കുഴിമാടങ്ങളിലെ സമയരാഗം
സമകാലിക ഫ്രഞ്ച് സാഹിത്യത്തിലെ ശ്രദ്ധേയരായ നോവലിസ്റ്റുകളിലൊരാണു മത്തിയാസ് ഇനാ. ഇംഗ്ലിഷിലേക്കുളള വിവർത്തനങ്ങൾക്കു നൽകുന്ന ഇന്റർനാഷനൽ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ 2017 ൽ ഇനായുടെ 'കോംപസ്' എന്ന നോവൽ ഇടം നേടിയിരുന്നു. പൗരസ്ത്യ ലോകത്തെ അദ്ഭുതവും അശാന്തിയും നിറഞ്ഞ യൂറോപ്യൻ യാത്രകളുടെയും
സമകാലിക ഫ്രഞ്ച് സാഹിത്യത്തിലെ ശ്രദ്ധേയരായ നോവലിസ്റ്റുകളിലൊരാണു മത്തിയാസ് ഇനാ. ഇംഗ്ലിഷിലേക്കുളള വിവർത്തനങ്ങൾക്കു നൽകുന്ന ഇന്റർനാഷനൽ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ 2017 ൽ ഇനായുടെ 'കോംപസ്' എന്ന നോവൽ ഇടം നേടിയിരുന്നു. പൗരസ്ത്യ ലോകത്തെ അദ്ഭുതവും അശാന്തിയും നിറഞ്ഞ യൂറോപ്യൻ യാത്രകളുടെയും
സമകാലിക ഫ്രഞ്ച് സാഹിത്യത്തിലെ ശ്രദ്ധേയരായ നോവലിസ്റ്റുകളിലൊരാണു മത്തിയാസ് ഇനാ. ഇംഗ്ലിഷിലേക്കുളള വിവർത്തനങ്ങൾക്കു നൽകുന്ന ഇന്റർനാഷനൽ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ 2017 ൽ ഇനായുടെ 'കോംപസ്' എന്ന നോവൽ ഇടം നേടിയിരുന്നു. പൗരസ്ത്യ ലോകത്തെ അദ്ഭുതവും അശാന്തിയും നിറഞ്ഞ യൂറോപ്യൻ യാത്രകളുടെയും
സമകാലിക ഫ്രഞ്ച് സാഹിത്യത്തിലെ ശ്രദ്ധേയരായ നോവലിസ്റ്റുകളിലൊരാണു മത്തിയാസ് ഇനാ. ഇംഗ്ലിഷിലേക്കുളള വിവർത്തനങ്ങൾക്കു നൽകുന്ന ഇന്റർനാഷനൽ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ 2017 ൽ ഇനായുടെ 'കോംപസ്' എന്ന നോവൽ ഇടം നേടിയിരുന്നു. പൗരസ്ത്യ ലോകത്തെ അദ്ഭുതവും അശാന്തിയും നിറഞ്ഞ യൂറോപ്യൻ യാത്രകളുടെയും ഭ്രമസ്വപ്നങ്ങളുടെയും കാലമാണു കോംപസിലുള്ളത്. യൂറോപ്യൻ സഞ്ചാരിയെ കിഴക്കിന്റെ സംഗീതത്തിലേക്കും, മക്കയുടെ ദിശയിലേക്കും നയിക്കുന്ന കോംപസാണത്.
ഒരൊറ്റ രാത്രിയുടെ മോണോലോഗ് ആയിട്ടാണ് കോംപസ് നിങ്ങൾ വായിക്കുന്നതെങ്കിലും മധ്യകാലം മുതൽ രണ്ടാം ലോകയുദ്ധ കാലം വരെയുള്ള യൂറോപ്പിന്റെ മധ്യപൂർവദേശത്തെ സഞ്ചാരങ്ങളുടെ സ്മരണകളാണു ആ നരേറ്റീവിനെ മനോഹരമാക്കുന്നത്. മത്തിയാസ് ഇനായുടെ ആദ്യനോവലായ സോൺ (2008) ഇതിനുശേഷമാണു വായിച്ചത്. അവിടെയാണു ഞാൻ ശരിക്കും കിടിലം കൊണ്ടുപോയത്.
ഡബിൾ ഏജന്റായ ഒരു ചാരപ്രവർത്തകൻ വിവിധ രാജ്യങ്ങളുടെ രഹസ്യങ്ങൾ അടങ്ങിയ ഒരു പെട്ടിയുമായി, അത് ഒരാൾക്കു കൈമാറാനായി കുടിച്ചുബോധമില്ലാതെ ബെൽഗ്രേഡിൽനിന്ന് റോമിലേക്കുള്ള തീവണ്ടിയിലിരുന്നു പോകുമ്പോൾ നടത്തുന്ന ആത്മഗതമാണ് ഈ നോവൽ; രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള മധ്യപൗരസ്ത്യദേശത്തും ബാൾക്കൻ നാടുകളിലും ജീവിതം ഛിന്നഭിന്നമാക്കിയ തീവ്ര ആഭ്യന്തരയുദ്ധങ്ങളിലൂടെയും സ്വേച്ഛാധികാര ഭീകരതകളുടെയും ഭയാനകമായ കാഴ്ചയാണത്. തുടർച്ചയായ ദീർഘനിശ്വാസങ്ങളായി ഒരൊറ്റ വാക്യമായി 500 പേജോളം നീളുന്ന ഈ നോവലാണ് ഇനായുടെ ഏറ്റവും മികച്ച രചന എന്നു ഞാൻ കരുതുന്നു.
ഇപ്പോൾ ഞാനിത് എഴുതാനുള്ള കാരണം ഇനായുടെ പുതിയ നോവലായ “ദി ആനുവൽ ബാങ്ക്വറ്റ് ഓഫ് ഗ്രേവ് ഡിഗ്ഗേഴ്സ് ഗിൽഡ്” ആണ്. ഇനായുടെ മറ്റു നോവലുകൾ എല്ലാം ഷാർലറ്റ് മാന്റൽ ആണു ഇംഗ്ലിഷിൽ എത്തിച്ചതെങ്കിൽ ഫ്രാങ്ക് വിൻ ആണ് ഈ നോവൽ പരിഭാഷ ചെയ്തത്.
ഇരുപത്തിയെട്ടു വയസ്സു പിന്നിട്ട ദാവീദ് മസോൻ എന്ന അന്ത്രപോളജി വിദ്യാർഥി, പടിഞ്ഞാറൻ ഫ്രാൻസിലെ ഒരു വിദൂരഗ്രാമത്തിൽ തന്റെ പിഎച്ച്ഡിയുടെ ഭാഗമായ ഫീൽഡ് സ്റ്റഡിക്കെത്തുന്നു. വിഖ്യാതരായ അന്ത്രപോളജിസ്റ്റുകളായ ലെവി സ്ട്രോസ്, മലിനോവസ്കി എന്നിവരുടെ പാത പിന്തുടരാൻ ആഗ്രഹിക്കുന്ന അയാൾ ലെവി സ്ട്രോസിന്റെ ഒരു പ്രയോഗം കടമെടുത്തു താൻ എത്തുന്ന ഗ്രാമത്തിലെ വാസസ്ഥലത്തെ സാവേജ് മൈൻഡ് എന്നാണു തന്റെ ജേണലിൽ പേരിട്ടു വിളിക്കുന്നത്.
നോവലിലെ ഒരു പ്രധാന സാന്നിധ്യം ഫ്രാങ്കോ റാബലേയുടെ പതിനാറാം നൂറ്റാണ്ടിലെഴുതിയ 5 വോള്യം വരുന്ന Gargantua and Pantagruel എന്ന പുസ്തകമാണ്. ഫ്രഞ്ച് ഗ്രാമദേശങ്ങളിൽ കുടിച്ചുമദോന്മത്തരായി തോന്ന്യവാസികളായി അലയുന്ന ഭീമന്മാരുടെ ഭ്രമാത്മകമായ കഥകളാണിവ. പാശ്ചാത്യസാഹിത്യത്തിലെ നിത്യസ്വാധീനമായ റാബലേയെപ്പറ്റി കുന്ദേര തന്റെ ലേഖനസമാഹാരത്തിൽ വിശദമായി എഴുതിയിട്ടുണ്ട്. മലിനോവസ്കിയുടെയും റാബലേയുടെയും പുസ്തകങ്ങളുമായി ഗ്രാമത്തിലെത്തുന്ന ദാവീദ് മസോൻ, തന്റെ ഡയറിയിൽ താൻ കണ്ട ഗ്രാമജീവിതവും, സ്വന്തം വിചാരങ്ങളുമാണ് എഴുതുന്നത്. ഈ യുവാവ് പരിഹാസ്യമാംവിധം സ്വാർത്ഥനും അൽപബുദ്ധിക്കാരനുമാണ്. ഇയാളുടെ വിരസമായ ഫസ്റ്റ് പേഴ്സൻ ഡയറി പൊടുന്നനെ ഉപേക്ഷിച്ച് ആഖ്യാനം പൊടുന്നനെ തേഡ് പേഴ്സനിൽ ആക്കാൻ നോവലിസ്റ്റ് തീരുമാനിക്കുന്നിടത്ത് വിചിത്രവും കലുഷിതവും സ്വപ്നതുല്യവുമായ മറ്റൊരു കഥാലോകം തുറക്കുന്നു.
അവിടെ ബുദ്ധചിന്തയിലെ പുനർജന്മസങ്കൽപത്തിലൂടെ ഗ്രാമത്തിലെ മനുഷ്യർ കടന്നുപോയ പലകാല ജീവിതം ആവിഷ്കരിക്കുന്നു. ഒപ്പം സെമിത്തേരിയിലെ കുഴിവെട്ടുകാരിലൂടെ റാബേലയുടെ ഐതിഹ്യമാലയിലെ കഥാപാത്രങ്ങളെയും കൊണ്ടുവരുന്നു. മരണവും പുനർജന്മ പരമ്പരകളും ചർച്ചയാകുന്ന കുഴിവെട്ടുകാരുടെ വിരുന്നിൽ വിളമ്പുന്ന ഉഗ്രൻ വിഭവങ്ങളുടെ നീണ്ട വിവരണങ്ങളും ഇതിനൊപ്പം നാം വായിക്കുന്നു.
പതിനെട്ടുവയസ്സുവരെ താൻ ജീവിച്ച ഫ്രാൻസിലെ ഡൂസെവ്റ് ഗ്രാമത്തിനുള്ള സമർപ്പണമാണ് ഈ നോവൽ എന്നു ഇനാ പറയുന്നുണ്ട്. പതിനെട്ടു വയസ്സിനുശേഷം പാരിസിലേക്കുപോയ ഇനാ അവിടെ സർവകലാശാലയിൽ അറബിക്കും പേർഷ്യനും പഠിച്ചു. 20 വർഷത്തിനുശേഷം സ്വന്തം നാടായ ഡൂസെവ്റിലേക്കു തിരിച്ചുപോയി. ജന്മദേശവുമായുള്ള തന്റെ ബന്ധം ഖനനം ചെയ്തെടുക്കുന്ന ഒരു രീതിയാണിതിലെന്നു നോവലിസ്റ്റ് പറയുന്നു.
നോവൽഘടനയെ നിർണ്ണയിക്കുന്ന ഫ്രഞ്ച് സാഹിത്യത്തിനും ചരിത്രത്തിനും ഒപ്പം കാലചക്രവും ബൗദ്ധ പുനർജന്മസങ്കൽപവും കൂടി കടന്നുവരാനുള്ള ഒരു കാരണം ബുദ്ധിസ്റ്റായ ഇനായുടെ ഭാര്യയുടെ സ്വാധീനമാകണം. ഒരു ബുദ്ധിസ്റ്റ് നരേറ്റർ ഒരു ഫ്രഞ്ച് ഗ്രാമത്തിലെ ജീവിതം കാണുന്നു എന്ന മട്ടിലാണ നാം ഇത് വായിക്കുന്നത്. ബുദ്ധവീക്ഷണം കൊണ്ടുവന്നതിലൂടെ വീക്ഷണത്തിലുള്ള വ്യതിയാനങ്ങൾ ആണു നോവൽ തേടിയതെന്ന് ഇനാ പറയുന്നു.
പുനർജന്മപരമ്പര അനന്തമാണ്; സമയചക്രത്തിൽ ജാതി അർത്ഥശൂന്യമായ മനുഷ്യവ്യയമാണെന്നു സ്ഥാപിക്കാനായി ജന്മപരമ്പര എന്താണെന്നു ചണ്ഡാലഭിഷുകിയിൽ കുമാരനാശാൻ വിവരിക്കുന്നത് ഇങ്ങനെയാണ്:
‘വൃക്ഷമായും ചെടിയായും പരം
പക്ഷിയായും മൃഗമായും
ലക്ഷം ജന്മങ്ങൾ കഴിഞ്ഞാൽ ജന്തു
പക്ഷേ, മനുഷ്യനായെന്നാം.
എന്നെത്തുടർന്നെഴും നീണ്ട ജന്മ
പ്പൊന്നോമൽച്ചങ്ങലതന്റെ
പിന്നിലെക്കണ്ണിയോരോന്നിൽ പൊങ്ങി
മിന്നിയെന്നെത്തന്നെ കാൺമൂ
ഓടും മുയൽക്കൂറ്റനായും മരം–
ചാടിയായും പാഞ്ഞിരകൾ
തേടും കരിമ്പുലിയായും വേട്ട
യാടും വേടനായും ഞാൻ.’
ഈ വിവരണത്തിൽ പറയുമ്പോലെ മരമായും നരിയായും നരനായുമുള്ള കാലചക്രത്തിലെ ലക്ഷം ജന്മങ്ങളെ ഫ്രഞ്ച് ഗ്രാമജീവിതങ്ങളിൽ പ്രയോഗിച്ചു വിവരിക്കാനാണ് ഇനാ ശ്രമിക്കുന്നത്. ഒരുതരം തമാശയായും ഇത് തോന്നാം.
ഒരു സത്രത്തിൽ ഉറങ്ങാൻ പോകുന്ന നെപ്പോളിയൻ ചക്രവർത്തിയുടെ ചോര കുടിക്കുന്ന ഒരു മൂട്ടയുടെ അവസാന വിചാരങ്ങൾ മുതൽ ലൈംഗികതയുടെ പീഢയിൽ വെന്തുരുകി മരിച്ചുപോകുന്ന ഒരു പള്ളിവികാരി മരണശേഷം കൂറ്റൻ കാട്ടുപന്നിയായി പുനർജനിച്ചു മദിച്ചുനടക്കുന്നതുവരെ നാം വായിക്കുന്നു. മറ്റൊരിടത്ത് തന്റെ പൂർവജന്മങ്ങളെ ഓർമിക്കാൻ അപൂർവശേഷിയുള്ള ആർനോ എന്ന ഒരു ഗ്രാമീണ യുവാവുണ്ട്.
ഒരു ഒ.വി. വിജയൻ കഥാപാത്രമാകാൻ എല്ലാ യോഗ്യതയുമുള്ള അയാൾ സ്വപ്നത്തിൽ ആത്മാവുകളുടെ അനന്തമായ ചിലന്തിവലയിൽ തന്നെ അറിയുന്നു. അസ്തിത്വങ്ങളുടെ നൂൽപ്പന്തിൽ ഒരു നൂലിഴ പിടിച്ച് വേണമെങ്കിൽ ഒരൊറ്റ ജീവിതത്തെ പിന്തുടരാനും അയാൾക്കാവും. മറുവശത്ത് ഒരു നിമിഷത്തിൽനിന്ന് മറ്റൊന്നിലേക്ക് എടുത്തുചാടാനും നക്ഷത്രരാശികളെ നിരീക്ഷിക്കാനും ശൂന്യതയുടെ പ്രവാഹം പോലെ കനത്ത അന്ധകാരം ഒഴുകുന്നത് കാണാനും കഴിയും.
ഉറക്കത്തിൽ ആർനോയ്ക്ക് പരിധിയില്ലാത്ത ജ്ഞാനം ലഭ്യമാകുന്നു – തനിക്കു ചുറ്റുമുള്ള എണ്ണമറ്റ ജീവജാലങ്ങളെ അയാൾ അറിയുന്നു; എണ്ണമറ്റ പുനർജന്മങ്ങൾ – ഒരു നായയുടെ, മുത്തച്ഛന്റെ, എട്ടുകാലികളുടെ, ഈച്ചകളുടെ, ഭീതിദമായ അദൃശ്യതലങ്ങളിലേക്ക് ആണ്ടു ചെന്ന് സൂക്ഷ്മാണുകളുടെയും ഏകകോശ ജലജീവികളുടെയുമടക്കം അജ്ഞതയുടെ മഹാവേദനയിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന അഗോചരമായ ജീവികളുടെ മഹാസഞ്ചയങ്ങൾ വരെ അറിയുന്നു. ആ യാതന അറിഞ്ഞ് ആർനോക്ക് ആ ജീവികളോടെല്ലാം അനുകമ്പ തോന്നി. എന്നാൽ ഈ ഉൾക്കാഴ്ചയും ഒരുതരം വേദനയായിരുന്നു. പലപ്പോഴും സ്വപ്നത്തിൽ ഉണർന്നെഴുന്നേൽക്കുമ്പോൾ അയാൾക്ക് ഭാരമേറിയ ദുഃഖത്തിന്റെ അനുഭവം കുടഞ്ഞുകളയേണ്ട സ്ഥിതിയായിരുന്നു എന്ന് മത്തിയാസ് ഇനാ എഴുതുന്നു.
ഇവിടെനിന്നാണു ശവക്കുഴിവെട്ടുകാരുടെ വാർഷിക വിരുന്നിലേക്ക് നാം ചെല്ലുന്നത്. ഗ്രാമത്തിൽ 3 ദിവസം നീളുന്ന ഈ വാർഷികവിരുന്നിൽ 99 കുഴിവെട്ടുകാരാണു പങ്കെടുക്കുന്നത്. ആ മൂന്നുദിവസവും അവർ വയറുനിറയെ തിന്നും കുടിച്ചും ആനന്ദിക്കും. ഈ സമയം മരണത്തിനും ഒഴിവാണ് – ആ ദിവസങ്ങളിൽ ആരും മരിക്കുകയില്ല. കുഴിവെട്ടുകാർ കുടിച്ചു മദോന്മത്തരായി പറയുന്ന കഥകളും ഇനാ എഴുതുന്നു. ഇതാകട്ടെ കുടിയന്മാരെ കഥാകാരന്മാരാക്കിയ റാബലേയുടെ മാതൃകയിലാണ്. സാമാന്യ പാശ്ചാത്യ വായനക്കാർക്ക് കാലചക്രവും പുനർജന്മപരമ്പരയും കൗതുകമുണർത്തിയേക്കാമെങ്കിലും അതു ഈ നോവലിനെ ദുർബലമാക്കിയെന്നാണ് എനിക്കു തോന്നുന്നത്.
പ്രാഗിൽ വച്ച് പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പെയിന്റിങ് പ്രദർശനം കണ്ടപ്പോഴാണ് കുഴിവെട്ടുകാരുടെ മദ്യപാനസംഗമം എന്ന ആശയം തനിക്കു കിട്ടിയതെന്ന് ഇനാ വിശദീകരിക്കുന്നുണ്ട് – മൂന്നുദിവസം മരണം മാറിനിൽക്കുകയും തീറ്റയും കുടിയും ആഘോഷിക്കുകയും ചെയ്യുന്ന കുഴിവെട്ടുകാരുടെ വിരുന്നിനെ മുൻനിർത്തിയായിരുന്നു ആ പെയിന്റിങ്ങുകൾ.
ഗ്രേവ് ഡിഗ്ഗേഴ്സ് ഗിൽഡ് എന്ന സമ്പ്രദായം കുരിശുയുദ്ധകാലത്താണ് ആരംഭിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈജിപ്ത് ചക്രവർത്തി സലാഡിൻ ജറുസലം പിടിച്ച യുദ്ധത്തിനുശേഷമാണു ക്രിസ്ത്യാനികളെയും ജൂതരെയും ആചാരപ്രകാരം സംസ്കരിക്കാനുള്ള സൗകര്യമൊരുക്കാൻ ഗ്രേവ്ഡിഗ്ഗേഴ്സ് ഗിൽഡിനു രൂപം കൊടുത്തത്. സലാഡിനും ഇംഗ്ലണ്ടിന്റെ രാജാവ് റിചഡ് ദ് ലയൻ ഹാർട്ടും ചേർന്നാണ് ഈ കരാർ ഉണ്ടാക്കിയത്. ആ പാരമ്പര്യമാണ് ഇനായുടെ ഗ്രാമത്തില്‍ ഇക്കാലത്തു നടക്കുന്ന ഒരു വാർഷികവിരുന്നായി നോവലിൽ അവതരിപ്പിക്കുന്നത്.
കുഴിവെട്ടുകാരുടെ ശീലങ്ങൾ വിവരിക്കുന്നിടത്ത് കൗതുകകരമായ ഒരു നിരീക്ഷണം ഉണ്ട്. മരിച്ചവരെ അടക്കം ചെയ്യാൻ ഒരുക്കിക്കൊണ്ടുവരുമ്പോൾ മൃതദേഹത്തോടൊപ്പമുള്ള വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കുഴിവെട്ടുകാർ എടുക്കും. എന്നാൽ മൃതദേഹത്തിന്റെ കയ്യിലെ വാച്ച് മാത്രം എടുക്കില്ല. ക്വാർട്സ് വാച്ചുകൾ ആണെങ്കിൽ കുഴിക്കുള്ളിൽനിന്ന് അവ ചിലപ്പോൾ മാസങ്ങളോളം മിടിച്ചുകൊണ്ടിരിക്കും, രാത്രികാല നിശ്ശബ്ദതയിൽ പല കുഴിമാടങ്ങളിൽ നിന്നുയരുന്ന ഈ മൃദുസ്വനം ഒരു സമയരാഗം പോലെ കുഴിവെട്ടുകാർ ശ്രവിക്കും. നോവലിലെ രസകരമായ വിവരണങ്ങളിലൊന്നാണിത്.