ADVERTISEMENT

കവി നൽകുന്ന സത്യവാങ്മൂലമാണ് ഓരോ കവിതയും. സുഗതകുമാരിയുടെ കവിതകളിൽ മുഗ്ധരായിപ്പോയ വായനക്കാർക്കു വലിയൊരു ഉറപ്പു ലഭിച്ചിരുന്നു: ‘സമാനഹൃദയ, നിനക്കായ് പാടുന്നേൻ’. അതുകൊണ്ട് അവർ ആ കവിതകളിലേക്കു വീട്ടിലേക്കെന്നപോലെ തിരിച്ചെത്തിക്കൊണ്ടിരുന്നു. അനുരാഗവും അഴലും ആകുലതകളും പ്രതീക്ഷകളുമെല്ലാം ആ വരികളിൽ കെടാത്ത കനലായി.

മലയാളകവിതയിൽ പലമ ഒരു കലൈഡോസ്കോപിലെന്ന പോലെ തെളിഞ്ഞ കാലമായിരുന്നു 1960കൾ. കാവ്യാദർശങ്ങളും ആവിഷ്കാര രീതികളും വ്യത്യസ്തമായിരുന്ന വൈലോപ്പിള്ളിയും പിയും ഇടശ്ശേരിയും തൊട്ട് അക്കിത്തവും കക്കാടും അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും വരെ പല തലമുറകൾ സമൃദ്ധമാക്കിയ ദശകം. ഭാവഗീതാത്മകമായ കവിതകളാൽ സുഗതകുമാരി ഇടമുറിയാതെ തിമർത്തു പെയ്യാൻ തുടങ്ങിയതും അക്കാലത്താണ്; അതിനും മുൻപേ തന്നെ എഴുതിത്തുടങ്ങിയിരുന്നെങ്കിലും. ഒരു തുടക്കക്കാരിയുടെ പകപ്പില്ലാത്ത, ഇഴയടുപ്പമുള്ള കവിതകളായിരുന്നു അത്. ആ കാവ്യഗരുഡനു പിന്നെയൊരിക്കലും താഴ്ന്നുപറക്കേണ്ടി വന്നില്ല. ആദ്യ കവിതകൾ തൊട്ട് മരണത്തിന് ഏതാനും നാളുകൾ മുൻപെഴുതിയ കവിതകൾ വരെയെടുത്തു നോക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു: കവിത്വം ഒരിക്കലും കളഞ്ഞുപോകാത്ത കവിയായിരുന്നു സുഗതകുമാരി. അപ്രതീക്ഷിതമായ വാക്കുകളുടെ ട്വിസ്റ്റുകൾ കൊണ്ട് മഹാകാലങ്ങളെയും ദേശങ്ങളെയും ഉരുക്കാനും തനിക്കിഷ്ടം പോലെ ഉരുവപ്പെടുത്താനും സാധിച്ചിരുന്നു.

ആറു പതിറ്റാണ്ടോളം കവിതയുടെ രസനിരപ്പു താഴാതെ കാക്കുകയെന്നത് എളുപ്പമല്ല. സുഗതകുമാരിയാകട്ടെ പരിസ്ഥിതിക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാമുള്ള പോരാട്ടങ്ങളിൽ നിരന്തരം മുഴുകുകയും ചെയ്തു. എന്നാൽ സഹജമായ കവിത്വത്തെ അവരൊരിക്കലും അടിയറ വയ്ക്കുകയോ ബലികൊടുക്കുകയോ ചെയ്തില്ല. കവിതയാണു സുഗതയുടെ സ്വക്ഷേത്രമെന്ന് ആ വരികൾ എല്ലാക്കാലത്തും പറഞ്ഞുകൊണ്ടേയിരുന്നു. കവിയായിപ്പോയതുകൊണ്ട്, തരിമ്പും കവിതയില്ലാത്ത രചനകൾ ചമയ്ക്കേണ്ട ഗതികേട് ഈ കവിക്ക് ഒരിക്കലും ഉണ്ടായില്ല. ‘കവിതയോട്’ സുഗതകുമാരി ആദ്യകാലത്തേ അതു പറഞ്ഞിട്ടുമുണ്ട്:

‘കവിതേ!

കോരിച്ചൊരിഞ്ഞീടുമി–

പ്പേമാരിയിലിവിടെ–

ത്തനിച്ചു ഞാൻ

നിന്നെയോർത്തിരിക്കുമ്പോൾ,

മൃത്യുപോൽ വിറങ്ങലിച്ചീടിന

കരം നീട്ടിയത്യഗാധമാം ഭീതി

പിന്നിലായ് പതുങ്ങുമ്പോൾ,

തൂവെള്ളപ്പട്ടാട–

പൂണ്ടോമനക്കയ്യിൽ കാന്തി–

ധാവള്യം ചേരും ദീപമേന്തി

നീയുഴന്നെത്തും;

പൊള്ളുമെൻ നെറുകയിൽ

പൂവിളം കരം ചേർക്കു–

‘‘മില്ലേ ഞാനരികിലെ’’–

ന്നാർദ്രയായ് മന്ത്രിച്ചീടും.

