാ മുത്തുമണികളേന്ന് നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന ഗിരീഷിന്റെ തലയിൽ തന്നെയാണ് പുത്തനൊരാശയത്തിന്റെ വെള്ളിടി വെട്ടിയത്.
2
ലാലേട്ടൻ–രഞ്ജിത്ത് ടീമിന്റെ സ്പിരിറ്റ് റിലീസായ ദിവസം. സെക്കൻഡ്ഷോ കഴിഞ്ഞ് സീറ്റിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഗിരീഷിന്റെ ചുണ്ടിൽ പതിവില്ലാത്തൊരു ചിരിയും, 'മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൽ മനസ്സിൽ' എന്ന പാട്ട് റിപ്പീറ്റും. നേരെ ഇറങ്ങിച്ചെല്ലുന്നത് പെരുമഴയിലേക്കാണ്.. "മഴകൊണ്ടുമാത്രം നനയുന്ന ബൈക്കുകൾ ചിലതുണ്ട് റോഡിന്റെ സൈഡിൽ." തീയറ്ററിന് എതിർവശത്തുള്ള കൂൾഡ്രിങ്ക്സ് കടയുടെ ഓരത്ത് പാർക്ക് ചെയ്തിട്ടുള്ള ബൈക്കുകളുടെ നിരയിലേക്ക് തിടുക്കപ്പെടുമ്പോൾ ഞാനും മൂളി... "തെറിക്കാലേ?" ബൈക്കിന്റെ സ്റ്റാൻഡ് തട്ടാതെ, ഹാൻഡിലിൽ പിടിച്ച് വട്ടംകറക്കിക്കൊണ്ട് ഗിരീഷ് എന്നെ നോക്കി. ഞാനത് കേൾക്കാത്തപോലെ നടിച്ച് കൂൾഡ്രിങ്ക്സ് കടയുടെ വരാന്തയിലേക്ക് ചാടിക്കടന്നു. വലിയൊരു ജാറിലേക്ക് വീഴുന്ന ഐസ്ക്യൂബുകളുടെ പടമുള്ള ഷട്ടറിലേക്ക് ചാരിയപ്പോൾ മേലാസകലം കുളിർത്തു. ഒരു സിഗററ്റിന് തീപിടിപ്പിക്കാൻ പെടാപാടു പെടുന്നതിനിടയിലാണ് കാറ്റിന്റെ ചൂളംവിളി. എനിക്കങ്ങോട്ട് പെരുത്തുക്കേറിവന്നു: "മര്യാക്ക് പറഞ്ഞതല്ലേടാ ഫസ്റ്റ്ഷോക്ക് കേറാന്ന്. സുഖായ്ട്ടിപ്പോ മൂടിപ്പൊതച്ച് കെടക്കായ്‌രുന്നില്ലേ..." "ദുരന്തോ എക്സ്പ്രെസ്സ് ആവല്ലെന്റെ ആന്റെപ്പാ… ഇതൊക്കെ അല്ലേ രസം." പാതിയെരിഞ്ഞ സിഗററ്റിന്റെ പങ്കുപറ്റാൻ ഒട്ടിനിൽക്കുമ്പോൾ ഗിരീഷിന്റെ കിണുക്കം. അവന് എല്ലാം രസമാണ്. ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്നതിലൂടെ നിഗൂഢമായ ആനന്ദം കണ്ടെത്തുന്ന ഒരു പ്രത്യേക തരക്കാരനാണീ ഗിരീഷ്. നൂൺഷോയ്ക്ക് ടിക്കറ്റെടുക്കാൻ പ്ലാനിട്ടാൽ ആശാനത് എങ്ങനേലും സെക്കൻഡ് ഷോയിലേക്ക് വലിച്ചുനീട്ടും. വെറുതെ ഒരു പകലുമുഴുവനും തീയറ്ററിലെ ഇരുട്ടിൽ ഹോമിച്ചുകളയണോ എന്നതാണ് ഗിരീഷ് പക്ഷം.
