കാത്തിരിപ്പിന്റെ നിതാന്ത ശൈത്യം
രണ്ടു നദികളും ചേർന്ന് ഒന്നായി ഒഴുകുന്ന ഈ തീരത്തിന്, ഒരിക്കലും ഒന്നാവാനാവാതെ പോയ രണ്ടു പേരുടെ കഥ പറയാനുണ്ട്. തെക്കേ ഭൂട്ടാൻകാർക്ക് ഈ കഥ കണ്ണീരില്ലാതെ പറയാനാവില്ല. അതാണ് ഗസലാമിയുടെയും സിങ്ങെയ്‌യുടെയും കാത്തിരിപ്പിന്റെ കഥ.
രണ്ടു നദികളും ചേർന്ന് ഒന്നായി ഒഴുകുന്ന ഈ തീരത്തിന്, ഒരിക്കലും ഒന്നാവാനാവാതെ പോയ രണ്ടു പേരുടെ കഥ പറയാനുണ്ട്. തെക്കേ ഭൂട്ടാൻകാർക്ക് ഈ കഥ കണ്ണീരില്ലാതെ പറയാനാവില്ല. അതാണ് ഗസലാമിയുടെയും സിങ്ങെയ്‌യുടെയും കാത്തിരിപ്പിന്റെ കഥ.
രണ്ടു നദികളും ചേർന്ന് ഒന്നായി ഒഴുകുന്ന ഈ തീരത്തിന്, ഒരിക്കലും ഒന്നാവാനാവാതെ പോയ രണ്ടു പേരുടെ കഥ പറയാനുണ്ട്. തെക്കേ ഭൂട്ടാൻകാർക്ക് ഈ കഥ കണ്ണീരില്ലാതെ പറയാനാവില്ല. അതാണ് ഗസലാമിയുടെയും സിങ്ങെയ്‌യുടെയും കാത്തിരിപ്പിന്റെ കഥ.
ഞാൻ പുനഖ സോങിന്റെ പടികൾ ഇറങ്ങുകയായിരുന്നു. സോങ് (Dzong) എന്നു പറഞ്ഞാൽ ഭൂട്ടാനിൽ വിപുലമായ അർഥമുണ്ട്. പഴയകാലത്തെ ഭരണ സിരാകേന്ദ്രമായിരുന്നു അത്. അധികാരത്തിന്റെ ഇടനാഴി. അവിടെ ധാരാളം ആയുധപരിശീലനങ്ങൾ നടന്നിരുന്നതായും വിവിധതരം ആയുധങ്ങളുടെ വൻശേഖരം ഇപ്പോഴും ഉള്ളതായും പറയുന്നുണ്ട്. അതിപാവനമായ ഏറെ ഗ്രന്ഥങ്ങളുടെയും പേപ്പർ ചുരുളുകളുടെയും കലവറയാണ് സോങ്. ഇനിയൊരിക്കലും ലഭിക്കാനിടയില്ലാത്തവണ്ണം അത്യപൂർവ ഗ്രന്ഥങ്ങളുടെ ശേഖരം.
സോങ് ഒരു ആദ്ധ്യാത്മിക കേന്ദ്രം കൂടെയാണ്. ഭൂട്ടാൻ ഒരു ബുദ്ധമത രാജ്യമായതിനാൽ സോങിന്റെ വലിയൊരു ഭാഗം ബുദ്ധവിഹാരമായിരിക്കും. മറ്റു മൊണാസ്ട്രികളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് സോങിൽ വളരെ മുതിർന്ന ബുദ്ധസന്യാസിമാർ മാത്രമാണ് പാർക്കുക എന്നതാണ്. പലപ്പോഴും സോങ് വയോവൃദ്ധരായ ബുദ്ധസന്യാസികളുടെ വിശ്രമകേന്ദ്രമായി കാണാറുണ്ട്.
