സാലിം അലി: നമുക്കിടയിലൂടെ പറന്നു മറഞ്ഞ അപൂർവ പക്ഷി
പ്രിയ സുഹൃത്തേ, ഏറെ സന്തോഷത്തോടെയാണ് ഈ കത്ത് എഴുതുന്നത്. വേഗത്തിന്റെയും ആർത്തിയുടെയും കാലത്ത് അപൂർവമായ ചില ചെറുചലനങ്ങൾ സൃഷ്ടിക്കുന്ന പ്രതീക്ഷയും ആനന്ദവും ചെറുതല്ല. 'കിളിമൊഴികൾ' എന്ന സാലിം അലിയുടെ റേഡിയോ പ്രഭാഷണങ്ങളുടെ സമാഹാരം വായിച്ചു തീർന്നപ്പോൾ ഇങ്ങനെയാണ് എഴുതാൻ തോന്നിയത്. താങ്കൾക്കറിയാം
പ്രിയ സുഹൃത്തേ, ഏറെ സന്തോഷത്തോടെയാണ് ഈ കത്ത് എഴുതുന്നത്. വേഗത്തിന്റെയും ആർത്തിയുടെയും കാലത്ത് അപൂർവമായ ചില ചെറുചലനങ്ങൾ സൃഷ്ടിക്കുന്ന പ്രതീക്ഷയും ആനന്ദവും ചെറുതല്ല. 'കിളിമൊഴികൾ' എന്ന സാലിം അലിയുടെ റേഡിയോ പ്രഭാഷണങ്ങളുടെ സമാഹാരം വായിച്ചു തീർന്നപ്പോൾ ഇങ്ങനെയാണ് എഴുതാൻ തോന്നിയത്. താങ്കൾക്കറിയാം
പ്രിയ സുഹൃത്തേ, ഏറെ സന്തോഷത്തോടെയാണ് ഈ കത്ത് എഴുതുന്നത്. വേഗത്തിന്റെയും ആർത്തിയുടെയും കാലത്ത് അപൂർവമായ ചില ചെറുചലനങ്ങൾ സൃഷ്ടിക്കുന്ന പ്രതീക്ഷയും ആനന്ദവും ചെറുതല്ല. 'കിളിമൊഴികൾ' എന്ന സാലിം അലിയുടെ റേഡിയോ പ്രഭാഷണങ്ങളുടെ സമാഹാരം വായിച്ചു തീർന്നപ്പോൾ ഇങ്ങനെയാണ് എഴുതാൻ തോന്നിയത്. താങ്കൾക്കറിയാം
പ്രിയ സുഹൃത്തേ,
ഏറെ സന്തോഷത്തോടെയാണ് ഈ കത്ത് എഴുതുന്നത്. വേഗത്തിന്റെയും ആർത്തിയുടെയും കാലത്ത് അപൂർവമായ ചില ചെറുചലനങ്ങൾ സൃഷ്ടിക്കുന്ന പ്രതീക്ഷയും ആനന്ദവും ചെറുതല്ല. 'കിളിമൊഴികൾ' എന്ന സാലിം അലിയുടെ റേഡിയോ പ്രഭാഷണങ്ങളുടെ സമാഹാരം വായിച്ചു തീർന്നപ്പോൾ ഇങ്ങനെയാണ് എഴുതാൻ തോന്നിയത്. താങ്കൾക്കറിയാം കാഴ്ചയുടെ ഭയപ്പെടുത്തുന്ന പെരുക്കങ്ങൾക്ക് മുൻപ് കേൾവിയിൽക്കൂടിയും നാം ലോകത്തെ കണ്ടിരുന്നു. ആ കാലം ഇത്രയേറെ ബഹളമയമായിരുന്നില്ല. ആ സ്വച്ഛതയിൽ അയൽക്കാരന്റെ ശബ്ദം, കാറ്റിന്റെ ഒച്ച, മഴയുടെ അടക്കിയ ചാറ്റലുകൾ, പക്ഷികളുടെ മൊഴികൾ നമ്മൾ അറിഞ്ഞു. റേഡിയോയിലെ ക്രിക്കറ്റ് കമന്ററിയിൽ മൈതാനത്തിന്റെ വ്യത്യസ്ത ദിശകളിലേക്ക് പായുന്ന പന്തിനു പിന്നാലെ കമന്റേറ്ററുടെ വിവരണത്തിനൊപ്പം ഓടിച്ചെല്ലുവാൻ നമുക്ക് കഴിഞ്ഞിരുന്നു. ഗാന്ധിജിയുടെ മരണമറിയിച്ചു കൊണ്ടുള്ള ജവഹർലാൽ നെഹ്റുവിന്റെ ഉള്ളുലയ്ക്കുന്ന വാക്കുകൾ ആ കാലത്തെ സങ്കടത്തിലാഴ്ത്തിയത് റേഡിയോ എന്ന മാധ്യമത്തിലൂടെയാണ്. ഇന്ത്യക്കാരുടെ ജീവിതത്തിൽ സംഗീതമായും പ്രഭാഷണങ്ങളായും കേൾവിയുടെ വൈവിധ്യങ്ങൾ നൽകുന്നതിൽ റേഡിയോയുടെ പങ്ക് എത്രയോ വലുതായിരുന്നു. ഏകഭാഷണങ്ങളെ നമ്മുടെ ശ്രവണപുടങ്ങൾക്ക് സ്വീകാര്യമായിരുന്നു. കേൾവിക്കാരാവുന്നതിൽ ക്ഷമയുണ്ടായിരുന്നു. സാലിം അലിയുടെ പ്രഭാഷണങ്ങൾ ഓൾ ഇന്ത്യാ റേഡിയോ സംപ്രേഷണം ചെയ്തതിനാലാണ് ഈ പുസ്തകത്തിന്റെ എഡിറ്ററും സാലിം അലിയുടെ ശിഷ്യയുമായ താരാഗാന്ധി പുസ്തകത്തിന്റെ മുന്നരയിൽത്തന്നെ ഓൾ ഇന്ത്യാ റേഡിയോയ്ക്ക് പ്രത്യേക നന്ദി അറിയിച്ചിരിക്കുന്നത്. 1941 മുതൽ 1980 വരെ അദ്ദേഹം നടത്തിയ റേഡിയോ പ്രഭാഷണങ്ങളാണിതിലെ ഉള്ളടക്കം. താങ്കൾക്കറിയുന്നതുപോലെ ഇതെഴുതുന്നയാൾക്ക് പക്ഷികളെക്കുറിച്ച് അധികമൊന്നും അറിയില്ല. ആ പരിമിതി തന്നെയാണ് ഈ പുസ്തകം വായിച്ചു തീരുമ്പോൾ ഇത്രയേറെ ആനന്ദിക്കുവാൻ ഇടതന്നതും.
ഈ കത്തിൽ താങ്കളോട് പങ്കിടുവാൻ ആഗ്രഹിക്കുന്നത് പക്ഷികളെക്കുറിച്ച് ഏതൊരു ചെറിയ കുഞ്ഞിനും മനസിലാവുന്നതുപോലെയുള്ള സാലിം അലിയുടെ വിവരണങ്ങളോ അദ്ദേഹത്തിന്റെ അനുഭവവൈപുല്യമോ അല്ല. എന്തുകൊണ്ട് ഈ പുസ്തകം വായിക്കണം? എന്തുകൊണ്ട് ഓരോ വീട്ടിലും ഓരോ ലൈബ്രറിയിലും ഇത് സൂക്ഷിക്കണം എന്നുള്ള തോന്നൽ മാത്രമാണ്.
