പീഡിപ്പിക്കാത്തവർ പറയട്ടെ; ആർക്കാണ് ഡിസ്ഗ്രേസ്
സ്വന്തം വിദ്യാർഥിനിയെ പീഡിപ്പിച്ച ‘അപഥ സഞ്ചാരിയോട്’ സഹതാപമോ എന്നാണു ചോദ്യമെങ്കിൽ ആരുടെ ഉള്ളിലാണ് പീഡകൻ ഇല്ലാത്തതെന്ന മറുചോദ്യം ചോദിക്കേണ്ടിവരും. ആ ചോദ്യം കേസിൽ നിന്ന് ഒഴിവാകാൻ സഹായിക്കില്ല. കോടതി നടപടികളിൽ നിന്ന്, ശിക്ഷയിൽ നിന്ന്, മാനാപമാനങ്ങളിൽ നിന്നും.
സ്വന്തം വിദ്യാർഥിനിയെ പീഡിപ്പിച്ച ‘അപഥ സഞ്ചാരിയോട്’ സഹതാപമോ എന്നാണു ചോദ്യമെങ്കിൽ ആരുടെ ഉള്ളിലാണ് പീഡകൻ ഇല്ലാത്തതെന്ന മറുചോദ്യം ചോദിക്കേണ്ടിവരും. ആ ചോദ്യം കേസിൽ നിന്ന് ഒഴിവാകാൻ സഹായിക്കില്ല. കോടതി നടപടികളിൽ നിന്ന്, ശിക്ഷയിൽ നിന്ന്, മാനാപമാനങ്ങളിൽ നിന്നും.
സ്വന്തം വിദ്യാർഥിനിയെ പീഡിപ്പിച്ച ‘അപഥ സഞ്ചാരിയോട്’ സഹതാപമോ എന്നാണു ചോദ്യമെങ്കിൽ ആരുടെ ഉള്ളിലാണ് പീഡകൻ ഇല്ലാത്തതെന്ന മറുചോദ്യം ചോദിക്കേണ്ടിവരും. ആ ചോദ്യം കേസിൽ നിന്ന് ഒഴിവാകാൻ സഹായിക്കില്ല. കോടതി നടപടികളിൽ നിന്ന്, ശിക്ഷയിൽ നിന്ന്, മാനാപമാനങ്ങളിൽ നിന്നും.
അത്രയെളുപ്പം പിടികൊടുക്കുന്നതല്ല ഡേവിഡ് ലൂറിയുടെ മനസ്സ്. അങ്ങേയറ്റം സങ്കീർണമാണ് ഉൾപ്പിരിവുകൾ. ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും. ഒരു പകുതി പ്രജ്ഞയിൽ കരി പൂശിയ വാവും. ഇട ചേർന്നാണു ലൂറിയുടെ സഞ്ചാരം. അദ്ദേഹത്തെ പിന്തുടരുമ്പോൾ നെഞ്ചിടിപ്പ് ഉറക്കെ കേൾക്കാം. ഉദ്വേഗവും ഉൽകണ്ഠയും കടുത്ത ആശങ്കയും അനുഭവപ്പെടും. പുരുഷൻ എന്ന നിലയിൽ സഹതാപം പോലും തോന്നാം; അർഹിച്ചാലും ഇല്ലെങ്കിലും. സ്വന്തം വിദ്യാർഥിനിയെ പീഡിപ്പിച്ച ‘അപഥ സഞ്ചാരിയോട്’ സഹതാപമോ എന്നാണു ചോദ്യമെങ്കിൽ ആരുടെ ഉള്ളിലാണ് പീഡകൻ ഇല്ലാത്തതെന്ന മറുചോദ്യം ചോദിക്കേണ്ടിവരും. ആ ചോദ്യം കേസിൽ നിന്ന് ഒഴിവാകാൻ സഹായിക്കില്ല. കോടതി നടപടികളിൽ നിന്ന്, ശിക്ഷയിൽ നിന്ന്, മാനാപമാനങ്ങളിൽ നിന്നും. ലൂറിയിൽ നിന്ന് പീഡിപ്പിക്കുന്നവരിലേക്കു കുറച്ചു ദൂരമേയുള്ളൂ. പുരുഷൻമാരിലേക്ക്. മനുഷ്യരിലേക്ക്. അതുകൊണ്ടാണല്ലോ ദക്ഷിണാഫ്രിക്കയിലെ വർണ വിവേചന കാലത്തിനു ശേഷമുള്ള സമൂഹത്തെ സൂക്ഷ്മതയോടെ പകർത്തിയ ഡിസ്ഗ്രേസ് ലോകത്തെ മികച്ച നോവലുകളിൽ ഒന്നായത്. ബുക്കർ സമ്മാനം നേടിയത്. ജെ.