ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മകൾ മായാ തോമസ്, അവരുടെ അവസാന വർഷങ്ങളിൽ താമസിച്ചത് കോട്ടയം മാങ്ങാനം യൂഹാനോൻ മാർത്തോമ്മാ മന്ദിരത്തിലായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള അവരെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാനായി ഞാൻ 1999ൽ അവിടെ പോയി. അവർ സൽമാൻ റുഷ്ദിയുടെ ആ വർഷമിറങ്ങിയ ‘ദ് ഗ്രൗണ്ട് ബിനീത് ഹെർ

ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മകൾ മായാ തോമസ്, അവരുടെ അവസാന വർഷങ്ങളിൽ താമസിച്ചത് കോട്ടയം മാങ്ങാനം യൂഹാനോൻ മാർത്തോമ്മാ മന്ദിരത്തിലായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള അവരെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാനായി ഞാൻ 1999ൽ അവിടെ പോയി. അവർ സൽമാൻ റുഷ്ദിയുടെ ആ വർഷമിറങ്ങിയ ‘ദ് ഗ്രൗണ്ട് ബിനീത് ഹെർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മകൾ മായാ തോമസ്, അവരുടെ അവസാന വർഷങ്ങളിൽ താമസിച്ചത് കോട്ടയം മാങ്ങാനം യൂഹാനോൻ മാർത്തോമ്മാ മന്ദിരത്തിലായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള അവരെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാനായി ഞാൻ 1999ൽ അവിടെ പോയി. അവർ സൽമാൻ റുഷ്ദിയുടെ ആ വർഷമിറങ്ങിയ ‘ദ് ഗ്രൗണ്ട് ബിനീത് ഹെർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മകൾ മായാ തോമസ്, അവരുടെ അവസാന വർഷങ്ങളിൽ താമസിച്ചത് കോട്ടയം മാങ്ങാനം യൂഹാനോൻ മാർത്തോമ്മാ മന്ദിരത്തിലായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള അവരെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാനായി ഞാൻ 1999ൽ  അവിടെ പോയി.  അവർ സൽമാൻ റുഷ്ദിയുടെ ആ വർഷമിറങ്ങിയ ‘ദ് ഗ്രൗണ്ട് ബിനീത് ഹെർ ഫീറ്റ്' എന്ന നോവൽ വായിക്കുകയായിരുന്നു. ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ ഞാൻ വായിച്ചതാണെന്നു പറഞ്ഞപ്പോൾ അവർ മാജിക്കൽ റിയലിസം സംബന്ധിച്ചു ചില നിരീക്ഷണങ്ങൾ പങ്കുവച്ചു. റുഷ്ദിയുടെ ഒരു നല്ല റീഡറുമായുള്ള എന്റെ ആദ്യ നല്ല സംസാരമായിരുന്നു അത്. 

എഡ്വേഡ്‌ സെയ്ദിന്റെ ‘ദ് പൊളിറ്റിക്സ് ഓഫ് ഡിസ്പൊസഷൻ’ എന്ന പുസ്തകത്തിൽ, അദ്ദേഹവും സൽമാൻ റുഷ്ദിയും തമ്മിൽ പലസ്തീൻ വിഷയത്തിൽ നടത്തിയ ഒരു ദീർഘസംഭാഷണമുണ്ട്. 1990കളിൽ ഞാൻ റുഷ്ദിയിലേക്കു ശരിക്കും ആകർഷിക്കപ്പെട്ടത് അതു വായിച്ചശേഷമാണ്.  എഴുത്തുകാരൻ യുക്തിനിഷ്ഠവും നീതിപൂർണവുമായ നിലപാടുകൾ ആ സംസാരത്തിൽ സ്വീകരിച്ചതായി ഞാൻ കണ്ടു. 