കേരളത്തിൽ ഏറ്റവുമധികം പരിഹസിക്കപ്പെട്ട വിഭാഗമാണ് പരിസ്ഥിതി പ്രവർത്തകർ. ആ പരിഹാസത്തിന്റെ മുൻനിരക്കാരായി നിൽക്കുന്നതിൽ കേരളത്തിലെ സിപിഎമ്മിന് പ്രത്യേക മിടുക്കുണ്ടായിരുന്നു. ഇന്നും അത് തുടരുന്നു. അതുകൊണ്ടാണ് ഒരു കെ.വി. സുരേന്ദ്രനാഥ് അവരിലുണ്ടാകാതെ പോയത്. മനുഷ്യരുടെ പുരോഗതിക്ക് വേണ്ടത് ചുവട്ടിലെ മണ്ണ് നീക്കിയുള്ള വികസനമാണെന്ന് ഇവർ വിശ്വസിക്കുന്നു.ഈ വിശ്വാസത്തോട് നേരിട്ടു കലഹിക്കാൻ ശ്രമിച്ചവരാണ് വിരലിലെണ്ണാൻ മാത്രം പോന്ന പരിസ്ഥിതി പ്രവർത്തകർ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിമർശിച്ചതിന്റെ പേരിൽ എം ഗോവിന്ദനെപ്പോലുള്ളവരെ അമേരിക്കൻ ചാരന്മാരാക്കുവാൻ ഇക്കൂട്ടർക്ക് മടിയുണ്ടായില്ല. അതുപോലെ പരിസ്ഥിതി പ്രവർത്തകരെല്ലാം വിദേശഫണ്ട് വാങ്ങുന്നവരും വികസന വിരുദ്ധരുമാണെന്ന് പ്രചരിപ്പിച്ചു. വർഷങ്ങളായി ഒരു ധ്യാനമെന്നപോലെ ഒറ്റലക്ഷ്യത്തിനായി നിശ്ശബ്ദം പോരാടുന്ന എസ്. ശാന്തിയുടെ പരിഭാഷയെ അവരുടെ സമരത്തിന്റെ ഭാഗമായിട്ടാണറിയേണ്ടത്. വർഷങ്ങൾക്ക് മുൻപ്, അന്യം നിന്നു പോയ ജീവിവംശങ്ങളെക്കുറിച്ചുള്ള ലഘുലേഖ എസ്. ശാന്തിയും സതീഷ്ചന്ദ്രനും പ്രസിദ്ധീകരിച്ചിരുന്നു. നാളെ ഈ ഭൂമുഖത്തു നിന്ന് അന്യമാകാൻപോകുന്ന വംശമാണ് മനുഷ്യരുടേതെന്ന മുന്നറിയിപ്പു കൂടിയായിരുന്നു അത്. എത്രപേർ അത് ശ്രദ്ധിച്ചു എന്നറിയില്ല. ഈ ആൾക്കൂട്ട അശ്രദ്ധയിലേക്ക് പ്രതീക്ഷയോടെ ഒരു സംഭാഷണത്തിന്റെ സാധ്യത തുറന്നിടുകയാണ് വി.സി.തോമസ് എഡിഷൻസ് പ്രസിദ്ധീകരിച്ച 'കിളിമൊഴി' എന്ന പുസ്തകം.
ഈ ഭൂമിയിൽ മറ്റൊരു പക്ഷിയായി ജീവിക്കാൻ 91 വർഷത്തെ ആയുസ്സ് അള്ളാഹു സാലിം അലിക്ക് നൽകി. പക്ഷിനിരീക്ഷകനായി ജീവിതം തുടങ്ങുമ്പോൾ അദ്ദേഹത്തെ കാണുന്നവരുടെ ഉള്ളിലെ അനുകമ്പയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ആദ്യ പ്രഭാഷണം തുടങ്ങുന്നത്. നമ്മുടെ ജീവിതശീലങ്ങൾക്ക് വിരുദ്ധമായിട്ടെന്തു കണ്ടാലും അതിനെയെല്ലാം സംശയത്തോടെയോ അല്ലെങ്കിൽ അനുതാപപൂർവ്വമോ കാണുന്നവരാണ് അധികവും. അതുകൊണ്ടുതന്നെ ഒരു പക്ഷി നിരീക്ഷകനെന്നാൽ തീർച്ചയായും അനുകമ്പ അർഹിക്കുന്നു. അയാളിലെ നൊസ്സിനെ ഓർത്ത് ഹാ കഷ്ടം എന്ന് പറയുന്നു. ഭൂമിയുടെ ഏക അവകാശി മനുഷ്യനാണെന്ന അഹന്തയുള്ള നമുക്ക് ഒരു അങ്ങാടിക്കുരുവിയോട് എന്ത് മമതയാണുള്ളത്? ഇവിടെയാണ് സാലിം അലിയും ഇന്ദുചൂഢനുമൊക്കെ മഹത്തുക്കളാവുന്നത്. ജീവിതമത്രയും അവർ പക്ഷികളെ കണ്ടു. കണ്ണാടിയിൽ നാം നമ്മെത്തന്നെ കണ്ട് ആനന്ദം കൊള്ളുമ്പോൾ അവർ കണ്ണാടിയിൽ തെളിഞ്ഞ പ്രതിഛായയിലറിഞ്ഞതു പോലും ഒരു പക്ഷിയെയായിരിക്കാം. അത്രമേൽ സമർപ്പിതമായിരുന്നു ഈ ജീവിതങ്ങൾ. പക്ഷി നിരീക്ഷകൻ ഒരു പക്ഷിയെ ശ്രദ്ധിക്കുമ്പോൾ ഭൂമിയിലെ സർവ്വജീവജാലങ്ങളെയും അയാൾ ശ്രദ്ധിക്കുന്നുണ്ട്. ഋതുക്കളുടെ മാറ്റം അറിയുന്നുണ്ട്. ഈ സമഗ്രതയിലെ അയാൾക്ക് ഒരു പക്ഷിയുടെ ജീവനത്തെ അറിയാനാവൂ. അതാണ് മതാതീതമായ ആത്മീയത.
