മലയാള മനോരമ ഹോർത്തൂസ് വായനയിൽ എഴുത്തുവഴികൾ പങ്കുവച്ച് എം.മുകുന്ദനും ഷീല ടോമിയും
കണ്ണൂർ ∙ ദാസൻ ഞാൻ തന്നെ; എന്റെ ലോക കാഴ്ചപ്പാടാണ് ദാസന്റെയും. അക്കാലത്ത് യുവാക്കൾ അസ്വസ്ഥരായിരുന്നു. ജോലിയില്ല, രാഷ്ട്രീയ സ്വപ്നം സഫലമാകാത്തതിലുള്ള നിരാശ, ലോകം നന്നാകില്ലെന്ന ഇരുണ്ട വീക്ഷണം; അന്ന് ഇങ്ങനെയൊരു കഥാപാത്രത്തെയേ സൃഷ്ടിക്കാനാകൂ. ആ അസ്വസ്ഥത അനുഭവിക്കാത്തവരാണ് അതിനെ കഞ്ചാവ് സാഹിത്യമെന്നു
കണ്ണൂർ ∙ ദാസൻ ഞാൻ തന്നെ; എന്റെ ലോക കാഴ്ചപ്പാടാണ് ദാസന്റെയും. അക്കാലത്ത് യുവാക്കൾ അസ്വസ്ഥരായിരുന്നു. ജോലിയില്ല, രാഷ്ട്രീയ സ്വപ്നം സഫലമാകാത്തതിലുള്ള നിരാശ, ലോകം നന്നാകില്ലെന്ന ഇരുണ്ട വീക്ഷണം; അന്ന് ഇങ്ങനെയൊരു കഥാപാത്രത്തെയേ സൃഷ്ടിക്കാനാകൂ. ആ അസ്വസ്ഥത അനുഭവിക്കാത്തവരാണ് അതിനെ കഞ്ചാവ് സാഹിത്യമെന്നു
കണ്ണൂർ ∙ ദാസൻ ഞാൻ തന്നെ; എന്റെ ലോക കാഴ്ചപ്പാടാണ് ദാസന്റെയും. അക്കാലത്ത് യുവാക്കൾ അസ്വസ്ഥരായിരുന്നു. ജോലിയില്ല, രാഷ്ട്രീയ സ്വപ്നം സഫലമാകാത്തതിലുള്ള നിരാശ, ലോകം നന്നാകില്ലെന്ന ഇരുണ്ട വീക്ഷണം; അന്ന് ഇങ്ങനെയൊരു കഥാപാത്രത്തെയേ സൃഷ്ടിക്കാനാകൂ. ആ അസ്വസ്ഥത അനുഭവിക്കാത്തവരാണ് അതിനെ കഞ്ചാവ് സാഹിത്യമെന്നു
കണ്ണൂർ ∙ ദാസൻ ഞാൻ തന്നെ; എന്റെ ലോക കാഴ്ചപ്പാടാണ് ദാസന്റെയും. അക്കാലത്ത് യുവാക്കൾ അസ്വസ്ഥരായിരുന്നു. ജോലിയില്ല, രാഷ്ട്രീയ സ്വപ്നം സഫലമാകാത്തതിലുള്ള നിരാശ, ലോകം നന്നാകില്ലെന്ന ഇരുണ്ട വീക്ഷണം; അന്ന് ഇങ്ങനെയൊരു കഥാപാത്രത്തെയേ സൃഷ്ടിക്കാനാകൂ. ആ അസ്വസ്ഥത അനുഭവിക്കാത്തവരാണ് അതിനെ കഞ്ചാവ് സാഹിത്യമെന്നു വിളിച്ചത്. ആധുനികമെന്ന് പറയാവുന്ന എഴുത്തിന്റെ മാനങ്ങളെ ലഘൂകരിക്കാൻ ശ്രമിച്ച മലയാളികളുടെ വികൃതിയാണത് – മയ്യഴിത്തീരത്തെ വെയിൽച്ചിരിയോടെ എം.മുകുന്ദൻ പറഞ്ഞു. മലയാള മനോരമയുടെ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവത്തിനു മുന്നോടിയായി നടത്തിയ ‘ഹോർത്തൂസ് വായന’ സംഗമത്തിലാണ് എഴുത്തുകാരൻ എം.മുകുന്ദനും ഷീല ടോമിയും എഴുത്തുവഴികളും അനുഭവങ്ങളും പങ്കുവച്ചത്.
