മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ വൈവിധ്യപൂർണവും മികവേറിയതുമായ കഥകളാലും നോവലുകളാലും കവിതകളാലും വായനയെ ത്രസിപ്പിച്ച എട്ടു പേർ അവരുടെ ഓണം ഓർമകൾ പങ്കുവയ്ക്കുകയാണിവിടെ. അതിൽ സന്തോഷമുണ്ട്, സങ്കടമുണ്ട്, വിസ്മയമുണ്ട്,

മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ വൈവിധ്യപൂർണവും മികവേറിയതുമായ കഥകളാലും നോവലുകളാലും കവിതകളാലും വായനയെ ത്രസിപ്പിച്ച എട്ടു പേർ അവരുടെ ഓണം ഓർമകൾ പങ്കുവയ്ക്കുകയാണിവിടെ. അതിൽ സന്തോഷമുണ്ട്, സങ്കടമുണ്ട്, വിസ്മയമുണ്ട്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ വൈവിധ്യപൂർണവും മികവേറിയതുമായ കഥകളാലും നോവലുകളാലും കവിതകളാലും വായനയെ ത്രസിപ്പിച്ച എട്ടു പേർ അവരുടെ ഓണം ഓർമകൾ പങ്കുവയ്ക്കുകയാണിവിടെ. അതിൽ സന്തോഷമുണ്ട്, സങ്കടമുണ്ട്, വിസ്മയമുണ്ട്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‍എങ്ങനെയായിരിക്കും ഒരു ഗ്രാമം ഓണത്തെ അതിന്റെ ഓർമകളിൽ സൂക്ഷിച്ചുവയ്ക്കുക. അത് ആ ഓണക്കാലത്ത് അവസാനമിട്ട പൂക്കളത്തിൽ അവസാന അല്ലി പൂവിട്ടതിന്റെ ഓർമ ആയിരിക്കില്ലേ. തിരുവോണസദ്യയുടെ നാവിലിനിയും വറ്റാത്ത പായസരുചി ആയിരിക്കില്ലേ. ഓണക്കളികളിൽ അവസാനം ഉയർന്ന ഒരു ആർപ്പോ ഇർറോ ആയിരിക്കില്ലേ. മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ വൈവിധ്യപൂർണവും മികവേറിയതുമായ കഥകളാലും നോവലുകളാലും കവിതകളാലും വായനയെ ത്രസിപ്പിച്ച എട്ടു പേർ അവരുടെ ഓണം ഓർമകൾ പങ്കുവയ്ക്കുകയാണിവിടെ. അതിൽ സന്തോഷമുണ്ട്, സങ്കടമുണ്ട്, വിസ്മയമുണ്ട്, വ്യക്തിചിത്രങ്ങളുണ്ട്, മിത്തുകളുണ്ട്, എല്ലാറ്റിനുമുപരിയായി കയ്യടക്കമുള്ള എഴുത്തിന്റെ മനോഹാരിതയുണ്ട്. 

കഥാകൃത്ത് സുഭാഷ് ഒട്ടുംപുറത്തിന്റെ കടലോര ഗ്രാമത്തിൽ ഓണക്കാലത്ത് പെണ്ണുങ്ങൾ പൂക്കളത്തിനു ചുറ്റും കൈകൊട്ടിക്കളിക്കുമായിരുന്നു. അതിലൂടെയായിരുന്നു അവർ ആ നല്ല ഓർമകളെ അടുത്ത വർഷത്തേക്കും വരും വർഷങ്ങളിലേക്കും കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിരുന്നത്. തലേദിവസം രാത്രി പൂക്കടകളിലേക്ക് ഓടി ഒരു കവർ പൂ വാങ്ങി സൂക്ഷിച്ച് പിറ്റേദിവസം പൂക്കളമിടുന്ന രീതിയിലേക്കു നമ്മൾ മാറിയിട്ട് എത്രനാളുകളായിട്ടുണ്ടാകും. പാടത്തും വരമ്പിലും മലയിലും കടലോരത്തും പുഴയിറമ്പിലും ചുറ്റിക്കറങ്ങി പൂപറിച്ചുകൊണ്ടു വന്നു പൂക്കളമിട്ടിരുന്ന കാലം അത്ര അകലെയൊന്നുമല്ലായിരുന്നല്ലോ. ഇന്നും കുട്ടികളുമായി തൊടികളിലേക്കിറങ്ങി പൂ ശേഖരിക്കുന്നതിനെപ്പറ്റി സുഭാഷ് എഴുതുന്നുണ്ട്. ഇത്തരം പ്രവൃത്തികളിലൂടെ വറ്റിപ്പോകും മുൻപ് തന്റെ എല്ലാ നല്ല ഓർമകളെയും കുട്ടികളുടെയും മനസ്സിലേക്ക് കയറ്റണമെന്നു കൂടി ആഗ്രഹിക്കുന്നയാളാണ് സുഭാഷ് ഒട്ടുംപുറം. 