ADVERTISEMENT

കശ്മീർ പശ്ചാത്തലമായി വരുന്ന ‘ഷാലിമാർ ദ്‌ ക്ലൗൺ’ ഇറങ്ങിയ 2005 ൽ അതെപ്പറ്റി ഞാൻ ഒരു വാരികയിൽ എഴുതി. റുഷ്ദിയുടെ ഉഗ്രൻ മടങ്ങിവരവ്‌ എന്നോ മറ്റോ ആയിരുന്നു തലക്കെട്ട്‌. അതിനെക്കാൾ ഭാവനാദീപ്തവും രസകരവുമായ നോവലായി എനിക്ക്‌ അനുഭവപ്പെട്ടത്‌ ദ എൻചാൻറ്റാറസ് ഓഫ് ഫ്ലോറൻസ് (2008) ആണ്. മുഗൾ ഇന്ത്യയിലും അതിനു സമാന്തരമായി നവോത്ഥാനകാല ഫ്ലോറൻസിലുമായി നടക്കുന്ന കഥയാണത്‌. അക്ബർ ചക്രവർത്തിയും ബീർബലും തമ്മിലുള്ള സൗഹൃദം ആ നോവലിൽ മനോഹരമായി ചിത്രീകരിച്ചിരുന്നു. ചക്രവർത്തിക്ക്‌ ജോധ രാജകുമാരിയുമായുള്ള മഹാപ്രേമമാണു മറ്റൊന്ന്. നോവലിൽ ജോധ അക്ബറുടെ സമൃദ്ധമായ ഒരു പ്രണയ ഭാവനയാണു പരിലസിക്കുന്നത്‌. 

ന്യൂയോർക്കിലെ ഷട്ടാഖ്വ ഇൻസ്റ്റ്‌റ്റ്യൂഷനിൽ എഴുത്തുകാരുടെ സുരക്ഷ എന്ന വിഷയം സംസാരിക്കാനാണ്‌ 2022 ഓഗസ്റ്റ്‌ 12നു റുഷ്ദി പോയത്‌. കറുത്ത വസ്ത്രവും മാസ്കും ധരിച്ച ഒരു ചെറുപ്പക്കാരൻ വേദിയിലിരുന്ന റുഷ്ദിയുടെ നേർക്ക്‌ കത്തിയുമായി പാഞ്ഞുചെല്ലുകയായിരുന്നു. 27 സെക്കൻഡുകൾ മാത്രം നീണ്ട ആക്രമണം. തടുക്കാനായി ഉയർത്തിയ ഇടതുകയ്യിൽ കത്തി ആഴ്‌ന്നിറങ്ങി. തുടർന്ന് കഴുത്തിലും മുഖത്തുമായി 24 കുത്തുകൾ. വലതുകണ്ണിനു നടുവിലേറ്റ കുത്ത്‌ ഒപ്ടിക്കൽ നേർവ് മുറിച്ചു കടന്നുപോയി. ആ കണ്ണിനു കാഴ്ച നഷ്ടമായി. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി സാറ്റാനിക്‌ വേഴ്സസിന്റെ പേരിൽ എഴുത്തുകാരനെ കൊല്ലാൻ മതശാസനം നൽകിയിട്ട്‌ 33 വർഷവും 6 മാസവും പിന്നിട്ട ദിവസമായിരുന്നു അത്‌.

24 മണിക്കൂറും ബ്രിട്ടിഷ് പൊലീസ് കാവലോടെ ഏതാണ്ട്‌ ഒരു ദശകത്തോളം ഒളിവിൽ കഴിഞ്ഞ നാളുകളിൽ ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു കൊലയാളി തനിക്കുനേരെ പാഞ്ഞടുക്കുന്നത്‌ റുഷ്ദി പലപ്പോഴും സങ്കൽപിച്ചിരുന്നു. നോവലിന്റെ ജാപ്പനീസ് വിവർത്തകൻ ഹിതോഷി ഇഗരാഷി കുത്തേറ്റു കൊല്ലപ്പെട്ടു. ഇറ്റാലിയൻ പരിഭാഷകർ ഇട്ടോർ കപ്രിയോളയ്ക്ക് ഗുരുതരമായി പരുക്കേറ്റു 1993 ഒക്ടോബറിൽ നോവലിനറെ നൊർവീജിയൻ പ്രസാധകൻ വില്യം നിഗാഡിനു തന്റെ വീടിനു മുന്നിൽവച്ചു വെടിയേറ്റു. 1998ൽ  ഫത് വയെ ഇറാൻ സർക്കാർ തള്ളിപ്പറഞ്ഞു. അന്നത്തെ പ്രസിഡന്റ് മുഹമ്മദ് ഖത്താമിയാണു കൊലയെ പിന്തുണയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.  ഇതിനു പിന്നാലെ പൊതുവേദികളിൽ റുഷ്ദി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പക്ഷേ ഇറാനിലെ ഒരു സംഘടന ഭീഷണി ആവർത്തിക്കുകയും പാരിതോഷികം ഉയർത്തുകയും ചെയ്തു.

