യാത്രകൾ തീരാനുള്ളതു തന്നെ; എന്നാലും, വീണ്ടും കാണുമെന്നു കരുതട്ടെ...!
യാത്രാവിവരണമായല്ല, സ്വയം ഒരു കഥാപാത്രമായി യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചും മനസ്സിൽ മായാതെ അവശേഷിച്ച ഇടങ്ങളെക്കുറിച്ചും കാവ്യാത്മക ഭാഷയിലാണ് എഴുതുന്നത്. ഓരോ യാത്രയിലും എഴുത്തുകാരെ കാണാനും സംസാരിക്കാനും ഒപ്പം സാഹിത്യത്തെ തൊട്ടറിയാനും അദ്ദേഹം ശ്രമിക്കുന്നു.
യാത്രാവിവരണമായല്ല, സ്വയം ഒരു കഥാപാത്രമായി യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചും മനസ്സിൽ മായാതെ അവശേഷിച്ച ഇടങ്ങളെക്കുറിച്ചും കാവ്യാത്മക ഭാഷയിലാണ് എഴുതുന്നത്. ഓരോ യാത്രയിലും എഴുത്തുകാരെ കാണാനും സംസാരിക്കാനും ഒപ്പം സാഹിത്യത്തെ തൊട്ടറിയാനും അദ്ദേഹം ശ്രമിക്കുന്നു.
യാത്രാവിവരണമായല്ല, സ്വയം ഒരു കഥാപാത്രമായി യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചും മനസ്സിൽ മായാതെ അവശേഷിച്ച ഇടങ്ങളെക്കുറിച്ചും കാവ്യാത്മക ഭാഷയിലാണ് എഴുതുന്നത്. ഓരോ യാത്രയിലും എഴുത്തുകാരെ കാണാനും സംസാരിക്കാനും ഒപ്പം സാഹിത്യത്തെ തൊട്ടറിയാനും അദ്ദേഹം ശ്രമിക്കുന്നു.
ഇന്ത്യയും ചൈനയും സഹോദരിമാരെപ്പോലെയാണ്. രണ്ടായിരം വർഷത്തെ സൗഹൃദം ഈ രണ്ട് രാജ്യങ്ങൾക്കുമുണ്ട്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും അടുത്തു കഴിയേണ്ടവർ. ഇടക്കാലത്തുണ്ടായ അസ്വാരസ്യങ്ങളെ ഓർത്തു ഞാൻ ദു:ഖിക്കുന്നു. എന്നെപ്പോലെ ദു:ഖിക്കുന്നവർ ഇന്ത്യയിലുമുണ്ടാവും: 86 വയസ്സായ വെയ് ഫിംഗ് ച്യാംഗന്റെ വാക്കുകളാണിത്. ശാന്തിനികേതനിലെ വിദ്യാർഥിയായിരുന്ന അദ്ദേഹത്തെപ്പോലെ ഒട്ടേറെപ്പേർ ഇതേ ചിന്താഗതിയോടെ ചൈനയിലുണ്ടാവില്ലെ?
കഥയിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എംടിയുടെ യാത്രയെഴുത്തുകളിലാണ് വെയ് ഫിംഗ് ച്യാംഗിനെ കണ്ടത്. ചൈനയിലെ എഴുത്തുകാരോടൊപ്പം അദ്ദേഹം പങ്കിട്ട ദിവസങ്ങളുടെ ഓർമകൾ വൻകടലിലെ തുഴവള്ളക്കാർ എന്ന യാത്രാവിവരണത്തിലുണ്ട്. ഫിൻലണ്ടിന്റെ കാർഷികസമൃദ്ധിയും നാസി പീഡനകേന്ദ്രമായ ബുഹൻ വാൾഡിലെ മനസ്സ് മടുപ്പിക്കുന്ന കാഴ്ചകളുമായി മനുഷ്യർ നിഴലുകൾ എന്ന കുറിപ്പുകളും ആൾക്കൂട്ടത്തിൽ തനിയെ എന്ന അമേരിക്കൻ യാത്രയുടെ അനുഭവങ്ങളും ഒപ്പമുണ്ട്. 2010 ൽ ആദ്യപതിപ്പ് പുറത്തിറങ്ങിയ പുസ്തകം, മൊബൈൽ ഫോണും ആധുനിക സാങ്കേതിക വിദ്യകളും കളം നിറയുന്നതിന് മുമ്പ് നടത്തിയ യാത്രകളുടേതാണ്. സ്ഥലവർണ്ണനകളേക്കാൾ വ്യക്തികളും അവരുമായുള്ള ഇടപെടലുകളും സജീവമാക്കുന്ന യാത്രയെഴുത്ത്.