നിന്നുനിന്ന് കാല് കഴച്ചതല്ലാതെ, നാലഞ്ചു വിൽസ് തീർന്നതല്ലാതെ മഴതോരണ ലക്ഷണമൊന്നും കാണുന്നില്ല. പോരാത്തതിന് ആകാശോം ഭൂമിയും പിളർക്കണ ഇടിയും മിന്നലും. പിന്നാലെ കറന്റും പോയി ശോകസീനടിച്ചു നിൽക്കുമ്പോഴാണ് കൂൾഡ്രിങ്ക്സ് കടയുടെ മുമ്പിൽ കെട്ടിയിട്ടുള്ള നീലഷീറ്റ് കാറ്റിൽ കെട്ടുപൊട്ടിച്ച് ഒരു കൊടം വെള്ളം എന്റെ മേത്തേക്ക് ചൊരിഞ്ഞത്. ഷഡ്ഡിവരെ നനഞ്ഞ കലിപ്പിൽ ആ കടയങ്ങോട്ടു തല്ലിപ്പൊളിച്ചാലോന്ന് തോന്നിയ തോറ്റത്തിന് ഷട്ടറിലിട്ട് നാലഞ്ചുതൊഴിവച്ചു കൊടുത്തു. സമാധാനായെങ്കിൽ ഇറങ്ങിക്കൂടേ, ഇനീപ്പോ നനയാനൊന്നും ബാക്കിയില്ലല്ലോന്നും പറഞ്ഞ് ഗിരീഷ് ഒടുക്കത്തെ തൊലി. ഞാൻ ഒന്നും മിണ്ടാതെ പിൻസീറ്റിലെ വെള്ളം കൈകൊണ്ടു വടിച്ചുകളഞ്ഞിട്ട് ബൈക്കിലേക്ക് കാല് കവച്ചു. മെയിൻ റോഡിൽനിന്നും പോക്കറ്റുറോഡിലേക്ക് അലക്ഷ്യമായി വെട്ടിത്തിരിഞ്ഞ്, പള്ളിക്കനാൽ വഴിയുള്ള എളുപ്പമാർഗ്ഗം തിരഞ്ഞെടുത്തു ഞങ്ങൾ. വഴീനീളെ കൊന്നപ്പത്തലുകൾ ചാഞ്ഞുകിടക്കുന്നതുകൊണ്ട് മഴയുടെ ശക്തി കുറഞ്ഞതുപൊലെ തോന്നി. ഹൈവേ ഗ്രൗണ്ടിൽ മുളച്ചുപൊന്തിയ തട്ടുകടകളിലെ പെട്രോമാക്സുകളുടെ വിളറിയ മഞ്ഞവെളിച്ചത്തിലേക്ക് എന്റെ കണ്ണുകൾ പാളി.
"ഓരോ കട്ടനടിച്ചിട്ട് പൂവ്വാം." തണുത്തു വിറച്ച് താടികൂട്ടിയടിക്കണ ബീജിയത്തിന്റെ അകമ്പടിയോടെ ഞാൻ പറഞ്ഞു. മഴ, വന്നുപോയിക്കൊണ്ടിരുന്നു.. ഹൈവേയോരത്ത് ആരോ ഇറക്കിവെച്ച ഭീമൻ ഓട്ടുരുളി പോലെ സ്കൂൾ ഗ്രൗണ്ട്! പെയ്ത്തുവെള്ളം ഒഴുകിപ്പോകുന്ന ഗോൾപോസ്റ്റിനുള്ളിലെ ചെളിയിലൂടെ ഞങ്ങളുടെ ബൈക്ക് ഒരു കോർണർകിക്ക് പായിച്ചു. ഇറക്കാലിവെള്ളത്തിൽ കുന്തിച്ചിരുന്ന് പാത്രങ്ങൾ മോറിക്കൊണ്ടിരിക്കുന്ന ബക്കർ ഞങ്ങൾക്ക് സലാം നീട്ടി. "പടങ്ങെനിണ്ട്?” അവൻ ചോദിച്ചു. "കൊള്ളാം! വെറൈറ്റി അടികളൊക്കെയുണ്ട്." സലാം മടക്കിക്കൊണ്ട് ഞങ്ങൾ തട്ടുകടയുടെ ചായ്ച്ചെറക്കിലേക്കു കയറിനിന്നു.
നെയ്പ്പാടയും കറിവേപ്പിലകളും കലർന്ന അഴുക്കുവെള്ളം സുഗമമായി ഒഴുകിപ്പോകാൻ പാകത്തിന് ചട്ടുകംകൊണ്ട് നിലത്തൊരു തോട് വരഞ്ഞതിനുശേഷം ബക്കറും തട്ടുകടയുടെ ഉളളിലേക്ക് നൂണ്ടുകടന്നു. "പൂട്ടാറായില്ലേ?" പെട്രോമാക്സിന്റെ പമ്പിൽ നാല് ചാമ്പുചാമ്പിക്കൊണ്ട് ഗിരീഷ് ചോദിച്ചു. കൂമ്പിത്തുടങിയ വെളിച്ചം വീശിവിടർന്നു. "ആയിട്ടില്ല. എന്നാലും പൂട്ട്യേക്കാന്നാണ്. ഇനിവ്ടെ ചവ്ട്ടാൻ നോക്യാലും വണ്ടികളൊന്നും നിക്കാൻ ചാൻസില്ലപ്പാ." അടുക്കും ചിട്ടയോടും കൂടി ഒരറ്റത്തു നിന്നും സാധനങ്ങൾ അടുക്കിപ്പെറുക്കി വയ്ക്കുന്നതിനിടയിൽ ബക്കർ പറഞ്ഞു.
