ഉന്മാദത്തിലും വിഷാദത്തിലും കൂടെ നിന്നവനായി ഒരു ആത്മഹത്യക്കുറിപ്പ്; പ്രിയപ്പെട്ട മരങ്ങൾക്കു വളമായിത്തീർന്ന 'വൂൾഫ്'
പ്രിയപ്പെട്ടവനേ, എനിക്ക് ഇനി പൊരുതാനാവില്ല. ഞാൻ നിന്റെ ജീവിതം നശിപ്പിക്കുകയാണെന്ന് എനിക്കറിയാം. ഞാനില്ലാതെയും നിനക്കു ജീവിക്കാൻ കഴിയും. സത്യമായും നിനക്കതു സാധിക്കും. നിനക്കറിയാമോ, എനിക്ക് ഈ കുറിപ്പ് പോലും ശരിയായി എഴുതാൻ കഴിയുന്നില്ല. എനിക്കിപ്പോൾ വായിക്കാന്‍ പോലും അറിയാതെയായിരിക്കുന്നു. എന്റെ
പ്രിയപ്പെട്ടവനേ, എനിക്ക് ഇനി പൊരുതാനാവില്ല. ഞാൻ നിന്റെ ജീവിതം നശിപ്പിക്കുകയാണെന്ന് എനിക്കറിയാം. ഞാനില്ലാതെയും നിനക്കു ജീവിക്കാൻ കഴിയും. സത്യമായും നിനക്കതു സാധിക്കും. നിനക്കറിയാമോ, എനിക്ക് ഈ കുറിപ്പ് പോലും ശരിയായി എഴുതാൻ കഴിയുന്നില്ല. എനിക്കിപ്പോൾ വായിക്കാന്‍ പോലും അറിയാതെയായിരിക്കുന്നു. എന്റെ
പ്രിയപ്പെട്ടവനേ, എനിക്ക് ഇനി പൊരുതാനാവില്ല. ഞാൻ നിന്റെ ജീവിതം നശിപ്പിക്കുകയാണെന്ന് എനിക്കറിയാം. ഞാനില്ലാതെയും നിനക്കു ജീവിക്കാൻ കഴിയും. സത്യമായും നിനക്കതു സാധിക്കും. നിനക്കറിയാമോ, എനിക്ക് ഈ കുറിപ്പ് പോലും ശരിയായി എഴുതാൻ കഴിയുന്നില്ല. എനിക്കിപ്പോൾ വായിക്കാന്‍ പോലും അറിയാതെയായിരിക്കുന്നു. എന്റെ
പ്രിയപ്പെട്ടവനേ,
എനിക്ക് ഇനി പൊരുതാനാവില്ല. ഞാൻ നിന്റെ ജീവിതം നശിപ്പിക്കുകയാണെന്ന് എനിക്കറിയാം. ഞാനില്ലാതെയും നിനക്കു ജീവിക്കാൻ കഴിയും. സത്യമായും നിനക്കതു സാധിക്കും. നിനക്കറിയാമോ, എനിക്ക് ഈ കുറിപ്പ് പോലും ശരിയായി എഴുതാൻ കഴിയുന്നില്ല. എനിക്കിപ്പോൾ വായിക്കാന്‍ പോലും അറിയാതെയായിരിക്കുന്നു. എന്റെ ജീവിതത്തിലെ എല്ലാ സന്തോഷത്തിനും ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിന്നോടു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. പൂർണ്ണമായ ക്ഷമയോടെ, അവിശ്വസനീയമാംവിധം നന്മയോടെയാണ് നീ എന്നെ നോക്കിട്ടുള്ളത്. അത് എല്ലാവർക്കും അറിയാം.
ആർക്കെങ്കിലും എന്നെ രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ അത് നീ ആയിരുന്നേനെ. നിന്റെ നന്മയുടെ ഉറപ്പ് ഒഴികെയെല്ലാം എന്നിൽനിന്നു നഷ്ടപ്പെട്ടു പോയി. എനിക്ക് ഇനിയും നിന്റെ ജീവിതം നശിപ്പിക്കാനാകില്ല.
