ADVERTISEMENT

അനുഭവിക്കുകയും പറയുകയും ചെയ്യുന്നതുപോലെ തന്നെ പ്രണയം വായിച്ചെടുക്കാനും സാധിക്കും. പറയാതെ പോയതോ പറഞ്ഞാലും തീരാത്തതോ പറയാൻ അറിയാത്തതോ ആയ പ്രണയം പുസ്തകങ്ങളായി വായിക്കുന്നവർ നിരവധിയാണ്. സ്നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന, മധുര നിമിഷങ്ങളെ ഓർമിപ്പിക്കുന്ന 20 പുസ്തകങ്ങളുടെ ഒരു പട്ടിക ഇതാ. ഉള്ളിലെ തീ പതിഞ്ഞ പ്രണയം വായിക്കുവാൻ, പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാൻ, ഈ വാലന്റൈൻസ് ഡേയിൽ ചില മറക്കാനാവാത്ത പ്രണയകഥകളെക്കുറിച്ചറിയാം. 

ബാല്യകാലസഖി

balyakalasakhi

മലയാളത്തിലെ മറക്കാനാവാത്ത പ്രണയകഥകളിലൊന്നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി'. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍, പ്രണയത്തെ ആത്മാവിൽ തുന്നിച്ചേർക്കുന്നു. ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും വളരുന്ന പ്രണയം വായിക്കുന്ന കൃതി, സുഹ്റ മരിച്ചിട്ടും നമ്മിൽ ബാക്കി നിൽക്കുന്നു. 'വക്കില്‍ ചോര പൊടിയുന്ന നോവല്‍' എന്നാണ് ബാല്യകാലസഖിയെ പ്രശസ്ത നിരൂപകനായ എം.പി.പോള്‍ വിശേഷിപ്പിച്ചത്. എല്ലാ പ്രണയികളും വായിച്ചിരിക്കേണ്ട ഒന്ന്. 

മഞ്ഞ്

manju-mt-book

എം.ടി. വാസുദേവന്‍ നായരുടെ പുസ്തകങ്ങളില്‍ പ്രണയസൗന്ദര്യംകൊണ്ട് ശ്രദ്ധേയമായ നോവല്‍. കാത്തിരിപ്പാണ് 'മഞ്ഞ്'. സഞ്ചാരിയായ സുധീര്‍ മിശ്രയ്ക്കുവേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ് പ്രണയമധുരവും വിരഹവേദനയും ഒരുപോലെ പകരുന്നു. "എനിക്കു നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല, ഓ പരിഭ്രമിക്കാനൊന്നുമില്ല, വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപിക്കാതെ, വെറുതെ എനിക്കു നിങ്ങളെ ഇഷ്ടമാണ്" എന്ന വരികൾ കേൾക്കാത്ത മലയാളികൾ വിരളം. നൈനിറ്റാൾ എന്ന മനോഹര പ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ള കഥ പ്രതീക്ഷകളുടെയും കാത്തിരിപ്പിന്റെയും ആഴങ്ങൾ കാട്ടിത്തരുന്നു.

കോളറക്കാലത്തെ പ്രണയം 

love-in-the-time-of-cholera-223-gif

ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ 'ലവ് ഇൻ ദ് ടൈം ഓഫ് കോളറ' അവസാനമില്ലാത്ത പ്രണയത്തിന്റെ കഥയാണ്. ഫ്ലോറന്റിനോ അരിസയും ഫെർമിന ഡാസയും കണ്ടുമുട്ടി മൂന്നു വർഷത്തിനു ശേഷം പിരിയുന്നു. പിതാവിന്റെ നിർബന്ധപ്രകാരം മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വരുന്ന ഫെർമിനയെ തേടി ഫ്ലോറന്റിനോ വരുന്നതാണ് കഥ. അയാൾ അവൾക്കായി കാത്തിരുന്നു; 51 വർഷം 9 മാസം 4 ദിവസം. സാഹിത്യത്തിൽ ഇതുപോലൊരു കാത്തിരിപ്പ് കണ്ടെത്താൻ ബുദ്ധിമുട്ടാകും. വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്ന രണ്ടു പ്രണയികളെ കുറിച്ചുള്ള ഈ പുസ്തകം മറക്കാനാവാത്ത വായനാനുഭവമാണ്. 

