നിർമിതബുദ്ധിയുടെ സർഗാന്വേഷണങ്ങൾ
ചാറ്റ് ജിപിടിയുടെ സംരംഭകരായ ഓപ്പൺഎഐക്കെതിരെ ഈയിടെ യുഎസിലെ ജനപ്രിയ എഴുത്തുകാരുടെ സംഘടന മൻഹാറ്റൻ കോടതിയെ സമീപിച്ചിരുന്നു. സാഹിത്യം സംരക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. തങ്ങളുടെ നോവലുകൾ ഡേറ്റാബേസായി വച്ച് സാഹിത്യരചനകൾ നടത്താൻ എഐ സംവിധാനത്തിനു പരിശീലനം നൽകുന്ന ഓപ്പൺഎഐയുടെ പദ്ധതിക്കെതിരെയായിരുന്നു
ചാറ്റ് ജിപിടിയുടെ സംരംഭകരായ ഓപ്പൺഎഐക്കെതിരെ ഈയിടെ യുഎസിലെ ജനപ്രിയ എഴുത്തുകാരുടെ സംഘടന മൻഹാറ്റൻ കോടതിയെ സമീപിച്ചിരുന്നു. സാഹിത്യം സംരക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. തങ്ങളുടെ നോവലുകൾ ഡേറ്റാബേസായി വച്ച് സാഹിത്യരചനകൾ നടത്താൻ എഐ സംവിധാനത്തിനു പരിശീലനം നൽകുന്ന ഓപ്പൺഎഐയുടെ പദ്ധതിക്കെതിരെയായിരുന്നു
ചാറ്റ് ജിപിടിയുടെ സംരംഭകരായ ഓപ്പൺഎഐക്കെതിരെ ഈയിടെ യുഎസിലെ ജനപ്രിയ എഴുത്തുകാരുടെ സംഘടന മൻഹാറ്റൻ കോടതിയെ സമീപിച്ചിരുന്നു. സാഹിത്യം സംരക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. തങ്ങളുടെ നോവലുകൾ ഡേറ്റാബേസായി വച്ച് സാഹിത്യരചനകൾ നടത്താൻ എഐ സംവിധാനത്തിനു പരിശീലനം നൽകുന്ന ഓപ്പൺഎഐയുടെ പദ്ധതിക്കെതിരെയായിരുന്നു
ചാറ്റ് ജിപിടിയുടെ സംരംഭകരായ ഓപ്പൺഎഐക്കെതിരെ ഈയിടെ യുഎസിലെ ജനപ്രിയ എഴുത്തുകാരുടെ സംഘടന മൻഹാറ്റൻ കോടതിയെ സമീപിച്ചിരുന്നു. സാഹിത്യം സംരക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. തങ്ങളുടെ നോവലുകൾ ഡേറ്റാബേസായി വച്ച് സാഹിത്യരചനകൾ നടത്താൻ എഐ സംവിധാനത്തിനു പരിശീലനം നൽകുന്ന ഓപ്പൺഎഐയുടെ പദ്ധതിക്കെതിരെയായിരുന്നു പരാതി.
ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ഗെയിം ഓഫ് ത്രോൺസ് ഗ്രന്ഥകാരൻ ജോർജ് ആർ.ആർ. മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അമേരിക്കയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ റൈറ്റേഴ്സ് ഗിൽഡ് ആണു ഹർജി നൽകിയത്. ചാറ്റ്ജിപിടിയോടു പ്രശസ്ത നോവലുകളുടെ സംഗ്രഹം ചോദിച്ചാൽ കൃത്യമായ വിവരണമാണു ലഭിക്കുന്നതെന്നും, ഇത് തങ്ങളുടെ കൃതികളെത്തന്നെ ചാറ്റ്ജിപിടി അടിസ്ഥാനപ്പെടുത്തുന്നതുകൊണ്ടാണു സാധ്യമാകുന്നതെന്നുമാണ് എഴുത്തുകാരുടെ സംഘടന വാദിച്ചത്. ഭാവിയിൽ യന്ത്രം തങ്ങളെ കോപ്പിയടിച്ചു തങ്ങളുടെ പേരിലോ അല്ലാതെയോ വ്യാജരചനകൾ നടത്തുന്ന സാഹചര്യമുണ്ടാകുമെന്നും ഇതു തടയണമെന്നുമാണ് എഴുത്തുകാർ ആവശ്യപ്പെട്ടത്. (ഹർജിക്കാരിലൊരാളായ ഒരു എഴുത്തുകാരി തന്റെ നോവലിലെ ഒരു അപ്രധാനകഥാപാത്രത്തെക്കുറിച്ചു ചാറ്റ്ജിപിടിയോടു ചോദിച്ചു. ആ ചെറുകഥാപാത്രത്തിനെക്കുറിച്ചു മാത്രമല്ല, മുഴുവൻ കഥാപാത്രങ്ങളുടെയും സൂക്ഷ്മവിവരങ്ങൾ പോലും (റിവ്യൂകളിലോ വിക്കിപീഡിയയിലോ ലഭ്യമാകാത്തത്) ചാറ്റ് ജിപിടി മണിമണിയായിപ്പറഞ്ഞപ്പോൾ എഴുത്തുകാരി ഞെട്ടിപ്പോയി. “എന്റെ പുസ്തകങ്ങളെല്ലാം ഇത് വായിച്ചുകഴിഞ്ഞോ!!”)
