പതിമൂന്നു വർഷങ്ങൾക്കു മുൻപാണു യു. പി. ജയരാജിന്റെ വീടുതേടി ചെന്നത്. വഴികാട്ടാനും കാത്തുനിൽക്കാനും എഴുത്തുകാരനില്ലായിരുന്നു. ‘ഹൃദ്യമായ സ്വാതന്ത്ര്യത്തിലേക്കു വെമ്പലോടെ കുതിക്കുന്ന അനേകം കാലടികൾ’ ബാക്കിയാക്കി ജയരാജ് പോയിട്ട് അപ്പോഴേക്കും ഒരു പതിറ്റാണ്ടു പിന്നിട്ടിരുന്നു.

പതിമൂന്നു വർഷങ്ങൾക്കു മുൻപാണു യു. പി. ജയരാജിന്റെ വീടുതേടി ചെന്നത്. വഴികാട്ടാനും കാത്തുനിൽക്കാനും എഴുത്തുകാരനില്ലായിരുന്നു. ‘ഹൃദ്യമായ സ്വാതന്ത്ര്യത്തിലേക്കു വെമ്പലോടെ കുതിക്കുന്ന അനേകം കാലടികൾ’ ബാക്കിയാക്കി ജയരാജ് പോയിട്ട് അപ്പോഴേക്കും ഒരു പതിറ്റാണ്ടു പിന്നിട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിമൂന്നു വർഷങ്ങൾക്കു മുൻപാണു യു. പി. ജയരാജിന്റെ വീടുതേടി ചെന്നത്. വഴികാട്ടാനും കാത്തുനിൽക്കാനും എഴുത്തുകാരനില്ലായിരുന്നു. ‘ഹൃദ്യമായ സ്വാതന്ത്ര്യത്തിലേക്കു വെമ്പലോടെ കുതിക്കുന്ന അനേകം കാലടികൾ’ ബാക്കിയാക്കി ജയരാജ് പോയിട്ട് അപ്പോഴേക്കും ഒരു പതിറ്റാണ്ടു പിന്നിട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിമൂന്നു വർഷങ്ങൾക്കു മുൻപാണു യു. പി. ജയരാജിന്റെ വീടുതേടി ചെന്നത്. വഴികാട്ടാനും കാത്തുനിൽക്കാനും എഴുത്തുകാരനില്ലായിരുന്നു. ‘ഹൃദ്യമായ സ്വാതന്ത്ര്യത്തിലേക്കു വെമ്പലോടെ കുതിക്കുന്ന അനേകം കാലടികൾ’ ബാക്കിയാക്കി ജയരാജ് പോയിട്ട് അപ്പോഴേക്കും ഒരു പതിറ്റാണ്ടു പിന്നിട്ടിരുന്നു. കത്തിക്കാളുന്ന വെയിലായിരുന്നു, പക്ഷേ പ്രത്യാശാനിർഭരമായി കാറ്റു വീശുന്നുണ്ടായിരുന്നു. ‘വൃക്ഷങ്ങളിച്ഛിച്ചാലും കാറ്റു ശമിക്കുകയില്ലെ’ന്നു ജയരാജ് എഴുതിയത് ഓർത്തു. തലശ്ശേരിക്കടുത്തു കൊളശേരി തോട്ടുമ്മലിലെ വീട്ടിലേക്കു ഫോണിലൂടെ വഴികാട്ടിയതു ജയരാജിന്റെ സുഹൃത്തുക്കളായിരുന്നു. അവിടെച്ചെന്നാൽ ജയരാജ്  കാത്തുനിൽക്കുന്നുണ്ടാകും എന്നതുപോലെയാണ് അവർ സംസാരിച്ചത്. ജയരാജ് അവർക്കു ഭൂതകാലമായിരുന്നില്ല, തുടരുന്ന വർത്തമാനകാലമായിരുന്നു. ഇടവഴി കടന്ന് പഴയൊരു വീടും പണിപൂർത്തിയാകാത്ത പുതിയ വീടും കണ്ടു. ഒരു ഫോട്ടോയെടുക്കാൻപോലും സമ്മതിക്കാതെ ജയരാജിനെക്കുറിച്ചു മാത്രം പ്രസീദ സംസാരിച്ചു. സ്നേഹമിറ്റുന്ന ആ വാക്കുകളുടെ അകത്തളത്തിലൂടെ ബലിഷ്ഠമായ കൈകൾ പിന്നിൽകെട്ടി ഉലാത്തുന്നുണ്ടായിരുന്നു, മലയാളത്തിന്റെയും പ്രസീദയുടെയും പ്രിയപ്പെട്ടവൻ. 