അലക്സിയിൽ തന്നെ തുടങ്ങാം - ഒരു പരിചയവുമില്ലാതെ തന്നെ യാത്രയ്ക്കിടയിൽ തൂവൽ എടുക്കും പോലെ പെട്ടി താഴെയിറക്കാൻ സഹായിച്ചതാണ് അലക്സി. വർഷങ്ങളായി കാത്തിരിക്കുന്ന കൂട്ടുകാരനോടെന്ന പോലെയായിരുന്നു ഇടപെടൽ. പൊലീസുകാരുടെ കണ്ണുവെട്ടിച്ച് എംടിയെയും കൂട്ടരെയും സൽക്കരിക്കാനായി അയാൾ നടത്തുന്ന ശ്രമങ്ങൾ പാളിപ്പോവുന്നു. യാത്രയിൽ മറ്റെവിടെയെങ്കിലും അലക്സിയെ കണ്ടാലോ എന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പുസ്തകം വായിക്കും പോലെയാണ് എംടി അലക്സിയെ പരിചയപ്പെടുത്തുന്നത്; ജീവനുള്ള പുസ്തകം.
ഹിറ്റ്ലറുടെ 1100 തടങ്കൽ പാളയങ്ങളിൽ ഏറ്റവും കുപ്രസിദ്ധമായിരുന്നു ബുഹാൻ വാൾഡിലേത്; അതിന്റെ അർഥം ബീച്ചുമരങ്ങളുടെ കാട് എന്നാണ്. നാസി ഡോക്ടർമാരുടെ ക്രൂരമായ വൈദ്യ പരീക്ഷണങ്ങളുടെ വേദി കൂടിയായിരുന്നു അവിടങ്ങൾ. ഞരമ്പുകൾ തകർക്കുന്ന അനുഭവം എന്ന് ആ കാഴ്ചയെ വിശേഷിപ്പിക്കുമ്പോൾ അനുഭവിച്ച മനുഷ്യർ അതിനെ എങ്ങനെയാവാം സഹിച്ചത്. അവിടെ പച്ചകുത്തിയവർ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു; കാരണം അവരുടെ ചർമം കൊണ്ടുണ്ടാക്കിയ ലാമ്പ് ഷേയ്ഡുകൾ കൂടുതൽ സുന്ദരമാവുമല്ലൊ! തലയോട്ടികൊണ്ടുള്ള പേപ്പർ വെയ്റ്റുകളും മുടികൊണ്ടുള്ള കൗതുകവസ്തുകളുമെല്ലാം കലാവസ്തു ശേഖരത്തിലെ ഇനങ്ങൾ മാത്രമാവുന്നു. മനുഷ്യൻ എന്തു മനോഹരമായ പദം എന്ന് വിശേഷിപ്പിച്ച മാക്സിം ഗോർക്കിയോടു പോലും ദേഷ്യം തോന്നിപ്പോയി.