യുകെയിൽനിന്ന് യുഎസിലേക്കു കുടിയേറിയ വർഷങ്ങളിൽ ഭീഷണി എന്നന്നേക്കുമായി അകന്നുപോയതായും എഴുത്തുകാരനു തോന്നിയിരുന്നു. എന്നാൽ ഏറ്റവും അപ്രതീഷിതമായി, ജീവിതം ആഹ്ലാദഭരിതമായിരിക്കുന്നു എന്ന് വിശ്വസിച്ചിരിക്കേ അത്‌ സംഭവിച്ചു. മരണത്തിനു തൊട്ടുമുൻപുള്ള ഹെൻറി ജയിംസിന്റെ വാക്കുകളാണു റുഷ്ദി ഉദ്ധരിക്കുന്നത്‌. “അങ്ങനെ അതു പ്രത്യക്ഷമായിരിക്കുന്നു; ഏറ്റവും വിശിഷ്ടനായ അതിഥി".

ADVERTISEMENT

1988 ൽ സാറ്റാനിക്‌ വേഴ്സസ്‌ ഇറങ്ങുമ്പോൾ സൽമാൻ റുഷ്ദിക്ക്‌ 41 വയസ്സാണ്‌. അഞ്ചാമത്തെ പുസ്തകം. എഴുപത്തിയഞ്ചാം വയസ്സിൽ, 21 -മത്തെ പുസ്തകം ‘വിക്ടറി സിറ്റി'യുടെ  പ്രകാശനം കാത്തിരിക്കവേയാണു ‘കാലം തെറ്റിയ അതിഥിയുടെ വരവ്‌’ എന്നു റുഷ്ദി എഴുതുന്നു. മരണത്തിന്റെ വക്കിൽനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന ദിവസങ്ങളെപ്പറ്റി ഹൃദയസ്പർശമായ വിവരണമാണു റുഷ്ദി നൽകുന്നത്‌. മരണത്തിന്റെ മാലാഖ, ജീവിതത്തിന്റെ മാലാഖ എന്നീ രണ്ടു ഭാഗങ്ങളിലായി വെറുപ്പിനെതിരെ താൻ നേടിയ അതിജീവനവും അതു സാധ്യമാക്കാൻ തനിക്കു ലഭിച്ച സ്നേഹപരിചരണങ്ങളെയും ‘നൈഫ്‌’ എന്ന പുസ്തകം രേഖപ്പെടുത്തുന്നു. 

ഈ പുസ്തകം ഒരുപാതിയിൽ താൻ നേരിട്ട വെറുപ്പിനെയും  തന്നെ തിരഞ്ഞുവന്ന കൊലയാളിയെയും അഭിമുഖീകരിക്കുമ്പോൾ, മറുപാതിയിൽ തനജീവിതത്തെ ആനന്ദപൂർണ്ണമാക്കിയ ഉദാരമായ പ്രേമത്തെപ്പറ്റിയും എഴുതുന്നു. കുടുംബം കൊണ്ടുവരുന്ന സമാധാനവും സുരക്ഷയുമാണത്‌. കുത്തേറ്റു തറയിൽ വീഴുമ്പോൾ ആ നിമിഷങ്ങൾ തന്നിൽ കനത്ത ഏകാന്തതയാണുണ്ടാക്കിയതെന്നു റുഷ്ദി എഴുതുന്നു. ഭാര്യ എലിസയെ ഇനി താൻ കാണുകയില്ല, തന്റെ രണ്ട്‌ മക്കളെയും  സഹോദരിയെയും ഇനി കാണുകയില്ല എന്ന വിചാരമായിരുന്നു ആ ഏകാന്തത കൊണ്ടുവന്നത്‌. 