1993ലായിരുന്നു പ്രസീദയുടെയും ജയരാജിന്റെയും വിവാഹം. നാട്ടിൽ അധികദിനം നിൽക്കാൻ ജയരാജിന് അവധിയില്ലായിരുന്നു. വിവാഹം കഴിഞ്ഞു വെറും മൂന്നുദിവസമാണു വീട്ടിൽ താമസിച്ചത്. തിരുച്ചിറപ്പള്ളിയിലെ ജോലിസ്ഥലത്തേക്കു ജയരാജ് മടങ്ങിയപ്പോൾ പ്രസീദയും ഒപ്പമുണ്ടായിരുന്നു. പ്രതിരോധ വകുപ്പിനു കീഴിലുള്ള ആയുധനിർമാണ ശാലയിൽ ഇലക്‌ട്രിക്കൽ ചാർജ്‌മാനായിരുന്നു ജയരാജ്. അവിടെ ക്വാർട്ടേഴ്‌സിലായിരുന്നു താമസം. ഒരുപാടു സുഹൃത്തുക്കളുണ്ടായിരുന്നു. വായനയും എഴുത്തുമുള്ളവർ മാത്രമല്ല, അതൊന്നുമില്ലാത്ത സാധാരണ മനുഷ്യർ പോലും സ്വാതന്ത്ര്യത്തോടെ കയറിവന്നു. ചായയുണ്ടാക്കുകയും കുടിക്കുകയും വർത്തമാനം പറയുകയും ചെയ്തു. എല്ലാവരോടും ഒരുപോലെ പെരുമാറുകയും പ്രതിസന്ധികളിൽ ചേർത്തുപിടിക്കുകയും ചെയ്യുന്നത് ജയരാജിനു സഹജമായ ശീലമായിരുന്നു.

യു. പി. ജയരാജും ഭാര്യയും , Image Credit: Special Arrangement
ADVERTISEMENT

ജോലിയുടെ കാര്യത്തിൽ കർക്കശക്കാരനായിരുന്നു. സമയം തെറ്റിക്കുകയോ ഉഴപ്പുകയോ ഉണ്ടായിട്ടില്ല. അതുകൊണ്ടു സഹപ്രവർത്തകർക്കും മേലധികാരികൾക്കും ഇഷ്ടമായിരുന്നു. രാത്രി എല്ലാവരും ഉറക്കത്തിലേക്കു കടക്കുമ്പോൾ ജയരാജ് വായനയിലേക്കു കടക്കും. ഒരുപാട് ആഴ്ചപ്പതിപ്പുകൾ വാങ്ങിയിരുന്നു. അതു മുഴുവനായി വായിച്ചില്ലെങ്കിൽ വല്ലാത്തൊരു അസ്വസ്ഥത പ്രകടിപ്പിക്കുമായിരുന്നു. പല വിഷയങ്ങളിലുള്ള പുസ്തകങ്ങളും വായിച്ചുകൊണ്ടിരുന്നു. എല്ലാ ദിവസവും സമയമുണ്ടാക്കി വായിച്ചു. പുസ്‌തകങ്ങളില്ലാതൊരു ജീവിതം ജയരാജിന് ഉണ്ടായിരുന്നില്ല. എഴുത്തുകാരും ചിന്തകരുമായ സുഹൃത്തുക്കളുമായും സുഹൃത്തുക്കൾ മാത്രമായ സുഹൃത്തുക്കളുമായും കത്തിടപാടുകളുണ്ടായിരുന്നു. നിരന്തരം കത്തുകൾ വരുമായിരുന്നു. അതിനെല്ലാം അന്നു തന്നെ മറുപടി അയയ്‌ക്കുമായിരുന്നെന്ന് പ്രസീദ ഓർക്കുന്നു. ഒരു കഥയെഴുതുന്നതുപോലെ, വളരെ ചിട്ടയോടെ സമയമെടുത്താണ് ഓരോ കത്തും എഴുതുക. പച്ച, വയലറ്റ് നിറങ്ങളിലെല്ലാം കത്തുകളെഴുതി. ഗോവർധൻ, സച്ചിദാനന്ദൻ, സിവിക് ചന്ദ്രൻ, സി. വി. ബാലകൃഷ്ണൻ.. തുടങ്ങി ഒട്ടേറെപ്പേരുമായി കത്തിടപാടുകളുണ്ടായിരുന്നു. 

