അറിയുമോ നിങ്ങൾ ടി. ജി. ജേക്കബിനെ?
പ്രിയ സുഹൃത്തേ, ടി. ജി ജേക്കബ് എന്ന കുറിയനാമത്തോളം ചെറുതായിരുന്നു ജേക്കബിന്റെ ആകാരം. നടക്കുമ്പോൾ ശിരസ്സിൽ നിന്നും മുടികൾ ഇരുവശത്തേക്കും കാറ്റിൽ ഉടൽ നീർത്തും. ചുണ്ടിൽ ചാർമിനാർ. തോൾസഞ്ചി. പണിവട്ടങ്ങൾ കഴിഞ്ഞുള്ള വരവെങ്കിൽ ആഘോഷത്തിന്റെ ഏതറ്റം വരേയ്ക്കും പോകാമെന്ന മട്ട്. ഇടയ്ക്ക് പ്രത്യക്ഷനായും
പ്രിയ സുഹൃത്തേ, ടി. ജി ജേക്കബ് എന്ന കുറിയനാമത്തോളം ചെറുതായിരുന്നു ജേക്കബിന്റെ ആകാരം. നടക്കുമ്പോൾ ശിരസ്സിൽ നിന്നും മുടികൾ ഇരുവശത്തേക്കും കാറ്റിൽ ഉടൽ നീർത്തും. ചുണ്ടിൽ ചാർമിനാർ. തോൾസഞ്ചി. പണിവട്ടങ്ങൾ കഴിഞ്ഞുള്ള വരവെങ്കിൽ ആഘോഷത്തിന്റെ ഏതറ്റം വരേയ്ക്കും പോകാമെന്ന മട്ട്. ഇടയ്ക്ക് പ്രത്യക്ഷനായും
പ്രിയ സുഹൃത്തേ, ടി. ജി ജേക്കബ് എന്ന കുറിയനാമത്തോളം ചെറുതായിരുന്നു ജേക്കബിന്റെ ആകാരം. നടക്കുമ്പോൾ ശിരസ്സിൽ നിന്നും മുടികൾ ഇരുവശത്തേക്കും കാറ്റിൽ ഉടൽ നീർത്തും. ചുണ്ടിൽ ചാർമിനാർ. തോൾസഞ്ചി. പണിവട്ടങ്ങൾ കഴിഞ്ഞുള്ള വരവെങ്കിൽ ആഘോഷത്തിന്റെ ഏതറ്റം വരേയ്ക്കും പോകാമെന്ന മട്ട്. ഇടയ്ക്ക് പ്രത്യക്ഷനായും
പ്രിയ സുഹൃത്തേ,
ടി. ജി ജേക്കബ് എന്ന കുറിയനാമത്തോളം ചെറുതായിരുന്നു ജേക്കബിന്റെ ആകാരം. നടക്കുമ്പോൾ ശിരസ്സിൽ നിന്നും മുടികൾ ഇരുവശത്തേക്കും കാറ്റിൽ ഉടൽ നീർത്തും. ചുണ്ടിൽ ചാർമിനാർ. തോൾസഞ്ചി. പണിവട്ടങ്ങൾ കഴിഞ്ഞുള്ള വരവെങ്കിൽ ആഘോഷത്തിന്റെ ഏതറ്റം വരേയ്ക്കും പോകാമെന്ന മട്ട്. ഇടയ്ക്ക് പ്രത്യക്ഷനായും അപ്രത്യക്ഷനായും ഇടകലരുന്ന ജേക്കബിനെ എവിടേയ്ക്കും വിടാതെ തളച്ചിരുന്നത് ചിത്രകാരനായിരുന്ന കോവളത്തെ സുനിലിന്റെ സ്റ്റുഡിയോയിലെ പോർട്രയിറ്റിനുള്ളിലായിരുന്നു. അവിടെയുണ്ടായിരുന്ന ഏറ്റവും മികച്ച പോർട്രയിറ്റുകൾ എ. അയ്യപ്പന്റെയും ടി. ജി ജേക്കബിന്റെയും ആയിരുന്നു. സുനിൽ രണ്ട് വർഷങ്ങൾക്ക് മുൻപ് മരിച്ചു. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ ജേക്കബും. ജേക്കബിന്റെ ഓർമയ്ക്കായി സുഹൃത്തുക്കൾ ഒരു പുസ്തകം തയ്യാറാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഈ പോർട്രയിറ്റ് അന്വേഷിച്ചു. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു! പിന്നെയുള്ളത് ഒന്നോ രണ്ടോ ഫോട്ടോഗ്രാഫുകൾ മാത്രം. അതിലൊന്ന് ബീഡി വലിക്കുന്ന ചിത്രമാണ്. അത് ഉപയോഗിക്കേണ്ട എന്ന് അദ്ദേഹത്തിന്റെ കൂട്ടുകാരി പ്രാഞ്ജലി പുസ്തകപ്രസാധകരോട് പറഞ്ഞു. മരണത്തിന്റെ തലേന്ന് വർഷങ്ങളായി സഹചാരിയായിരുന്ന പുകവലി ജേക്കബ് ഉപേക്ഷിച്ചിരുന്നു.
ജേക്കബിന്റെ ജീവിത ചരിത്രമിതാണ്: അടൂരിലെ ഒരു സിറിയൻ ക്രിസ്ത്യൻ കർഷക കുടുംബത്തിൽ 1951-ൽ ജനിച്ചു. കേരള സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ എം. എ. പാസ്സായി. തിരുവനന്തപുരത്തെ സി. ഡി. എസിലും കൽക്കത്തയിലെ ഐ.ഐ.എം ലും കുറച്ചു കാലം പഠിച്ചശേഷം ജെ.എൻ.യുവിൽ ഗവേഷകനായി ചേർന്നു. തഞ്ചാവൂർ മേഖലയിലെ കാർഷിക ബന്ധങ്ങളായിരുന്നു ഗവേഷണ വിഷയം. ഇതിനിടയിൽ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. 1978-ൽ അക്കാദമിക ഗവേഷണം അവസാനിപ്പിച്ചു. സി.ആർ.സി.സി.പി.ഐ (എം.എൽ)ന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ മാസലൈനിന്റേയും മാസ്‌ലൈൻ പബ്ലിക്കേഷന്റെയും എഡിറ്ററായി. 1989-ൽ സംഘടനാബന്ധങ്ങൾ ഉപേക്ഷിച്ചു. സ്വതന്ത്രമായ എഴുത്തിലും പഠനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ജേക്കബിനെ നമ്മൾ എങ്ങനെ ഓർക്കണം? അല്ലെങ്കിൽ എന്തിന് ഓർക്കണം? കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക സന്ദർഭത്തിൽ ഈ ചോദ്യം പ്രസ്കതമാണെന്ന് തോന്നുന്നു. 'അറിയപ്പെടുക' എന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ടല്ലോ. ആ അളവുകോലാൽ ചിലരെ അളക്കുക പ്രയാസമാണ്. ജനപ്രിയസിനിമ പോലെയോ ജനപ്രിയ ചലച്ചിത്രം പോലെയോ അവർ എല്ലാവർക്കും ദൃശ്യരാവില്ല. ചലച്ചിത്രങ്ങളുടേതായാലും പുസ്തകങ്ങളുടേതായാലും ചരിത്രത്തിൽ ഇവ്വിധമൊരു മാറി നിൽപ്പുണ്ട്. സമാന്തരമായൊരു സാംസ്ക്കാരിക മണ്ഡലമാണത്. രാഷ്ട്രീയമണ്ഡലത്തിൽ ഇത് എങ്ങനെ സാധ്യമാകും? നക്സൽ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അദൃശ്യതയുടേതായ വലിയൊരു കാലം ഉണ്ട്. അതൊരു സാമൂഹ്യനിർമിതിയല്ല. അവർ സ്വയം സ്വീകരിച്ച വിപ്ലവ ഒളിവാണ് ഈ അദൃശ്യത. മുൻപ് പറഞ്ഞ സാംസ്കാരിക മണ്ഡലത്തിലെ മാറിനിൽപ്പു പോലൊന്ന്. 'മാസ്സ് ലൈൻ' എന്ന് പേരിടുമ്പോഴും പൊതുധാരയിൽ നിന്നും ഏറെ അകലെയായിരുന്നു ഇവർ. പേരും പ്രവൃത്തിയും ഒന്നാവാത്ത ഐറണിയിൽ ആയിരിക്കും ഇതെല്ലാം ചിലപ്പോൾ ഓർക്കുക. ജേക്കബിന്റെ രീതി അന്വേഷണത്തിന്റേതായിരുന്നു. വിപ്ലവകരമായ അന്വേഷണം! ജീവിതാന്ത്യംവരേയും ഗവേഷകനായി അദ്ദേഹം. ജേക്കബ് ഓർമയായിട്ട് ഒരു വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തയ്യാറാക്കിയ ടി. ജി. ജേക്കബ് എന്ന പുസ്തകം (എഡിറ്റർ കെ. പി. സേതുനാഥ്, പ്രസാധനം: പുസ്തക പ്രസാധക സംഘം) എങ്ങനെ ഓർക്കണം? എന്തിന് ഓർക്കണം? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.
രണ്ട് ഭാഗങ്ങളായാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഒന്ന് ജേക്കബിനെക്കുറിച്ചുള്ള ഓർമകൾ (കെ. ടി. റാംമോഹൻ, കെ. മുരളി, കെ. എൻ. രാമചന്ദ്രൻ, സോമശേഖരൻ, പി. ടി തോമസ്, എൻ. പി. ചെക്കുട്ടി) രണ്ട് ജേക്കബിന്റെ തെരഞ്ഞെടുത്ത രചനകൾ. മരണാനന്തരം ഏത് മനുഷ്യനേയും മഹാനാക്കുവാൻ വിരുതുള്ള ജീവിച്ചിരിക്കുന്നവരുടെ കൗശലമൊന്നും ഇതിലില്ല. അതെന്തുകൊണ്ടെന്നാൽ ജേക്കബും ജേക്കബിന്റെ സുഹൃത് വലയവും അത്തരമൊരു ജീവിതമല്ല തുടർന്നതും എന്നുകൊണ്ടാണ്. വിമർശനബുദ്ധ്യാ തന്നെയാണ് അവർ ജേക്കബിനെ ഓർക്കുന്നത്. ഈ ഓർമപ്പുസ്തകത്തിലെ രണ്ട് ലേഖനങ്ങൾ മാത്രം ഇവിടെ പരാമർശിക്കാം. ഒന്ന് പി. ടി തോമസ് എഴുതിയ 'മതിയഴകന്റെ സുഹൃത്തായ ജേക്കബ്' മറ്റൊന്ന് ജേക്കബ് എഴുതിയ 'കൽക്കത്ത 71'.
1982-ൽ എം.എൽ. പാർട്ടിയുടെ രഹസ്യമായി നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ജേക്കബും മതിയഴകനും പങ്കെടുത്തിരുന്നു. ആ സമ്മേളനത്തിൽ വെച്ച് മതിയഴകൻ മരിച്ചു. സംഘാടകർ അത് രഹസ്യമായി വെച്ചു. സുഹൃത്തായ ജേക്കബിൽ നിന്നു പോലും അത് മറച്ചുവെച്ചു. സമ്മേളനത്തിന്റെ പ്രിസീഡിയത്തിൽ ആയിരുന്ന ജേക്കബിനെ അനങ്ങാൻ പോലും സമ്മതിക്കാതെയാണ് അവർ അത് ഭംഗിയായി നിർവ്വഹിച്ചതെന്ന് പി. ടി. എഴുതുന്നു. പാർട്ടി സ്റ്റാലിന്റെ ആജ്ഞയ്ക്ക് ജേക്കബ് വഴങ്ങി എന്ന് പി. ടി. എഴുതുമ്പോൾ അത് വെറുമൊരു വിമർശനമായി കാണരുത്. പി. ടി. തോമസ് എന്ന പേര് ഓർമയുണ്ടാവുമല്ലോ. അടിയന്തിരാവസ്ഥയിൽ ക്രൂരമർദ്ദനത്തിന് ഇരയായ,ഏജീസ് ഓഫീസിൽ നിന്നും പിരിച്ചുവിടപ്പെട്ട ആ പി.ടിയാണ് ഇതെഴുതുന്നത്. അദ്ദേഹമിത് എഴുതുമ്പോൾ എത്രമാത്രം സങ്കുചിതവും മനുഷ്യത്വരഹിതവുമാണ് ഈ പാർട്ടിയുടെ ചട്ടക്കൂടെന്ന് വ്യക്തമാവും. പാർട്ടി സമ്മേളന രേഖകളിൽ നിന്നും സുഹൃത്തുക്കളുടെ ഓർമകളിൽ നിന്നുപോലും തുടച്ചു നീക്കാൻ മതിയഴകൻ ചെയ്ത തെറ്റെന്തായിരുന്നുവെന്ന് പി. ടി. ചോദിക്കുന്നു. സ്വയം അദൃശ്യരാവാൻ മാത്രമല്ല മറ്റുള്ളവരെ അദൃശ്യരാക്കുവാനും ഈ പാർട്ടിയുടെ മിടുക്ക് വേറൊന്നുതന്നെയാണ്. പി. ടിയും സുഹൃത്തുക്കളും നടത്തിയ മതിയഴകനുവേണ്ടിയുള്ള ശ്രമത്തിൽ ജേക്കബും പങ്കാളിയായിരുന്നു. ആ പങ്കാളിത്തത്തിന്റെ പേരിലായിരിക്കും ജേക്കബിനെ ഓർക്കുക എന്നു പറഞ്ഞാണ് പി. ടി. തോമസ് ലേഖനം അവസാനിപ്പിക്കുന്നത്.
ഈ ലേഖനത്തോട് ചേർത്ത് വെച്ച് വായിക്കേണ്ടതാണ് ജേക്കബിന്റെ 'കൽക്കത്ത 71' എന്ന ലേഖനം. നഗരകേന്ദ്രീകൃതമായി രൂപപ്പെട്ട മാവോവാദി പ്രസ്ഥാനത്തിന്റെ ശൈഥില്യത്തിലേക്ക് നയിച്ച കാരണങ്ങൾ ഒന്നൊന്നായി ജേക്കബ് വിശദമാക്കുന്നു. അതിവൈകാരികതയും കെട്ടുറപ്പില്ലാത്ത പാർട്ടി സംവിധാനവും സൃഷ്ടിച്ച വിള്ളലുകളിലാണ് നിരവധി ജീവനുകൾ നഷ്ടമായത്. കോൺഗ്രസിന്റെ യുവജന വിഭാഗമായ 'ഛത്രപരിഷത്' ഫാസിസ്റ്റ് സംഘടനയായി രംഗത്തുവന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ വലിയൊരു പരമ്പര തന്നെയുണ്ടായി. അടിയന്തിരാവസ്ഥയോടെ നഗരകേന്ദ്രീകൃതമായിരുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങളെ പാടെ തുടച്ച് നീക്കി.
ജേക്കബ് നിരന്തരമായി ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. ആ ഫീൽഡ് വർക്കുകളിലൂടെയാണ് കോവളത്തെക്കുറിച്ചും മദ്യ കേരളത്തെക്കുറിച്ചുമൊക്കെയുള്ള പഠനങ്ങൾ ഉണ്ടായത്. ജേക്കബിന്റെ പഠനങ്ങൾ അക്കാദമിക ഗൃഹസദസ്സിൽ എത്രത്തോളം ചർച്ച ചെയ്യപ്പെടുന്നുണ്ട് എന്നറിയില്ല. ഈയൊരു പുസ്തകം ജേക്കബിന്റെ ബൗദ്ധിക ജീവിതത്തെ മനസിലാക്കുവാൻ ചിലർക്കെങ്കിലും സഹായകരമാവും. ഇന്ത്യൻ മാവോയിസ്റ്റുകളുടെ നിലപാടുകളെ ജേക്കബ് അവസാനകാലത്ത് നിശിതമായി വിമർശിച്ചിരുന്നു. പല പോസിലുള്ള ഫോട്ടോകളിലല്ല ചിലർ ജീവിക്കുന്നത്. അതുകൊണ്ടാണ് പ്രസിദ്ധീകരണത്തിനായി തെരഞ്ഞപ്പോൾ ജേക്കബിന്റെ ഒരു നല്ല ചിത്രം പോലും കിട്ടാതിരുന്നത്. ജേക്കബ് ഉയിർത്തെഴുന്നേൽക്കുക അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയുമാവും.
സ്നേഹപൂർവ്വം
UiR