യുഎസിലെ പകർപ്പവകാശനിയമം ഇന്റ്ർനെറ്റ് ഭീമന്മാർ പങ്കാളികളായ ഓപ്പൺഎഐ ലംഘിച്ചാരോപിച്ചാണു കേസ്. സമാനപരാതി ഉയർത്തി യുഎസിലെ വിഷ്വൽ ആർട്ടിസ്റ്റുകളുടെ സംഘടനകളും കേസ് നടത്തുന്നുണ്ട്. എന്നാൽ നിയമം അനുവദിക്കുന്ന വിവരങ്ങൾ മാത്രമേ മെഷിൻ പകർത്തുന്നുള്ളുവെന്നാണ് ഓപ്പൺഎഐയുടെ നിലപാട്.
ക്രിയേറ്റീവ് റൈറ്റിങ് സ്കൂളുകളുടെ രീതിശാസ്ത്രം വച്ചാണെങ്കിൽ, കൃത്യമായ ഡേറ്റാബേസ് ലഭിച്ചുകഴിഞ്ഞാൽ ഏതൊരാളും നോവലെഴുതും. എങ്കിൽ അതേസ്രോതസ്സുകൾ സാധ്യമാക്കിയാൽ യന്ത്രം പിഴവില്ലാതെ എഴുതാൻ പ്രാപ്തി നേടും. ആദ്യശ്രമങ്ങൾ മോശമായാലും മെഷീൻ എഴുതിയെഴുതി നന്നാകുമെന്നും കരുതാം. കേരളത്തിലെ ന്യൂജെൻ സിനിമകളിലൂടെ ശ്രദ്ധേയനായിത്തീർന്ന ഒരു തിരക്കഥാകൃത്ത് ഒരിക്കൽ സിനിമായെഴുത്തുകാരാകാൻ കൊതിക്കുന്ന വിദ്യാർഥികളോടു പറഞ്ഞത്, ധാരാളം സിനിമകൾ ഡൌൺലോഡ് ചെയ്തുകാണുക എന്നാണ്. ഇങ്ങനെ സ്ഥിരമായി കൃത്യമായ അളവിൽ സിനിമകൾ കണ്ട് അതിൽനിന്നെല്ലാം കിട്ടുന്ന പലവിഭവങ്ങൾ ഒരുമിച്ചുവച്ചാൽ പുതിയ സിനിമയുടെ തിരക്കഥ രൂപപ്പെട്ടുവരും എന്നാണ്. ഇത്തരത്തിൽ ധാരാളം സിനിമകളുടെ ക്രീയേറ്റീവ് ഡേറ്റാബേസുള്ള ഒരു എഐ സംവിധാനം വേഗത്തിൽ ജനപ്രിയ ചേരുവകളെല്ലാമുള്ള ഒരു സിനിമയെഴുതിത്തന്നേക്കുമെന്നതു നല്ല സാധ്യതയാണ്. ഇങ്ങനെ സംഭവിച്ചാൽ ജോലി നഷ്ടമാകുമെന്ന ആശങ്കയിലാണു കഴിഞ്ഞ മൂന്നുമാസത്തിലേറെയായി ഹോളിവുഡിലെ സിനിമയെഴുത്തുകാർ അടക്കമുള്ളവർ സമരം ചെയ്യുന്നത്.