ഞാനാ ഗ്യാപ്പിൽ മൂന്നു കട്ടൻചായയും രണ്ടു ബുൾസൈയും ഉണ്ടാക്കിയെടുത്തു. ബക്കർ കടപൂട്ടി താഴിട്ടപ്പോഴേക്കും മഴയും കച്ചോടം പൂട്ടിക്കെട്ടി അതിന്റെ വഴിക്കുപോയി. "നിങ്ങള് വന്നതേതായാലും നന്നായി." കട്ടപ്പൊറത്ത് കേറിയ എമ്മേറ്റിയുടെ മുകളിലേക്ക് ടാർപ്പായ വിരിക്കുമ്പോൾ ബഷീറും എമ്മേറ്റിയും ഞങ്ങളെ നോക്കി ചിരിച്ചു. ത്രിബിൾസ്സടിച്ചു പോകാൻ തീരുമാനിച്ചതുകൊണ്ട് ഞാൻ നടുവിലാനും ബക്കർ ഒടുവിലാനുമായി. പാതിദൂരം ചെന്നപ്പഴേക്കും മഴ പിന്നേം മുറുകി. പാണ്ടിബാബുവിന്റെ തേപ്പുകടയുടെ വരാന്തയിലേക്കു ബൈക്ക് സൈഡാക്കിയിട്ട് ഞങ്ങളൊരു സിഗററ്റിന്റെ ചൂടുപറ്റി. ബക്കർ എന്തോ പറയാൻ വരുവായിരുന്നു. മിന്നലൊരെണ്ണം ഞങ്ങളെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ താഴേക്കു പടർന്നിറങ്ങി. "ഇവ്ടെ നമ്മളൊരു കലക്കുകലക്കും മക്കളേ..." വെള്ളിടിവെട്ടിയ തലകുലുക്കിക്കൊണ്ടു ഗിരീഷ് പറഞ്ഞു. "എവ്ടെ?" ഞാനും ബക്കറും ഒരേ സ്വരത്തിൽ ചോദിച്ചു. ഉത്തരവുംകൊണ്ട് പിണഞ്ഞിറങ്ങിയ മറ്റൊരു മിന്നലിന്റെ ശോഭയിൽ അടയ്ക്കാരപ്പന്തൽ തെളിഞ്ഞുകിടന്നു.
3
ഗിരീഷിന്റെ വീടിന്റെ പിന്നാമ്പുറത്തുളള ചായ്ച്ചെറക്കിലായിരുന്നു കൂടിയിരിപ്പ്. കട്ടൻചായക്കു പകരം ഗോതമ്പുപായസം നിറച്ച സ്റ്റീൽഗ്ലാസ്സുകൾ അടുക്കളയിൽ നിന്നും തലനീട്ടി. "പായസ്സം കുടിക്കാൻ തോന്നണന്നും പറഞ്ഞ് ഇവ്ടെക്കെടന്ന് എന്തൊരു പുകിലാർന്നോ. അടുപ്പത്ത്ന്ന് ഇറക്ക്യപ്പോ അവൾക്ക് മണാ പിടിക്കണില്ല." ഗിരീഷിന്റെ പെണ്ണിനെ നോക്കി ശാരദാമ്മ പറഞ്ഞു. നിറവയർ താങ്ങിക്കൊണ്ട് സതി അടുക്കളയിലേക്ക് കയറിപ്പോയി. "അടയ്ക്കാരപ്പന്തലിൽ മ്മ്ക്കൊരു പുൽക്കൂടാ പെടയ്ക്കാം. പള്ളിപ്പറമ്പിൽ ഇണ്ടാക്കണപോലത്തെ ആപ്പ ഊപ്പ സാനല്ല. ക്ലബിന്റെ പേരിൽ ഒരു എമണ്ടൻ ഐറ്റം." ഗിരീഷ് അവന്റെ ഐഡിയ അവതരിപ്പിച്ചു. "എത്ര രൂവ്യാകും?" ചോർന്നൊലിക്കുന്ന ചായ്ച്ചെറക്കിന്റെ തട്ടിലേക്ക് വീശാമ്പാളകൾ തിരുകിക്കേറ്റിക്കൊണ്ട് ഗിരീഷിന്റെ അച്ഛൻ ചോദിച്ചു. "രണ്ടു രണ്ടര ലക്ഷം..." ഞാൻ ഊഹിച്ചു: "ഗോപ്യാശാനോട് ചോയ്ക്കാം. അങ്ങേരാവുമ്പോ അതിരപ്പള്ളീല് തെലുങ്കുപടത്തിന്റെ സെറ്റിട്ട പരിചയോം കാണും." "ഗോപ്യാശാൻ! ബെസ്റ്റ് ടീം. ആളൊരു വാ പോയ കോടാല്യാണ്‌ട്ടാ." ബക്കർ ഓർമ്മപ്പെടുത്തി. "കാശൊക്കെ ഇണ്ടാക്കാം. അതല്ല പ്രശ്നം. അംബേദ്കർ നഗറിലൊള്ളവരുടെ സമ്മതം ഒപ്പിക്കണ്ടേ?" എന്റെ അപ്പൻ സന്ദേഹപ്പെട്ടു.