ആഫ്രിക്കൻ അമേരിക്കൻ കവി റേച്ചൽ എലിസ ഗ്രിഫിത്തിനെ ന്യൂയോർക്കിൽ അറബ്‌ കവി അഡോണിസ്‌ കവിത വായിക്കുന്ന ഒരു ചടങ്ങിലാണു റുഷ്ദി ആദ്യം കണ്ടത്‌. അറബിക് കവിതയുടെ ഇംഗ്ലിഷ്‌ പരിഭാഷ അവിടെ നടത്തിയത്‌ എലിസയായിരുന്നു. ഹൃദ്യമായിരുന്നു ആദ്യ സമാഗമം. അന്നു രാത്രി അഡോണിസിനു നൽകിയ വിരുന്നിനിടെ അവർ വീണ്ടും കണ്ടു. സംസാരത്തിനിടെ എലിസയ്ക്കു പിന്നാലെ ഹാളിൽനിന്ന് പുറത്തേക്കിറങ്ങവേ ചില്ലുവാതിലിൽ തലയിടിച്ചുവീണു റുഷ്ദിയുടെ കണ്ണട പൊട്ടി. മൂക്കിനു മുറിവേറ്റു. റുഷ്ദിയെ ആ രാത്രി വീട്ടിലെത്തിച്ചത്‌ എലിസയായിരുന്നു. പുലരും വരെ സംസാരം നീണ്ടു. 2021 സെപ്റ്റംബർ 24ന്‌ ഇരുവരും വിവാഹിതരായി. 

റുഷ്ദിയെ കൊല്ലാൻ പുറപ്പെട്ട യുവാവിനെ ‘എ’ എന്നാണ്‌ ഈ പുസ്തകത്തിൽ വിളിക്കുന്നത്‌. പൊലീസിനു നൽകിയ മൊഴി അനുസരിച്ച്‌  റുഷ്ദി എഴുതിയ രണ്ടു പേജുകൾ മാത്രമാണു അയാൾ വായിച്ചിട്ടുള്ളത്‌. യൂട്യൂബിൽ റുഷ്ദിയുടെ ഏതാനും വിഡിയോകളും കണ്ടു. 

ADVERTISEMENT

ഒരാൾക്കുനേരെ കത്തി ഉപയോഗിക്കുമ്പോൾ കുറഞ്ഞസമയത്തേക്കെങ്കിലും അവർക്കിടയിൽ ഒരു അടുപ്പം, ഇന്റിമസി, ഉണ്ടാകുന്നു. ഇത്‌ അപരിചിതർ തമ്മിൽ സംഭവിക്കുന്ന അടുപ്പമാണ്‌, ഒരു താളിൽ എഴുത്തുകാരനും വായനക്കാരനും തമ്മിലുണ്ടാകുന്ന അടുപ്പം പോലെ, റുഷ്ദി എഴുതുന്നു. പക്ഷേ കത്തി അതു പ്രയോഗിക്കുന്നവന്‌ ആനന്ദകരമായാലും ഇരയ്ക്ക്‌ അങ്ങനെയാവില്ലല്ലോ. 