ചിത്രം: ഹരിലാൽ എസ്∙ മനോരമ
ADVERTISEMENT

കൊറോണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ 10 ദിവസം എഴുതിയ ഓണക്കവിതകളാണ് കവിയും എഴുത്തുകാരനുമായ സുരേഷ് നാരായണന്റെ ഓർമകളിൽ പൂക്കളമിടുന്നത്. പല കാരണങ്ങളാൽ ഓണം ആഘോഷിക്കാൻ സാധിക്കാത്ത ചില വീടുകളും അവിടുത്തെ അംഗങ്ങളുമുണ്ട്. അവർക്ക് ഓണമില്ല, ഓണം ഓർമയില്ല എന്ന് അതിനർഥമില്ല. നാട്ടിലെ ഓണാഘോഷങ്ങളിലെ സജീവമായ പങ്കാളിത്തത്തോടെ ഉള്ളിലെ ദുഃഖങ്ങളെ അവർ മറികടക്കും. വീടു വിട്ടിറങ്ങുന്ന അവരെ നാടോണം സ്നേഹത്തോടെ പൊതിഞ്ഞുപിടിക്കും. ‘ഓണം’ കവിതകൾ എഴുതി തുടരെ ഓണാഘോഷങ്ങളിൽ പങ്കെടുത്ത കുട്ടിക്കാലത്തെക്കുറിച്ചാണ് കഥാകൃത്ത് ജിൻഷ ഗംഗ ഓർമിക്കുന്നത്. അതിനിടയ്ക്ക് സങ്കടമുള്ള ഓർമയായി കടന്നുവരുന്ന പ്രിയ വല്യച്ഛനെയും എഴുത്തുകാരി ഓർമിക്കുന്നു. 

മുതിർന്നവരുടെ നിയമങ്ങൾ പലപ്പോഴും കുട്ടികൾക്ക് മനസ്സിലാകാറില്ലല്ലോ, ഒരുകാലത്തും. കുട്ടികൾ ആ നിയമങ്ങൾ തെറ്റിക്കുമ്പോൾ മുതിർന്നവരെടുക്കുന്ന നിലപാടുകൾക്ക് മുന്നിൽ സമരസപ്പെടാതെ നിന്നതിന്റെ ഓർമകൾ ഇന്നത്തെ പല മുതിർന്നവർക്കുമുണ്ടാകും. അത്തരമൊരു ഓർമ, കുട്ടിക്കാലത്തെ വലിയതായി സ്വാധീനിച്ച ഒരു വ്യക്തിയുടെ ഓർമ പങ്കുവച്ചാണ് കഥാകൃത്ത് കൃഷ്ണനുണ്ണി ജോജി ഓണം ഓർത്തെടുക്കുന്നത്. ചില നഷ്ടങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ ഓണക്കാലവും. ഓണമാകുമ്പോൾ, ആഘോഷങ്ങൾ കാണുമ്പോൾ പ്രിയപ്പെട്ട ചിലർ, ചില സ്ഥലങ്ങൾ, സന്ദർഭങ്ങൾ തുടങ്ങിയവയൊക്കെ പെട്ടെന്ന് ഓർമയിലേക്ക് കുത്തിയൊലിച്ചു വരും. ഇപ്പോഴവ നമ്മോടു കൂടിയില്ലല്ലോ എന്ന യാഥാർഥ്യം ഉടൻ കുത്തിനോവിക്കും. അത്തരമൊരു അനുഭവത്തെപ്പറ്റിയാണ് നോവലിസ്റ്റ് റിഹാൻ റാഷിദിന് പറയാനുള്ളത്. 

ബാല്യത്തിന്റെ നിഷ്കളങ്കതയിൽ ആനന്ദമല്ലാതൊന്നും ഓണം ഓർമകളിൽ നിറയാറില്ല. കളികളും പൂപറിക്കലും സദ്യയും ടെലിവിഷൻ കാഴ്ചയുമെല്ലാമായി കുട്ടികൾ അടിച്ചുപൊളിക്കുന്ന അവധിക്കാലം കൂടിയാണല്ലോ ഓണം. അത്തരം ചില സന്തോഷനിമിഷങ്ങളെക്കുറിച്ചാണ് കഥാകൃത്ത് ശ്യാം കൃഷ്ണൻ ഓർമിക്കുന്നത്. അനുഭവിക്കാത്തതൊന്നും യാഥാർഥ്യമല്ല എന്നു വിചാരിക്കാൻ ആർക്കും അവകാശമൊന്നുമില്ലല്ലോ. കുട്ടിക്കാലത്തെ തെളിച്ചമുള്ള ചില ഓർമകളിൽ സുഖമുള്ളൊരു ഓർമയായി മാവേലിത്തമ്പുരാൻ വരുന്നതെങ്ങനെയെന്ന് വിവരിക്കുകയാണ് എഴുത്തുകാരി അപർണ ആരുഷി. ജീവിതത്തിൽ പിന്നീടൊരിക്കലും മറക്കാനാവാത്ത ചില അനുഭവങ്ങൾ കൂടി ഓണക്കാലം ചിലർക്കു സമ്മാനിച്ചേക്കും. കുട്ടിക്കാലത്തെ ഒരോണക്കാലത്ത് നടത്തിയ തിരുവനന്തപുരം യാത്രയും കവി അയ്യപ്പപ്പണിക്കരുടെ വീട്ടിൽ പോയതും അദ്ദേഹം രണ്ടു വരി കുറിച്ചു നൽകിയതും അതിലെ മനോഹര ആകസ്മികതയും ഓർക്കുകയാണ് നോവലിസ്റ്റ് മായാ കിരൺ. 

എന്റെ പൂവട്ടിയിൽ നിറയെ പൂക്കൾ, ഓർമകൾ

ADVERTISEMENT

സുഭാഷ് ഒട്ടുംപുറം

അച്ഛനുള്ള കാലത്തും അല്ലാത്തപ്പോഴും ഓണം അത്ര വർണാഭമൊന്നുമായിരുന്നില്ല. അച്ഛന്റെ കൈയിൽ കാശുണ്ടാകുമ്പോൾ എനിക്കും അനിയന്മാർക്കും ഒരേ നിറത്തിലുള്ള ഷർട്ടും ട്രൗസറുകളും കിട്ടും. കാശില്ലാത്തപ്പോൾ കോടിയൊന്നും പ്രതീക്ഷിക്കാനേ വയ്യ. പക്ഷേ, അന്നും ഇന്നും ഓണക്കാലം ഓർമകളാൽ സമൃദ്ധമാണ്. പൂക്കളും പൂക്കളവുമാണ് എക്കാലത്തും എന്റെ ഏറ്റവും പ്രധാനപ്പെട്ട ഓണാഘോഷം. പൂക്കളന്വേഷിച്ച് പാടത്തും പറമ്പിലുമൊക്കെ ചുറ്റിത്തിരിയാൻ ഇന്നുമെനിക്കിഷ്ടമാണ്. അന്നൊക്കെ ധാരാളം പറമ്പുകളുണ്ടായിരുന്നു. പേരു കേട്ട പൂവുകളൊന്നും ഞങ്ങളുടെ ഗ്രാമത്തിലെ പൂക്കളങ്ങളെ അലങ്കരിക്കാറില്ല. ചെണ്ടുമല്ലിയും മറ്റുമൊക്കെ തമിഴ്നാട്ടിൽ നിന്ന് വന്ന് പൂക്കളത്തിൽ കേറിയിരിക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. അതുവരെ കടപ്പുറത്തിന്റെ സ്വന്തമായ അടമ്പുവള്ളികളുടെ വയലറ്റ് പൂക്കളും അക്കേഷ്യയുടെ മഞ്ഞപ്പൂക്കളും നാട്ടിൽ നിന്ന് പാടേ കുറ്റിയറ്റു പോയ നെല്ലിപ്പൂക്കളും നുള്ളിയെടുക്കുന്നതിൽ ക്ഷമയുടെ അങ്ങേയറ്റം ആവശ്യപ്പെടുന്ന തുമ്പപ്പൂക്കളുമൊക്കെയായിരുന്നു ഞങ്ങളുടെ പൂക്കളത്തിലെ താരങ്ങൾ. 