അത് നടപടിയാകണ കാര്യമല്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അംബേദ്കർ നഗറും അംബേദ്കർ കോളനിയും തമ്മിലുള്ള പോര് ഇന്നും ഇന്നലേം തുടങ്ങിയതല്ല. അംബേദ്കർ എന്ന പേരിനെ ചൊല്ലിയായിരുന്നു സകലപ്രശ്നങ്ങളും. ഞങ്ങളുടെ കോളനിയുടെ പേര് മാറ്റണമെന്ന് അവർ. അത്ര നിർബന്ധാണേൽ നിങ്ങടെ പേര് മാറ്റിക്കോന്ന് ഞങ്ങൾ. നിങ്ങളെപ്പോലെ പലവഴിക്ക് ചിതറിത്തെറിച്ചു വന്നവരല്ലെന്നും തലമുറകളായിട്ട് ഈ മണ്ണിൽ വേരൂന്നിയവരാണെന്നും അവർ ഊറ്റംകൊണ്ടു. എന്നാ പാരമ്പര്യം കെട്ടിപ്പിടിച്ചോണ്ട് അവിടെങ്ങാനും അടങ്ങിയൊതുങ്ങിയിരിക്കെന്ന് ഞങ്ങൾ തിരിച്ചടിച്ചു. കളി കാര്യമായി. കയ്യാങ്കളിയായി... ഞങ്ങളേം അവരേം വേർതിരിക്കുന്ന ഓരേയൊരു അതിർത്തിയാണ് അടയ്ക്കാരപ്പന്തൽ. അവിടെയാണ് പുൽക്കൂട് നിർമ്മിക്കേണ്ടത്. "അതിനിപ്പോ അവരുടെ സമ്മതം ആർക്കുവേണം." ബക്കർ പറഞ്ഞു. സംഗതി ശരിയാണ്. പക്ഷേ, കറന്റും വെള്ളവും വേണ്ടേ? കോളനിയിലെ പലവീടുകളും ഇന്നും ഇരുട്ടിലാണ്. വെള്ളത്തിന്റെ കാര്യം പറയേം വേണ്ട. ആഴ്ചയിലൊരിക്കൽ പൈപ്പിൽ വെള്ളം വന്നാലായി!
ജനറേറ്റർ പിടിപ്പിക്കാം, ടാങ്കറിൽ വെള്ളമടിക്കാം എന്നൊക്കെയുളള ആശയങ്ങൾ പലരും പങ്കുവച്ചെങ്കിലും അബേദ്കർ നഗറിലുള്ളവരെ പിണക്കിയിട്ട് അടയ്ക്കാരപ്പന്തലിൽ ഒരു കുറ്റി പോലും അടിയ്ക്കാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അല്ലെങ്കിൽ ആ സ്ഥലത്തിന്റെ ഉടമസ്ഥൻ സമ്മതിക്കണം. അങ്ങനെയൊരാളെ ആരും കണ്ടിട്ടില്ല. ഏതോ ഒരു പൂത്ത കാശാരൻ. അത്രമാത്രം അറിയാം. "അദ്വൈത് എസ്. നായർ വിചാരിച്ചാൽ ചെലപ്പ നടക്കും." ഗിരീഷിന്റെ പെങ്ങൾ, ഗിരിജ അഭിപ്രായപ്പെട്ടു. "അതാരാടീ?" ഗിരീഷ് ചോദിച്ചു. "കോളജിൽ എന്റെ സീനിയറാണ് ആ ചേട്ടൻ. ഒരു പുസ്തകപ്പുഴു. അസ്സൽ പുരോഗമനവാദി. അംബേദ്കർ നഗറിൽ താമസമാക്കിയിട്ട് കുറച്ചേ ആയിട്ടുള്ളൂ. വേണേൽ ഞാനൊന്ന് സംസാരിച്ച് നോക്കാം." അവൾ ഗമയിട്ടു. സംഗതി ഏറ്റു. കറന്റിന്റേയും വെള്ളത്തിന്റേയും കാര്യത്തിൽ തീരുമാനമായി. പിരിവിന്റെ കാര്യത്തിലും തുടരാലോചനകളിലും അംബേദ്കർ നഗറിലുള്ളവർ അറച്ചുനിന്നപ്പോൾ സമ്മാനകൂപ്പണുകൾ വിൽക്കാനും അടയ്ക്കാരപ്പന്തലിലെ കാടും പടലേം വെട്ടിത്തെളിക്കാനും കോളനിയിലെ മുത്തുമണികൾ പരസ്പരം മത്സരിച്ചു.