ഉണർവിലെ സ്വപ്നമാണു കല. ആ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലെ പാലമാണ്‌ എഴുത്തുകാരന്റെ ഭാവന. തന്നെ ആക്രമിച്ച യുവാവുമായി, അയാൾ കത്തി വീശിയ 27 സെക്കൻഡിൽ ഉണ്ടായ അടുപ്പത്തിൽനിന്ന് ഒരു സാങ്കൽപിക സംഭാഷണം റുഷ്ദി നടത്തുന്നുണ്ട്‌. ആ സംഭാഷണമാണ്‌ ഈ പുസ്തകത്തിലെ ഫിക്ഷനൽ പാർട്ട്‌. ഇരുപത്തിനാലു വയസ്സു മാത്രമുള്ള ആ യുവാവിൽ എവിടെനിന്നാണ്‌ ഇത്രമാത്രം വെറുപ്പു കടന്നു വന്നതെന്ന് മനസ്സിലാക്കാനാണ്‌ ഈ അഭിമുഖം ശ്രമിക്കുന്നത്‌. 

ഖുമൈനിയുടെ ഫത്‌വയെത്തുടർന്നുണ്ടായ  ഒളിവുജീവിതം വിവരിക്കുന്ന റുഷ്‌ദിയുടെ പുസ്തകം ‘ജോസഫ്‌ ആന്റൺ’, മിക്കവാറും വിരസമായ ഒരു മെമ്മയർ ആയിരുന്നു. വധഭീഷണിയുടെ നിഴലിൽ കഴിയുന്ന എഴുത്തുകാരൻ നേടിയേക്കാവുന്ന ദാർശനിക ശക്തി അതിൽ കണ്ടില്ല. റുഷ്ദിയുടെ പ്രധാനപോരായ്മയായ വൃഥാസ്ഥൂലത ജോസഫ്‌ ആന്റണിൽ ഒരുപാടാണ്‌. 

അങ്ങനെ നോക്കുമ്പോൾ ‘നൈഫ്‌’ ദുഷ്ദിയുടെ നല്ല രചനകളിലൊന്നാണ്‌. മരണത്തിന്റെ പിടിയിൽനിന്നു  തിരിച്ചെത്തുന്ന ഒരാൾ സ്നേഹത്തിന്റെ കരവലയം മാത്രം ആഗ്രഹിക്കുന്നു. പ്രതിസന്ധികളിലെ നിരാലംബത അയാൾ മറച്ചുവയ്ക്കുന്നില്ല. ബെർഗ്മാന്റെ സെവൻത്‌ സീലിൽ, കുരിശുയുദ്ധം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന ഒരു മധ്യകാല യോദ്ധാവ്‌ ജീവൻ  രക്ഷിക്കാനായി മരണവുമായി പകിട കളിക്കുന്ന രംഗം എഴുത്തുകാരൻ ആശുപത്രികിടക്കയിൽ  ഓർക്കുന്നു. റുഷ്ദി എഴുതുന്നു: 

“ഞാൻ ആരാണ്, ഓഗസ്റ്റ് 11 നു ഉണ്ടായിരുന്ന അതേ ഞാനാണോ ഇപ്പോഴുമുള്ളത്? അതോ ഞാൻ മറ്റൊരാളായി മാറിയോ?” ചിലരീതിയിൽ താൻ മാറിപ്പോയിട്ടുണ്ട്. ഇതെങ്ങനെയാണ് തന്റെ എഴുത്തിനെ ബാധിക്കുകയെന്ന് ചോദ്യമുയർന്നു. തന്റെ രചനയുടെ ഉള്ളടക്കവും ഭാവുകത്വവും മാറിപ്പോയേക്കാം എന്നു പലരും സംശയിച്ചു. എന്നാൽ ഇത് തന്റെഎഴുത്തുശൈലിയെ ഒരിക്കലും ബാധിക്കാൻ പോകുന്നില്ലെന്ന് റുഷ്‌ദി വ്യക്തമാക്കുന്നു: “ഞാൻ നേരിട്ട അതിക്രമം എന്റെ കലയെ ബാധിക്കാൻ പോകുന്നില്ല”.