എഐ സർഗവിദ്യകൾ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഇപ്പോൾ വിജയകരമായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ജേണലിസ്റ്റുകളുടെ പണികളിലേറെയും അവർക്കു ചെയ്യാനാകും. ഈ ദിശയിൽ സാഹിത്യത്തിലേക്കുകൂടി ആലോചിച്ചാൽ പല നോവലുകൾക്കും എഐ വ്യാജൻ നിർമിക്കുന്നത് അസാധ്യമല്ല. ശൈലി,ഇതിവൃത്തം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ഡേറ്റ ആണു ലഭിക്കുന്നതെങ്കിൽ, എഐ എഴുത്ത് അസ്സലിനെക്കാൾ ഹൃദ്യമായി അനുഭവപ്പെട്ടേക്കാം. അതായത് തകഴിയെയോ ബഷീറിനെയോ ഹൃദിസ്ഥമാക്കിയ ഒരു മെഷിൻ അവരെക്കാൾ നന്നായി എഴുതുന്ന ഒരു ദിവസം വന്നേക്കാം. അനുകരണം മനോഹരമാകാം, അതിശയകരമാകാം, വൈരൂപ്യം നിറഞ്ഞതുമാം. അനുകരണം പരിശീലിക്കുമ്പോൾ യന്ത്രം ഒരു ഘട്ടത്തിൽ ഭാവനാശേഷി ആർജിക്കും. അതോടെ സർഗക്രിയ കേവലം മനുഷ്യഗുണമല്ലാതാകും. (“ഭാവത്തിൻ പരകോടിയിൽ സ്വയമഭാ-വത്തിൻ സ്വഭാവം വരാം”: കുമാരനാശാൻ)
നാമെഴുതിയ ഭാവന ഡേറ്റാബേസായി വച്ച് മെഷിൻ ഉണ്ടാക്കുന്ന സാഹിത്യത്തിൽ ശരിക്കും മെഷിന്റേതായ ഒരു ഭാവന കടന്നുകൂടാൻ സാധ്യതയുണ്ടോ? ഇക്കാര്യത്തിൽ ഗവേഷകരുടെ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. യന്ത്രം സ്വന്തമായ ബോധം, അല്ലെങ്കിൽ ജാഗ്രത നേടുന്ന സന്ദർഭം ഉണ്ടോയെന്നതാണു ചോദ്യം. ജീവനില്ലെന്നു നാം കരുതുന്ന വസ്തുക്കൾക്കെല്ലാം അവരുടേതായ ഒരു ബോധതലം മറഞ്ഞിരിപ്പുണ്ടെങ്കിൽ അതിനെ ഉദ്ദീപിക്കുന്ന ഒരു സന്ദർഭം മനുഷ്യാന്വേഷണത്തിനിടെ വന്നുകൂടായ്കയില്ല. കുപ്പിയിലെ ഭൂതം വെളിയിൽച്ചാടുന്ന ആ ഘട്ടമുണ്ടായാൽ, ചാറ്റ് ജിപിടിയിലെ സർവഭാവനാസത്തായ ഭൂതത്തിന്റെ സ്വഭാവമെന്തായിരിക്കും? കുമാരനാശാനെഴുതിയ “മഹാഭീമത്വം കലരുന്ന കാലഫണിതൻ ജിഹ്വാഞ്ചലം പോലെ” അതു മനുഷ്യാന്തഃകരണത്തെ ഉടച്ചുകളയുമോ ?
നമ്മുടെ കയ്യിലുള്ള സ്മാർട് ഫോണിന് ഒരുനാൾ വിനാശമൂർത്തിയോ ദുഃഖകാരിയോ ആകാനും മറ്റൊരുനാളിൽ സ്നേഹഭരിതയും സർവാശ്രയദായിയും ആകാനും കഴിയുന്ന ഒന്നായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കാൻ കഴിയുന്നുവെങ്കിൽ , അതിൽനിന്നു മനുഷ്യാർത്തമായ കവിത കൂടി ഉണ്ടായിവരും. നിദ്രയിൽ കണ്ട സ്വപ്നം, ഉണർന്നുകഴിഞ്ഞു നാമോർക്കുന്നതോടെ അതിലെ സ്ഥൂലതയകന്ന് അതിലേക്കു പുതുഭാവന ചേരുന്നു. അതു നാം നോവലിലോ കവിതയിലോ ചേർത്താൽ വീണ്ടും മറ്റൊരു ഭാവനയായി പുതുക്കുന്നു.. ഇപ്രകാരം മനുഷ്യന്റെ ഭാവന നിരന്തരം നവീകരിക്കപ്പെട്ടിട്ടാണു സർഗസൃഷ്ടിയായി രൂപമെടുക്കുന്നത്. സമാനമായ മാർഗത്തിൽ ഒരു യന്ത്രം അതിന്റെ അസ്തിത്വത്തിലെ ഏറ്റവും അതിശയകരമായ പരിണാമദശയിൽ സർഗധനമായിത്തീരാം.