4
തുലാവർഷം തോർന്ന് വെയിൽ തെളിഞ്ഞ ആദ്യ ഞായറാഴ്ച്ച സതിയെ പ്രസവത്തിനു കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങ് നടത്തി. സന്ധ്യയോടുകൂടി പുൽക്കൂടിന്റെ പണികളും ആരംഭിച്ചു. ഗോപ്യാശാനും ഗിരീഷുമായിരുന്നു തലപ്പത്ത്. പിള്ളേർസെറ്റിനുള്ള പൊറോട്ടയും ബോട്ടിയും ബക്കർ സ്പോർസൺ ചെയ്തു. കാർന്നോന്മാര് ഷെയറിട്ട് വാങ്ങിയ റമ്മീന്ന് ഓരോ പെഗ്ഗ് ഞങ്ങൾക്കും കിട്ടി. അദ്വൈതിനെ വിളിച്ചെങ്കിലും അവൻ ഒഴിഞ്ഞുമാറി. "ആദ്യം നെലമൊരുക്കണം." ഗിരീഷ് പറഞ്ഞു. ഗോപ്യാശാൻ ചരടും കുറ്റിയുമെടുത്ത് മുന്നേ നടന്നു. രാജാക്കന്മാരുടെ കൊട്ടാരങ്ങളും വെള്ളച്ചാട്ടവും അടങ്ങുന്ന വലിയപ്പട്ടണം, ഇടത്തരം വീടുകളും കുന്നുകളും വഴിവിളക്കുകളുമുളള ചെറിയപ്പട്ടണം, കുടിലുകളും പാടങ്ങളും കാലിത്തൊഴുത്തുകളുമുള്ള ഗ്രാമം എന്നിങ്ങനെ മൂന്നു തട്ടായി പറമ്പ് തിരിച്ചു. ബാക്കി സ്ഥലത്ത് മഞ്ഞുമലകൾ, ക്രിസ്‌മസ്സ് ട്രീ, സാന്താക്ലോസ്സിന്റെ വരവ്, നക്ഷത്രലോകം എന്നിങ്ങനെ പ്ലാൻ ചെയ്തു. പറമ്പിന്റെ ഒരുവശത്തൂടെ അകത്തേക്കു പ്രവേശിച്ച്, കൈവരികൾ കെട്ടിയ നടപ്പാതയിലൂടെ ചുറ്റിനടന്ന് കാഴ്ച്ചകൾ കണ്ടതിനുശേഷം മറ്റൊരു വശത്തൂടെ പുറത്തേക്ക് കടക്കാവുന്നവിധത്തിലായിരുന്നു പുൽക്കൂടിന്റെ സംവിധാനം.
പന്തൽഷാജന്റേന്ന് ടാർപ്പായേം ചൂളക്കഴകളും വാടകക്കെടുത്ത് പറമ്പിന്റെ നാലുവശോം മൂടിക്കെട്ടി. വാർഡ് കൗൺസിലർ രാജേട്ടൻ തെറ്റില്ലാത്തൊരു തുക സംഭാവന തന്നു. നന്ദി സൂചകമായി ഞങ്ങളൊരു ബോർഡു നാട്ടി. തൊട്ടുപിന്നാലെ ഫാത്തിമ ടെക്സ്റ്റയിൽസിന്റെ മൊതലാളി കുറച്ചു കാശും രണ്ടു ഫ്ലെക്സ്ബോർഡും കൊടുത്തുവിട്ടു. ചുരുക്കിപ്പറഞ്ഞാൽ സംഭാവനകൾക്കൊപ്പം അടയ്ക്കാരപ്പന്തലിനുചുറ്റും പരസ്യബോർഡുകളുടെ അയിരുകളിയായി. സംഗതി കളറായി.
കോൺട്രാക്ടർ കൊമ്മന്റേന്നു ചൂളക്കട്ടേം സിമെന്റും ആദായവിലക്കുകിട്ടി. മണൽ, കോടതിവളപ്പിലെ ടിപ്പറുകളിൽനിന്നും ഇസ്കി. ചെമ്പൻ വക്കീലിന്റെ മൗനാനുവാദം ഉണ്ടായിരുന്നതുകൊണ്ട് ആ വകകാര്യങ്ങളൊക്കെ സ്‌മൂത്തായി നടന്നു. സന്ധ്യമൂക്കുമ്പോഴേക്കും അബേദ്കർ കോളനിയിലെ ചെറുപ്പക്കാരും കുട്ടികളും അടയ്ക്കാരപ്പന്തലിൽ ഹാജറാകും. അബേദ്കർ നഗറിർനിന്നു അദ്വൈത് മാത്രമേയുണ്ടായിരുന്നുള്ളൂ. അവനാകട്ടെ അഭിപ്രായപ്രകടനങ്ങളൊന്നും നടത്താതെ എല്ലാം മാറിനിന്നു കാണുകമാത്രം ചെയ്തു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു നഗരം ഖനനംചെയ്ത് വീണ്ടെടുക്കുന്നതുപോലെ, പതിയെപ്പതിയെ, മണൽകൊട്ടാരങ്ങളും വീടുകളും ഗ്രാമവഴികളും വഴിവിളക്കുകളുമുള്ള പുതിയൊരു ലോകം അടയ്ക്കാരപ്പന്തലിൽ ഉയർന്നുവരാൻ തുടങ്ങി...