സുഭാഷ് ഒട്ടുംപുറം, Image Credit: Special arrangement

വൃത്താകൃതിയിലുള്ള പൂക്കളം അത്തം ഏഴിനോ മറ്റോ ചതുരക്കളമാകുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു. പിറ്റേദിവസം ചതുരക്കളത്തിൽ ഒരു തട്ടുകൂടി ഉയരും. അടുത്തദിവസം മറ്റൊന്നു കൂടി. അതിനു മുകളിലാണ് തൃക്കാക്കരയപ്പനെ വയ്ക്കുക. പിന്നീടുള്ള ദിവസങ്ങൾ പൂക്കളത്തിനു ചുറ്റും പെണ്ണുങ്ങളുടെ കൈകൊട്ടിക്കളിയുണ്ടാകും. അന്നൊക്കെ അന്തിമയങ്ങിയതിനു ശേഷം പെണ്ണുങ്ങളെല്ലാം ഏതെങ്കിലുമൊരു വീട്ടിലെ പൂക്കളത്തിനു ചുറ്റും ഇങ്ങനെ ചുവടുകൾ വച്ച് തീർന്നുപോകാറാകുന്ന ഓണത്തിന്റെ ആഘോഷങ്ങളെ ഓർമകളിൽ സൂക്ഷിച്ചു വയ്ക്കാൻ ശ്രമിക്കും. അങ്ങനെ പാട്ടുപാടി കളിച്ച പെണ്ണുങ്ങളും കണ്ടുനിന്ന് പ്രോത്സാഹിപ്പിച്ച ആണുങ്ങളും ഓരോരുത്തരായി ഊഴം വച്ച് മണ്ണിനടിയിലേക്ക് മറഞ്ഞു കഴിഞ്ഞു. അവർ പാടിയ പാട്ടുകൾ വരികൾ തെറ്റിയും ഈണം മാഞ്ഞും ഇപ്പോഴും ഇവിടെ എവിടെയൊക്കെയോ ബാക്കി കിടക്കുന്നുണ്ട്. അന്ന് ഞങ്ങൾ കുട്ടികൾ സംഘങ്ങളായാണ് കടപ്പുറത്തെ പറമ്പുകളിൽ പൂ തേടിയിറങ്ങുക. അന്നത്തെ സംഘാംഗങ്ങൾ ഇപ്പോൾ ഇഷ്ടങ്ങളും താൽപ്പര്യങ്ങളുമൊക്കെ വേറെ വേറെയായി ഓരോ ദ്വീപുകളായി മാറിക്കഴിഞ്ഞു. എനിക്കത്ഭുതം തോന്നാറുണ്ട് ഞാനെന്തു കൊണ്ടാണ് പണ്ടത്തെ കുട്ടിയിൽ നിന്ന് ഒരിഞ്ചു പോലും വളരാത്തതെന്ന്. 

Representative image. Photo Credit: Sarath Maroli/Shutterstock.com

ഇന്നും ഓണക്കാലമാകുമ്പോൾ കൂട്ടംതെറ്റി വളരുന്ന തുമ്പച്ചെടി കാണുമ്പോൾ എന്റെയുള്ളിൽ ആളനക്കം അധികമില്ലാത്ത എന്റെ പഴയ ഗ്രാമം തെളിയും. എന്റെ ബാല്യത്തെ സമ്പന്നമാക്കിയിരുന്ന പൂക്കൾ, പൂമ്പാറ്റകൾ, പക്ഷികൾ, കൂടെയുണ്ടായിരുന്ന പണ്ടത്തെ മനുഷ്യർ. അവരെയൊന്നും വേണ്ടത്ര പരിഗണിച്ചിരുന്നില്ലല്ലോ എന്ന കുറ്റബോധം കൊണ്ട് എന്റെ മനസ് കലങ്ങും. അതുകൊണ്ട് ഓരോ ഓണക്കാലത്തും എന്റെ മക്കളെയും കൂട്ടി ഞാൻ കടലോരത്ത് ബാക്കിയായ പറമ്പുകളിലേക്കിറങ്ങും. അവർ പൂവട്ടിയിൽ പൂക്കളിറുക്കും; ഞാൻ ഓർമകളും. വറ്റിപ്പോകുന്നതിന് മുമ്പ് എല്ലാ നല്ലകാഴ്ചകളെയും അനുഭവങ്ങളെയും എന്റെ കുട്ടികളുടെ മനസിൽ എന്നെന്നേക്കുമായി പതിപ്പിക്കണമെന്നുണ്ടെനിക്ക്. അതുകൊണ്ട് എനിക്കെന്നും ഓണമാണ്. മറ്റാരോടും പങ്കുവയ്ക്കാനാവാത്ത, അടുപ്പമുള്ളവർക്കു പോലും മനസിലാക്കാൻ പറ്റാത്ത എന്റെ ഇത്തരം ചിന്താഗതികളാണ് എഴുത്തിലെന്റെ കരുത്ത് എന്ന് ഞാൻ വിശ്വസിക്കുന്നു. എഴുതിയ മിക്ക കഥകളിലും ഞാനത് പ്രതിഫലിപ്പിക്കാൻ ആവുംവിധം ശ്രമിച്ചിട്ടുണ്ട്. കുട്ടികൾക്കു വേണ്ടി എഴുതിയ നോവലുകളും കഥകളും ചുറ്റുപാടുകളോടുള്ള എന്റെ ഇഷ്ടങ്ങളെ, ആശങ്കകളെ പങ്കുവയ്ക്കാനുള്ള ശ്രമങ്ങളാണ്. കുട്ടിയായിരിക്കാൻ എനിക്കെന്തിഷ്ടമാണെന്നോ.

ADVERTISEMENT

(മലപ്പുറം ജില്ലയിലെ താനൂർ ഒട്ടുംപുറം സ്വദേശിയാണ് സുഭാഷ് ഒട്ടുംപുറം. ഒരേ കടലിലെ കപ്പലുകൾ, സിനിമയെ അണിഞ്ഞവൾ, തിരിച്ചുകിട്ടിയ പുഴകൾ, പ്രതിവിഷം എന്നീ കഥാസമാഹാരങ്ങളും കടപ്പുറത്തെ കാവോതി, ഏകാന്തനാവികൻ, നീലനിറത്തിലുള്ള മാനത്തുകണ്ണി, കാവോതിയുടെ മുട്ട എന്നീ ബാലനോവലുകളും പ്രസിദ്ധീകരിച്ചു)

അത്തം മുതൽ 10 കവിതകൾ

സുരേഷ് നാരായൺ

ലാവണ്യം മുതൽ ഏഴാമല്ലി വരെ. നീലച്ചതുരവടിവിൽ നിന്ന് മനുഷ്യൻ മുഖമുയർത്തി നോക്കി: പച്ചമുള്ളുടുപ്പിട്ട ചക്കകളെ ചൂഴ്ന്നു പറക്കുന്ന കാറ്റ്! അവൻ പൊത്തിപ്പിടിച്ചു കയറി. ശുദ്ധവായുവിൽ പശമണം പടർത്തിക്കൊണ്ട് ഓരോന്നോരോന്ന് ഞെട്ടറ്റു വീണു. മനുഷ്യൻ ചക്കകളിലേക്ക് തിരിച്ചുപോയ ആ 2020. ആ ‘മണക്കണികകൾ’ മുറിയടച്ചിരുന്നിരുന്ന വായനയിലും എഴുത്തിലും പൊങ്ങിക്കിടന്നിരുന്ന എന്നിലേക്കും പടർന്നുകയറി. പ്രിയപ്പെട്ടവൾ അവളുടെ വീട്ടിലായിരുന്നു. ജില്ലാ അതിർത്തികൾ ദേശാതിർത്തികൾ പോലെ വളർന്നിരുന്നു. ‘ഞാനെങ്ങനെയാണ് വരാതിരിക്കുക’ എന്ന് പിറുപിറുത്തു കൊണ്ട് ഓണമെത്തിയത് അപ്പോഴാണ്. വായിച്ചുതീർത്ത പുസ്തകങ്ങളുടെ മാർജിനുകളിൽ ചക്കകൾ പോലെ കവിതകൾ വിളഞ്ഞു കിടക്കുന്നു. വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ എഴുന്നള്ളത്ത്. ഒരാശയം തോന്നി. ‘പത്തുദിനക്കവിതകൾ’. അതെ! അത്തം മുതൽ തിരുവോണം വരെ ഓരോ ദിവസവും ഓരോ കവിതകൾ പ്രസിദ്ധീകരിക്കണം. കുറുക്കൽ. താളിക്കൽ. തിളപ്പിക്കൽ. വറ്റിക്കൽ. മാർജിനുകളിൽ നിന്ന് കവിതകൾ പത്രാധിപന്മാരിലേക്ക് പാഞ്ഞു. അത്തം നാളിൽ 'ലാവണ്യ'ത്തിൽ തുടങ്ങി തിരുവോണനാളിൽ 'ആത്മരതിക്കവിത'യിൽ അവസാനിച്ചു. അങ്ങനെ ഒരു 'കവിതാത്തുടർച്ച’. അതിനുശേഷം അന്യമായിപ്പോയി. ഉത്രാടനാളിൽ എഴുതിയ ‘ഏഴാമല്ലി’ എന്ന കവിത പോലെ: ‘ഞാനൊരു മഞ്ഞഷാൾ അങ്ങയെ പുതപ്പിക്കുന്നു. പരോളിലിറങ്ങിയ സ്നേഹം അതു ശ്രദ്ധിക്കാതെ നടന്നു പോവുന്നു’.

സുരേഷ് നാരായൺ, Image Credit: Special arrangement

(കോട്ടയം വെള്ളൂർ സ്വദേശിയാണ് സുരേഷ് നാരായണൻ. വയലിൻ പൂക്കുന്ന മരം, ആയിരം ചിറകുകളുടെ പുസ്തകം എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

എന്റെ വല്യച്ഛൻ

ജിൻഷ ഗംഗ

ഓണമെന്നാൽ ചെറുപ്പത്തിൽ എനിക്ക് കവിതകൾ വിരിയുന്ന കാലമായിരുന്നു. നാട്ടിലെ ഓണപ്പരിപാടികളിൽ കവിതയെഴുത്തിൽ ഞാൻ പങ്കെടുക്കും. എല്ലായ്‌പ്പോഴും വിഷയം ഓണം തന്നെയായിരിക്കും. എന്നാലും ഓരോ തവണയും ഓരോതരത്തിൽ ഞാൻ കവിതകളെ വ്യത്യസ്തമാക്കാൻ ശ്രമിക്കും. ഓണവും വിഷുവും ഒന്നും വീട്ടിൽ ആഘോഷിക്കാത്തത് കൊണ്ട് എന്റെ ആഘോഷങ്ങൾ ഈ കവിതയെഴുത്തിൽ മാത്രം ഒതുങ്ങിനിൽക്കും. രണ്ടോ മൂന്നോ പേപ്പറുകളിൽ ഞാൻ ഓണക്കവിത എഴുതും, ആ അക്ഷരപ്പൂക്കൾ കണ്ട് സന്തോഷിക്കും. ഒരിക്കൽ എഴുതിയ കവിതയിൽ എന്റെ വല്യച്ഛനെ ഞാൻ കഥാപാത്രമാക്കി. വല്യച്ഛനും മാവേലിയും എന്ന് പേരിട്ട ആ കവിത വൈകിട്ട് വല്യച്ഛനെ വായിച്ചു കേൾപ്പിച്ചു. വല്യച്ഛന്റെ മൂത്ത മകൻ വർഷങ്ങൾക്ക് മുൻപേ മരിച്ചുപോയിരുന്നു. കവിത വായിച്ചു കേട്ടതിന്റെയൊടുക്കം ‘എന്റെ മാവേലിക്ക് എന്റെ മോന്റെ മേലും മൂടും (മുഖം) ആന്ന്...’ എന്ന് പറഞ്ഞ് വല്യച്ഛൻ കരഞ്ഞു. അത് ഞാനൊരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. ആ കവിത അന്ന് രാത്രിയിൽ ആരും കാണാതെ കത്തിച്ചു കളഞ്ഞത് ഇന്നും ഓർമയുണ്ട്. ഇന്ന് വല്യച്ഛൻ ഇല്ല. ഞങ്ങൾ ഓണവും ആഘോഷിക്കാറില്ല. അതിനുശേഷം ഞാൻ ഓണപ്പരിപാടികളിൽ പങ്കെടുത്തെങ്കിലും കവിത എഴുതിയിട്ടില്ല. ഓണം വരുമ്പോഴൊക്കെ ഇപ്പോഴും, എപ്പോഴും ഞാനാ കവിത ഓർക്കും. ഇപ്പോൾ എന്റെ മനസ്സിലെ മാവേലിക്ക് എന്റെ വല്ല്യച്ചന്റെ മുഖമാണ്. ആ മാവേലി ഇടയ്ക്കിടയ്ക്ക് ഓർമകളിലേക്ക് കയറിവന്ന് ആ കവിത എനിക്ക് ചൊല്ലിത്തരാറുണ്ട്.

ജിൻഷ ഗംഗ, Image Credit: Special arrangement

(കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മഴൂർ സ്വദേശി. ‘ഒട’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു)

ആൽബർട്ട് സേവ്യർ-ഒരോണക്കുറിപ്പ്

കൃഷ്ണനുണ്ണി ജോജി 

ഓണം പൂക്കളുടേതാണ്. എന്റെ തൊടിയിലും വീട്ടിടവഴിയിലെ വേലിക്കെട്ടുകളിലും ചിരിച്ചുകൊണ്ട് അവയെന്നെ അഭിമുഖീകരിച്ചു. ചിലത് തലയാട്ടി എന്റെ ബാല്യത്തെ വാത്സല്യത്തോടെ കളിയാക്കി. അതെനിക്ക് നഷ്ടപ്പെട്ടുപോയൊരു കാലമാണ്. എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോഴാണ് ഓരോണക്കാലത്ത് കൈയ്യിലൊരു വലിയ ബാഗും സഞ്ചിയുമായി ആൽബർട്ട് സേവ്യറുടെ വരവ്. അച്ഛന്റെ സ്ഥാപനത്തിൽ ബൈൻഡറായിട്ടായിരുന്നു അയാളുടെ നിയമനം. ‘ആൽബർട്ട് മാമൻ’ എന്ന് ഞാനയാളെ വിളിച്ചു. അയാൾ തിരിച്ച് എന്നെ ‘കൃഷ്ണാ’ എന്നും. കാലം പുഴയിലടർന്നു വീണ ഒരില പോലെ ഒഴുകിപ്പോകുന്നതായി എനിക്കനുഭവപ്പെടുന്നു. ഓർമകളുണ്ട്. തൂത്തുമാറ്റാൻ കഴിയാത്ത ശിലാലിഖിതങ്ങൾ പോലെ എന്റെ ശിരസ്സിന്റെ അടരുകളിൽ അവ ക്ലാവുപിടിച്ചു കിടക്കുന്നു. ആൽബർട്ട് സേവ്യറിന് വയസ്സ് ഇരുപത്. എന്നെക്കാൾ പതിനഞ്ച് വയസ്സെങ്കിലും കൂടുതൽ ജീവിച്ച ആത്മവിശ്വാസത്തോടെ അയാളെന്റെ സുഹൃത്തായി. സ്കൂൾ വിട്ടുവന്നാൽ സന്ധ്യയ്ക്ക് അയാളുടെ പണി കഴിയുന്നത് വരെ ഞാൻ കാത്തുനിൽക്കും. അയാൾ പഠിപ്പിച്ച തമിഴ്മണ്ണിന്റെ ആട്ടങ്ങൾ. രണ്ടു വടികൾ വെട്ടി വന്ന് അയാൾ എനിക്ക് വേണ്ടി ചിലമ്പാട്ടത്തിന്റെ ആദ്യ ചുവടുകൾ പകർന്നു. ജയിക്കാൻ വേണ്ടി ഒരു ശത്രുവിനെപ്പോലെ യുദ്ധനിയമങ്ങൾ തെറ്റിച്ച് ഞാനയാളെ ആക്രമിച്ചപ്പോൾ പ്രഹരമേറ്റ് വേദനിച്ച് ‘അമ്മാ... അപ്പാ’യെന്ന് അയാൾ ചിരിച്ചുകൊണ്ട് കരഞ്ഞു. രജനിയായും വിജയ് ആയും അന്യനിലെ വിക്രമായും പകർന്നാടി അയാളെന്റെ ബാല്യത്തെ വിസ്മയങ്ങളുടെ കടലിരമ്പങ്ങളിലേക്ക് തള്ളിയിട്ടു. 

Representative image. Photo Credit: Anilkumarphotography/istockphoto.com

വൈകിട്ട് ഓഫിസിൽ നിന്ന് പണം വാങ്ങി മദ്യപിച്ചതിന് ശേഷം തിരിച്ചുവരുമ്പോൾ അയാളെനിക്ക് വേണ്ടി സ്ഥിരമായി ഡയറിമിൽക്കുകൾ വാങ്ങി. സന്ധ്യകളിൽ പുസ്തകത്തിന് മുന്നിൽ അമ്മയെന്നെ പിടിച്ചിരുത്തുമ്പോൾ അയാളുടെ ഡയറിമിൽക്കിനും ‘കൃഷ്ണാ’യെന്ന വിളിക്കുമായി ഞാനെന്റെ ശ്രദ്ധയെ എപ്പോഴും പുറത്തേക്ക് പായിച്ചുകൊണ്ടിരുന്നു. ‘ഉണ്ണീ, ആൽബർട്ടിനെ ബുദ്ധിമുട്ടിക്കരുത്.’ പതിവ് തുടർന്നപ്പോൾ അമ്മ എന്നെ താക്കീത് ചെയ്തു. പിറ്റേദിവസം അയാൾ ഡയറിമിൽക്ക് നീട്ടിയപ്പോൾ എനിക്കിനി ഡയറിമിൽക്ക് വേണ്ട എന്ന് ഞാനയാളെ അറിയിച്ചു. ‘അമ്മ വാങ്ങേണ്ടയെന്ന് പറഞ്ഞോ?’ തമിഴിന്റെ ചുവമാഞ്ഞ മലയാളത്തിൽ അയാളുടെ വാക്കുകൾ പൊടിഞ്ഞു. അമ്മയെന്നോട് ചെയ്ത അനീതിയുടെ ക്ഷോഭം എന്നെ കീഴ്പ്പെടുത്തി. ഞാൻ തലയാട്ടി. ഭൂമിയിലെ മുതിർന്നവരുടെ നിയമങ്ങളറിയാത്ത നിഷ്കളങ്കനായൊരു കുഞ്ഞായിരുന്നു ഞാനന്ന്. തമിഴ്നാട്ടിൽ നിന്ന് പത്താം വയസ്സിൽ ഓടിവന്ന് എറണാകുളത്തെ റെഡ്ഢിയാർ സൺസിൽ ബൈൻഡിങ് കല അഭ്യസിച്ച ആൽബർട്ട് സേവ്യർ അപ്പോൾ വെറുംനിലത്ത് ചമ്രം പടിഞ്ഞിരുന്നു. ജീവിതത്തിൽ ആദ്യമായി കാണുന്നതുപോലെ അയാളെന്നെ സൂക്ഷ്മതയോടെ നോക്കി. അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഉതിർന്നുകൊണ്ടിരുന്നു. 

