മ്യൂസിയമായി മാറിയ ലോകത്തെ ആദ്യ നോവൽ; കാമുകിയുടെ വസ്തുക്കൾ ശേഖരിച്ചത് രഹസ്യമായി
2006ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഓർഹാൻ പാമുക്കിന്റെ 'ദ് മ്യൂസിയം ഓഫ് ഇന്നസൻസ്' എന്ന നോവലിന്റെ ദൃശ്യവായനയാണ് ഈ കെട്ടിടം. ഒരു നോവൽ, മ്യൂസിയമായി മാറിയ ലോകത്തിലെ തന്നെ ആദ്യ സംഭവം.
2006ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഓർഹാൻ പാമുക്കിന്റെ 'ദ് മ്യൂസിയം ഓഫ് ഇന്നസൻസ്' എന്ന നോവലിന്റെ ദൃശ്യവായനയാണ് ഈ കെട്ടിടം. ഒരു നോവൽ, മ്യൂസിയമായി മാറിയ ലോകത്തിലെ തന്നെ ആദ്യ സംഭവം.
2006ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഓർഹാൻ പാമുക്കിന്റെ 'ദ് മ്യൂസിയം ഓഫ് ഇന്നസൻസ്' എന്ന നോവലിന്റെ ദൃശ്യവായനയാണ് ഈ കെട്ടിടം. ഒരു നോവൽ, മ്യൂസിയമായി മാറിയ ലോകത്തിലെ തന്നെ ആദ്യ സംഭവം.
മഹത്തായ ചരിത്ര നിർമിതികൾ കൊണ്ടു വിസ്മയിപ്പിക്കുന്ന തുർക്കിയിലെ ഇസ്തംബുളിൽ വ്യത്യസ്തത കൊണ്ട് ആകർഷിക്കുന്ന ഒരു കൊച്ചു കെട്ടിടമുണ്ട്. നഗരത്തിരക്കിൽ നിന്നു മാറി അത്രയൊന്നും ശ്രദ്ധയിൽ പെടാതെ നിൽക്കുന്ന ചുവന്ന കെട്ടിടം. 300 ടർക്കിഷ് ലിറ (800 രൂപ)യുടെ ടിക്കറ്റ് എടുത്ത് അകത്തു കയറിയാൽ കാണുന്നതു പഴയ ചില ഫർണിച്ചറുകളും പത്രക്കടലാസുകളും സിനിമാ ടിക്കറ്റുകളും പാത്രങ്ങളും ഉടുപ്പുകളും കുറയധികം സിഗരറ്റ് കുറ്റികളും മറ്റുമാണ്. എന്നിട്ടും ഇക്കാഴ്ച കാണാൻ ലോകമെങ്ങും ആ അദ്ഭുതത്തിൽ പ്രണയ സ്പർശമുണ്ട്. നോവ് തൊട്ടറിയുന്ന അനുഭവമുണ്ട്. കെമാലിന്റെയും ഫ്യൂസുണിന്റെയും പ്രണയ അടയാളങ്ങൾക്കു സാക്ഷ്യം വഹിക്കുന്ന വായിച്ചറിഞ്ഞ ചങ്കിടിപ്പുണ്ട്. 2006ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഓർഹാൻ പാമുക്കിന്റെ 'ദ് മ്യൂസിയം ഓഫ് ഇന്നസൻസ്' എന്ന നോവലിന്റെ ദൃശ്യവായനയാണ് ഈ കെട്ടിടം. ഒരു നോവൽ, മ്യൂസിയമായി മാറിയ ലോകത്തിലെ തന്നെ ആദ്യ സംഭവം.
അദ്ഭുത പ്രണയത്തിന്റെ തിരുശേഷിപ്പുകൾ
യുഎസിൽ താമസിച്ചു സാഹിത്യരചന നടത്തുന്നതു കൊണ്ടാവാം, പാമുക്കിന്റെ പേരു പറഞ്ഞപ്പോൾ ഇസ്തംബുളിലെ ടാക്സിക്കാർക്ക് അറിയില്ല. അവിടെയുള്ള അനേകം മ്യൂസിയങ്ങൾ അറിയുമെങ്കിലും ഇത്തരമൊരു മ്യൂസിയത്തെക്കുറിച്ചു കേട്ടിട്ടുകൂടിയില്ല. ഒടുവിൽ ഗൂഗിൾ സഹായിച്ചാണ് മ്യൂസിയം കണ്ടെത്തിയത്. കാര്യമായി തിരക്കില്ല. ഉള്ളിൽ കടക്കുമ്പോൾ ആദ്യം അറിയുന്നത് അവിടുത്തെ കനത്ത നിശ്ശബ്ദതയാണ്. ഓരോ സന്ദർശകനും പ്രാർഥനയിലെന്ന പോലെ പ്രദർശനവസ്തുക്കൾക്കു മുന്നിലൂടെ നീങ്ങുന്നു. ചിലർ ഓർമകളിൽ സ്വയം നഷ്ടപ്പെട്ടവരെപ്പോലെ. വിശുദ്ധ സ്ഥലം സന്ദർശിച്ചു മടങ്ങിയ നിറവോടെയാണ് അവർ മ്യൂസിയം വിടുന്നത്.