മുൻപ് റുഷ്ദി പറഞ്ഞ ഒരു ഉദാഹരണമുണ്ട്. “നിങ്ങൾ മറ്റേതോ ഗ്രഹത്തിൽനിന്ന് വന്ന ഒരു റീഡറെ സങ്കൽപിക്കുക. അയാൾക്ക് എന്നെപ്പറ്റി ഒന്നും അറിയില്ല. അയാൾ എന്റെ പുസ്തകങ്ങൾ ഓരോന്നും അതിന്റെ പ്രസിദ്ധീകരണ ക്രമമനുസരിച്ചു വായിക്കുന്നുവെന്നും കരുതുക. എന്നാൽ 1989 ൽ ഈ എഴുത്തുകാരന്റെ ജീവിതത്തിൽ വലിയൊരു ദുരന്തം നടന്നുവെന്ന് ആ വായനകളിൽ അവർ മനസ്സിലാക്കാൻ പോകുന്നില്ല. പുസ്തകങ്ങൾ അതിന്റെ സ്വന്തം യാത്രയാണു  നടത്തുന്നത്‌.

ഫത്‌വ ഒരു എഴുത്തുകാരനെന്ന നിലയിൽ എന്നെ തകർത്തേനേ, ഞാൻ ഭയചകിതമായ രചനകൾ തുടർന്ന് എഴുതിയിരുന്നുവെങ്കിൽ, അല്ലെങ്കിൽ ഞാൻ പ്രതികാര പുസ്തകങ്ങൾ പിന്നീട് എഴുതാൻ തുടങ്ങിയിരുന്നുവെങ്കിൽ.” 

1989നുശേഷം ഫത്‌വ ഉണ്ടാക്കിയെടുത്ത ഒരു നരേറ്റീവിൽനിന്ന് പുറത്തേക്ക്‌ ജീവിതം കൊണ്ടുപോകാനാണു റുഷ്ദി ശ്രമിച്ചതെങ്കിലും മൂന്നു ദശകത്തിനു ശേഷം അത്‌ എഴുത്തുകാരനെ തിരഞുചെന്നു. ഒരു കലാകാരനെന്ന നിലയിലുള്ള അതിജീവനമെന്നതിനുള്ള സത്യസന്ധമായ മാർഗം സ്വന്തം സാഹിത്യപാതയെ തിരിച്ചറിഞ്ഞ്‌ ആ വഴിയെ പോകുകയാണ്.  ഇപ്പോൾ, മരണത്തിന്റെ വക്കിൽനിന്ന് തിരിച്ചെത്തിയയാൾ വീണ്ടും അതേ പഴയ മനുഷ്യനായിരിക്കുമോ?

റുഷ്ദി ഈ വിഷയം സംസാരിക്കുന്നതിനിടെ മിലൻ കുന്ദേര, റെയ്മണ്ട് കാർവർ, ഗുന്തർഗ്രാസ്, ബോർഹെസ്, നജീബ്‌ മഹ്ഫൂസ്‌, പോൾ ഓസ്റ്റർ, മാർട്ടിൻ അമിസ്‌ തുടങ്ങിയവരെ ഉദ്ധരിക്കുന്നുണ്ട്. റൈറ്ററുടെ സ്വത്വം, അകാല മരണം എന്നിവ സംബന്ധിച്ച പല വീക്ഷണങ്ങൾ അവതരിപ്പിക്കാൻ ആണത്‌. ബർലിനിൽ ഒരു കഫേയിലിരുന്നു ഗുന്തർഗ്രാസുമായി സംസാരിക്കവേ അദ്ദേഹം റുഷ്ദിയോടു പറഞ്ഞു – "ചിലസമയങ്ങളിൽ എനിക്കു തോന്നാറുണ്ട്, ഞാൻ രണ്ടു മനുഷ്യനാണ്; ഗുന്തറും ഗ്രാസും. ഗുന്തർ എന്റെ ഭാര്യയുടെ ഭർത്താവും മക്കളുടെ അച്ഛനുമാണ്, എന്റെ കൂട്ടുകാരുടെ സുഹൃത്താണ്, അയാൾ എന്റെ വീട്ടിൽ താമസിക്കുന്നു. ഗ്രാസ് ആകട്ടെ പുറത്ത് ഈ ലോകത്ത്, ഒച്ചയുണ്ടാക്കുന്നു, പ്രശ്നമുണ്ടാക്കുന്നു.”