എം ടിയുടെ കഥ- നോവൽ- സിനിമാ സംഭാവനകളെക്കുറിച്ച് ഏറെ എഴുതപ്പെട്ടിട്ടുണ്ട്. യാത്രാവിവരണമായല്ല, സ്വയം ഒരു കഥാപാത്രമായി യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചും മനസ്സിൽ മായാതെ അവശേഷിച്ച ഇടങ്ങളെക്കുറിച്ചും കാവ്യാത്മക ഭാഷയിലാണ് എഴുതുന്നത്. ഓരോ യാത്രയിലും എഴുത്തുകാരെ കാണാനും സംസാരിക്കാനും ഒപ്പം സാഹിത്യത്തെ തൊട്ടറിയാനും അദ്ദേഹം ശ്രമിക്കുന്നു. വായനക്കാരും ആ യാത്രയുടെ ഭാഗമാകുന്നു. ചിലപ്പോൾ തന്നോടുതന്നെയുള്ള മന്ത്രണം പോൽ ആത്മാർഥവും വിശുദ്ധവും മുഗ്ധവുമാകുന്നു.
ഒരാളെ അറിയാൻ അയാളോടൊപ്പം യാത്ര ചെയ്യണം എന്ന് പറയാറുണ്ട്. എം ടിയുടെ ഭാഷയിൽ ഒരു നാടിനെയും ജനതയെയും ജീവിതത്തെയും അറിയാൻ അവിടത്തെ പരസ്യങ്ങൾ ശ്രദ്ധിക്കണം. അമേരിക്കൻ പരസ്യങ്ങളെ അദ്ദേഹം ഒറ്റമൂലികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. അത്ഭുത വിളക്കുരസുമ്പോൾ പ്രത്യക്ഷമാവുന്ന ജിന്നുകളെ പോലെ വാങ്ങുക സുന്ദരിയാവുക, വാങ്ങുക വ്യാധിയകറ്റുക എന്നാണവ പറയുന്നത്. ഗീത വായിക്കാത്ത, ഇന്ത്യൻ തത്വശാസ്ത്രങ്ങളുടെ ബാലപാഠങ്ങൾ അറിയാത്ത ഹരേകൃഷ്ണ ഉരുവിട്ടാൽ ലോകത്തിന് മുഴുവൻ ശാന്തി കൈവരും എന്നും വിശ്വസിക്കുന്നവരുടെ നാട്ടിൽ ഇത് അപ്രതീക്ഷിതമല്ല.. ആരും ആരെയും പ്രതിനിധീകരിക്കാത്ത ഒറ്റപ്പെട്ട വ്യക്തികളുടെ മഹാ സമാഹാരമാണ് അമേരിക്കൻ ജനത എന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു. എല്ലാറ്റിനും എളുപ്പത്തിൽ ഒറ്റമൂലികൾ കണ്ടെത്തുന്നവർ. അമേരിക്കൻ യാത്രാക്കുറിപ്പിന് ആൾക്കൂട്ടത്തിൽ തനിയെ എന്ന് അദ്ദേഹം എന്തുകൊണ്ടാവാം പേരു കൊടുത്തത് ? വോലറ്റിൽ ഡോളറും മേശവലിപ്പിൽ തോക്കും ആകാശത്ത് സന്നദ്ധമായ യുദ്ധവിമാനങ്ങളും ഉണ്ടെങ്കിലും ശരാശരി അമേരിക്കക്കാരൻ അജ്ഞാതമായ ഭീതിയുടെ നിഴൽപ്പാടിൽ ഏകാന്തത പേറി ആൾക്കൂട്ടത്തിൽ ഇഴുകിച്ചേരാതെ ഒറ്റപ്പെട്ട് സഞ്ചരിക്കുകയാണൊ എന്ന് എംടി എന്ന യാത്രികൻ ചോദിക്കുന്നു.
നിർമിക്കുന്നതിൽ നല്ലൊരു ഭാഗം വസ്തുക്കളും നശിപ്പിക്കുക മാത്രം ചെയ്യുന്ന സംസ്കാരത്തെയും ഡ്രഗ്സും ഹിപ്പികളും സ്വതന്ത്ര സ്ത്രീപുരുഷബന്ധങ്ങളും നിറയുന്ന ഉപസംസ്കാരത്തെയും പരിചയപ്പെടുത്തുന്നു. സാഹിത്യത്തേക്കാൾ നീണ്ട വർണ്ണശബളമായ റിപ്പോർട്ടുകൾ ആണ് അവിടെ അക്കാലത്തെ മാർക്കറ്റ് കീഴടക്കിയിരുന്നത്.