സോങ്ങിനകത്ത് ബൃഹത്തായ ഒരു ദേവാലയവും ഉണ്ടായിരിക്കും. ചുരുക്കത്തിൽ അധികാരം, ആയുധം, ആദ്ധ്യാത്മികത– മൂന്നും ചേർന്ന അതിമനോഹരമായ നിർമിതികളാണ് ഭൂട്ടാനിലെ സോങ് എന്നും ഫോർട്ട് എന്നും പറയുന്ന ഈ സൗധങ്ങൾ. പൊതുവെ ഭൂട്ടാൻ ഒരു നിശ്ശബ്ദ രാജ്യമാണ്. തീരെ ഒച്ച കുറച്ചു സംസാരിക്കുന്ന മനുഷ്യരും തിരക്കൊട്ടുമില്ലാത്ത വീഥികളും വളരെ കുറവ് ജനസംഖ്യയുമായി പർവതനിരകൾക്കിടയിൽ പതുങ്ങിയിരിക്കുന്ന നാട്. വയോവൃദ്ധരായ സന്യാസികൾ പാർക്കുന്ന സോങ് ഏറെ നിശ്ശബ്ദമായിരിക്കും. പ്രാർഥനാചക്രങ്ങൾ തിരിയുമ്പോഴുള്ള നനുത്ത മണിനാദമല്ലാതെ വേറൊന്നും കേൾക്കില്ല.
അത്രക്കും ചലനമറ്റൊരു ചുവർചിത്രം പോലെയിരിക്കുന്ന പുനഖ സോങ്ങിന്റെ പടികൾ ഇറങ്ങുകയായിരുന്നു ഞാൻ. താഴെ അതിമനോഹരമായ പൂന്തോപ്പാണ്. അതിനപ്പുറം പ്രാർഥനാചക്രങ്ങൾ നിരന്തരം തിരിഞ്ഞു കൊണ്ടിരിക്കുന്ന പുഴപ്പാലം. ആ പാലത്തിലൂടെയാണ് ഞാനിങ്ങോട്ടു വന്നത്. കയറിയാൽ ഇറങ്ങിപ്പോകാൻ തോന്നാത്തവണ്ണം അത്രക്കും സുന്ദരമാണ് ആ മരപ്പാലം.
താഴെ ഒഴുകുന്നത് പുന സാങ് എന്ന നദിയാണ്. പാലത്തിൽ നിന്നു നോക്കുമ്പോൾ മഴവില്ലിന്റെ ഏഴു വർണങ്ങളും നദീജലത്തിൽ കാണാം. മയിൽപ്പച്ച നിറത്തിലുള്ള ഒരു തരം കല്ലുകളും സ്വർണമുരുക്കി ഒഴിച്ചതു പോലുള്ള നീർച്ചില്ലുകളും വെള്ളിവെളിച്ചം പൂക്കുറ്റി കത്തിക്കുന്ന ചുഴികളും പൂവാകപ്പൂ പൊഴിഞ്ഞതു പോലുള്ള തീരത്തെ നനഞ്ഞ മണലും ചേർന്ന അതിമനോഹരക്കാഴ്ച്ച. ഞാനാ പാലത്തിലൂടെ രണ്ടു മൂന്നു തവണ അങ്ങോട്ടുമിങ്ങോട്ടും നടന്നു, ഓരോ കാലടിവെപ്പിലും പ്രാർഥനാ മണികൾ നനുനനുക്കനെ കിലുങ്ങി.
പൂന്തോട്ടത്തിന്റെ മൂലയിൽ കൂറ്റനൊരു പ്രാർഥനാചക്രമുണ്ട്. അതൊരു മണ്ഡപത്തിനകത്താണ്, ചുറ്റും മര ഇരിപ്പിടങ്ങളുണ്ട്. ഞാനാ ചക്രം പ്രാർഥനയോടെ തിരിക്കാൻ തുടങ്ങി, ഓം മാനി പദ്മേ ഹും എന്ന് മനസു മന്ത്രിച്ചു. അപ്പോൾ അവിടേക്ക് ചുവന്ന വസ്ത്രങ്ങൾ ധരിച്ച വയോവൃദ്ധനായൊരു സന്യാസി കയറി വന്നു. അദ്ദേഹം എന്നോടൊപ്പം ചക്രം തിരിച്ചു കൊണ്ട് പ്രദക്ഷിണം വയ്ക്കാൻ തുടങ്ങി.