മയ്യഴിപ്പുഴയും തീരവുമാണ് തന്റെ എഴുത്തിനെയും 50–ാം വാർഷികം ആഘോഷിക്കുന്ന ‘മയ്യഴിപ്പുഴയുടെ തീരങ്ങ’ളിലെ ദാസനെയും രൂപപ്പെടുത്തിയതെന്ന് മുകുന്ദൻ പറഞ്ഞപ്പോൾ, ‘വല്ലി’ എന്ന തന്റെ ആദ്യ നോവലിന് പ്രചോദനം കബനിയും തീരവുമാണെന്ന് ഷീല ടോമി പറഞ്ഞു. വയനാട് ദുരന്തത്തിനുശേഷം വല്ലിയിലെ ഒരു പാരഗ്രാഫ് അതേപോലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊടുങ്കാട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടി എന്ന് അതിലുള്ളത് പ്രവചനമല്ല. തോട്ടം വച്ചുപിടിപ്പിക്കാൻ ബ്രിട്ടിഷുകാർ കയറിയ കാലംമുതലുള്ള ആർത്തിപൂണ്ട സമീപനങ്ങൾ ഈ ദുരന്തങ്ങൾക്കു പിന്നിലുണ്ട്.
പ്രകൃതിക്കായി സംസാരിച്ചാൽ പരിസ്ഥിതി തീവ്രവാദിയാകും. കാറ്റും മഞ്ഞുമുള്ള വയനാടിന്റെ നല്ലകാലത്ത് അവിടെ ജനിച്ചൊരാൾ എന്ന നിലയിലുള്ള എന്റെ വ്യഥകളാണ് വല്ലി – ഷീല ടോമി പറഞ്ഞു.
മനോരമ ബുക്സ് എഡിറ്റർ ഇൻചാർജ് തോമസ് ഡൊമിനിക്, കണ്ണൂർ സ്പെഷൽ കറസ്പോണ്ടന്റ് അനിൽ കുരുടത്ത്, സീനിയർ സബ് എഡിറ്റർ (മനോരമ ബുക്സ്) സഞ്ജീവ് എസ്.മുരളീധരൻ എന്നിവർ പ്രസംഗിച്ചു. നവംബർ 1 മുതൽ 3 വരെ കോഴിക്കോട്ടാണ് ഹോർത്തൂസ് മഹാസംഗമം.
എഴുത്തിൽ തൊലിക്കട്ടിയില്ല, പക്ഷേ പേടിയുണ്ട്
‘എഴുത്തിൽ ചിലപ്പോഴൊക്കെ എനിക്ക് പേടിയുണ്ട്. ഞാൻ ഉദ്ദേശിച്ച തലത്തിൽ തന്നെയാണോ എഴുതപ്പെടുന്നത് എന്നതാണത്. എഴുത്തിൽ നമ്മൾ കുറേക്കൂടെ ജാഗ്രത പുലർത്തും. പ്രഭാഷണങ്ങളിലോ പ്രസംഗങ്ങളിലോ അത് സാധ്യമാകാറില്ല. യമുനയുടെ കരയിലെ അതിമനോഹരമായ വലിയ ക്ഷേത്രമാണ് അക്ഷർധാം. അത് കാണുമ്പോൾ ഭക്തിയല്ല, ഒരു സിനിമാസെറ്റ് പോലെയാണ് എനിക്ക് തോന്നുന്നതെന്ന് ഒരിടത്ത് സംസാരിക്കവെ ഞാൻ പറഞ്ഞു. എനിക്ക് ഭക്തി തോന്നുന്നത് ചെറിയ ക്ഷേത്രങ്ങളിലാണ്. ഇതാകട്ടെ വെണ്ണക്കല്ലുകൾ കൊണ്ടൊക്കെ പണികഴിപ്പിച്ച, വിശാലമായ ക്ഷേത്രമാണ്. ആ പരാമർശത്തിന്റെ പേരിൽ ഞാൻ അനുഭവിക്കാത്തതൊന്നുമില്ല. ഫോണിൽ ഭീഷണി, പറയാൻ പറ്റാത്ത അത്രയും വൃത്തികെട്ട ഭാഷയിൽ ഊമക്കത്തുകൾ.. എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നത് ഇന്നില്ല. ഈ ഭീഷണിയൊക്കെ അതിജീവിച്ച് എഴുതാൻ കഴിയണം. പക്ഷേ അതിനുള്ള തൊലിക്കട്ടി എനിക്കില്ല. തൊലിക്കട്ടി ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞോളൂ എനിക്കൊന്നുമില്ല എന്ന് നമുക്ക് പറയാം. എന്നാൽ അങ്ങനെയൊരു തൊലിക്കട്ടി എഴുത്തുകാരന് ഉണ്ടാകില്ല.’– എം.മുകുന്ദൻ പറഞ്ഞു.