നോവലിലെ നായികയായ ഫ്യുസൂൺ ഉപയോഗിച്ചതും അവൾക്കു വിലപ്പെട്ടതുമായ കൊച്ചുകൊച്ചു സാധനങ്ങളാണ് നിഷ്കളങ്കതയുടെ ഈ ചിത്രശാലയിലുള്ളത്. വസ്ത്രങ്ങൾ മുതൽ അവൾ വലിച്ച 4213 സിഗരറ്റിന്റെ കുറ്റികൾ വരെ പ്രദർശനത്തിനുണ്ട്. ഇവിടെ എല്ലാം കാമുകനായ കെമാൽ രഹസ്യമായി ശേഖരിച്ചത്. നോവലിലെ അധ്യായങ്ങൾക്ക് അനുസൃതമായി മൂന്നു നിലകളിലായാണ് വസ്തുക്കളുടെ പ്രദർശനം. നോവൽ പ്രസിദ്ധീകരിച്ച 2008ൽത്തന്നെ യഥാർഥ മ്യൂസിയം തുറക്കണമെന്നായിരുന്നു പാമുക്കിന്റെ ആഗ്രഹം. എന്നാൽ, എല്ലാം ഒരുക്കിവന്നപ്പോൾ വൈകി ആയിരുന്നു ഉദ്ഘാടനം.
600ലേറെ പേജുകളുള്ള നോവലിൽ കെമാലും ഫ്യൂസുണുമായുള്ള പ്രണയം പരന്നൊഴുകുകയാണ്. ചിലപ്പോൾ നമ്മെ ഹരം പിടിപ്പിക്കും. ചിലപ്പോൾ മടുപ്പിക്കും. വായന നിർത്താൻ പോലും തോന്നാമെങ്കിലും ആ പ്രണയിനികൾ നമ്മെ പുസ്തകത്തിന്റെ അവസാനം വരെ കൂട്ടിക്കൊണ്ടുപോകും. ഒരു സാധാരണ പ്രണയകഥ ക്ലാസിക് അനുഭവമാക്കി മാറുന്ന അദ്ഭുത സൃഷ്ടി.
പ്രണയത്തിന്റെ അനശ്വര നോവൽ
പരിഷ്കൃതയും സുന്ദരിയുമായ തന്റെ പ്രതിശ്രുത വധുവിനുള്ള സമ്മാനം തിരഞ്ഞ് ഒരു ബുട്ടീക്കിൽ എത്തിയ കെമാൽ അവിടെ സഹായിയായി നിൽക്കുന്ന തന്റെ അകന്ന ബന്ധുവും ദരിദ്രയുമായ ഫ്യൂസുണിനെ കണ്ടുമുട്ടി പ്രണയത്തിലാകുന്നു. പക്ഷേ, കെമാലിലെ സൂത്രശാലി ഫ്യൂസുണിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചില്ല. പ്രതിശ്രുത വധുവിനെ വിവാഹം ചെയ്യാനും ഫ്യൂസുണുമായുള്ള ബന്ധം തുടരാനുമാണ് കെമാൽ ആഗ്രഹിച്ചത്.
എന്നാൽ, കെമാലിന്റെ വിവാഹനിശ്ചയത്തിനു ശേഷം ഫ്യൂസുൺ അപ്രത്യക്ഷയാകുന്നു. അതോടെ നിശ്ചയിച്ച വിവാഹത്തിൽനിന്നു പിന്മാറി ഫ്യൂസുണിനെത്തേടി അയാൾ അലയുന്നു. ഒടുവിൽ ഫ്യൂസുണിന്റെ കത്ത് കെമാലിനെ തേടിയെത്തുന്നു. പക്ഷേ, അപ്പോഴേക്കും അവൾ വിവാഹിതയായിരുന്നു. പിന്നീടങ്ങോട്ട് കെമാലിന്റെ ജീവിതം അവളുടെ ഭ്രമണപഥത്തിലാകുകയാണ്. അവളുടെ ഓർമ ഉണർത്തുന്നതെല്ലാം അയാൾ സ്വന്തമാക്കുന്നു. എട്ടു വർഷംകൊണ്ട് അയാൾ അവയെല്ലാം ചേർത്തുവച്ച് ഫ്യൂസുണിനോടുള്ള പ്രണയത്തിന്റെ മ്യൂസിയമാക്കി മാറ്റുന്നു. ആദ്യമൊക്കെ അവഗണിച്ചെങ്കിലും കെമാലിന്റെ ഭ്രാന്തമായ, അതിരില്ലാത്ത പ്രണയത്തെ വേണ്ടന്നു വയ്ക്കാൻ ഫ്യൂസുണിന് ആവുന്നില്ല. അങ്ങനെ അവർ ഒന്നാകാൻ തീരുമാനിക്കുന്നു. എന്നാൽ...
പ്രണയികൾക്ക് സന്ദർശിക്കാവുന്ന ഇടവും ഹൃദയത്തോടു ചേർത്തുവയ്ക്കാവുന്ന പുസ്തകവുമാണ് "മ്യൂസിയം ഓഫ് ഇന്നസൻസ്'.