വല്ലാതെ വിളറി മെലിഞ്ഞ് നടു കുനിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ പ്രാർഥനയെ ശല്യപ്പെടുത്താതിരിക്കുവാൻ ഞാൻ ഒരരുകിലേക്ക് മാറിനിന്നു. മൂന്നു പ്രദക്ഷിണത്തിനു ശേഷം അദ്ദേഹം എന്റെയരുകിൽ വന്നു നിന്നു. നിലാവു പതഞ്ഞൊഴുകുന്നതു പോലുള്ള നിശ്ശബ്ദ ചിരി കണ്ണിലും ചുണ്ടിലും കവിളിലും മെഴുകി, എന്റെ കണ്ണിലേക്കു നോക്കി നിന്നു. പിന്നെ നനുനനുക്കനെ സംസാരിക്കാൻ തുടങ്ങി. എനിക്കൊന്നും മനസിലായില്ല, ഭൂട്ടാനിസ് ഭാഷയായിരുന്നിരിക്കാം.
സർ ആം ഇന്ത്യൻ, ആം ഫ്രം ഇന്ത്യ, ഞാൻ കഴിയുന്നത്ര ഒച്ച കുറച്ചു പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹമതൊന്നും ശ്രദ്ധിക്കുന്നില്ല. പതുക്കെ എന്റെ കൈത്തണ്ടയിൽ ചൂണ്ടുവിരൽ കൊണ്ടു സ്പർശിച്ചു. കണ്ണുകളിലെ പാൽ നുരകളിലേക്കു നോക്കി ഞാൻ മുഗ്ദ്ധയായി നിൽക്കേ, അദ്ദേഹം അതീവ തരളിത സ്വരത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു. ഇടയ്ക്കിടെ കൈത്തണ്ടയിൽ തൊട്ടു, ഇടയ്ക്കിടെ പൗർണമി പോലെ ചിരിച്ചു. ഞാനൊന്നും വിശദീകരിക്കാൻ പോയില്ല, എന്നോടെന്തോ പറയുവാൻ അദ്ദേഹം കാത്തിരുന്നതായിരിക്കും എന്നു മാത്രം നിനച്ച് കേട്ടു കൊണ്ടു നിന്നു.
കുറച്ചു കഴിഞ്ഞ് വളഞ്ഞ നടു ഒന്നു നിവർത്തി, ഈ ലോകത്തെ മൊത്തം വെളിച്ചവും എന്റെ മുഖത്തേക്ക് കോരി ഒഴിച്ചതു പോലെ ഒന്നു ചിരിച്ച്, കൂനിക്കൂടി നടന്നു പോയി മര ഇരിപ്പിടത്തിൽ ഇരുന്നു. ഞാനൊരു നിമിഷം കൂടെ അവിടെ തങ്ങി നിന്നു. പിന്നീട്, പ്രാർഥനാമുദ്രയുമായി മുഖം കുനിച്ച് കണ്ണടച്ച് ഇരിക്കുന്ന അദ്ദേഹത്തെ ശല്യപ്പെടുത്താതെ പൂന്തോട്ടത്തിലേക്കിറങ്ങി. എന്റെ കൂട്ടുകാരൻ റിൻജിം ഡോർജി അവിടെ ഞങ്ങളെ ഉറ്റു നോക്കി നിൽപുണ്ട്. പിന്നീട് പാലം കടക്കുമ്പോൾ റിൻജിം പറഞ്ഞു, എനിക്ക് നിങ്ങൾ രണ്ടു പേരെയും കണ്ടപ്പോൾ ഒരു പഴയ നാടോടി പ്രണയ കഥ ഓർമ വന്നു. പ്രണയകഥയോ എന്നാശ്ചര്യപ്പെട്ട എന്നോടയാൾ പറഞ്ഞു, നമുക്കീ പുന സാങ് നദിയുടെ തീരത്തെ ചെറിയ കോഫി ഷോപ്പിലിരിക്കാം, ഒഴുകുന്ന നദിക്കൊപ്പം ഞാനാ കഥ പറയാം.