പ്രയോജനവാദികളാവാൻ നമ്മെ പഠിപ്പിച്ചതിലും കേരളത്തിലെ ഇടതുപക്ഷത്തിന് പങ്കുണ്ട്. അതുകൊണ്ടാവാം എന്തു കണ്ടാലും ഇതുകൊണ്ട് എന്ത് ഗുണം എന്ന് നമ്മൾ ചിന്തിച്ചു പോകുന്നത്. ഒരു വൃക്ഷമെന്നാൽ തണലാവാതിരിക്കുകയും ഉരുവായി മാറുകയും ചെയ്യുന്നത് ഇവ്വിധമുള്ള ചിന്തയുറച്ചു പോയതുകൊണ്ടാണ്.ഇതുകൊണ്ട് എനിക്കെന്ത് ഗുണം? എന്റെ വംശത്തിനെന്ത് ഗുണം? എന്ന ചോദ്യത്തെ നേരിടാൻ ന്യൂനപക്ഷമായ പരിസ്ഥിതി പ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നത്. ഈ കാലത്തെ സത്യാനന്തരകാലമെന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ. പരിസ്ഥിതിപ്രവർത്തകർ പണ്ടേ സത്യാനന്തരകാലത്തെ അനുഭവിച്ചറിഞ്ഞവരാണ്. പ്രയോജനവാദികൾ പണ്ടു മുതലേ പ്രചരിപ്പിച്ച നുണകളെ തിരുത്തുക അത്രയെളുപ്പമല്ല. അതുകൊണ്ടാണ് ആനയുടെയും പുലിയുടെയും നീതിക്കായി ആരെങ്കിലും സംസാരിച്ചാൽ അവർ മനുഷ്യവിരുദ്ധരാവുന്നത്. സാലിം അലിയും നിരന്തരം കേൾക്കേണ്ടി വന്ന ചോദ്യമാണ് ഇതുകൊണ്ട് എന്താണ് പ്രയോജനം? ഒരു മനുഷ്യായുസുകൊണ്ട് അതിനുത്തരം പറയുവാൻ അദ്ദേഹം ശ്രമിച്ചു. അത് ഇങ്ങനെ ചുരുക്കി എഴുതാം: ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല.