എഴുത്തുകാരന്റെ നിയമവും ഭരണഘടനയും
കൊൽക്കത്തയിലെ ആശുപത്രിയിൽ ജീവനക്കാരനാൽ ആക്രമിക്കപ്പെട്ട അരുണ ഷാൻബാഗ് എന്ന പെൺകുട്ടിയെ, സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണ് നീണ്ട 40 വർഷം ആശുപത്രിയിൽ കിടത്തിയത്?. അതിലും നല്ലതല്ലേ കൊന്നുകളയുന്നതെന്ന് എന്ന എന്റെതന്നെ ചോദ്യത്തിൽ നിന്നാണ് ദയാവധമെന്ന വിഷയത്തിലേക്ക് ഞാൻ വരുന്നത്. അങ്ങനെയാണ് ‘നിങ്ങൾ’ എന്ന നോവലെഴുതുന്നത്. ദയാവധം ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലല്ലോ പിന്നെന്തിനാണ് എഴുതിയതെന്ന് പലരും ചോദിച്ചു. നിങ്ങളുടെ നിയമവും ഭരണഘടനയുമൊന്നും എഴുത്തുകാരനെ ബാധിക്കില്ല. എഴുത്തുകാരന് സ്വന്തം നിയമവും നിയമാവലികളുമുണ്ടെന്ന് പറഞ്ഞാണ് അന്ന് ആളുകളെ നിശബ്ദരാക്കിയത്.
‘ഡൽഹിഗാഥകൾ എന്റെ നിസ്സഹായതയായിരുന്നു’
അടിയന്തരാവസ്ഥക്കാലത്ത് പൊടുന്നനേ മനുഷ്യർ അപ്രത്യക്ഷരാകും. കൊന്നുകളയുന്നതാകാം. അന്ന് എനിക്കൊന്നും എഴുതാനാകുമായിരുന്നില്ല. എംബസിയുമായുള്ള കോൺട്രാക്ട് വിലങ്ങുതടിയായിരുന്നു. സജീവ രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലെന്ന് അതിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എഴുതാനും കഴിയില്ല. എന്നാൽ അടിയന്തരാവസ്ഥ മനസ്സിൽ കിടന്ന് നീറുകയായിരുന്നു.
ഇന്ദിരാഗാന്ധിയുടെ മരണശേഷം സിഖുകാരെ ലക്ഷ്യമിട്ട് നടന്ന കലാപത്തിൽ ഗുണ്ടകളും കലാപകാരികളും എന്റെ വീട്ടിലുമെത്തിയിരുന്നു. രാത്രി വാതിൽ മുട്ടിവിളിച്ച് സിഖുകാരുണ്ടോ എന്ന് ചോദിക്കും. ടാക്സി ഓടിക്കുന്ന, വയസ്സായ ഒരു സിഖുക്കാരനെ അദ്ദേഹത്തിന്റെ മുടിയിൽപ്പിടിച്ച് വലിച്ച് പുറത്തിട്ട് ആ വാഹനത്തിലെ തന്നെ പെട്രോളൊഴിച്ച് കത്തിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ന്യൂനപക്ഷ സമുദായാംഗങ്ങളായ പാവപ്പെട്ട മനുഷ്യർ നൂറ്റാണ്ടുകളായി താമസിക്കുന്ന ആ ഇടങ്ങളെയാണ് സഞ്ജയ് ഗാന്ധി വൃത്തിയാക്കണം എന്ന് പറഞ്ഞതിലൂടെ ഉന്നംവച്ചത്. മെച്ചപ്പെട്ട ജീവിതം നൽകുന്നതിന് പകരം ബുൾഡോസർ കൊണ്ടുപോയി പാവങ്ങളുടെ താമസസ്ഥലങ്ങൾ തകർത്തു. സ്ത്രീകളും കുഞ്ഞുങ്ങളും അതിനിടയിൽപെട്ട് മരിച്ചു. ഇതൊക്കെ അറിഞ്ഞ് അവിടെയെത്തിയ എന്നെ കയറ്റിവിട്ടില്ല.