നമ്മൾ ഒന്നിച്ചുണ്ടായിരുന്നപ്പോൾ അനുഭവിച്ച സന്തോഷം പോലെയൊന്ന് മറ്റേതെങ്കിലും രണ്ടു മനുഷ്യർ അനുഭവിച്ചിട്ടുണ്ടാകുമെന്നു ഞാൻ കരുതുന്നില്ല...
നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ..?
മരണത്തിലേക്കു മുങ്ങിത്താഴാൻ നിന്ന നിമിഷത്തിലും പ്രിയപ്പെട്ടൊരാളിന്റെ നന്മയെ കോറിയിടുവാൻ വേണ്ടി, വിറയാർന്ന വിരലുകളെ നിയന്ത്രിക്കുവാൻ പരിശ്രമിച്ചിട്ടുണ്ടോ..?
അവസാന ശ്വാസത്തിലും കൂടെനിൽപ്പിന്റെ നൊടികളെ ഓർത്ത്, ആനന്ദത്തോടെ വിട പറയാൻ ശ്രമിച്ചിട്ടുണ്ടോ..?
മരണത്തിന്റെ ഇരുട്ടറയിലും നിന്നെ സ്നേഹിക്കുന്നുവെന്ന് പറയാതെ പറഞ്ഞിട്ടുണ്ടോ..?
വെർജിനിയ വൂൾഫ് അത് ചെയ്തിട്ടുണ്ട്. 1941ലെ ഒരു മാർച്ച് മാസപ്പുലരിയിൽ വീടിനുള്ളിലെ ഓഫിസ് മുറിയിലിരുന്ന് ഭർത്താവ് ലിയോനാർഡ് ജോലി ചെയ്യവേയാണ് വെർജിനിയ വൂൾഫ് ആത്മഹത്യ ചെയ്തത്. വീടിനു പുറത്തെ ഔട്ട്ഹൗസിലിരുന്ന് എഴുതുവാൻ ശ്രമിക്കവേ, ക്ഷീണിതയായി കാണപ്പെട്ട വെർജിനിയയോട് അകത്തു പോയി വിശ്രമിക്കാൻ പറഞ്ഞശേഷമാണ് അദ്ദേഹം ജോലിയിലേർപ്പെട്ടത്. ആ നിർദ്ദേശമനുസരിച്ച് അകത്തേക്കു പോയ വെർജിനിയയെ പിന്നീട് അദ്ദേഹം ജീവനോടെ കണ്ടിട്ടില്ല.
മുകൾനിലയിലെ തങ്ങളുടെ കിടപ്പുമുറിയിൽ തന്റെ പ്രിയപ്പെട്ടവനായി വെർജിനിയ എഴുതിയ ആത്മഹത്യക്കുറിപ്പിലെ അവസാന വരികളാണ് നാം തുടക്കത്തിൽ വായിച്ചത്. അകത്തേക്ക് പോയ വെർജിനിയ തന്റെ അവസാന അക്ഷരങ്ങൾ ആ പേപ്പർ കഷണത്തിലേക്ക് പകർത്തുവാൻ പ്രയാസപ്പെട്ടിട്ടുണ്ട്. ഹൃദയം അവിടെ പകുത്തുവച്ച്, അവർ തന്റെ രോമക്കുപ്പായവും എടുത്തിട്ട്, വെല്ലിംഗ്ടൻ ബൂട്ടും ധരിച്ച് ആ വസന്തകാല പുലരിയിലേക്ക് ഇറങ്ങിപ്പോയി. മുൻ ഗേറ്റിലൂടെ പുറത്തുകടന്ന് വീടിനടുത്തുള്ള ഔസ് നദിക്കരയിലെത്തിയ വെർജിനിയ മണ്ണിൽനിന്ന് വലിയ ഉരുളൻ കല്ലുകൾ പെറുക്കിയെടുത്തു. തന്റെ നീളൻ കുപ്പായത്തിന്റെ പോക്കറ്റുകളിലേക്ക് അവ നിക്ഷേപിക്കുംതോറും ആഴത്തിലേക്ക് ഊർന്ന് പോകാനുള്ള ഭാരമായി മാറുകയായിരുന്നു അവർ.