സാലിം അലിയുടെ ഭാഷയുടെ തെളിനിലയാണ് ആദ്യം തന്നെ ഏതൊരു വായനക്കാരനേയും ആകർഷിക്കുന്നത്. ആ ഭാഷയെ തെളിമയോടെ എസ്. ശാന്തി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിലെ അവ്യക്തതയാണ് പലപ്പോഴും പലരുടേയും ഭാഷയെ സങ്കീർണമാക്കുകയോ അപൂർണമാക്കുകയോ ചെയ്യുന്നത്. ഇത് അനുഭവത്തിന്റെ പകർപ്പാണ്. അതിൽ നേരു മാത്രമേയുള്ളൂ. ഒരു പക്ഷിയെ നിരീക്ഷിക്കുന്നതിലെ ക്ഷമയെക്കുറിച്ച്, സൂക്ഷ്മമായി അറിയുന്നതിലെ ശ്രദ്ധയെക്കുറിച്ച് സാലിം അലി എഴുതുന്നുണ്ട്. മെല്ലെ അതൊരു പാരസ്പര്യമായി മാറും. ഇതുകൊണ്ടാവാം മനുഷ്യ സാമീപ്യത്തെ ഭയത്തോടെ കാണുന്ന പക്ഷികൾ പിന്നീട് സാലിം അലിയുടെ സാന്നിധ്യത്തെ ഭയക്കാതെ അവയുടെ ദൈനംദിന കൃത്യങ്ങളിൽ മുഴുകിയത്. നിരന്തരമായ പഠനങ്ങൾ കൊണ്ട് കണ്ടെത്തിയ പക്ഷികളുടെ പല സ്വഭാവവിശേഷങ്ങളും അദ്ദേഹം ലളിതമായി പറഞ്ഞു തരുന്നുണ്ട്. എന്നാൽ എല്ലാ യുക്തികളെയും അതിശയിപ്പിക്കുന്ന ഉത്തരമില്ലാത്ത ചില സവിശേഷതകളെ അദ്ദേഹവും പ്രകൃതിയുടെ ഇനിയും പിടിതരാത്ത അത്ഭുതമായി കാണുക എന്ന് പറയുന്നത് പരാജിതന്റെ വിലാപമായിട്ടല്ല, ശാസ്ത്രയുക്തിയെയും മറികടക്കുന്ന പ്രകൃതിജാലത്തോടുള്ള ആദരവോടെയാണ്.
സ്വാഭാവിക പ്രകൃതിസാഹചര്യങ്ങളിൽ ജീവജാലങ്ങളെ നിരീക്ഷിച്ചു പഠിക്കുന്ന പ്രകൃതിജ്ഞാനികളാണ് അന്നുവരെയുണ്ടായിരുന്ന അബദ്ധങ്ങളെ തിരുത്തിയത്. ആദ്യകാലങ്ങളിൽ പ്രകൃതി ഗവേഷകർ പുലർത്തിപ്പോന്ന നേരമ്പോക്ക് രീതികൾ അങ്ങനെ ഇല്ലാതാവുകയും പക്ഷിപഠനത്തിൽ കുറച്ചുകൂടി വ്യക്തവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകൾ ഉണ്ടാവുകയും ചെയ്തു. ദന്തഗോപുരങ്ങളിലിരുന്നുകൊണ്ട് നിങ്ങൾക്ക് ഒരു പക്ഷിയെക്കുറിച്ച് പഠിക്കാനാവില്ലന്ന് ഈ പുതുമുറ ഗവേഷകർ തെളിയിച്ചു. ഇതിലൊരിടത്ത് അദ്ദേഹം എഴുതുന്നു: "നിർഭാഗ്യവശാൽ ഒരു പുസ്തകത്തിനും പക്ഷിയുടെ പാട്ടോ വിളിയോ കൃത്യമായി നമുക്ക് പറഞ്ഞു തരാനാവില്ല". എന്നാൽ ഈ പുസ്തകത്തിൽ തന്നെയും അദ്ദേഹം സൂചിപ്പിക്കുന്ന പക്ഷിയൊച്ചകൾ ക്യു.ആർ.കോഡ് സ്കാൻ ചെയ്താൽ കേൾക്കാവുന്ന സാധ്യതകളിലേക്ക് നമ്മൾ പുരോഗമിച്ചിട്ടുണ്ട്. അടുത്ത പതിപ്പിലെങ്കിലും അത് ആലോചിക്കാവുന്നതാണ്.
