വീണ്ടുവായന: ഒരു 'ക്ലാസിക്' കേസ്
വിചാരത്തേക്കാൾ വീണ്ടുവിചാരമാണു പ്രധാനമെങ്കിൽ വായനയെക്കാൾ വീണ്ടുവായനയാണു വേണ്ടത്. ഇരിക്കപ്പൊറുതിയില്ലാത്ത വായനയാണ് ആദ്യവായന, വീണ്ടുവായനയാകട്ടെ ഇരുത്തം വന്ന വായനയും. ലക്ഷ്യത്തിലെത്താനുള്ള തിടുക്കത്തിലാണ് ആദ്യവായന.
വിചാരത്തേക്കാൾ വീണ്ടുവിചാരമാണു പ്രധാനമെങ്കിൽ വായനയെക്കാൾ വീണ്ടുവായനയാണു വേണ്ടത്. ഇരിക്കപ്പൊറുതിയില്ലാത്ത വായനയാണ് ആദ്യവായന, വീണ്ടുവായനയാകട്ടെ ഇരുത്തം വന്ന വായനയും. ലക്ഷ്യത്തിലെത്താനുള്ള തിടുക്കത്തിലാണ് ആദ്യവായന.
വിചാരത്തേക്കാൾ വീണ്ടുവിചാരമാണു പ്രധാനമെങ്കിൽ വായനയെക്കാൾ വീണ്ടുവായനയാണു വേണ്ടത്. ഇരിക്കപ്പൊറുതിയില്ലാത്ത വായനയാണ് ആദ്യവായന, വീണ്ടുവായനയാകട്ടെ ഇരുത്തം വന്ന വായനയും. ലക്ഷ്യത്തിലെത്താനുള്ള തിടുക്കത്തിലാണ് ആദ്യവായന.
വിചാരത്തേക്കാൾ വീണ്ടുവിചാരമാണു പ്രധാനമെങ്കിൽ വായനയെക്കാൾ വീണ്ടുവായനയാണു വേണ്ടത്. ഇരിക്കപ്പൊറുതിയില്ലാത്ത വായനയാണ് ആദ്യവായന, വീണ്ടുവായനയാകട്ടെ ഇരുത്തം വന്ന വായനയും. ലക്ഷ്യത്തിലെത്താനുള്ള തിടുക്കത്തിലാണ് ആദ്യവായന. വായനാവഴിയിലെ വളവുതിരിവുകളോ അരികുദൃശ്യങ്ങളോ അതിസൂക്ഷ്മതകളുടെ ഇലയനക്കങ്ങളോ അടക്കങ്ങളോ അവരുടെ ശ്രദ്ധയിൽ വേണ്ടുംവിധം പതിഞ്ഞെന്നു വരില്ല. എഴുത്തുമുറിയിലല്ലാത്ത ഹാരുകി മുറാകാമിയെപ്പോലെ അവരും ഓട്ടപ്പാച്ചിലിലാണ്. ഇടിമുഴക്കങ്ങൾ ആദ്യവായനയിലേ ഉള്ളിൽ പതിഞ്ഞെന്നു വരാം. പക്ഷേ ലീനധ്വനികൾ ശ്രദ്ധിച്ചെന്നു വരില്ല. ആദ്യവായനകൾ അതുകൊണ്ടാണ് മിക്കപ്പോഴും അതി(ദയനീയ)വായനകളാകുന്നത്.
പടിയിറങ്ങുമ്പോൾ പിൻവിളി വിളിക്കുന്ന, അകലെയായിരിക്കുമ്പോൾ അന്നമോർമിപ്പിച്ചു കൊതിപ്പിക്കുന്ന വീടുകൾ പോലെ, വീണ്ടും വീണ്ടും നമ്മെ മടക്കിവിളിച്ചുകൊണ്ടേയിരിക്കുന്ന പുസ്തകങ്ങളുണ്ട്. ആരും അംഗീകരിച്ചുതന്നില്ലെങ്കിലും അവ നമുക്കെങ്കിലും ക്ലാസിക്കുകളാകുന്നു. അപ്രതീക്ഷിതമായ എന്തോ ഒന്ന് ഓരോ വായനയിലും കരുതിവയ്ക്കുന്നു. ഒരാൾക്ക് ഒരേ നദിയിൽ രണ്ടുവട്ടം ഇറങ്ങാനാകില്ലെന്നു ഹെരാക്ലിറ്റസ് പറഞ്ഞതു ശരിയാണെന്നു നാം തിരിച്ചറിയുന്നു. 'ബുക്‌സ് വേഴ്‌സസ് സിഗരറ്റ്‌സ്' എന്ന ലേഖനത്തിൽ ജോർജ് ഓർവൽ പലതരം പുസ്തകങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അതിലൊന്ന്, 'ബുക്‌സ് ദാറ്റ് ബികം പാർട്ട് ഓഫ് ദ് ഫർണിച്ചർ ഓഫ് മൈൻഡ്' ആണ്. വായനക്കാരിൽനിന്ന് ആ പുസ്തകങ്ങളെ ചേറിക്കൊഴിക്കാനാകില്ല. അതു നമ്മെ നിരന്തരം നിർവചിക്കുകയും ചിന്താവ്യവസ്ഥകളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടു ക്ലാസിക്കുകൾ വായിക്കണം? എന്നു ചോദിച്ചത് ഇറ്റാലിയൻ എഴുത്തുകാരനായ ഇതാലോ കാൽവിനോയാണ്, അതേ പേരുള്ള പുസ്തകത്തിൽ. ക്ലാസിക് എന്താണെന്നതിനു പതിനാലു നിർവചനങ്ങൾ അദ്ദേഹം നിരത്തി. 'ഞാൻ വീണ്ടും വായിക്കുകയാണ്' എന്നല്ലാതെ 'ഞാൻ വായിക്കുകയാണ്' എന്ന് ആളുകൾ പറയുക പതിവില്ലാത്ത പുസ്തകങ്ങളാണ് ക്ലാസിക്കുകൾ എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. ക്ലാസിക്കുകളെ നിങ്ങൾക്കു വായിക്കാനാകില്ല, പുനർവായിക്കാനേ കഴിയൂ. ആദ്യവായനയിൽ വിചിത്രദുർഗങ്ങളോ എങ്ങോട്ടും നയിക്കുന്നതല്ലെന്നു തോന്നിപ്പിക്കുന്ന പിരിയൻ ഗോവണികളോ ആയി തോന്നിയേക്കാം. മറ്റുചിലപ്പോൾ അതിലാളിത്യം കൊണ്ടു കൺകെട്ടു നടത്തിയേക്കാം. ആവർത്തിച്ചുള്ള വായനകളിൽ അർഥങ്ങൾ അടരടരായി തെളിയും. ഇതിവിടെയുണ്ടായിരുന്നോ എന്നു വിസ്മയിപ്പിക്കാം. ക്ലാസിക്കുകൾ കാലത്തിനൊത്തു പുതുതാകും. അതിനേതു കാലവും സമകാലീനം. ഏതനുഭവവും എക്കാലത്തെയും അനുഭവം. അതിന്റെ വല കാലത്തിനു മുറിക്കാനാകാത്തത്; പരപ്പിലും ആഴത്തിലും നിവരുന്നത്.
ഒരാൾക്കു പുസ്തകം വായിക്കാനാകില്ലെന്നും പുനർവായിക്കാനേ കഴിയൂവെന്നും വ്‌ളാഡിമിർ നബോക്കോവ് ഒരിടത്തു പറഞ്ഞിട്ടുണ്ട്. നല്ലൊരു വായനക്കാരൻ, പ്രധാനപ്പെട്ടൊരു വായനക്കാരൻ, സജീവതയും സർഗാത്മകതയുമുള്ള വായനക്കാരൻ പുനർവായനക്കാരനാണെന്നാണ് അദ്ദേഹം പറയുന്നത്. നമ്മൾ ആദ്യമായി ഒരു പുസ്തകം വായിക്കുമ്പോൾ അതിലുള്ള ശാരീരികായാസത്തെ നബോക്കോവ് എടുത്തുപറയുന്നു. വരിവരിയായി, താളുതാളായി, ഇടത്തുനിന്നു വലത്തോട്ടു വായിച്ചുപോകുകയെന്നതു പ്രയാസകരമാണ്. ആ ശാരീരികാധ്വാനം വായനക്കാരനും കലാത്മകമായ ആസ്വാദനത്തിനും ഇടയിൽ നിൽക്കുന്നു. ദൃശ്യാത്മകമായ എഴുത്തിന്റെ അതികായനായിരുന്ന നബോക്കോവ് ഒരു പെയ്ന്റിങ് കാണുന്നതിനെ പുസ്തകം വായിക്കുന്നതിനോടു താരതമ്യപ്പെടുത്തുന്നുണ്ട്. പെയ്ന്റിങ് ആസ്വദിക്കാൻ പുസ്തകം വായിക്കുമ്പോഴുള്ളതുപോലെ കണ്ണുകൾ നിരന്തരം ചലിപ്പിക്കേണ്ടി വരുന്നില്ല. വായിക്കുമ്പോൾ അതു ശീലിക്കാൻ നാം സമയമെടുക്കും. രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ തവണ ഒരു പുസ്തകത്തിലൂടെ കടന്നുപോകുമ്പോഴാകും ഒരു പെയ്ന്റിങ് ആസ്വദിക്കുന്നതുപോലെ വായന ആസ്വദിക്കാൻ കഴിയുകയെന്നും നബോക്കോവ് പറഞ്ഞിട്ടുണ്ട്.
ക്ലാസിക്കുകളെ ഉരകല്ലുകളായി കരുതാം. ഇക്കാലവും വരുംകാലവുമെല്ലാം അതിൽ അതതിന്റെ ഭാവുകത്വശേഷി കൊണ്ടും സംവേദനക്ഷമതകൊണ്ടും ഉരച്ചുനോക്കും. നമ്മുടെ ഭാവുകത്വത്തിന്റെ മാറ്റും ക്ലാസിക്കുകളുടെ നിത്യനൂതനതയും ഒരുപോലെ തൊട്ടറിയാം. പുനർവായനയെ പുനർജന്മമായിത്തന്നെ സ്വീകരിച്ചിരുന്നു, രോഗങ്ങളെ രൂപകങ്ങളായി കരുതിയ സൂസൻ സൊൻടാഗ്. ദിവസം പത്തുമണിക്കൂറൊക്കെ വായനയ്ക്കായി മാറ്റിവച്ചിരുന്ന സൂസന്റെ മേശപ്പുറത്തു ഡിവൈൻ കോമഡിയും അന്നാകരെനീനയും ഓൺ ദ് നേച്വർ ഓഫ് തിങ്‌സുമടക്കമുള്ള പുനർവായനാവിഭവങ്ങൾ എപ്പോഴും ഉണ്ടായിരുന്നു.
മനുഷ്യർക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്നതിന്റെ തെളിവാണു പുസ്തകങ്ങളെന്നു കാൾ സാഗൻ എഴുതി. മനുഷ്യർക്ക് അത്ഭുതങ്ങൾ ആവർത്തിക്കാനും അപ്പോഴും അതിലെ അത്ഭുതാംശം നഷ്ടമാകാതെ കാത്തുസൂക്ഷിക്കാനും കഴിയുമെന്നതിന്റെ തെളിവാണ് അപ്പോൾ വീണ്ടുവായന. ഒരു സംശയം ബാക്കിയാകുന്നു: ഇൻസ്റ്റഗ്രാം റീലുകളുടെ കെയറോഫിലുള്ള കേവലാനന്ദങ്ങളുടെ തടവുകാരായ ഒരു തലമുറ സംഗ്രഹീത പുനരാഖ്യാനമായിട്ടല്ലാതെ ടോൾസ്‌റ്റോയിയെയും ദെസ്തയോവ്‌സ്‌കിയെയും സമ്പൂർണമായി വായിക്കാനുള്ള ക്ഷമ കാട്ടുമോ? ലിങ്കുകൾ ചാടിച്ചാടിയുള്ള നോൺലീനിയർ വായന ശീലമായ പുതിയ തലമുറയെ അതിശയിപ്പിക്കാനും അതുവഴി കാലത്തെ അതിജീവിക്കാനും ക്ലാസിക്കുകൾക്കാകുമോ?