ഒരു സങ്കീര്‍ത്തനം പോലെ

oru-sankeerthanam-pole

ദസ്തയേവ്‌സ്‌കി എന്ന പേരിനെ മലയാളിയുടെ മനസ്സിൽ പ്രണയത്തോടെ ചേർത്തു കെട്ടിയ നോവലാണ് പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ'. എഴുത്തുകാരനായ ദസ്തയേവ്‌സ്‌കിയുടെ നോവൽ കേട്ടെഴുതാനാണ് അന്ന എത്തുന്നത്. മൂന്നാഴ്ചക്കാലത്തെ സംഘർഷഭരിതമായ ജീവിതത്തിനിടയിൽ, പുറമേ പരുക്കനായ ആ മനുഷ്യന്റെ ഹൃദയം നിഷ്കളങ്കതയും സ്നേഹാർദ്രതയും നിറഞ്ഞതാണെന്ന് അവള്‍ തിരിച്ചറിയുന്നു. തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയെ പ്രണയിക്കുമ്പോള്‍, ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ആളായ ദസ്തയേവ്‌സ്‌കി സമൂഹത്തിനു മുമ്പിൽ സ്നേഹത്തെ തിരഞ്ഞെടുക്കുന്നു.

ലോല

lola

നിരൂപകന്‍ കെ.പി. അപ്പന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി തിരഞ്ഞെടുത്ത കഥയാണ് പത്മരാജന്റെ 'ലോല'. "വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല. ഞാന്‍ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക" എന്ന വരികളിലുള്ളത് പിരിയാൻ നേരം തുളുമ്പി നിൽക്കുന്ന സ്നേഹമാണ്. കണ്ടുമുട്ടാതിരിക്കൽ മരണത്തിനു തുല്യമാണ്. മലയാളത്തിലെ എക്കാലത്തെയും അനശ്വരമായ പ്രണയകഥയായി മാറുവാൻ ലോലയ്ക്ക് നീണ്ട പേജുകളുടെ ആവശ്യം വന്നില്ല. ലോല, പുലയനാര്‍ക്കോട്ട, ഒരു ദുഃഖിതന്റെ ദിനങ്ങള്‍, പാതയിലെ കാറ്റ്, ഭദ്ര, നക്ഷത്രദുഖം തുടങ്ങിയ പതിനെട്ട് കഥകള്‍ അടങ്ങിയ 'ലോല' എന്ന കഥാസമാഹാരം പ്രണയത്തിനും പ്രണയികൾക്കുമുള്ള പി. പത്മരാജന്റെ സമ്മാനമാണ്. രതിയുടെയും തീവ്രപ്രണയത്തിന്റെയും വിരഹത്തിന്റെയും ആര്‍ദ്രമായൊരു ആഖ്യാനമാണ് ഈ കൃതി.

ദ് മ്യൂസിയം ഓഫ് ഇന്നസൻസ്

museum-of-innocence

തുർക്കി എഴുത്തുകാരനായ ഒർഹാൻ പാമുക്കിന്റെ 2008 ൽ പ്രസിദ്ധീകരിച്ച നോവലാണ് 'ദ് മ്യൂസിയം ഓഫ് ഇന്നസൻസ്'. 1975-നും 1984-നും ഇടയിൽ ഇസ്തംബുളിൽ നടന്ന ഒരു പ്രണയ കഥയാണിത്. ധനികനായ വ്യവസായി കെമാൽ, ഒരു അകന്ന ബന്ധുവും അവനെക്കാൾ ദരിദ്രയുമായ ഫ്യൂസൻ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. അവളുടെ അഭാവത്തിൽ, അവളെയും അവരുടെ സ്നേഹത്തെയും കുറിച്ചുള്ള ഓർമകൾ ഉണർത്തുന്ന സാധനങ്ങളോടും സ്ഥലങ്ങളോടും അയാൾ അടുത്തു നിൽക്കുന്നു. ആ വസ്തുക്കൾ നിറഞ്ഞ ഫ്യൂസന്റെ വീടാണ് മ്യൂസിയം ഓഫ് ഇന്നസൻസ്. ഇസ്തംബുളില്‍ മ്യൂസിയം ഓഫ് ഇന്നസൻസ് (മസൂമിയെറ്റ് മ്യൂസെസി) എന്ന പേരിൽ പാമുക്ക് യഥാർഥത്തിൽ ഒരു മ്യൂസിയം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