ഇതെല്ലാം എഴുതിയാൽ ജോലി പോകും. അതുകൊണ്ട് അതെല്ലാം ഞാൻ മനസ്സിൽ അമർത്തിവച്ചു. അക്കാലത്ത് മറ്റൊരു ജോലികിട്ടുക എന്നതൊക്കെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രതിഷേധിക്കാനാകാതെ, നിസ്സഹായതയോടെ സങ്കടങ്ങൾ ഉള്ളിലൊതുക്കിയത് എങ്ങനെയെന്ന് എനിക്കറിയില്ല. ജോലി വിട്ടതിന് ശേഷം ഡൽഹി ഗാഥകൾ എഴുതിയപ്പോൾ ഇതെല്ലാം പൊടുന്നനെ അണപൊട്ടിയൊഴുകുകയായിരുന്നു.
വെള്ളിയാങ്കല്ലിലെ തുമ്പികളെ എനിക്ക് കാണണ്ട!
വെള്ളിയാങ്കല്ലും തുമ്പികളും നേരിൽ കാണണ്ട എന്ന് ഞാൻതന്നെ തീരുമാനിച്ചതാണ്. ഒരു സ്വപ്നം പോലെ അത് നിന്നുകൊള്ളട്ടെ. ദാസനും ചന്ദ്രിയും തുമ്പികളായി വെള്ളിയാങ്കല്ലിൽ ഇപ്പോഴുമുണ്ടാകും. ഇക്കഴിഞ്ഞ മാഹിപ്പള്ളി പെരുന്നാൾ സമയത്ത് വൈക്കം മനോജ് എന്ന ഫൊട്ടോഗ്രഫർ തുമ്പികളുടെ ചിത്രമെടുക്കാൻ അവിടെ കാത്തിരുന്നു. അത് മുകുന്ദന്റെ കെട്ടുകഥയാണ് വെറുതെ അങ്ങോട്ട് പോകേണ്ട എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു. പക്ഷേ അവിടെ തുമ്പികളെത്തി. അദ്ദേഹം ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പലതും ന്യായീകരിക്കാൻ നമുക്ക് യുക്തി മാത്രം മതിയാകില്ല. ഏറ്റവും നല്ലതെന്താണോ അതുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഡൽഹിയിൽ ചെങ്കൊടി തേടി
നാട്ടിൽ നിന്ന് ഡൽഹിയിലേക്ക് പോകുമ്പോൾ എന്റെ കണ്ണുകൾ ചെങ്കൊടി തേടുകയായിരുന്നു. കേരളത്തിൽ എവിടെയും കണ്ടുശീലിച്ച ചെങ്കൊടി ഡൽഹിയിൽ എവിടെയും കണ്ടെത്താനായില്ല. ലോറികൾ നിർത്തിയിടാനെത്തുന്ന ഒരു സ്ഥലത്തെ, പൊടിപിടിച്ച ആൽമരത്തിന്റെ കൊമ്പിൽ നീണ്ട 5–6 വർഷത്തെ തിരച്ചിലിൽ ഒരു ചെങ്കൊടി കണ്ടെത്തി. എനിക്ക് എന്തുസന്തോഷമായെന്നോ... (ചിരി)
‘സന്തോഷത്തെ പേടിയാണ്’
സന്തോഷിക്കുമ്പോൾ ഞാൻ ഒരിക്കലും എഴുതാറില്ല. ഏറ്റവുമധികം അസ്വസ്ഥത അനുഭവിക്കുമ്പോഴാണ് എനിക്ക് എഴുതാനാകുന്നത്. അതുകൊണ്ടുതന്നെ സന്തോഷത്തെ പേടിയാണ്. പല എഴുത്തുകാരും അങ്ങനെയാണ്. പുറത്തുനിന്നുള്ള പീഡനങ്ങളോ, സ്വയം ഏൽപിക്കുന്ന പീഡകളോ അവർക്കും ഉണ്ടാകാം. അതെല്ലാം എഴുത്തുകാരുടെ നിയോഗമാണ്. സന്തോഷവാനായ എഴുത്തുകാരെ ഞാൻ കണ്ടിട്ടില്ല.