മോ ചു എന്ന പെൺ നദിയും പോ ചു എന്ന ആൺ നദിയും ചേർന്ന് പുന സാങ് ചു എന്ന നദിയായി ഒഴുകുന്ന തീരത്ത് ഞങ്ങൾ ഇരിക്കുകയാണ്. ചു എന്നാൽ ഭൂട്ടാനിൽ നദി എന്നർഥം. മോ പോ എന്ന രണ്ടു നദികളും ഭൂട്ടാൻ തിബത് അതിർത്തിയിലുള്ള ഗാസയിൽ നിന്നു വരുന്നവരാണ്. അവരുടെ സംഗമ ഭൂമിയായ പുനഖ ഭൂട്ടാനിലെ ധാരാളം നെൽകൃഷിയുള്ള ഒരു ജില്ലയാണ്. സ്വർഗം ഏകദേശം ഇങ്ങനെയൊക്കെയായിരിക്കും എന്ന തോന്നലാണ് യാത്രികർക്ക് ഇവിടം. രണ്ടു നദികളും ചേർന്ന് ഒന്നായി ഒഴുകുന്ന ഈ തീരത്തിന്, ഒരിക്കലും ഒന്നാവാനാവാതെ പോയ രണ്ടു പേരുടെ കഥ പറയാനുണ്ട്. തെക്കേ ഭൂട്ടാൻകാർക്ക് ഈ കഥ കണ്ണീരില്ലാതെ പറയാനാവില്ല. അതാണ് ഗസലാമിയുടെയും സിങ്ങെയ്‌യുടെയും കാത്തിരിപ്പിന്റെ കഥ. പുന സാങ് ചു കരയിലുള്ള ഒരു സന്യാസി മഠത്തിൽ രണ്ടു യുവ സന്യാസികൾ ഉണ്ടായിരുന്നു. അത്രമേൽ പ്രിയപ്പെട്ടവരാകയാൽ അവർ അടുത്ത ജന്മത്തിൽ സ്ത്രീയും പുരുഷനുമായി ജനിക്കുവാനും മതിൽക്കെട്ടുകളില്ലാത്ത ഒരിടത്ത് ജീവിക്കുവാനും എന്നെന്നും ഒന്നായിത്തീരുവാനും പ്രാർഥിച്ചു. പക്ഷേ, അത്തരം കടുത്ത സൗഹൃദങ്ങളും വ്യഥകളും മോഹങ്ങളും അനുവദിച്ചു കൊടുക്കാൻ തയാറല്ലാത്ത മഠം എന്നും അവരെ അകറ്റി നിർത്തുവാനും പരസ്പരം കാണാതിരിക്കുവാനും ശ്രദ്ധിച്ചു. നീണ്ടു നീണ്ട ഇടനാഴികളിലൂടെ നിശ്ശബ്ദ രാവുകളിലൂടെ അവരുടെ പ്രാർഥനകൾ നിശ്ശബ്ദമായി ഒഴുകി.
അങ്ങനെ അടുത്ത ജന്മത്തിൽ ഒരാൾ ഗ്രാമത്തിലെ ധനിക കർഷകന്റെ മകളായ ഗസലാമിയായും മറ്റേയാൾ നിർധന കാലിച്ചെറുക്കനായ സിങ്ങെയ് ആയും ജന്മമെടുത്തു. കൗമാരത്തിലൊരു നാൾ കൃഷിയിടത്തിലെങ്ങോ വച്ച് അവർ കണ്ടുമുട്ടി. പ്രഥമ ദർശനത്തിൽ തന്നെ അവർ പരസ്പരം തിരിച്ചറിയുകയും ഗാഢാനുരാഗത്തിലാവുകയും ചെയ്തു. എന്നാൽ അച്ഛൻ മകളെ ദരിദ്രകാമുകന് കൊടുക്കാൻ തയാറായില്ല. പക്ഷേ, അവരുടെ പ്രേമം പുന സാങ് നദി പോലെ സപ്തവർണങ്ങളും ചൂടി നിശ്ശബ്ദം നിർവിഘ്നം ഒഴുകി. അവസാനം ഇരുവരും ചേർന്ന് ഗ്രാമം വിട്ട് അകലങ്ങളിലേക്ക് പറക്കുവാൻ തീരുമാനിച്ചു. രാത്രി നദിയിലെ മരപ്പാലത്തിനരികിൽ വച്ചു കാണാമെന്ന് വാക്കു പറഞ്ഞു പിരിഞ്ഞു. എന്നാൽ ഈ ഗൂഢാലോചന ഗസലാമിയുടെ അച്ഛനറിയുകയും യാത്രാഭാണ്ഡവുമായി ഒളിച്ചിറങ്ങിയ മകളെ മുറ്റത്തിട്ടു തന്നെ കുത്തിക്കൊന്ന് അവിടെത്തന്നെ കുഴിച്ചുമൂടുകയും ചെയ്തു. കഥയറിയാതെ സിങ്ങെയ് മരപ്പാലത്തിനു മുകളിൽ രാവെളുക്കുവോളം കാത്തുനിന്നു. നിലാവു തേഞ്ഞു തുടങ്ങിയപ്പോൾ ആരോടുമൊന്നും പറയാതെ എങ്ങോട്ടോ നടന്നുപോയി.