‘ബോർഹെസ് ആൻഡ് ഐ’എന്ന ബോർഹെസിന്റെ വിഖ്യാതമായ ആത്മബോധ പ്രഖ്യാപനവും റുഷ്ദിയുടെ മനസ്സിലുണ്ട്‌. ബോർഹെസിന്റെ വാക്കുകൾ ഏതാണ്ട്‌ ഇങ്ങനെയാണ്‌-” ബോർഹെസ് എഴുതിയ പുസ്തകങ്ങളിൽ ഏറെ സ്ഥലങ്ങളിലും ഞാനെന്നെ തിരിച്ചറിയുന്നില്ല, ഞാൻ എന്നിലല്ല, ബോർഹെസിൽ ശേഷിക്കും (ഞാൻ ശരിക്കും മറ്റൊരാളാണെങ്കിൽ), ഞങ്ങളിലാരാണ് ഈ താളുകളെഴുതിയതെന്ന് എനിക്കറിയില്ല".

1989 നുശേഷം ലോകത്ത് പ്രചരിക്കുന്ന മറ്റനേകം റുഷ്ദിമാരെ ഓർത്ത് തനിക്ക് അസ്വസ്ഥത തോന്നിയിട്ടുണ്ടെന്ന് എഴുത്തുകാരൻ പറയുന്നു.

താൻ സൽമാനും റുഷ്ദിയുമാണ്. റുഷ്ദി എന്നൊരു പൈശാചികൻ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തന്നെ കൊല്ലാൻ വന്ന ഇരുപത്തിനാലുകാരൻ ആ പൈശാചികനെയാണു ലക്ഷ്യമിട്ടത്. 2022 ഓഗസ്റ്റ് 12 നു ശേഷം  അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മരണത്തിന്റെ വക്കോളമെത്തിയ മറ്റൊരു റുഷ്ദിയും കൂടി രൂപമെടുത്തു. 

നല്ല റുഷ്ദിയും ചീത്ത റുഷ്ദിയും എന്ന ഈ ദ്വന്ദ്വത്തിനുള്ളിലാണു എഴുത്തുകാരന്റെ ജീവിതം.

എന്നാൽ ഈ ദ്വന്ദ്വങ്ങൾക്ക്‌ വീട്ടിലിരുന്ന് എഴുതുന്ന സൽമാനുമായി ഒരു സാമ്യവുമില്ല. തന്റെ നോവലുകൾക്ക് ഇനിയും വായനക്കാരുണ്ടാകുമെന്ന വിശ്വസത്തിൽ നോവലുകൾ കണ്ടെത്താനായുള്ള യാത്ര സൽമാനു തുടരാതിരിക്കാനുമാവില്ല. 

ജീവിതമെന്നത്‌ ഒരു ഒറ്റ ഷോട്ട്‌ ഇടപാടാണെന്ന് മിലൻ കുന്ദേര വിശ്വസിച്ചു. സംഭവിച്ചുപോയതിനെ പുതുക്കാൻ നിങ്ങൾക്കു കഴിയില്ല. സെക്കൻഡ്‌ ഡ്രാഫ്റ്റ്‌ എന്ന ഒന്ന് അവിടെയില്ല. “അൺബെയറബ്ൾ ലൈറ്റ്നസ്‌ ഓഫ്‌ ബീയിംഗ്‌” എന്നതുകൊണ്ട് കുന്ദേര ഉദ്ദേശിച്ചത്‌ ഇതാണ്‌. പക്ഷേ തന്റെ ജീവിതത്തിൽ തനിക്കൊരു രണ്ടാം അവസരം ഇപ്പോൾ ലഭിച്ചിരിക്കുന്നുവെന്ന് റുഷ്ദി പറയുന്നു. കുന്ദേര അസാധ്യമെന്നു വിശ്വസിച്ചിരുന്ന ജീവിതത്തിലെ രണ്ടാം ഷോട്ടിൽ ആണ്‌ താൻ ഈ പുസ്തകം എഴുതുന്നത്‌. 

English Summary:

Ezhuthumesha column by Ajay P Mangatt