ഒരിക്കലും തിരികെ വരാതിരിക്കാൻ വേണ്ട ഭാരം വസ്ത്രത്തിൽ ഒളിപ്പിച്ച ശേഷമാണ് വെർജിനിയ ജലസമാധിക്കൊരുങ്ങിയത്. വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന വിഷാദരോഗത്തിന്റെ ശല്യം വർദ്ധിച്ച്, ഒരു വാചകം പോലും തികച്ച് വായിക്കാനാകാതെ, എഴുതാനാകാതെ ജീവിച്ച് മടുത്തിരുന്നു അവർക്ക്. ഒരു നിമിഷം പോലും തന്നെ പിരിയാതെ നിൽക്കുന്ന ഭർത്താവിന് താൻ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വെർജിനിയക്ക് ബോധ്യമുണ്ടായിരുന്നു. പൊരുതി മടുത്ത ആ സാഹിത്യ പ്രതിഭ, തൂലിക താഴെവച്ച് ജീവിതത്തിന് പരിസമാപ്തി കുറിച്ചപ്പോൾ അവർ പറയുന്നുണ്ട്. ‘ഈ അസുഖമില്ലായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം എത്ര മനോഹരമായേനേ…’
രണ്ടു മണിക്കൂറുകൾക്കുശേഷം ഭാര്യയെ കാണാൻ മുറിയിലെത്തിയ ലിയോനാർഡ് അവിടെ രണ്ട് ആത്മഹത്യക്കുറിപ്പുകൾ കണ്ടെത്തി. ഒന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നതും മറ്റൊന്ന് വെർജിനിയയുടെ സഹോദരി വനേസയെ അഭിസംബോധന ചെയ്യുന്നതും. ആത്മഹത്യക്കുറിപ്പ് വായിച്ച് പരിഭ്രാന്തനായ ലിയോനാർഡ് അവരെ തിരയാൻ തുടങ്ങി. താമസിയാതെ നദീതീരത്ത് വെർജിനിയയുടെ കാൽപ്പാടുകളും വോക്കിങ് സ്റ്റിക്കും അദ്ദേഹം കണ്ടെത്തി. എന്നാൽ ആ സമയം കൊണ്ടുതന്നെ വെർജിനിയ അസ്വസ്ഥതകളില്ലാത്ത ലോകത്തേക്കു മടങ്ങിയിരുന്നു.
മൂന്നാഴ്ചക്കാലത്തേക്ക് വെർജിനിയയുടെ മൃതദേഹം പോലും ലഭിച്ചിരുന്നില്ല. പ്രതീക്ഷ കൈവിടാതെ ലിയോനാർഡ് കാത്തിരുന്നു. കാണ്മാനില്ല എന്ന് പത്രത്തിൽ പരസ്യം നൽകി. തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രിയതമയെ ജീവൻ വെടിഞ്ഞ ശരീരമായി ഒഴുക്കിൽപ്പെട്ട് ഇംഗ്ലണ്ടിലെ സൗത്തീസിനു സമീപം കണ്ടെത്തി.
വെർജിനിയയുടെ ആഗ്രഹപ്രകാരം അവരെ ദഹിപ്പിക്കുകയും ചിതാഭസ്മം വീട്ടുമുറ്റത്ത് ദമ്പതികൾ സ്നേഹത്തോടെ ‘വിർജിനിയ’, ‘ലിയോനാർഡ്’ എന്നിങ്ങനെ ചെല്ലപ്പേരിട്ടു വിളിച്ചിരുന്ന രണ്ട് എൽമ് മരങ്ങൾക്കു താഴെ വിതറുകയും ചെയ്തു.