അതീവദുഃഖിതനും വിരഹാർത്തനുമായ സിങ്ങെയ് ഏറെ അലച്ചിലുകൾക്കൊടുവിൽ ഭ്രാന്തനെപ്പോലെ ഒരു സന്യാസിമഠത്തിന്റെ വാതിൽക്കൽ എത്തിച്ചേർന്നു. ആരോ നീട്ടിയ ഭക്ഷണം കഴിച്ച് അവിടെ തളർന്നു വീണു. പിറ്റേന്ന് അയാൾ ഉണർന്നത് അവിടുത്തെ പ്രാർഥനയിലേക്കാണ്. ആ പ്രാർഥനകൾ അയാളുടെ മുറിവുകൾക്ക് മരുന്നായി. അയാളതിലേക്ക് പതുക്കെ പതുക്കെ അലിഞ്ഞു ചേർന്നു.
കാലാന്തരത്തിൽ സിങ്ങെയ് തികഞ്ഞ ഒരു താപസനായി മാറി. പക്ഷേ, അയാളൊരിക്കലും സന്യാസിമഠത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ തങ്ങി നിന്നില്ല. മലഞ്ചെരിവുകളിലും കൊടുങ്കാടുകളിലും പർവതമുകളിലും പുഴയരികുകളിലും അലഞ്ഞു നടന്നു. വീടു പണിയുന്നിടത്തും പാലം കെട്ടുന്നിടത്തും വിറകു വെട്ടുന്നിടത്തും കൃഷി ചെയ്യുന്നിടത്തും ചെന്ന് സഹായിച്ചു. ഏതാവശ്യത്തിനും ആരും വിളിക്കാതെ ഏതു പാതാളക്കുണ്ടിലും ഏതു മല ഉച്ചിയിലും അയാളെത്തി. ഗ്രാമീണരെ അലട്ടിയിരുന്ന പലതരം വ്യാധികൾക്ക് അയാൾ മരുന്നായി. ഗ്രാമീണരുടെ ദൈവമായി മാറി ആ താപസൻ. തികച്ചും അമാനുഷികമായ ഒരു പരിവേഷം അവർ അയാൾക്കു നൽകി. ഏറെ മൂകനായിരുന്ന സന്യാസിയെ എങ്ങനെ സേവിക്കണമെന്നറിയാതെ അവർ കുഴങ്ങി. അവർ ഒരുക്കികൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണമൊന്നും അയാൾ തൊട്ടില്ല, അവർ വിരിച്ച കമ്പിളിയിൽ കിടന്നില്ല. വിശപ്പു തോന്നുമ്പോൾ ആദ്യം കാണുന്ന വീട്ടിൽച്ചെന്ന് ഭക്ഷണം യാചിച്ചു, മരച്ചോടുകളിൽ അന്തിയുറങ്ങി. കാലങ്ങൾ കടന്നു. സിങ്ങെയ് വയോവൃദ്ധനായി. എന്നിട്ടും തന്നാൽ കഴിയുന്ന വിധം ഗ്രാമീണരെ സേവിച്ചു കൊണ്ടിരുന്നു.