എന്നാൽ യന്ത്രസരസ്വതിയെ ഒ.വി. വിജയൻ പാശ്ചാത്യഭൌതികതയുടെ വിനാശകരമായ മേധാവിത്വമായി, കാരുണ്യത്തിന്റെ നിഷ്കാസനമായി ആണ് മധുരം ഗായതിയിൽ സങ്കൽപിച്ചത്. അതിൽ വൃക്ഷവും പശുവും കാരുണ്യത്തിന്റെയും സർഗാത്മകതയുടെയും അടയാളമായും യന്ത്രവും ലോഹസങ്കരങ്ങളും സർവനാശപ്രതീകമായും നിലകൊണ്ടു. പക്ഷേ, യന്ത്രം മനുഷ്യഭാവനയെത്തന്നെ നിർമിക്കുന്ന കാലത്തിലേക്കാണു നാം പ്രവേശിക്കുന്നത്. അതിനായി ഒരുങ്ങാൻപോലും നമ്മുടെ മുന്നിൽ സമയമില്ലെന്നതാണു ഇപ്പോഴത്തെ പ്രശ്നം. അത്രവേഗമാണു സ്ഥിതിമാറുന്നത്.
കഴിഞ്ഞ വർഷം നവംബറിലാണ് ചാറ്റ്ജിപിടി വന്നത്. ഒരു വർഷം പിന്നിടുമ്പോൾ ആമസോണിൽ നിർമിതിബുദ്ധിയെഴുതിയ ട്രാവൽഗൈഡുകളും ചെടികൾ, കൂണുകൾ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും ലഭ്യമാണ്. കൂണുകളെപ്പറ്റി എഐ പുസ്തകങ്ങൾ വാങ്ങരുതെന്ന് ഈയിടെ യുഎസിലെ മൈക്കോളജിക്കൽ സൊസൈറ്റി മുന്നറിയിപ്പു നൽകുകയുണ്ടായി. കൂണുകളെ സംബന്ധിച്ചു വസ്തുവിരുദ്ധമായ വിവരങ്ങൾ അതിലുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണിത്. ഇനിമേൽ ഒരു പുസ്തകം കണ്ടാൽ, അതെഴുതിയത് മനുഷ്യനാണോ നിർമിതബുദ്ധിയാണോ എന്നു കൂടി പരിശോധിക്കുന്ന നിലയിലേക്കു നാം വരും. ആമസോൺ ഈയിടെ സ്വയം പ്രസാധകരായ (സെൽഫ് പബ്ലീഷിങ്) എഴുത്തുകാരോട് ഒരു കാര്യം ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്– നിങ്ങൾ എഴുത്തിൽ എഐ സഹായം തേടിയിട്ടുണ്ടോ? നിലവിൽ എഐ സഹായത്തോടെ നടത്തിയ രചനകൾ ഏതൊക്കെയാണെന്നു ആമസോൺ വെളിപ്പെടുത്താറില്ലെങ്കിലും ഭാവിയിൽ അതുകൂടി പുസ്തകത്തിനൊപ്പം രേഖപ്പെടുത്തുന്നതു സംഭവിച്ചേക്കാം.
ദൈനംദിന ജീവിതത്തിൽ നാമെടുത്തുപെരുമാറുന്ന ചെറുതും വലുതുമായ ഒട്ടേറെ വസ്തുക്കളിൽ ചിലതിനോടു നാം വിശേഷബന്ധം സ്ഥാപിക്കാറുണ്ട്. കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും കുഞ്ഞായിരിക്കേ വരച്ച പടങ്ങളും നാമെടുത്തുവയ്ക്കുകയും വർഷങ്ങൾക്കുശേഷം അവ, ജീവസ്സുറ്റതായി നമ്മുടെ കൂടെ ജീവിക്കുകയും ചെയ്യാറുണ്ട്. പഴയകാലത്തിൽനിന്ന് ഇങ്ങനെ തിരിച്ചെത്തുന്ന പലവസ്തുക്കൾക്കുള്ള സവിശേഷമായ വിനിമയശേഷി ഉള്ളതായും നാം അറിയുന്നു. അചേതനമെന്നു വിശേഷിപ്പിക്കപ്പെടുന്ന വസ്തുക്കൾക്കും ജീവസ്വഭാവങ്ങളെ ആർജിക്കാനാകും. കല്ലിൽനിന്നു വിഗ്രഹമെന്ന പോലോ, കടലാസിൽനിന്നു സാഹിത്യമെന്നപോലെ, മണ്ണോ വെള്ളമോ നിറമോ നിഴലോ അടക്കം പ്രപഞ്ചത്തിലെ ഓരോന്നും ഒരു പ്രത്യേക അളവിൽ സംയോജിക്കുമ്പോൾ അതു സ്വന്തം ഭാവന നേടുന്നു. പ്രപഞ്ചത്തിലെ പലതരം മൂലകങ്ങൾ സവിശേഷ അളവിൽ ചേർന്ന മനുഷ്യശരീരത്തിനു ഓർമയും ഭാവനയും അതിൽനിന്നുണ്ടാകുന്നുവെങ്കിൽ, യന്ത്രത്തിന് അതുപോലൊരു പോയ്ന്റ് വന്നേക്കാം. അപ്പോൾ അത് ഒന്നുകിൽ നമ്മുടെ സുഹൃത്തായി കൂടെ വരും അല്ലെങ്കിൽ, പൈശാചികതയായി നമ്മെ വേട്ടയാടും.
'ദ് വെയ്ലിങ്' എന്ന കൊറിയൻ സിനിമയിൽ ഒരു ഓട്ടോഫോക്കസ് ക്യാമറയുമായാണു ദുഷ്ടാത്മാവ് നടക്കുന്നത്. അതു ചിത്രങ്ങളെടുക്കുന്നു. നെഗറ്റീവ് ചിത്രമായി തെളിയുന്നതോടെ അതിലെ മനുഷ്യൻ ദാരുണമായി മരിക്കുന്നു. ക്യാമറ അവിടെ ഒരു വസ്തുവല്ല, പൈശാചികതയുടെ ദുരാത്മാവാണ്. പ്രപഞ്ചാനന്തതയിൽ അതിശയിക്കുന്ന മനുഷ്യൻ, പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ ഒരു ബോധത്തെ സങ്കൽപിക്കാറുണ്ട്; പൈശാചികതയ്ക്കു ബദലായി തനിക്ക് ജീവാനന്ദം പകരുന്ന നിർവൃതിയുടെ നിമിഷങ്ങളെയാണ് എന്നും ഭാവന ചെയ്യുന്നത്. കിളികളും മലകളും പുല്ലും പൊടിയും മഞ്ഞും വെള്ളവും തീയും അടക്കം സകലതും അവിടെ ഭാവനയെ ജ്വലിപ്പിക്കുന്നു,വിസ്തൃതമാക്കുന്നു. കടലിന്നഗാധതയിലെ പരമാന്ധകാരത്തിൽ കഴിയുന്ന അന്ധമത്സ്യങ്ങളെപ്പറ്റി വിജയലക്ഷ്മിയുടെ മനോഹരമായ ഒരു കവിതയുണ്ട് (‘ആഴത്തിൽ’). നിത്യമായ അന്ധകാരത്തിൽ കഴിയുന്നതിൽ പരിണാമത്തിന്റെ ഏതോഘട്ടത്തിൽ അവയ്ക്കു കണ്ണുകൾ നഷ്ടമായതാണ്. ഈ അന്ധജീവിതമാണു ഭാഗ്യമെന്ന നേര് അറിയാൻ ഒരു വെള്ളിനക്ഷത്രം അന്തരാത്മാവിൽ ഒരിക്കൽ തെളിഞ്ഞേക്കും എന്ന് കവി.
“കണ്ണുമാഞ്ഞേടം വാഴു-
മെന്റെ നിശ്ശൂന്യത്തിന്റെ
ചില്ലിൽ വന്നുദിച്ചേക്കാ-
മനുധാന്യത്തിൻനീലം,
അന്തരാ തെളിഞ്ഞേക്കാം
വെള്ളിനക്ഷത്രം,നേരീ-
ന്ധജീവിതം നേരാ-
യറിയാൻ കഴിഞ്ഞേക്കാം!”