ജയരാജിനെ എല്ലാക്കാലത്തും സങ്കടപ്പെടുത്തിയിരുന്ന ഒരു സംഭവം പ്രസീദ ഓർമിച്ചു. എപ്പോഴും ആവർത്തിക്കാറുള്ള കഥയാണത്. ക്വാർട്ടേഴ്‌സിൽ ഉച്ചയ്ക്കു മയങ്ങുകയായിരുന്നു ജയരാജ്. വാതിലിൽ മുട്ടുകേട്ടു തുറന്നപ്പോൾ രണ്ടുപേർ നിൽക്കുന്നു. അവരെ കണ്ടപ്പോഴേ പൊലീസുകാരാണെന്നു മനസ്സിലായി. ജയരാജ് ഞെട്ടിപ്പോയി. ആ പകപ്പു മറയ്ക്കാൻ മുഖത്തേക്കു വെള്ളം തളിച്ചു. അപ്പോൾ മുഖം പുകയുന്നപോലെ തോന്നിയെന്നു ജയരാജ് പ്രസീദയോടു പറഞ്ഞിട്ടുണ്ട്. ‘മഞ്ഞ്’ എഴുതിയ ജയരാജല്ലേ എന്നായിരുന്നു പൊലീസുകാരുടെ ആദ്യ ചോദ്യം. ‘അതെ’ എന്നു മറുപടി. ‘ഇന്നത്തെ തിയതി ഓർമയുണ്ടോ?’ അടുത്ത ചോദ്യം. ‘ജൂൺ 19’ എന്നു പറഞ്ഞപ്പോൾ എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകതയെന്ന് അടുത്ത ചോദ്യം. നീണ്ട പതിനേഴു മണിക്കൂറുകളാണ് അവർ ജയരാജിനെ ചോദ്യം ചെയ്‌തത്. ഇരുന്നിടത്തുനിന്ന് ഒന്നനങ്ങാൻപോലും പൊലീസുകാർ സമ്മതിച്ചില്ല. തങ്ങൾ ക്വാർട്ടേഴ്സിലുള്ള കാര്യം പുറത്തറിയിക്കാൻ ശ്രമിക്കരുതെന്നു കർശനമായ താക്കീതും നൽകി. ജയരാജിന്റെ മനസ്സ് അപ്പോൾ നീറിപ്പുകയുകയായിരുന്നു. കാരണം കെ. വേണു വൈകാതെ അവിടേക്കു വരും. കായണ്ണ പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിനു ശേഷം ഒളിവിലായിരുന്നു വേണു. പൊലീസ് എല്ലായിടത്തും വലവിരിച്ചു തപ്പുന്ന കാലം. അങ്ങനെയാണു ജയരാജിലേക്കും അവരെത്തിയത്. വേണു എത്തിയാൽ പൊലീസുകാർ തിരിച്ചറിയുമെന്നത് ഉറപ്പ്. എങ്ങനെയെങ്കിലും അറിയിക്കാനാണെങ്കിൽ അതിനും നിവൃത്തിയില്ല. 