പ്രേമലേഖനം

premalekhanam

''ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു?'' മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ പ്രേമലേഖനത്തിലെ വരികളാണിവ. വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' ഒരു പുസ്തകമല്ല, മലയാളിയുടെ വിശിഷ്ട പ്രണയലിഖിതമാണ്. താൻ കഠിനമായി പ്രണയിക്കുന്ന സാറാമ്മ കേശവൻ നായരോട് ഒരു ജോലിക്കായി അപേക്ഷിക്കുമ്പോൾ അയാൾക്ക് അതെന്തായിരിക്കണമെന്ന് സംശയമേയില്ല. 'സാറാമ്മയെ ഞാൻ സ്‌നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്‌നേഹിക്കണം' എന്നതായിരുന്നു അയാൾ നിർദ്ദേശിച്ച ജോലി. സാമൂഹിക–സമുദായ ചിന്തകൾക്കപ്പുറമുള്ള നിഷ്കളങ്കമായ പ്രണയകഥയായതുകൊണ്ടാണ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും പ്രേമലേഖനം പ്രസക്തമാകുന്നത്. 

ഒരിക്കൽ

orikal

ജീവിതത്തിലേറ്റവുമധികം സ്വാധീനം ചെലുത്തിയ സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ പുസ്തകമാണ് ‘ഒരിക്കൽ’. അപ്രതീക്ഷിതമായി പ്രണയം അവസാനിപ്പിക്കേണ്ടി വന്നതിനുശേഷം, മോഹനനെ കാണാൻ അയാളുടെ ഓഫിസിലേക്ക് ആ പെൺകുട്ടിയെത്തുന്നു. പരസ്പരമൊരുപാട് സ്നേഹിക്കുകയും പിന്നീട് അപരിചിതരായി മാറുകയും ചെയ്തവർ ആ കണ്ടുമുട്ടലിനു ശേഷം വീണ്ടും അപരിചിതരായി മാറുന്നു. നീറ്റലുണർത്തുന്ന ഓര്‍മയായി, പെട്ടെന്നൊരു ദിവസം യാത്ര പറയുക പോലും ചെയ്യാതെ കടന്നുപോയ സ്ത്രീയെക്കുറിച്ച് വികാരനിർഭരമായ രചനയിൽ മോഹനൻ പറയുന്നു, 'എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹംകൊണ്ടു പരിചരിച്ച പണ്ടത്തെ പെൺകുട്ടീ! നിനക്ക് എന്നും നല്ലതുവരട്ടെ.' സ്വന്തമാക്കൽ മാത്രമല്ല വിട്ടു കൊടുക്കലും പ്രണയമാണെന്ന് ഓർമപ്പെടുത്തുന്നു ഈ പുസ്തകം.

ദ് ഫോർട്ടി റൂൾസ് ഓഫ് ലവ്

forty-rules-of-love

സൂഫി കവി റൂമിയുടെയും ഷംസിനിന്റെയും ജീവിതത്തെയും പ്രണയത്തെയും കുറിച്ച് എലിഫ് ഷഫാക്ക് എഴുതിയ നോവലാണ് 'ഫോർട്ടി റൂൾസ് ഓഫ് ലൗ'. എല്ല റൂബിൻസ്റ്റൈൻ എന്ന മധ്യവയസ്ക പ്രണയത്തിന്റെ നാൽപതു നിയമങ്ങളെ കുറിച്ചുള്ള ഒരു കയ്യെഴുത്തുപ്രതി വായിക്കുവാനിടയാകുന്നു. ഈ കയ്യെഴുത്തുപ്രതിയും അതിന്റെ രചയിതാവുമായുള്ള ഇടപെടലും അവളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. ഒരേസമയം രണ്ടു കാലഘട്ടത്തിൽ നടന്ന രണ്ടു പ്രണയകഥകൾ പറയുന്ന നോവൽ സ്നേഹത്തെക്കുറിച്ചുള്ള, സൂക്ഷിക്കപ്പെടേണ്ട ഒരു സാഹിത്യരേഖയാണ്.

നഷ്ടപ്പെട്ട നീലാംബരി

nashttapetta-neelambari

നിത്യപ്രണയത്തിന്റെ സ്ത്രീമുഖമാണ് 'നഷ്ടപ്പെട്ട നീലാംബരി'. കൗമാരത്തിൽ തനിക്കു നഷ്ടപ്പെട്ട പ്രണയം തേടി മധുരയിലെത്തിയ ഡോക്ടർ സുഭദ്രയുടെ കഥയിൽ മാധവിക്കുട്ടി, ബാല്യം മുതൽ വാർധക്യം വരെയുള്ള സ്ത്രീയുടെ വിവിധ ഭാവങ്ങൾ ഭംഗിയായി ഒപ്പിയെടുക്കുന്നു. സ്ത്രീ വീക്ഷണത്തിൽ എഴുതപ്പെട്ട പതിമൂന്ന് കഥകളുടെ സമാഹാരത്തിൽ ഗ്രാമീണതയും നാഗരികതയും പഴമയും പുതുമയും മാറിമാറി വരുന്നു. സ്ത്രീസ്വത്വത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളെ ആവിഷ്‌കരിക്കുന്ന കഥകളിൽ നിറം മങ്ങാത്ത പ്രണയം തങ്ങി നിൽക്കുന്നു. പൂമണം മാറാതെ നിൽക്കുന്ന തെരുവുകളെയും ഗുരുനാഥൻ ആലപിച്ച നീലാംബരിയെയും സ്വപ്നമായി കൊണ്ടു നടക്കുന്ന സുഭദ്രയെപ്പോലെ പലരെയും ഈ കഥകളിൽ കാണാം.

മതിലുകൾ

mathilukal

നഷ്ടപ്രണയത്തിന്റെ വേദനയാണു വൈക്കം മുഹമ്മദ് ബഷീർ രചിച്ച 'മതിലുകൾ' പകർന്നുതരുന്നത്. ബ്രിട്ടിഷുകാര്‍ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീർ ഒരു മതിലിനപ്പുറത്തുള്ള സ്ത്രീജയിലിലെ നാരായണി എന്ന സ്ത്രീയുമായി പ്രണയത്തിലാവുന്നു. എന്നാൽ അതൊരിക്കലും സഫലമാകുന്നില്ല. പരസ്പരം കാണാതെതന്നെ മതിലിനിരുപുറവും നിന്ന് അവർ പ്രണയത്തിലാകുന്നു, സമ്മാനങ്ങള്‍ കൈമാറുന്നു. ജയിലിനോടനുബന്ധിച്ചുള്ള ആശുപത്രിയില്‍ വച്ച് കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ കഴിയവേ ബഷീറിന് അതിനുമുന്‍പു തന്നെ ജയില്‍മോചിതനാകേണ്ടി വരുന്നു. ഒരിക്കലും കാണാതെ അവർക്ക് പിരിയേണ്ടി വരുന്നു. മലയാളനോവല്‍ അതുവരെ പരിചയിക്കാത്ത പ്രണയത്തിന്റെ വഴികളാണ് 'മതിലുകള്‍' നൽകുന്നത്. 

ദ് ഫോൾട്ട് ഇൻ അവർ സ്റ്റാർസ്

fault-in-our-stars

ജോൺ ഗ്രീനിന്റെ 2012ൽ പ്രസിദ്ധീകരിച്ച നോവലാണ് 'ദ് ഫോൾട്ട് ഇൻ അവർ സ്റ്റാർസ്'. ശാരീരികതയ്‌ക്കപ്പുറമുള്ള പരസ്പര സ്‌നേഹത്തെക്കുറിച്ച് പറയുന്ന നോവലിൽ കാൻസർ ബാധിതയായ ഹേസൽ ഗ്രേസ് ലങ്കാസ്റ്റർ എന്ന 16 വയസ്സുകാരിയാണ് നായിക. ആരും മനസ്സിലാക്കാതിരുന്ന അവളുടെ ചിന്തകളെ ചേർത്തു പിടിക്കുന്നത് കാൻസർ സപ്പോർട്ട് ഗ്രൂപ്പിൽ കണ്ടുമുട്ടുന്ന അഗസ്റ്റസ് വാട്ടേഴ്സാണ്. വ്യത്യസ്ത തരത്തിലുള്ള ഇവരുടെ പ്രണയം, മായാതെ മനസ്സിൽ തുടരുന്നതാണ്. മരണം പോലും സ്നേഹത്തിനു മുമ്പിൽ പ്രതിബന്ധമാകുന്നില്ലെന്നു പറയുന്ന മനോഹര സൃഷ്ടി. 

സ്മാരകശിലകള്‍

samarakashilakal

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകള്‍' പ്രണയത്തിന്റെ നിഷ്കളങ്കരൂപമാണ്. അറക്കൽ തറവാട്ടിലെ പൂക്കോയ തങ്ങൾക്ക് പത്തു വർഷത്തിനു ശേഷം ഉണ്ടാകുന്ന മകളാണ് പൂക്കുഞ്ഞിബി. പൂക്കോയ തങ്ങളുടെ സംരക്ഷണത്തിൽ വളരുന്ന അനാഥനായ കുഞ്ഞാലിയും പൂക്കുഞ്ഞിബിയും തമ്മിലുള്ളത് കടലോളം സ്നേഹമാണ്, അടങ്ങാത്ത സൗഹൃദമാണ്. ഓരോ നോട്ടവും പ്രണയം വിളിച്ചോതുമ്പോൾ നമ്മുടെ മനസ്സിനെ സ്പർശിക്കാതെ പോകില്ല ഈ നോവല്‍.

പ്രേമനഗരം

premanagaram

'പ്രേമനഗരം' നിറയെ പ്രേമമാണ്. നാൽപതു വയസ്സുവരുന്ന, പതിനെട്ടു തികയാറായ മകളുള്ള, വിവാഹിതയായ ഒരു സ്ത്രീയാണ് നീലു. അവിവാഹിതനും മുപ്പതു വയസ്സിനടുത്തു പ്രായവുമുള്ള മാധവുമായി അവൾക്കുണ്ടാകുന്നത് പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന ഒരു ബന്ധമാണ്. നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്ന സ്ത്രീയും പുരുഷനും പ്രണയത്തെ അതിന്റ പൂർണതയിൽ അനുഭവിക്കുന്നു. സമൂഹം അംഗീകരിക്കാൻ മടികാണിക്കുന്ന ഈ ബന്ധത്തിന്റെ ആഴവും പരപ്പും അനശ്വരമാണ്. പാതിയെ കണ്ടെത്തിയ മറുപാതിയുടെ ആനന്ദമാണ് ബിനീഷ് പുതുപ്പണത്തിന്റെ ഈ നോവൽ. 

വുതറിങ് ഹൈറ്റ്സ്

WUTHERING-HEIGHTS

1847-ൽ എല്ലിസ് ബെൽ എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിച്ച എമിലി ബ്രോന്റെയുടെ നോവലാണ് 'വുതറിങ് ഹൈറ്റ്സ്'. ‌ഇംഗ്ലിഷ് സാഹിത്യത്തിലെ ഏറ്റവും മികച്ച പ്രണയകഥകളിലൊന്നായി അറിയപ്പെടുന്ന നോവലിൽ ഹീത്ത്ക്ലിഫും കാതറിനും തമ്മിലുള്ള പ്രണയമാണ് നിറഞ്ഞു നിൽക്കുന്നത്. തീർത്തും ഒറ്റപ്പെട്ട് ജീവിക്കുന്ന ഹീത്ത്ക്ലിഫിനോട് സ്നേഹവും കരുതലും കാണിച്ച ഒരേയൊരു വ്യക്തി കാതറിനായിരുന്നു. ബാല്യം മുതലുള്ള അവരുടെ ആഴത്തിലുള്ള വൈകാരിക ബന്ധവും വേർപിരിയലുമാണ് കഥ. അവരെ വേർപെടുത്തിയ ആളുകളോട് പ്രതികാരം ചെയ്യാൻ മടങ്ങിവരുന്ന ഹീത്ത്ക്ലിഫ് ഓരോ നിമിഷവും തന്റെ ജീവശക്തിയായിരുന്ന കാതറിന്റെ സ്നേഹത്തെ ഓർക്കുന്നു.

റാം കെയര്‍ ഓഫ് ആനന്ദി

ram-co-anandi

ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നു സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ കാത്തിരിക്കുന്നത് പ്രണയമാണ്. നിസ്വാർ‌ഥമായ പ്രണയവും കലര്‍പ്പില്ലാത്ത സൗഹൃദവും അയാളുടെ യാത്രയെ സിനിമയെക്കാൾ മികവുറ്റതാക്കുന്നു. അപൂർവവും അപൂർണവും വിശുദ്ധമായ പ്രണയത്തിന്റെ നിരവധി മുഖങ്ങൾ അഖിൽ പി. ധർമജൻ എഴുതിയ 'റാം കെയര്‍ ഓഫ് ആനന്ദി' എന്ന പുസ്തകത്തിൽ കാണാം. "നമ്മുടെ ജീവിതത്തിൽ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളിൽ മിനിമം ഒരാളെങ്കിലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട്. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് അത് അവർ വെളിപ്പെടുത്തുന്നില്ല, അതേപോലെതന്നെ നമ്മളും ആരെയൊക്കെയോ രഹസ്യമായി പ്രണയിക്കുന്നുണ്ട് നമ്മളും അത് അവരോട് വെളിപ്പെടുത്തുന്നില്ല എന്നുമാത്രം". 

ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി

i-too-had-lovestory

രവീന്ദർ സിങ് എഴുതിയ ആത്മകഥാപരമായ നോവലാണ് 'ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി'. 2008ൽ പ്രസിദ്ധീകരിച്ച നോവൽ ഒരു മാട്രിമോണിയൽ സൈറ്റിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്ന രവിന്റെയും ഖുഷിയുടെയും കഥയാണ്. ആദ്യ കാഴ്ചയിൽത്തന്നെ പ്രണയം ഉണ്ടാകുന്ന കഥയല്ല ഇത്, മനസ്സിലാക്കലിലൂടെ ഹൃദയത്തിൽ പ്രവേശിക്കുന്ന മനുഷ്യരെക്കുറിച്ചാണ്. സ്നേഹിച്ചിട്ടും ഒന്നിച്ചു ജീവിക്കുവാൻ സാധിക്കാതെ പോയ, ആ അപൂർണ്ണതയിലും ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളെക്കുറിച്ചാണ് ഈ പുസ്തകം.

നിനക്കുള്ള കത്തുകള്‍

ninakkulla-kathukal

ആത്മഹത്യ ചെയ്ത ഭര്‍ത്താവ് സന്തോഷ് ജോഗിക്ക് ഭാര്യ ജിജി ജോഗി കത്തുകളെഴുതിത്തുടങ്ങിയത് യാദൃച്ഛികമായിട്ടാണ്. 'പ്രിയപ്പെട്ട പപ്പൂ' എന്ന് തുടങ്ങുന്ന കത്തുകള്‍ ദൈനംദിന കാര്യങ്ങളും ഓര്‍മകളും കൂട്ടിച്ചേര്‍ത്ത പ്രണയസാഗരമാണ്. നിന്നെ പിടിച്ചുനിർത്താൻ എന്റെ പ്രണയം പോരായിരുന്നു എന്ന് തിരിച്ചറിയുന്ന പ്രണയിനി പരിഭവപ്പെടുന്നില്ല. സംഘർഷങ്ങൾ താങ്ങാനാകാതെ വിടപറഞ്ഞ കൂട്ടുകാരനോട് ജിജി വിശേഷങ്ങൾ പറയുന്നു. മുപ്പത്തിയാറ് കത്തുകളിലും ജീവിച്ച് കൊതി തീരാഞ്ഞ നിമിഷങ്ങളുടെ, പ്രണയമുഹൂർത്തങ്ങളുടെ മൊഴിമുഴക്കം കേൾക്കാം. 

തൊട്ടു തൊട്ടു നടക്കുമ്പോൾ 

thottu-thottu-nadakumpol

'ഭൂമിക്കടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു, ഇലകൾ തമ്മിൽ തൊടുമെന്നു പേടിച്ച് നാം അകറ്റിനട്ട മരങ്ങൾ.' വീരാൻകുട്ടി ഇങ്ങനെയാണ്. കുറച്ചു വാക്കുകളിലൂടെ കൂടുതൽ പ്രണയം ചുരന്നു നല്‍കും. കുഞ്ഞുകവിതകൾ നിറഞ്ഞ കുഞ്ഞു പുസ്തകം 'തൊട്ടു തൊട്ടു നടക്കുമ്പോൾ' വായനക്കാരുടെ മനസ്സു കവർന്നതും അതുകൊണ്ടാണ്. 'പിരിയുമ്പോൾ ഒന്നും സംഭവിക്കുന്നില്ല, പരസ്പരം രണ്ടു ചെറിയ മരണമല്ലാതെ' എന്നെഴുതിയ കവി പ്രണയത്തെ, വിരഹത്തെ, കാത്തിരിപ്പിനെ ചുരുങ്ങിയ വാക്കുകളിൽ കോർത്തിടുന്നു. 'കുറിപ്പുകൾ' എന്ന് തലക്കെട്ട് നൽകിയ പുസ്തകത്തിന്റെ ശൂന്യമായ അവസാന നാല് താളുകള്‍, വായനക്കാരന് സ്വന്തം പ്രണയത്തെ പകരുവാൻ കവി ബാക്കിയായി നൽകുന്നു. 

ഇൻ ലവ്

in-love

അമേരിക്കൻ എഴുത്തുകാരി ആമി ബ്ലൂമിന്റെ ഓർമക്കുറിപ്പാണ് 'ഇൻ ലവ്: എ മെമോയർ ഓഫ് ലവ് ആൻഡ് ലോസ്'. 2022ൽ പുറത്തിറങ്ങിയ പുസ്തകം അസാധാരണമായ ഒരു സ്നേഹബന്ധത്തിന്റെ കഥയാണ് പറയുന്നത്. അൽഷിമേഴ്‌സ് രോഗം കണ്ടെത്തി, മറവിയുടെ ലോകത്തേക്ക് ആഴ്ന്നു പോകവേ ആമിയുടെ ഭർത്താവായ ബ്രയാൻ, തന്റെ അവസാന ആഗ്രഹം പറയുന്നു. 'പൂർണ്ണമായ വിസ്മ‍ൃതിയിൽ പെട്ട് ബുദ്ധിമുട്ടി ജീവിക്കാൻ വയ്യ, ദയാവധം നൽകി ഈ ജീവിതത്തിൽ നിന്ന് മോചിപ്പിക്കണം.' തുടക്കത്തിൽ ഇതിനെ എതിർത്തിരുന്ന ആമി, ക്രമേണ ബ്രയാൻ കടന്നു പോകുന്ന വേദനയെക്കുറിച്ച് ബോധവതിയാകുന്നു. ജീവിതം അവസാനിപ്പിക്കാനുള്ള ഭർത്താവിന്റെ തീരുമാനത്തിനൊപ്പമുള്ള ആമിയുടെ യാത്രയാണ് പുസ്തകം. അവർ എങ്ങനെ കണ്ടുമുട്ടി, അവരുടെ വിവാഹം, രോഗനിർണയം, ദയാവധം വരെയുള്ള വിവരണത്തിൽ ഒരു ആയുസ്സ് മുഴുവനും നീണ്ട നിൽക്കുന്ന പ്രണയത്തിന്റെ വേരോട്ടം കാണാം.

English Summary:

"From Timeless Classics to Modern Romance: 20 Unforgettable Love Stories to Gift and Read on Valentine's Day"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com