ഒരിക്കലൊരു കാട്ടു ഗ്രാമത്തിലെത്തിയ സന്യാസി വിശന്നപ്പോൾ ആദ്യം കണ്ട വീട്ടുമുറ്റത്തു കയറി ഭിക്ഷ യാചിച്ചു. അകത്തു നിന്ന് പാത്രത്തിൽ ഭക്ഷണവുമായി ഒരു പത്തു വയസുകാരി ഇറങ്ങി വന്നു. മുറ്റത്തും വീട്ടുവാതിൽക്കലുമായി അവർ പരസ്പരം നോക്കി നിന്നു. അവൾ ഗസലാമിയുടെ പുനർജനനമായിരുന്നു. പ്രഥമദർശനത്തിൽ തന്നെ അവർ പരസ്പരം തിരിച്ചറിഞ്ഞു. അത്യന്തം ക്ഷീണിതനായ വയോവൃദ്ധനായും ബാലികയായുമല്ല അവർ പരസ്പരം കണ്ടത്. ഒരിക്കൽ ഒരു സന്ധ്യക്ക് പുന സാങ് നദിക്കരയിൽ വച്ച് വാക്കുപറഞ്ഞു പിരിഞ്ഞ രണ്ടു പേരായി. നദിക്കരയിലേക്കിറങ്ങി നടന്നവളും മരപ്പാലത്തിനരികെ കാത്തുനിന്നവനുമായി.
സിങ്ങെയ് ഇറങ്ങി നടന്നു. ഗസലാമി വീടിനകത്തേക്കു കടന്നു. പിറ്റേന്ന് വീടിനകത്ത് നീണ്ട ഉറക്കത്തിലേക്കിറങ്ങിപ്പോയ പത്തു വയസുള്ള പെൺകുട്ടിയേയും പുഴയ്ക്കരയിൽ നിശ്ചേതനായിരിക്കുന്ന വയോവൃദ്ധനായ താപസനെയും ഗ്രാമീണർ കണ്ടു. വീണ്ടുമൊരു കാത്തിരിപ്പിന്റെ തണുപ്പിലേക്ക് അവർ നിശ്ശബ്ദം നടന്നു പോയി. ഈ കഥ രെൻജിം ഡോർജി പറയുമ്പോൾ ഞാൻ കരഞ്ഞു, അയാളുടെ കണ്ണുകളും നിറഞ്ഞു. മുറ്റത്തും വാതിൽക്കലുമായി നോക്കി നിൽക്കുന്ന രണ്ടു പേർ തീരാവേദനയായി. രണ്ടു നദികൾക്ക് ചേർന്നൊഴുകാമെങ്കിൽ എന്തുകൊണ്ട് രണ്ടു മനുഷ്യർക്ക്. എന്തിനാണ് കാലമിങ്ങനെ രണ്ടുപേർക്കിടയിൽ അണ കെട്ടി നിൽക്കുന്നത്. നദിക്കരയിൽ ഏറെനേരമിരുന്നു. വലിയൊരു ഹൃദയചിഹ്നവും പേറി എന്റെ മുന്നിൽ പതഞ്ഞു നിറഞ്ഞിരുന്ന കോഫി പാട ചൂടി. തണുത്ത വെള്ളത്തിലിറങ്ങാൻ മടിച്ച് സന്ധ്യ കരയ്ക്കിരിക്കുന്നു. മറുകരയിലെ പുനഖ സോങ് നേർത്ത ഇരുട്ടിൽ പ്രാർഥിച്ചിരിക്കുന്നു. ഞാനിനി അങ്ങോട്ട് പോകലുണ്ടാവില്ല, ഇനി പോയാലും ഇത്രയും വലിയ മന്ദിരത്തിനകത്ത് എത്രയോ ഇടനാഴികൾ തീർത്ത ഇരുട്ടിനകത്ത് എവിടേയോ പ്രാർഥനാ നിരതനായിരിക്കുന്ന ആ വൃദ്ധവടുവിനെ കാണലുണ്ടാവില്ല.
പുനഖ സോങിൽ നിങ്ങൾ രണ്ടു പേരെയും കണ്ടപ്പോൾ ഉണ്ടായ ഒരു തോന്നലാണ് ആഷി മാ. റിൻജിം പറഞ്ഞു. പ്രണയം തന്നെ ഒരു തോന്നലല്ലേ റിൻജിം. നിറമുള്ള കുറച്ചു കല്ലുകൾ ഞാൻ പെറുക്കി കൂട്ടി വച്ചു. എത്ര വക്കുകളും മൂലകളും കൂർപ്പുകളും മൂർച്ചകളും ആണ് പൊടിഞ്ഞ് പൊടിഞ്ഞ് തീരത്തടിഞ്ഞു കിടക്കുന്നത്. എന്നിട്ടും ചിലർ ഇങ്ങനെ കാത്തു കാത്ത്.