5
കാലിത്തൊഴുത്ത് പണിയാൻ വേണ്ടി കുഴിയെടുക്കുമ്പോഴാണ്, സാമാന്യം വലിപ്പമുള്ള, കൊത്തുപണികളുള്ള ഒരു കരിങ്കൽത്തൂൺ അടയ്ക്കാരപ്പന്തലിന്റെ കിഴക്കേമൂലയിൽനിന്നു കിട്ടുന്നത്. എല്ലാവരും പണിനിർത്തിവെച്ച് കല്ലുകാണാൻ തിരക്കുകൂട്ടി. "കാണാൻ മാത്രം ഒന്നില്ല്യടോ." ഞാനാ കല്ല് കാലുകൊണ്ട് തട്ടിമറിച്ചിട്ടു. ഗിരീഷ് അതിന്റെ മീതെ കുത്തിയിരുന്നു. "അല്ല ശശ്യേട്ടാ, പേരിനുപോലും ഒരു അടയ്ക്കാരം ഇല്ലാത്ത ഈ പറമ്പിനെങ്ങനാ അടയ്ക്കാരപ്പന്തലെന്ന പേരുവന്നത്?" ഞാൻ ചോദിച്ചു. "പണ്ട് പണ്ട്, ഇവിടപ്പടി അടയ്ക്കാരം അല്ലാർന്നോ." പണികഴിഞ്ഞുകിടക്കുന്ന കൊട്ടാരത്തിന്റെ ഉമ്മറത്തു കുന്തിച്ചിരുന്ന് ശശിയേട്ടൻ പറഞ്ഞു. ബക്കർ കൊണ്ടുവന്ന കൊള്ളീ ബീഫും കൂട്ടി ഒരോന്ന് പിടിപ്പിക്കാനുളള വട്ടംകൂട്ടുകയായിരുന്നു കാർന്നോന്മാർ. "അന്ന് അംബേദ്കർ നഗറും കോളനിയുമൊന്നുമില്ല. നോക്കെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന നെൽവയൽ. അതിനെ ചുറ്റിപ്പറ്റിയൊഴുകുന്ന കൈത്തോടുകൾ. അതിന്റെ കരകളിൽ ഒറ്റയ്ക്കും പെറ്റയ്ക്കും ഓരോ വീടുകൾ.” മുഴുത്തൊരു ബീഫു കഷണം വായിലേക്കു അമക്കി ശശിയേട്ടൻ തുടർന്നു: “തടികൾ തമ്മിൽ കൈയകലത്തിലായിരുന്നെങ്കിലും തലകൾ പരസ്പരം തൊട്ടുരുമ്മി പന്തലുവിരിച്ച ഈ തണലിലല്ലാർന്നോ പാടത്തു പണിയെടുക്കുന്നവരുടെ കഞ്ഞികുടിയും ഉച്ചമയക്കോം.” "വേറൊരു കഥ കേട്ടേക്ക്ണ്." ബഷീറാജി മുറിബീഡി ചോപ്പിച്ചുകൊണ്ട് പറഞ്ഞു: "വെതയും കൊയ്ത്തും ഇല്ലാണ്ടായപ്പോൾ കോളിക്കോടൻ തങ്ങൾ എന്ന മംഗലാപുരംകാരൻ പാക്ക് ഫാക്ടറി തുടങ്ങുന്നതിനായി പാടം വാങ്ങി തറകല്ലിട്ടു. നമ്മുടെ നാടല്ലേ! അടയ്ക്കാരപ്പന്തലിൽ കൊടികളും മുദ്രാവാക്യങ്ങളും ഉയർന്നു. അടയ്ക്കേം വേണ്ട അടയ്ക്കാരോം വേണ്ടാന്നു പറഞ്ഞു തങ്ങൾ രായ്ക്കുരാമാനം സംസ്ഥാനം വിട്ടെന്നാണ് കഥ.” "പടച്ചോനേ... തങ്ങളിട്ട കല്ലിന്റെ മീത്യാണോ ഗിരീഷേ നീ കുത്തിരിക്കണേ!" ബക്കറടിച്ച വളിപ്പിനു കൂട്ടച്ചിരിയുയർന്നു.
"എന്നാ കേട്ടോ, ഇതൊന്നുമല്ല യഥാർഥ കാരണം." അദ്വൈത് എസ്. നായർ ഇടയ്ക്കുകയറി പറഞ്ഞു. ഒരു നിമിഷനേരത്തേക്കു തട്ടലുമുട്ടലും നിന്നു. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കെന്നു മനസ്സിലാക്കിയ അദ്വൈത് തുടർന്നു: "പണ്ട്, പൊന്മന ക്ഷേത്രത്തിലെ ഉത്സവത്തിനുളള കൊടിമരം സ്ഥിരമായിട്ടെടുത്തിരുന്നത് ഈ പറമ്പീന്നാണ്. ലക്ഷണമൊത്ത മരം കണ്ടുപിടിച്ച്, മുറിച്ച്, പന്തലുകെട്ടി പൂജകൾ നടത്തി ആഘോഷമായിട്ടാണ് ഇവിടന്നു കൊണ്ടുപോയിരുന്നത്. ഇതൊന്നുമറിയാതെ വെറുതെ ചരിത്രം വളച്ചൊടിക്കല്ലേ." “അതെങ്ങനെ ശര്യാവും. പൊന്മന ക്ഷേത്രം പണിതിട്ട് അഞ്ചാറു വർഷല്ലേ ആയിട്ടുള്ളൂ” എന്റെ അപ്പൻ ഇടപെട്ടു. “അതെ. അമ്പലം പണിതിട്ട് അത്രേ ആയിട്ടുളളൂ. പക്ഷേ, പൊന്മനക്കാരുടെ കുടുംബക്ഷേത്രത്തിനു വർഷങ്ങളുടെ പാരമ്പര്യമുണ്ട്. അതു മറക്കരുത്.” അദ്വൈത് തർക്കിച്ചു. "നിന്നെയൊക്കെ പഠിപ്പിക്കാൻ വിട്ടത് വെർതെയായല്ലോടാ കൊച്ചനേ..." ശശിയേട്ടൻ കളിയാക്കി ചിരിച്ചു. അദ്വൈതിന്റെ മട്ടും ഭാവോം മാറി. "ഇതൊന്നും ശരിയല്ല." ഗിരീഷിനോടായി അവൻ പറഞ്ഞു. "എന്ത് ശെരിയല്ലെന്ന്?" മറുപടിയില്ലാതെ കൂർത്തനോട്ടം മാത്രമായി അദ്വൈത്.
6
ഡിസംബർ 24. ഗിരീഷിന്റെ അലർച്ചകേട്ട് ഞങ്ങൾ ഞെട്ടിയുണർന്നു. പീറ്ററിന്റെ പറമ്പിലെ ചകിരിച്ചായ്പ്പിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ഞങ്ങൾ. ക്രിസ്തുമസ്സ് മണമുള്ള മഞ്ഞും വെളിച്ചവും വീണുതുടങ്ങിയിട്ടേയുള്ളൂ. എല്ലാം പോയെടാ എന്നു പറഞ്ഞു ഗിരീഷ് തലയിൽ കൈവെച്ചു. കാര്യം വിശദീകരിക്കാനാകാതെ അവൻ നിന്നു ശ്വാസംമുട്ടുകയാണ്. ഞാൻ അവനു കുടിക്കാൻ വെള്ളം കൊണ്ടുകൊടുത്തു. പുളിമരത്തിന്റെ ചോട്ടിലേക്ക് കുന്തിച്ചിരുന്ന് അവൻ പറഞ്ഞു: “മ്മളെടുത്ത പണിയൊക്കെ വെറുതെയായെടാ. മ്മ്‌ടെ പുൽക്കൂട് ആരാണ്ട് തല്ലിപ്പൊളിച്ചെടാ." എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ ഉരുകിയൊലിച്ചു. "അവനാകുള്ളൂ. ആ അദ്വൈത് എസ് നാറി.” പീറ്റർ പറഞ്ഞു. ഞാനും ബക്കറും ബൈക്കിറക്കി. അടയ്ക്കാരപ്പന്തൽ യുദ്ധഭൂമിക്കു സമാനം. എത്ര കഷ്ടപ്പെട്ടാണ് ഓരോന്നും ഉണ്ടാക്കിയെടുത്തത്. ഒറ്റ രാത്രികൊണ്ട് എല്ലാം തകർക്കപ്പെട്ടു. അദ്വൈതിനെ തിരക്കി ഞങ്ങൾ അവന്റെ വീട്ടിൽ ചെന്നു. അപരിചിതരോടെന്ന പോലായായിരുന്നു അവന്റെ പെരുമാറ്റം. "നീയാണോ അത് ചെയ്തത്…" ഗിരീഷ് അവസാനമായി ചോദിച്ചു. അടുത്തത് നിന്റെയൊക്കെ ചാളപ്പുരയാടാ പൊറമ്പോക്കികളെ എന്നായിരുന്നു അവന്റെ മറുപടി. റോട്ടിലേക്കിറങ്ങിയ ഗിരീഷ് ഒരു കല്ലെടുത്ത് അദ്വൈതിന്റെ വീടിനുനേരെ എറിഞ്ഞു. ജനാലച്ചില്ലുകൾ തകർന്നുവീഴുന്ന ഒച്ചകേട്ട് അവന്റെ അച്ഛനും അമ്മയും ഉമ്മറത്തേക്കു പാഞ്ഞുവന്നു. ഞങ്ങൾ അവിടന്ന് സ്കൂട്ടായി അടയ്ക്കാരപ്പന്തലിൽ എത്തിയതിന്റെ പിന്നാലെ ചെമ്പൻ വക്കീലിന്റെ കാൾവന്നു. തെല്ലു പതർച്ചയിലാണ് അങ്ങേരു കാര്യം പറഞ്ഞത്: "സീനാണ്. തൽക്കാലം നിങ്ങളൊന്നു മാറിനിക്കണതാണ് ബുദ്ധി." "എന്ത് കാര്യത്തിന്?" ഗിരീഷ് ഒച്ചയിട്ടു. "കാര്യൊക്കെ ഇണ്ട്." വക്കീൽ വിശദമാക്കി: "ഭവനഭേദനത്തിനും വധശ്രമത്തിനും മാത്രല്ല കേസ് പോയേക്കണത്. അനധികൃതമായി തന്റെ പറമ്പിൽ കുടിലുകെട്ടാൻ ശ്രമിക്കുന്നെന്നൊരു പരാതികൂടി അടയ്ക്കാരപ്പന്തലിന്റെ ഉടമസ്ഥനെക്കൊണ്ട് കൊടുപ്പിച്ചിട്ടുണ്ട്."
ചെമ്പൻ വക്കീലിന്റെ നിർബന്ധപ്രകാരം ഞങ്ങൾ കൊമ്മന്റെ പാറമടയിൽ പതുങ്ങി. "ഒളിവിൽകഴിയുന്ന ഓരോ നിമിഷവും ചെയ്യാത്ത കുറ്റം ഏൽക്കുകയാണ് നമ്മൾ." ഇരുട്ടുവീണു തുടങ്ങിയപ്പോൾ ഗിരീഷ് പറഞ്ഞു. "ശരിയാണ്." ഞാൻ സമ്മതിച്ചു. പക്ഷേ, ബക്കറും പീറ്ററും എതിർത്തു. കോളനീനുള്ള വാർത്തകൾ അത്ര ശുഭകരമല്ല. പൊലീസ് ഓരോവീട്ടിലും കേറിനെരങ്ങീട്ട്ണ്ട്. നക്കാൻ കിട്ടിയേന്റെ കൂറുകാണിക്കാൻ ഈ രാത്രി നമ്മളിലൊരുത്തനെ കൊല്ലാനും ആ നാറികൾ മടിക്കില്ല. പെട്ടെന്ന് ഗിരീഷിന്റെ മൊബൈൽ റിങ് ചെയ്തു. സൈലന്റ് മോഡിൽ അല്ലാത്തതിനു ഞാൻ അവനെ തെറി വിളിച്ചു. "സതി പ്രസവിച്ചെടാ. പെങ്കൊച്ചാ." ചെവിയിലേക്കു ചേർത്തുവെച്ച മൊബൈൽ പോക്കറ്റിലേക്കിടുമ്പോൾ ഗിരീഷിന്റെ കണ്ണുകളിൽ ചിരിയും കരച്ചിലും. ഞാൻ അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു. "എനിക്കെന്റെ ക്ടാവിനെ കാണണം." അപേക്ഷാസ്വരത്തിൽ ഗിരീഷ് പറഞ്ഞു: "അതിനുമുൻപ് അടയ്ക്കാരപ്പന്തലിൽ ഒരു ഈറ്റനക്ഷത്രമെങ്കിലും തൂക്കണം. നാളെ നമ്മുടെ പിള്ളേര് തോൽക്കാണ്ടിരിക്കാൻ അത്രേങ്കിലും ചെയ്യണ്ടേടാ." "വേണം." ഞങ്ങൾ ഒരേസ്വരത്തിൽ പറഞ്ഞു. കോൾപ്പാടത്തെ ഇരുട്ടിലൂടെ, ചേറിലൂടെ ഞങ്ങൾ അടയ്ക്കാരപ്പന്തൽ ലക്ഷ്യമാക്കി നടന്നു. ഗിരീഷിന്റെ മനസ്സിൽ എന്തോ പദ്ധതിയുണ്ട്. അവൻ ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഈറ്റപ്പൊന്തയുടെ അവിടെവെച്ച് പൊലീസ് ജീപ്പിന്റെ വെട്ടം ഞങ്ങളെ കുടുക്കി. "ചെതറിയോടെടാ." കപ്പത്തോടിനു കുറുകേ ചാടുമ്പോൾ ഗിരീഷ് പറഞ്ഞു. ഞങ്ങൾ ഓടി. പക്ഷേ, തോറ്റുപോയി. വീണിടത്തിട്ടുതന്നെ പൊലീസുകാർ ഞങ്ങളെ ചവിട്ടിക്കൂട്ടി. ഒടിഞ്ഞുനുറുങ്ങിയ ഞങ്ങളെ അവർ ജീപ്പിന്റെ പിറകിലേക്കെടുത്തിട്ടു. ആരാരുടെ മേത്തേക്കാണ് വീഴുന്നതെന്നറിയാത്തവിധം ഞങ്ങളുടെ ബോധം മറഞ്ഞുപോയിരുന്നു.
പള്ളിയിൽനിന്നുമുള്ള കരോൾസഘത്തെ മറികടന്ന് പൊലീസ് ജീപ്പ് ഞങ്ങളെയുംകൊണ്ട് അടയ്ക്കാരപ്പന്തലിലെത്തി. ഞാൻ പതിയെ കണ്ണുതുറന്നു. "ഗിരീഷേ, നോക്കെടാ. നമ്മൾ തോറ്റട്ടില്ലെടാ." ആകാശത്തു ജ്വലിച്ചുനിൽക്കുന്ന ഒറ്റനക്ഷത്രത്തെ കണ്ട് ഞാൻ ആവേശഭരിതനായി. "മിണ്ടല്ലെടാ പന്നീ." ഒരു പൊലീസുകാരന്റെ ഒച്ചക്കൊപ്പം ബൂട്ടിന്റെ കനവും എന്റെ മുതുകിലേക്ക് വീണു. വേദനകൊണ്ടു പുളയുമ്പോഴും ആകാശത്തിലെ രക്തനക്ഷത്രത്തെ നോക്കി ഞാൻ ചിരിച്ചു. പിന്നെ, ഇടിവണ്ടിയുടെ ഇരുട്ടിൽ ഗിരീഷ് ഇല്ലെന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് പൊട്ടിക്കരഞ്ഞു.
Content Summary: Onakathakaalam Written by Famous Writer Anil Devassy