എം.കൂറ്റ്സിയെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയത്. മലയാള സിനിമയെ പിടിച്ചു കുലുക്കി മീ ടൂ വിവാദം ശക്തി പ്രാപിക്കുമ്പോൾ, ആരോപണങ്ങൾ പലരെയും പിടിച്ചു കുലുക്കുമ്പോൾ ലൂറിയെ ഓർക്കാതിരിക്കാനാവില്ല. ഡിസ്ഗ്രേസ് ആർക്കെന്നതും.
ജീവിതത്തോട് എന്നതിനേക്കാൾ സ്ത്രീകളോടുള്ള ആസക്തി ലൂറിയെ വ്യത്യസ്തനാക്കുന്നു എന്നെഴുതാനാവുമോ. ഏതു പുരുഷനാണ് ഈ ആസക്തിയിൽ നിന്ന് മുക്തൻ. ഉറക്കെയുള്ള പ്രഖ്യാപനത്തിന്റെ പൊള്ളത്തരമല്ല, നെഞ്ചിൽ കൈവച്ചുള്ള മറുപടിയാണു വേണ്ടത്. അനുകൂല അവസരങ്ങൾ ഇല്ലാത്തതു കൊണ്ടുമാത്രമാണ് ചാരിത്രം നിലനിൽക്കുന്നതെന്ന ബെർണാഡ് ഷായുടെ കുറിക്കുകൊള്ളുന്ന വാക്കുകൾ ലിംഗവിവേചനത്തിന്റെ പരിധിയിൽ വരുന്നതാണ്. അദ്ദേഹത്തിന്റെ കാലത്ത് അങ്ങനെയൊക്കെ പറയാമായിരുന്നു. ഇന്നങ്ങനെ പറഞ്ഞാൽ സ്ത്രീ വിരുദ്ധമാകും. സമൂഹ വിരുദ്ധമാകും. അനുകൂല അവസരങ്ങൾ ഇല്ലാത്തതു കൊണ്ടുമാത്രമാണോ ഒരാൾ പീഡകൻ ആവാത്തതെന്ന പ്രശ്നം അപ്പോഴും ബാക്കി. ആര് സത്യം പറയും.
പണത്തിനു വേണ്ടി ശരീരം വിൽക്കുന്ന ഒരു സ്ത്രീയെ ലൂറി സന്ദർശിക്കുന്നുണ്ട്. എന്നാൽ, വീണ്ടും അതേ കേന്ദ്രത്തിൽ അയാൾ പോകുന്നത് അവളെ വീണ്ടും കാണുക എന്ന ലക്ഷ്യത്തോടെയാണ്. ആസക്തിയേക്കാൾ അടുപ്പമാണ് അപ്പോൾ അയാളെ നയിക്കുന്നത്. പല ബുദ്ധിമുട്ടുകൾ നേരിട്ട്, കടമ്പകൾ കടന്ന് ഒടുവിൽ അവളെ കണ്ടെത്തുന്നു. പണത്തിനു ശരീരം വിൽക്കുന്ന സ്ത്രീയെ കൂട്ടുകാരിയാക്കാൻ അയാൾ ആഗ്രഹിക്കുന്നു. അതിലെ ന്യായാന്യായങ്ങൾ അയാൾ ചിന്തിക്കുന്നില്ല. അത്തരത്തിലുള്ള ഒരു സ്ത്രീ ഒരിക്കലും തന്നോട് നോ പറയില്ല എന്നു തന്നെയാണ് അയാൾ ചിന്തിച്ചതും. എന്നാൽ, തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവുമായ സാഹചര്യത്തിലാണ് ലൂറി അവരെ കണ്ടെത്തുന്നത്. അവർക്കൊരു കുടുംബമുണ്ട്. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണമാണ് ശരീരം വിൽക്കാൻ തയാറായത്. ശാരീരിക അധ്വാനം ആവശ്യപ്പെടുന്ന മറ്റേതൊരു ജോലിയും പോലെ. അതവിടെ തീർന്നു. ലൂറിയുമായി ഒരു തരത്തിലുള്ള ബന്ധത്തിനും അവർ തയാറാകുന്നില്ല.
അത് ഒരു തിരിച്ചറിവാണ്. മുന്നറിയിപ്പാണ്. സ്ത്രീകളെക്കുറിച്ച്. എല്ലാ പുരുഷൻമാരും പഠിക്കേണ്ട പാഠം. എന്നാൽ ലൂറി പാഠം പഠിക്കുന്നില്ല. ആ സ്ത്രീയിൽ നിന്നുണ്ടായ അപമാനത്തെ മറന്ന് വേട്ട തുടരുകയാണ്. അതു തന്നെയാണ് ഡിസ്ഗ്രേസിലേക്കു നയിക്കുന്നതും. ഒരർഥത്തിൽ ഒരു ധാർമിക പാഠപുസ്തകമാണ് നോവൽ. സദാചാര പാഠം. എന്നാൽ, ആ തലത്തിൽ നിന്നും നോവൽ ഉയരുന്നുണ്ട്.
കാൽപനിക കവിത പഠിപ്പിക്കുന്ന പ്രഫസർ ലൂറി വിദ്യാർഥിനിയെ ഇരയാക്കുകയായിരുന്നില്ലേ. പെൺകുട്ടിയെ ‘പീഡിപ്പിച്ചതിനെക്കുറിച്ച്’ പിന്നീട് പലവട്ടം തിരിച്ചും മറിച്ചും ചിന്തിക്കേണ്ടിവന്നിട്ടുണ്ട് അദ്ദേഹത്തിന്. ആ സംഭവത്തെ മറന്നോ അവഗണിച്ചോ നോവൽ മുന്നോട്ടു നീങ്ങുകയുമില്ല. പെൺകുട്ടി തന്നെ എതിർത്തില്ല എന്ന ന്യായം ലൂറി ഉയർത്തുന്നുണ്ട്. സഹകരിച്ചു എന്നു പോലും തെളിവു നിരത്തുന്നുണ്ട്. എന്നാൽ, അങ്ങനെയല്ല പെൺകുട്ടിയുടെ പിന്നീടുള്ള പെരുമാറ്റം. ഒരുപക്ഷേ സംഭവത്തിനു ശേഷം മാത്രമായിരിക്കാം അതിന്റെ ഗൗരവം പെൺകുട്ടി മനസ്സിലാക്കിയിരിക്കുക. മുതിർന്നയാൾ എന്ന നിലയിൽ, അധ്യാപകൻ എന്ന നിലയിൽ ലൂറി ഉത്തരവാദിത്തം നിറവേറ്റിയില്ല. അക്രമിയുമായി. തകർത്തത് ഒരു ജീവിതം മാത്രമല്ല ഒരു കുടുംബത്തെയാകെയാണ്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെയും.