അദ്ദേഹം പങ്കെടുത്ത ഓനിൽ നാടകോത്സവത്തിൽ വേദിയിൽ എത്തുന്ന അരക്കിറുക്കിയായ പെൺകിടാവ് പറയുന്നു “ഞാനിന്നു ദൈവത്തെ കണ്ടു?” “എവിടെ എവിടെ” “നാൽപ്പത്തിരണ്ടാം നമ്പർ തെരുവിൽ” സെക്സ് ഫിലിമുകളും അഡൽട്ട് ബുക്ക് ഷോപ്പുകളും നിറയുന്ന ന്യൂയോർക്കിലെ നാൽപ്പത്തി രണ്ടാം നമ്പർ തെരുവ്, കറുത്തവരുടെ ലോകമായ ഹാർലം, ലഹരി മരുന്ന്, എല്ലാം നിയന്ത്രിക്കുന്ന മാഫിയകൾ അമേരിക്കയുടെ ആ കാലത്തെ വാക്കുകളാൽ വരച്ചുവയ്ക്കുന്നു. അന്നേരമാണ് ആ ചോദ്യം വരുന്നത്.. ഇന്ത്യയിൽ ജീവൻ വിലപ്പെട്ടതായി കണക്കാക്കുന്നുണ്ടോ?”
ഞങ്ങളുടെ സ്വാത്രന്ത്ര്യത്തെ ഞങ്ങൾ നിലനിർത്തുന്നു എന്നതാണ് അയോവ സംസ്ഥാനത്തിന്റെ മുദ്രാവാക്യം. ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളുടെ നാട്ടിൽ പ്രതിസംസ്കാരത്തിന്റെ പ്രതിനിധികൾ ആണ് അധികവും - ഷർട്ടും ഷൂസും ഇടാത്തവർ, കാതിൽ വളയങ്ങൾ ഇട്ടവർ, വിചിത്ര വേഷവിധാനങ്ങൾ ധരിച്ചവർ. “ജീവിതത്തിന് ഇവിടെ അൽപം മാധുര്യം ബാക്കി നിൽക്കുന്നു” എന്നാണ് അയോവയെ വിശേഷിപ്പിക്കുന്നത്.
“അമേരിക്ക ക്ഷയിക്കാനാരംഭിച്ചു കഴിഞ്ഞ ഒരു സമൂഹമാണ്. താഴോട്ട് യാത്ര ആരംഭിച്ചുകഴിഞ്ഞു എന്നെനിക്ക് തോന്നുന്നു” - വൻകിട വ്യവസായത്തിന്റെ പിടിയിൽ നിന്ന് സിനിമ രക്ഷപ്പെട്ടപ്പോൾ തകർന്നു പോയ ഹോളിവുഡിന്റെ വിവരണത്തിലാണ് എംടി ആശങ്ക പങ്കുവയ്ക്കുന്നത്. രണ്ടര മാസം നീണ്ട യാത്രയെ വിശേഷിപ്പിക്കുന്നതും ഒളിച്ചോട്ടമായാണ്: ഞാനും അറിയാത്ത എന്തിൽ നിന്നോ ഒളിച്ചോടുകയായിരുന്നു. എല്ലാ യാത്രകളും തീരാനുള്ളതാണ്; വീണ്ടും കാണുമെന്ന് കരുതട്ടെ എന്നൊരു ശുഭപ്രതീക്ഷ കാത്തുവയ്ക്കുന്നു - ഇവിടെവച്ച്, അവിടെവച്ച്, അല്ലെങ്കിൽ മറ്റെവിടെയെങ്കിലുംവച്ച്.
Content Summary: Article about M. T. Vasudevan Nair by A. N. Sobha