എഴുത്തുകാരായ ലെസ്ലി സ്റ്റീഫന്റെയും ജൂലിയ പ്രിൻസെപ് ജാക്സണിന്റെയും മകളായി 1882 ജനുവരി 25 നാണ് വിർജിനിയ വൂൾഫ് ജനിച്ചത്. അഡ്‌ലിൻ വിർജിനിയ സ്റ്റീഫൻ എന്നതായിരുന്നു പൂർണനാമം. അർധസഹോദരന്മാരും അർധസഹോദരിമാരുമടക്കം ആറു പേർക്കൊപ്പമാണ് വിർജിനിയ വളർന്നത്. കുടുംബത്തിലെ ആൺകുട്ടികൾക്ക് ശരിയായ കോളജ് വിദ്യാഭ്യാസം ലഭിച്ചുവെങ്കിലും പെൺകുട്ടികൾക്ക് അത്ര ഭാഗ്യമുണ്ടായിരുന്നില്ല. അവർ വീട്ടിലിരുന്നു പഠിച്ചു. പിതാവിന് ഒരു വലിയ ലൈബ്രറി ഉണ്ടായിരുന്നതിനാൽ വിർജിനിയക്ക് ഇഷ്ടത്തിനനുസരിച്ച് പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞു.
1895-ൽ മസ്തിഷ്ക ജ്വരം ബാധിച്ച് അമ്മ മരിച്ചതോടെയാണ്, വിർജിനിയയ്ക്ക് ആദ്യമായി മാനസികത്തകർച്ചയുണ്ടാകുന്നത്. അതും പതിമൂന്നാം വയസ്സിൽ. തുടർന്ന്, രണ്ടു വർഷത്തിനു ശേഷം, മാതൃതുല്യയായിരുന്ന അർധസഹോദരി സ്റ്റെല്ല ഡക്‌വർത്തും 1904ൽ അച്ഛനും മരിച്ചതോടെ വിർജിനിയ വീണ്ടും പ്രതിസന്ധിയിലായി. മാത്രമല്ല, ആ സമയം തന്റെ അർധസഹോദരന്മാരാൽ അവർ ശാരീരിക ചൂഷണത്തിനും ഇരയായി.
പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ച വിർജിനിയ, ബ്ലൂംസ്ബറി സ്ക്വയറിലെ വീട്ടിലേക്ക് സഹോദരങ്ങളായ വനേസ, അഡ്രിയൻ എന്നിവരോടൊപ്പം താമസം മാറിയതോടെ പുരോഗതി കാട്ടിത്തുടങ്ങി. സാഹിത്യ കുതുകികളുടെ ബ്ലൂംസ്ബറി ഗ്രൂപ്പിന്റെ പ്രവർത്തനവുമായി മുന്നോട്ടു പോകവേയാണ് 1912-ൽ പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ ലിയോനാർഡ് വൂൾഫിനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നോവൽ 'ദ് വോയേജ് ഔട്ട്' 1913-ൽ പ്രസിദ്ധീകരിച്ചു. ഈ സമയത്ത് വിർജിനിയ മറ്റൊരു മാനസികത്തകർച്ച നേരിട്ടു.
'എ റൂം ഓഫ് വൺസ് ഓൺ', 'മിസിസ് ഡാലോവേ', 'ഓർലാണ്ടോ', 'ജേക്കബ്സ് റൂം', 'ടു ദ് ലൈറ്റ് ഹൗസ്' തുടങ്ങിയ ശ്രദ്ധേയ കൃതികൾ രചിച്ച് ലോക പ്രശസ്തയായപ്പോഴും പലതവണ മാനസിക സംഘർഷങ്ങൾക്ക് അവർ വിധേയയായി. വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന മാനസിക വ്യഥയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് കടന്നുവന്ന ലോകമഹായുദ്ധത്തിന്റെ വേളയിൽ വിർജിനിയ, ജീവിതത്തിനോട് പൊരുതാൻ ശേഷി ബാക്കിയില്ലാതെ മരണത്തിലേക്ക് നടന്നടുത്തു.