താരാഗാന്ധിക്ക് ഈ പുസ്തകം എഡിറ്റ് ചെയ്യുവാൻ സഹായകമായത് സുന്ദരമായ കൈപ്പടയിൽ രചിക്കപ്പെട്ട കൈയ്യെഴുത്ത് പ്രതികളാണ്. അവയെല്ലാമാവട്ടെ കൃത്യത നിറഞ്ഞതായിരുന്നു (ഒരു പക്ഷി നിരീക്ഷകനുവേണ്ട പ്രധാന വസ്തുക്കൊള്ളിലൊന്നായി അദ്ദേഹം നിർദ്ദേശിക്കുന്നത് ഫീൽഡ് നോട്ട് പുസ്തകമാണ്. അല്ലെങ്കിൽ ഓർമകൾ നിങ്ങളെ വഴിതെറ്റിക്കും) അഞ്ചു ഭാഗങ്ങളായാണ് ഇത് തയ്യാർ ചെയ്തിരിക്കുന്നത്. ചിലയിടങ്ങളിൽ ചില ആവർത്തനങ്ങളുള്ളത് താരാഗാന്ധി എഡിറ്ററുടെ സ്വാതന്ത്ര്യമെടുത്ത് നീക്കം ചെയ്തിട്ടില്ല. സാലിം അലിയോടുള്ള പരിപൂർണമായ ആദരവോടെ, അദ്ദേഹം തന്റെ പ്രഭാഷണങ്ങളെ എങ്ങനെ അവതരിപ്പിച്ചുവോ അതേപടിയാണ് കിളിമൊഴികളുടെ രൂപകൽപ്പന. വർഷങ്ങൾക്ക് ശേഷം ഈ പ്രഭാഷണങ്ങൾ വായിക്കുമ്പോൾ ചിലയിടങ്ങളിൽ നമുക്കുണ്ടാവുന്ന സംശയങ്ങളെക്കൂടി എഡിറ്റർ പരിഹരിച്ചിരുന്നുവെങ്കിലെന്ന് തോന്നുക സ്വാഭാവികമാണ്. ചില കണക്കുകൾ, അതുപോലെ അദ്ദേഹം സൂചിപ്പിക്കുന്ന പക്ഷികളുടെ സ്വഭാവങ്ങളിലുണ്ടായ പുതിയ കണ്ടെത്തലുകൾ ഇതെല്ലാം പരിഹരിക്കാനാവുന്ന കുറച്ച് പേജുകൾകൂടി ഉണ്ടായിരുന്നുവെങ്കിൽ സാധാരണ വായനക്കാരന് ഏറെ സഹായകമാവുമായിരുന്നു. പക്ഷികളുടെ കൂടുണ്ടാക്കലിലെ അസാമാന്യവിരുതുകൾ, ആറ്റക്കുരുവികളിലെ പെൺകൂട്ടത്തിന്റെ സാമർത്ഥ്യം, അതിരുകളില്ലാത്ത പക്ഷിസഞ്ചാരികൾ തലമുറകളിലേക്ക് വിനിമയം ചെയ്ത അദൃശ്യ സഞ്ചാരപാതകൾ, ഇങ്ങനെ മനുഷ്യരായ നമ്മൾ ക്ഷമാപൂർവ്വം വായിച്ചറിയേണ്ട നമ്മുടെ മുന്നിലെ നാമറിയാതെ പോവുന്ന ലോകമാണീ പുസ്തകത്തിൽ ഉള്ളത്. കാലാവസ്ഥാ വ്യതിയാനവും പ്രളയവുമെല്ലാം മറവിയ്ക്കോ അജ്ഞതയ്ക്കോ വിട്ടുകൊടുക്കുന്നതിൽ നമുക്ക് മടിയില്ല. നിങ്ങളുടെ പറമ്പിൽ നിത്യവും വന്നിരുന്ന പക്ഷികളെക്കുറിച്ച് താങ്കൾ ഓർക്കുമെന്ന് കരുതുന്നു. കാക്കയുടെ കരച്ചിൽ കുറഞ്ഞുവോ? ചന്തയിൽ താങ്കൾ കണ്ടിരുന്നതും ഇന്ദുചൂഢന്റെ ഭാഷയിൽ ബധിരനുപോലും കേൾക്കത്തക്ക വിധത്തിൽ ഒച്ച കൂട്ടിയിരുന്നതുമായ അങ്ങാടിക്കുരുവികൾ ഇപ്പോഴും അവിടെയുണ്ടോ? സമയം പോലെ ഒന്ന് ചിന്തിക്കുകയും ചുറ്റും ശ്രദ്ധിക്കുകയും ചെയ്യുമല്ലോ. പ്രിയപ്പെട്ട ഒരാൾക്ക് സമ്മാനമായി നൽകാൻ 'കിളിമൊഴി'യുടെ ഒരു പ്രതി താങ്കൾ കരുതണം. സാലിം അലിയുടെ ഓർമകൾക്ക് വന്ദനം. പരിഭാഷയ്ക്ക് നന്ദി. ചേക്ക കൂടാനാവാതെ സങ്കടപ്പെടുന്ന, നിസ്സഹായരായ പക്ഷികളോട് ക്ഷമാപണം.
സ്നേഹപൂർവ്വം
UiR