ADVERTISEMENT

നക്സൽ രാഷ്ട്രീയത്തോട് ആഭിമുഖ്യമില്ലെന്നും എഴുത്തുകാരൻ മാത്രമാണെന്നും പ്രസിദ്ധീകരണത്തിനു കഥകൾ ചോദിച്ചാണു സുഹൃത്തുക്കൾ വരുന്നതെന്നുമൊക്കെ കിണഞ്ഞു പറഞ്ഞുനോക്കിയെങ്കിലും ഏശിയില്ല. വേണു അവിടേക്കു വരുന്ന കാര്യം വേണുവിനും ജയരാജിനും എംഎൽ പാർട്ടിയുടെ മറ്റൊരു നേതാവിനും മാത്രമേ അറിയാമായിരുന്നുള്ളൂ. ആ മൂന്നാമനും അന്നു വരേണ്ടതായിരുന്നെങ്കിലും എത്തിയില്ല. വേണു വരുന്ന കാര്യം ജയരാജ് ആരോടും പറഞ്ഞിട്ടില്ല. വേണുവാകട്ടെ അതൊരിക്കലും പറയുകയുമില്ല. അപ്പോൾ ആരായിരുന്നു ഒറ്റുകാരനെന്നു വ്യക്‌തം. എങ്കിലും ആ സങ്കടം ജയരാജ് എല്ലാക്കാലത്തും ഉള്ളിൽ കൊണ്ടുനടന്നു. അറസ്‌റ്റ് ചെയ്യപ്പെടുമ്പോൾ വേണു നോക്കിയ നോട്ടം ഒരിക്കലും മറക്കാനാവില്ലെന്ന് ജയരാജ് പ്രസീദയോടു പലവട്ടം പറഞ്ഞിട്ടുണ്ട്. ഒറ്റുകാരനെന്ന് പ്രിയപ്പെട്ട സഖാവിനാൽ സംശയിക്കപ്പെട്ടല്ലോ എന്ന സങ്കടം ജയരാജിനെ വല്ലാതെ ഉലച്ചു. അടുത്ത സുഹൃത്തായ ഗോവർധനുള്ള കത്തിൽ ജയരാജ് എഴുതി: ‘എന്റെ ധീരനായ, ഓമനയായ നിർമലനായ സഖാവ് ഒന്നുമറിയാതെ വന്നു കതകിൽ തട്ടി – അദ്ദേഹം അറസ്‌റ്റ് ചെയ്യപ്പെട്ടു. പ്രപഞ്ചത്തിന്റെ ഏറ്റവും മഹത്തായ ധീരോദാത്തതയോടെയും കൂസലില്ലായ്‌മയോടെയും എന്റെ സഖാവ് മന്ദഹസിച്ചു–സാരമില്ല’.

യു. പി. ജയരാജ്, Image Credit: Special Arrangement

അസുഖ ബാധിതനായപ്പോൾ ജയരാജ് തെല്ലും പകച്ചില്ല. ആദ്യമൊക്കെ ചികിൽസയ്‌ക്കുപോലും തയാറായിരുന്നില്ല. സഹതാപ വാക്കുകളുമായി എത്തിയവരിൽനിന്നു മുഖം തിരിച്ചു. രോഗത്തെക്കുറിച്ച് ആരോടും സംസാരിക്കാൻ ജയരാജ് ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നു പ്രസീദ ഓർക്കുന്നു. ആർക്കും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി. രോഗം പിടിമുറുക്കിയിട്ടും ക്ഷീണം ഏറിവന്നിട്ടും ചങ്കുറപ്പോടെ, അസാമാന്യമായ തന്റേടത്തോടെ ജയരാജ് നടന്നു. രക്‌താണുക്കളുടെ അളവുകുറയാൻ തുടങ്ങിയതോടെ തിരുച്ചിറപ്പള്ളിയിൽ നിന്നു നാട്ടിലെത്തി. ആയുർവേദത്തിലേക്കും പ്രകൃതിചികിത്സയിലേക്കും തിരിഞ്ഞു. പച്ചക്കറി മാത്രം കഴിക്കുകയാണെങ്കിലേ ചികിൽസിക്കൂ എന്നു വൈദ്യൻ പറഞ്ഞപ്പോൾ വെറും പച്ചക്കറിയായി ജീവിച്ചിട്ടെന്തിനാണ് എന്നായിരുന്നു ജയരാജ്  ചോദിച്ചത്. വ്യായാമം ചെയ്തു ദൃഢമാക്കിയ, മസിൽപ്പെരുക്കമുള്ള കൈകൾ പുറകിൽ കെട്ടി ജയരാജ് നടക്കുന്നതുകണ്ട് വൈദ്യൻ അത്ഭുതപ്പെട്ടു. ‘ഈ അവസ്‌ഥയിൽ ഇങ്ങനെ നടക്കാൻ സാധാരണ ചങ്കൂറ്റം പോരാ’. വീട്ടിൽനിന്ന് ഇഷ്ടഭക്ഷണവും ഇളനീരുമൊക്കെയായപ്പോൾ രക്‌താണുക്കളുടെ അളവു കൂടി. ആരോഗ്യം പതുക്കെയാണെങ്കിലും മെച്ചപ്പെട്ടു തുടങ്ങി. അതോടെ വീണ്ടും ജോലിസ്‌ഥലത്തേക്കു മടങ്ങി. രോഗം വീണ്ടും പിടിമുറുക്കി. കാൻസറാണെന്ന് സ്ഥിതീകരിച്ചു. പരിശോധനാ ഫലം വന്ന അന്നായിരുന്നു ജയരാജിന്റെ മരണം.