59–ാം വയസ്സിൽ തന്റെ പ്രിയപ്പെട്ടവനെ ഉപേക്ഷിച്ച്, തികഞ്ഞ ശാന്തതയോടെ കല്ലുകൾ ഓരോന്നായി പെറുക്കി കുപ്പായത്തിനുള്ളിലേക്കിട്ട് അന്ത്യനിദ്രയ്ക്ക് തയ്യാറെടുത്തപ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ടവർക്കായി, തന്റെ ഏറ്റവും വലിയ സ്വത്ത് അവർ പകുത്തു നൽകി. അക്ഷരങ്ങൾ..! ലോകം കണ്ടതിൽവച്ച് ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായ വെർജിനിയ വൂൾഫ് ആ ഭ്രമാത്മക അവസ്ഥയിലും സ്നേഹം അക്ഷരരൂപത്തിൽ കുറിച്ചിട്ടു.
പരാതികളില്ല.
പോകുകയാണെന്ന് പറയുന്നില്ല.
പകരം സ്നേഹം മാത്രം അവരാ അക്ഷരങ്ങളിൽ ഓർത്തെടുത്തു.
1912-ൽ വിവാഹത്തിന് സമ്മതം അറിയിച്ചുകൊണ്ട് ഇതുപോലൊരു കത്താണ് വെർജിനിയ ലിയോനാർഡിന് അയച്ചത്. ബാല്യത്തിലെ മോശം അനുഭവം കാരണം ഭയത്തോടെയാണ് താൻ വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് എന്ന് വെളിപ്പെടുത്തുന്ന വെർജിനിയ, എന്നാൽ താൻ ലിയോനാർഡിനൊപ്പം സന്തുഷ്ടയാണെന്നും അറിയിക്കുന്നു. നിരന്തരമായ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ കുഞ്ഞുങ്ങൾ വേണ്ട എന്ന ഡോക്ടറുടെ നിർദ്ദേശത്തോട് ആ ദമ്പതികൾ യോജിച്ചു. ചില സമയങ്ങളിൽ മറ്റു പലരോടും അടുപ്പം തോന്നിയിരുന്നുവെങ്കിലും ആ ദമ്പതികൾ പരസ്പരം തുണയായി നിന്നു.
1969 ഓഗസ്റ്റ് 14ന് സ്ട്രോക്ക് വന്ന് മരിച്ച ശേഷം ലിയോനാർഡിന്റെ ചിതാഭസ്മവും അവരുടെ പ്രിയപ്പെട്ട മരങ്ങൾക്കരികിൽ വിതറി. തങ്ങളുടെ പ്രിയപ്പെട്ട മരങ്ങൾക്കു വളമായിത്തീർന്ന പ്രണയികളെ ഓർമിപ്പിക്കുന്ന ആ ഇടം ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഉന്മാദത്തിലും വിഷാദത്തിലും വിജയത്തിലും നിരാശയിലും തനിക്കൊപ്പം നിന്ന ലിയോനാർഡിനോളം മറ്റാരെയും വെർജിനിയ സ്നേഹിച്ചിട്ടില്ല. അത് അറിയാവുന്നതു കൊണ്ടായിരിക്കണം വെർജിനിയയുടെ മരണശേഷം ലിയോനാർഡ് തന്റെ ആത്മകഥയിൽ എഴുതിയത് –
പൂന്തോട്ടം കടന്ന് അവൾ വരില്ലെന്ന് എനിക്കറിയാം, എന്നിട്ടും ഞാൻ അവൾക്കായി ആ ദിശയിലേക്ക് നോക്കുന്നു. അവൾ മുങ്ങിമരിച്ചുവെന്ന് എനിക്കറിയാം, എന്നിട്ടും അവൾ വാതിൽക്കൽ വരുന്നതും കാത്ത് ഞാനിരിക്കുന്നു...