അന്ധതയുടെ സ്വച്ഛത പൂർണമാകണമെങ്കിൽ, അവിടെ ഒരു കിരണം ഉദിക്കുകയാണു വേണ്ടത്. കവിയുടെ ധ്യാനമാണാവെളിച്ചമെന്നു നാമറിയുന്നു. ഒരു യന്ത്രത്തിന്റെ ധിഷണയിൽ, ഈ അസ്തിത്വനിസ്സഹായതയുടെ ആന്തൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാമോ? അല്ലെങ്കിൽ നിർമിതബുദ്ധി നമ്മെ കൊണ്ടുപോയേക്കാവുന്ന മൂർഖത്വം നിറഞ്ഞ ഏതോ ഭാവിയിൽ മനുഷ്യനല്ല, മനുഷ്യാധികാരം (മൈക്രോസോഫ്റ്റോ ആമസോണോ പോലെ) സർഗഭാവനയുടെമേൽ സമ്പൂർണമായ നിയന്ത്രണം നേടിയേക്കാം, അവിടെ ജ്ഞാനവും ഭാവനയും മർദകസ്വഭാവമുള്ള യന്ത്രസരസ്വതിയായി പ്രത്യക്ഷമാകുകയും ചെയ്യാം. (“സ്വാപഭ്രാന്തി കണക്കെ മാഞ്ഞിതഖിലം! ഹാ! രംഗമേ ശൂന്യമായ് ദീപംപോയ വെറും വിളക്കു തടയാ-യെപ്പോഴുമി പീഠവും”).
പക്ഷേ ഈ നിശ്ശൂന്യതയെ ചെറുക്കാനുള്ള ബദലും മനുഷ്യന് അവിടെത്തന്നെ കിട്ടിയേക്കും. തന്റെ അസ്തിത്വാന്വേഷണത്തിന് പുതിയ ദിശകൾ തുറന്നുതരാനുള്ള വഴിയിൽ അനായാസമായ യാത്രയായിരിക്കില്ലെന്നുമാത്രം. ഇതു ഭാവനയുടെ അവസാനദിവസങ്ങളല്ല. ഇവിടെ ദൈവമോ മനുഷ്യനോ യന്ത്രമോ ആരാണു സത്യമെന്ന്, ആരുടേതാണ് ഉന്നതമായ ഭാവന എന്നു തെളിയിക്കപ്പെടുന്ന സമയം വരുമെന്നും പറയാനില്ല. പക്ഷേ ആ വഴി ജിജ്ഞാസകരവും അർത്ഥോന്മാദം നിറഞ്ഞതും ആയിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അപ്പോൾ “ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും മായയും നിൻ മഹിമയും നീയുമെന്നുള്ളിലുള്ളിലാകണം” എന്ന നാരായണഗുരുവിന്റെ വരികളിലെ ‘നിൻമഹിമ’യെന്നതു അമേയമായ ഭാവനാവിലാസമാണെന്നു ഞാൻ കരുതുന്നു. ‘നീ’യാകട്ടെ ഞാനെഴുതുന്ന പുസ്തകവും.
പുസ്തകം അചേതനമായ വസ്തുവാണെങ്കിലും അതിൽ നിൻമഹിമ മിടിക്കുന്നു. ഒരു താക്കോൽ, അതുവച്ച സ്ഥലം നാം മറന്നുപോകുമ്പോഴുണ്ടാക്കുന്ന വെപ്രാളം അനുഭവിച്ചിട്ടില്ലേ, ഒടുവിൽ അതു പെട്ടെന്നു നമ്മുടെ കൺവട്ടത്തുതന്നെ കണ്ടെത്തുമ്പോൾ, മഹാജീവനുള്ള വസ്തുപോലെ ആ ലോഹത്തുണ്ടു നമ്മുടെ മിഴിയിൽ പ്രതിബിംബിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രശാന്തത, ഒരു മന്ദഹാസം-അതുപോലെ സഹസ്രമന്ദഹാസങ്ങൾ ഓരോ സർഗാന്വേഷണത്തിനൊടുവിലും സംഭവിക്കുന്നത് ഞാൻ അറിയുന്നു.
Content Highlights: Ezhuthumesha | Ajay P Mangatt | Literature