എങ്ങോട്ടെന്നില്ലാതെ യാത്രകൾ ചെയ്യുക
എഴുത്തുകാരനാകണമെന്ന് ആഗ്രമുണ്ടായിരുന്നു. എന്നാൽ പ്രശസ്തനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. എഴുത്തുകാരനാകണമെങ്കിൽ എഴുതണമല്ലോ. അങ്ങനെയാണ് എഴുതിത്തുടങ്ങിയത്. എംടി, മലയാറ്റൂർ, തകഴി എന്നിവരെല്ലാം ജനിച്ചനാടിനെക്കുറിച്ച് എഴുതി തുടങ്ങിയവരാണ്. ജനിച്ചനാടിനെക്കുറിച്ച് നന്നായി അറിയാമല്ലോ എന്നതാകാം പ്രധാന കാരണം. എവിടെ ജനിക്കുന്നു, ജീവിക്കുന്നു എന്നുള്ളത് എഴുത്തുകാരുടെ ജീവിതത്തിൽ ഏറെ പ്രധാനമാണ്. മയ്യഴിക്ക് പകരം കണ്ണൂരിലാണ് ഞാൻ ജനിച്ചതെങ്കിൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഉണ്ടാകുമായിരുന്നില്ലല്ലോ..
ഇസ്രയേലും, പലസ്തീനും പരിസരവും അറിയാവുന്നതുകൊണ്ടാണ് ഷീലയ്ക്ക് ആ പ്രദേശങ്ങളെ പശ്ചാത്തലമാക്കി മനോഹര നോവലുകൾ എഴുതാൻ സാധിക്കുന്നത്. എങ്ങോട്ടെന്നില്ലാതെ യാത്രകൾ ചെയ്യുക. ഞാൻ എവിടെയാണോ അവിടമാണെന്റെ നാട്.
ഡൽഹി ഗാഥകളിലെ ‘വാസവപ്പണിക്കർ’ രാജൻ കാക്കനാടനോ?
അക്കാലത്ത് നാട്ടിൽ നിന്ന് ചിത്രകാർ ഡൽഹിയിലേക്ക് വരും. പേരുണ്ടാക്കാൻ വരുന്നതാണ്. എന്നാൽ ആരുമില്ലാതെ ഇവരിൽ പലരും നശിക്കും. വാസവപ്പണിക്കരുമായി ഏകദേശ സാമ്യം കാക്കനാടന്റെ അനുജൻ രാജൻ കാക്കനാടനാണ്. രാജൻ ഇടയ്ക്കിടയ്ക്ക് ജോലി രാജിവെക്കും. എന്നിട്ട് കാശില്ലാതെ നടക്കും. ഒരിക്കൽ ഇദ്ദേഹത്തിന് എവിടുന്നോ കുറച്ചധികം പണം കിട്ടി. എന്നിട്ട് ഭക്ഷണം കഴിക്കാൻ പോകുന്നവഴി അൽപം ഭിക്ഷക്കാരെയും കൂടെക്കൂട്ടി. റസ്റ്ററന്റിൽ അവരെ കയറ്റിയില്ല. ആ സംഭവം വാസവപ്പണിക്കർ കടമെടുത്തതാണ്. എന്നാൽ ആ കഥാപാത്രം പൂർണമായും രാജനല്ല.
മുകുന്ദന്റെ കഥാപാത്രങ്ങളുടെ കൂടെയുള്ള പെൺകുട്ടി
യൂറോപ്പിലുണ്ടായിരുന്നെങ്കിലും ഇന്ത്യയിലേക്കോ കേരളത്തിലേക്കോ എന്റെ പ്രധാനകൃതികളുടെ കാലത്ത് ഫെമിനിസം സജീവമായി കടന്നെത്തിയിട്ടില്ലായിരുന്നു. മുകുന്ദന്റെ സ്ത്രീ കഥാപാത്രങ്ങൾ എവിടെ പോകുമ്പോഴും ഒരു പെൺകുട്ടി കൂടെയുണ്ടാകുമെന്ന് ശാരദക്കുട്ടി ഒരിക്കൽ എഴുതിയിരുന്നു. എന്റെ സമൂഹത്തിൽ നിന്നാണ് ഞാൻ കഥാപാത്രങ്ങളെ കണ്ടെത്തിയിരുന്നത്. മമതയെ പോലെയോ ഇന്ദിരാഗാന്ധിയെ പോലെയോ ശക്തരായ സ്ത്രീകൾ നാട്ടിൻപുറത്തുണ്ടായിരുന്നു. എന്നാൽ അത്തരമൊരു ശക്തമായ, ബോധപൂർവമായ കഥാപാത്ര നിർമിതിക്ക് ഞാൻ ശ്രമിച്ചിരുന്നില്ല. കഥാനായകർക്കൊപ്പം സഞ്ചരിക്കുന്ന, സ്വഭാവികമായി വരുന്ന കഥാപാത്രങ്ങളെയേ എനിക്ക് വേണ്ടിയിരുന്നുള്ളു.
മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.