ഉയരത്തിൽ നിന്ന് വീഴുകയായിരുന്നു ലൂറി. വല്ലാത്തൊരു പതനം. എന്നാൽ, കുറച്ചുകാലത്തിനു ശേഷം പെൺകുട്ടിയുടെ പിതാവിനെ നേരിട്ടുകാണാൻ പോകുന്നുണ്ട് ലൂറി. മാപ്പ് പറയാൻ ആയിരുന്നോ. കുടുംബവുമായി ബന്ധം സ്ഥാപിക്കാനോ. തന്നിലെ നൻമ മരിച്ചിട്ടില്ലെന്നു തെളിയിക്കാനോ. തെറ്റുകാരനല്ലെന്ന് തന്നെ മാത്രമല്ല, കുടുംബത്തെയും ബോധ്യപ്പെടുത്താനോ. മാപ്പ് പറയാതെ, സഹതാപം ലഭിക്കാതെ, ക്ഷമിച്ചു എന്ന വാക്ക് കേൾക്കാതെ ലൂറി തിരിച്ചിറങ്ങുന്നു. തല താഴ്ത്തിയോ ഉയർത്തിയോ? ലോകത്തിന്റെ കണ്ണിലേക്കു നോക്കിത്തന്നെയോ.
ലൂറിക്കു ശിക്ഷ ലഭിച്ചത് സ്വവർഗാനുരാഗിയായ മകളിലൂടെയാണ്. ഇരയാകുന്ന പെൺകുട്ടിയുടെ പിതാവ് എങ്ങനെയാണോ പെരുമാറേണ്ടത് ആ നിലവാരത്തിലേക്കു തന്നെ ലൂറി ഉയർന്നു. എന്നാൽ, മകളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ അയാൾ ദയനീയമായി പരാജയപ്പെട്ടു; ഒരിക്കൽക്കൂടി. സ്ത്രീയെ മനസ്സിലാക്കുന്നതിലുള്ള പുരുഷന്റെ പരാജയം കൂടിയാണത്. ഇപ്പോഴുള്ള കണ്ണുകൾ കൊണ്ട് ഇനിയും അവരെ നോക്കിയിട്ടു കാര്യമില്ല. കണ്ണു തുറക്കണം; യാഥാർഥ്യത്തിലേക്ക്. മനസ്സിലാക്കണം. ഉൾക്കൊള്ളണം. ആത്യന്തികമായി, പുരുഷന്റെ വികാരങ്ങളുടെ ഇര മാത്രമല്ല സ്ത്രീ എന്നു തിരിച്ചറിയണം. മറ്റൊരാളുടെ താളത്തിനൊത്ത് ചലിക്കുന്ന പാവകളല്ല. ഇനി വിട, മഹാസൂത്രധാരരേ വിട, സ്വന്തമീണം രചിക്കുന്ന ശരവേഗമാണു ഞാൻ എന്നു ഒഎൻവിയുടെ സീത ശ്രീരാമനോട്.
എല്ലാ പുരുഷൻമാരുടെയും ഉള്ളിൽ പീഡിപ്പിക്കാൻ അവസരം കാത്തുകഴിയുന്ന ലൂറി ഉണ്ടെന്നു പറഞ്ഞാൽ ആരും പിണങ്ങരുത്. അത് വിദ്യാർഥിനിയുൾപ്പെടെ ആരുമാകാം. ഇത് മുൻകൂർ ജാമ്യമല്ല. ആർജിച്ച അറിവും ബോധവുമാണ് നിലവാരം നിർണയിക്കുന്നതെങ്കിൽ അകക്കാമ്പിലെ പീഡകന്റെ തലയറുക്കാനും കഴിയണം. അതാണു ഗ്രേസ്. നിസ്സഹായത സഹകരണത്തിന്റെ സൂചനയല്ല. പറയാനാവാത്ത വാക്കുകൾ ഇന്നല്ലെങ്കിൽ നാളെ പറഞ്ഞേക്കാം. അയച്ചതിനേക്കാൾ ക്രൂരമായി അമ്പുകൾ തിരിച്ചുവന്നേക്കാം. സൂക്ഷിക്കാൻ കൈയ്യിലുള്ള ആവനാഴി പോരാതെ വരും. അതു തന്നെയല്ലേ ഏറ്റവും വലിയ ഡിസ്ഗ്രേസ്...