മഞ്ഞുമൂടുന്നോരഗ്നിശൈലം

പോലുറങ്ങും ഞാൻ

അങ്ങനെ നിന്നങ്കത്തിൻ

സ്വച്ഛമാം വാത്സല്യത്തിൽ!’’

കാന്തിധാവള്യം ചേരും ദീപമേന്തി കവിതയെത്തുമെന്നും പൊള്ളുന്ന നെറുകയിൽ കരം ചേർത്ത് ‘ഇല്ലേ ഞാനരികിലെ’ന്നു മന്ത്രിക്കുമെന്നുമുള്ള വിശ്വാസമാണു കവിയെ എല്ലാക്കാലത്തും നയിച്ചത്. ആ വിശ്വാസദാർഢ്യം രക്ഷിക്കുകയും ചെയ്തു.

ആശുപത്രി പോലെ, താരകൾ പോലെ, മഴ പോലെ, നിലാവുപോലെ, മേഘങ്ങൾ പോലെ, ഇരുൾ പോലെ ചില ബിംബങ്ങൾ സുഗതകുമാരിക്കവിതയിൽ ഇടയ്ക്കിടെ പ്രത്യക്ഷമായി; മറ്റു പല കവികളുടെയും ഒപ്പം തങ്ങളത്ര സുരക്ഷിതരല്ലെന്ന മട്ടിൽ!. സുഗതകുമാരിയെപ്പോലെ അനുരാഗത്തെ പലപല മഷികളിലെഴുതിയ കവികൾ കുറവാണ്. തളിരു പോലെയും താരം പോലെയും കതിരു പോലെയും നീലാകാശം പോലെയുമുള്ള അനുരാഗമായിരുന്നു അത്. രാത്രിയിൽ ഗംഗോത്രിയിൽ, തനിച്ചുതനിച്ചിനി പോലെ ദാമ്പത്യത്തിലെ പ്രണയം അനുഭവിപ്പിച്ച എത്രയോ കവിതകൾ ഈ കവി എഴുതിയിട്ടുണ്ട്. ‘ഇത്തിരി മാത്രം നേരം കൈകോർത്തു നടക്കുവാൻ, ഇത്തിരിയല്ലോ നേരം കൊതിക്കാൻ, സ്നേഹിക്കാൻ’ എന്ന് ആ കവിത നമ്മെ ഓർമപ്പെടുത്തി.

sugathakumari-teacher-4-podcast
സുഗതകുമാരി

‘ക്ഷിതിയിൽ ധർമത്തിന്റെ നിറമിന്നിരുട്ടല്ലോ’ എന്നു തിരിച്ചറിയുന്നൊരാൾ കവിതയിലും ജീവിതത്തിലും അഗാധമായ വിഷാദത്തിലേക്ക് ആണ്ടുപോകാം. പുറത്തേക്കുള്ള ജാലകങ്ങളെല്ലാം തഴുതിട്ടടച്ച് തന്നിലേക്കു തന്നെ പിൻവാങ്ങാം. എന്നാൽ അത്തരം വിഷാദവൈവശ്യങ്ങളിൽ ഉള്ളുനീറി ഉലഞ്ഞിട്ടും സുഗതകുമാരിയുടെ കവിത ഒരിക്കലും ജീവിതനിഷേധിയായില്ല. ‘ആ വിഷാദാനന്ദലഹരിയെ, യനന്തതയെ ഏതു വിധമൊന്നു വാഴ്ത്തേണ്ടൂ’ എന്നു പാടുക മാത്രം ചെയ്തു.

‘ഇനിയീ മനസ്സിൽ കവിതയില്ല,

ഇനിയീ മനസ്സിൽ കവിതയില്ല’ എന്നു നിരാശയോടെ പറഞ്ഞ കവി തന്നെ

‘ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ

ചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി’ എന്നു പ്രതീക്ഷാനിർഭരയായി. സ്നേഹദർശനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കവിതകളായിരുന്നു അത്.

‘ഒരു താരകയെ കാണുമ്പോളത്

രാവുമറക്കും; പുതുമഴ കാൺകെ

വരൾച്ച മറക്കും, പാൽച്ചിരി കണ്ടത്

മൃതിയെ മറന്ന് സുഖിച്ചേ പോകും

പാവം മാനവഹൃദയം’ എന്നു കവി നേരത്തെ തന്നെ കുറിച്ചിരുന്നല്ലോ. ‘ആർദ്രം’ എന്ന അവസാനകാല കവിതകളിലൊന്നിൽ പോലും ‘ഇരുളിലെൻ മിഴി മേലോട്ടുയരവേ, ഒരു തണുത്ത നക്ഷത്രസ്മിതാർദ്രത’യാണു കവി കണ്ടത്.