യു. പി. ജയരാജിന്റെ കൈയക്ഷരം, Image Credit: Special Arrangement
ADVERTISEMENT

ഒഴിഞ്ഞുമാറി നടന്ന ജയരാജിനെത്തേടി എത്തിയ പത്രപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്, ‘ഈ അസുഖമൊന്നു മാറട്ടെ, എന്നിട്ട് ഞാൻ നിങ്ങൾക്ക് നീണ്ട അഭിമുഖംതന്നെ തരാം’ എന്നായിരുന്നു. അപ്പോൾ മരണം അഭിമുഖം നിൽക്കുന്നൊരാളുടെ പതർച്ച ജയരാജിനുണ്ടായിരുന്നില്ല. ഏതു കൊടിയ പ്രതിസന്ധിയിലും അണയാത്തതായിരുന്നു ആ പ്രത്യാശാനിർഭരമായ മനസ്സ്. 

ടി. പത്മനാഭനെയായിരുന്നു എഴുത്തുകാരിൽ ജയരാജിന് ഏറ്റവുമിഷ്‌ടമെന്നു പ്രസീദ ഓർക്കുന്നു. വലിയ സ്‌നേഹത്തോടെയാണ് അദ്ദേഹത്തെക്കുറിച്ചു സംസാരിക്കാറുള്ളത്. സുഹൃത്തായ ഗോവർധന്റെ വിവാഹച്ചടങ്ങിൽ വച്ച് ജയരാജ് പത്മനാഭനെ കണ്ടിരുന്നു. അടുത്ത സുഹൃത്തുക്കളിൽ ചിലർ മാത്രം ഇപ്പോഴും ജയരാജിന്റെ കുടുംബത്തെ ഓർക്കുന്നു. യൗവ്വനതീക്ഷ്ണവും സമരനിർഭരവുമായ ആ കഥകളാകട്ടെ ഇന്നു സങ്കൽപിക്കാൻ പോലുമാകാത്ത ഒരു കാലത്തിന്റെയും സ്വപ്നങ്ങളുടെയും സത്യവാങ്മൂലങ്ങളായി നിൽക്കുന്നു. 

പ്രിയപ്പെട്ട ജയരാജ്, താങ്കൾ വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചു വർഷമാകുന്നു. ‘മഞ്ഞിലെ’ വാക്കുകളെ ഇങ്ങനെ മാറ്റിയെഴുതട്ടെ: ‘പൗരുഷവും കൂസലില്ലായ്‌മയും നിറഞ്ഞ ധീരമായ ആ കഥയും ജീവിതവും ഞങ്ങളുടെ ഉള്ളിൽ പിന്നെയും പൊട്ടിച്ചിതറുകയാണ്; സാന്തിയാഗോയുടെ ധീരമായ പുഞ്ചിരിപോലെ’.

English Summary:

Remembering writer U. P. Jayaraj

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT