വീണപൂവും സിംഹപ്രസവവും ഭാഷാപോഷിണിയിൽ
Mail This Article
കുമാരനാശാന്റെ ആദ്യകാല കൃതികളായ ‘വീണപൂവും’ ‘സിംഹപ്രസവവും’ അക്കാലയളവിൽ തന്നെ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു. ഇതിനെക്കുറിച്ചു കവിയുടെ കുറിപ്പ് ഇങ്ങനെ: വീണപൂവ് 1083 വൃശ്ചികത്തിൽ പാലക്കാട്ടു താമസിച്ചിരുന്നപ്പോൾ എഴുതിയതാണ്. മുർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിൽ തലശ്ശേരിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ‘മിതവാദി’യിലാണ് ആദ്യം പ്രകാശിതമായത്. പിന്നീട് സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അതിനെ പകർത്തി ഭാഷാപോഷിണിയിൽ പ്രസിദ്ധപ്പെടുത്തി.
സിംഹപ്രസവം എന്ന രണ്ടാമത്തെ കൃതി 1084 കർക്കടകത്തിൽ തിരുവനന്തപുരം മൃഗശാലയിൽ പ്രസവിച്ച സിംഹത്തെപ്പറ്റി കുറെ തിടുക്കത്തിൽ എഴുതി ഭാഷാപോഷിണി പ്രവർത്തകരുടെ അപേക്ഷപ്രകാരം അയച്ചുകൊടുക്കുകയും 1085 ചിങ്ങം, കന്നി മാസങ്ങളിലെ പ്രതിയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.
മോഷണം പോയ തങ്കവള
1922 ജനുവരി 13ന് കുമാരനാശാനു വെയിൽസ് രാജകുമാരൻ പട്ടും തങ്കവളയും നൽകി ആദരിച്ചു. കേരള സർവകലാശാലയ്ക്കു മുൻപ്, മലയാളത്തിന്റെ കൂടി സർവകലാശാലയായിരുന്ന മദ്രാസ് യൂണിവേഴ്സിറ്റിയുടേതായിരുന്നു ആ സമ്മാനം. കുമാരനാശാനു വെയിൽസ് രാജകുമാരൻ സമ്മാനിച്ച തങ്കവള 1988 മേയ് 19നു രാത്രി അപഹരിക്കപ്പെട്ടു. 100 ഗ്രാം തൂക്കമുണ്ടായിരുന്ന വള തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. സ്‌മാരകത്തിലെ വായനശാലയിലെ കണ്ണാടിപ്പെട്ടിയിൽ നിന്നാണു കവർന്നത്. മോഷ്ടാക്കൾ പിടിയിലായെങ്കിലും വള അതിനോടകം ഉരുക്കിയിരുന്നു.