കാടിനെക്കുറിച്ച്, പുഴകളെക്കുറിച്ച്, വയലുകളെക്കുറിച്ച്..സുഗതകുമാരിയുടെ കവിത വേപഥുക്കൊണ്ടു. കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതികവിനാശത്തിന്റെ ചരിത്രമെഴുതുന്നൊരാൾക്ക് നല്ലൊരു ആർക്കൈവ് കൂടിയാകും സുഗതകുമാരിക്കവിതകൾ. ഓരങ്ങളിലും പുറംപോക്കുകളിലും പാർത്തിരുന്ന മനുഷ്യർ ആ കവിതകളിലേക്കു കയറിവന്നു. മരക്കവിയെന്നും കണ്ണീർക്കുടമെന്നും ഒളിപ്പോരുകാരിയെന്നും വിമർശിച്ചവർക്കു കവിതയിലൂടെ കണക്കിനു കൊടുത്തിട്ടുണ്ട് സുഗതകുമാരി. സൈലന്റ് വാലിയും അതിരപ്പിള്ളിയും അട്ടപ്പാടിയുമെല്ലാം അത്രമേൽ സ്വാഭാവികമായി സുഗതകുമാരിയുടെ കവിതകളിൽ വന്നുകൊണ്ടിരുന്നു. മറ്റേതു കവിയുടെ രചനകളിലും പ്രചാരണപരമായിപ്പോകുമായിരുന്നത് സുഗതയിൽ സ്വാഭാവികമായി. കാരണം ആ കവിതയും ജീവിതവും തമ്മിൽ വല്ലാത്തൊരു പാരസ്പര്യമുണ്ടായിരുന്നു.

‘അട്ടപ്പാടി തൻ അഴൽക്കുന്നുകളിന്നും ബാക്കി

വെട്ടിയ മരക്കുറ്റിക്കുരിശിൻ നിര ബാക്കി

കൊന്നൊരായിരം കാടിൻ പ്രേതബാധകൾ ബാക്കി

കണ്ണുപൊട്ടിയ നൂറുചോലതൻ ശാപം ബാക്കി

പശിയാൽ കലങ്ങിയ പെൺവയറുകൾ ബാക്കി

പഴയ ജന്മത്തിലെക്കടമെന്നെന്നും ബാക്കി’ എന്നെഴുതാതിരിക്കാൻ സുഗതകുമാരിക്കു കഴിയില്ലായിരുന്നു.

sugathakumari-teacher-1-podcast
സുഗതകുമാരി

സച്ചിദാനന്ദനും അയ്യപ്പപ്പണിക്കരും അനിതാ തമ്പിയുമെല്ലാം സുഗതകുമാരിക്കവിതകളോടുള്ള പ്രതികരണമായി കവിതയെഴുതിയവരാണ്. സമകാലീനരെയും പിൻതലമുറയെയും സുഗതകുമാരിയുടെ കവിത എങ്ങനെ സ്പർശിച്ചുവെന്നതിന്റെ സാക്ഷ്യങ്ങളാണ് ഇത്. ബാലചന്ദ്രൻ ചുള്ളിക്കാടാകട്ടെ സുഗതകുമാരിക്കവിതയോടുള്ള ആഭിമുഖ്യം വ്യക്തമാക്കിയത് ഇങ്ങനെയാണ്: ‘ഭാരതസ്ത്രീയുടെ ഭാവശുദ്ധി ദർശിച്ച ഗുരുനാഥനായ സുന്ദരപുരുഷന്റെ കാവ്യലക്ഷ്മിയെ സത്യത്തിന്റെ തീക്കുണ്ഡത്തിലേക്കു നിഷ്കരുണം തള്ളിയിട്ട കരാളഹസ്തയായ സുഗതകുമാരിയാണ് എന്റെ കവി.

‘‘എവിടെ വാക്കുകൾ?

എന്റെയുൾക്കാട്ടിലെ

മുറിവുനീറിടും വ്യാഘ്രിതൻ

ഗർജ്ജനം?

അകിടുവിങ്ങിയോരമ്മ വാരിക്കുഴി–

ക്കടിയിൽ നിന്നും വിളിക്കും

നെടുംവിളി!’’എന്നെഴുതിയ, ഉന്മാദിനിയായ ആ വിപിനദുർഗയാണ് എന്റെ കാവ്യദേവത. അവളുടെ മുമ്പിൽ സ്വന്തം ശിരസ്സു ഛേദിച്ചുനിവേദിച്ച് ഞാൻ അടങ്ങട്ടെ.’

തുലാവർഷവും മേടച്ചൂടും മകരമഞ്ഞും പോലെ കേരളീയമായ അനുഭവമായിരുന്നു സുഗതകുമാരിക്കവിതയും. കവി തോർന്നിട്ടും കവിത പെയ്തുകൊണ്ടേയിരിക്കുന്നു!

English Summary:

Remembering Sugathakumari and her works