കൃഷ്ണനുണ്ണി ജോജി, Image Credit: Special arrangement

പൊറത്തിശ്ശേരിയിലെ ടാഗോർ വായനശാലയിൽ അയാൾ അംഗത്വമെടുത്തത് ഞാൻ ഞെട്ടലോടെയാണ് അറിഞ്ഞത്. പുസ്തകം വായിക്കാനൊട്ടും ഇഷ്ടമില്ലാതിരുന്ന എന്നെ അയാൾ ലൈബ്രറിയിലേക്ക് കൊണ്ടുപോയി. ഒരു ഗ്രാമീണ വായനശാലയിലെ പൊടിപിടിച്ച പുസ്തകങ്ങൾ അപ്പോൾ എന്നെ ആദ്യമായി ചിരിയോടെ അഭിവാദ്യം ചെയ്തു. ആൽബർട്ട് സേവ്യർ ബൈൻഡിങ് ടേബിളിലെ ചിതറിയ ഏടുകളിൽ നിന്ന് മലയാളം എന്നെക്കാൾ നന്നായി വായിക്കാൻ പഠിച്ചിരുന്നു. മലയാളം ഞാൻ വായിക്കുമ്പോഴൊക്കെ എന്റെ ഉച്ചാരണപ്പിശകുകളിൽ അയാൾ മന്ദഹസിച്ചു. വായിക്കാൻ മടിയുള്ള എനിക്ക് അയാൾ എംടിയുടെ നോവലുകളുടെ കഥകൾ പറഞ്ഞുതന്നു. ഡിറ്റക്ടീവ് നോവലുകളിലൂടെ എന്നെ വായനയിലേക്ക് കൊണ്ടുവരാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. എന്നെ വായിപ്പിക്കാൻ ശ്രമിച്ച് പൂർണ്ണമായും പരാജയപ്പെട്ട ഒരാളായി ഇക്കാലത്ത് എന്റെ അച്ഛൻ മാറിയിരുന്നു. 

പിന്നെയും ഓണങ്ങൾ കൊഴിഞ്ഞു. ഒരു തിരുവോണത്തിന് എന്റെ അമ്മമ്മ അച്ഛനും എനിക്കുമൊപ്പം ഇരുത്തി അയാൾക്ക് ഓണസദ്യ വിളമ്പി. ആദ്യത്തെ ഉരുള കുഴച്ചെടുക്കും മുൻപ് തൂശനിലയിലെ ചോറിലേക്ക് അയാളുടെ കണ്ണുനീരടർന്നു. ‘എന്തിനാ മോനേ നീ കരയണത്?’ അമ്മമ്മ ചോദിച്ചു. ചോറ് കുഴച്ച കൈകൾ കൂപ്പി അയാൾ അമ്മമ്മയെ തൊഴുതു. പിന്നെ, ഞങ്ങളുടെ ഡൈനിങ് ഹാളിന്റെ ചുമരുകൾ ‘അമ്മാ’യെന്ന പൊട്ടിക്കരച്ചിലിൽ വിറച്ചു. പത്താം വയസ്സിൽ താനുപേക്ഷിച്ചു പോന്ന അമ്മയെക്കുറിച്ചോർത്താകുമോ അയാൾ ആ ഓണത്തെ കണ്ണീരിൽ നനച്ചത്? അറിയില്ല. ഇന്നയാൾ ഞങ്ങളോടൊപ്പമില്ല. ചെന്നൈയിലോ ആൻഡമാനിലോ അയാൾ മാറിമാറി ജീവിതത്തെ പറിച്ചു നട്ടുകൊണ്ടേയിരിക്കുന്നു. പക്ഷേ, ഇടയ്ക്കിടയ്ക്ക് അയാൾ ബൈൻഡിങ് ടേബിളിലെത്തുന്ന പുസ്തകങ്ങൾ എനിക്കയയ്ക്കുന്നു. തമിഴിൽ, ഇംഗ്ലിഷിൽ, ഹിന്ദിയിൽ, കന്നഡയിൽ. പുതുമണം മാറാത്ത താളുകളുള്ള ആ പുസ്തകങ്ങളുടെ മുൻപേജിൽ ‘അൻപുള്ള കൃഷ്ണാവുക്ക്’ എന്ന് തമിഴിൽ ഒറ്റവരിയുണ്ടാകും. എനിക്ക് ഇന്നറിയാം കണ്ണീരിന്റെ ശിലാലിഖിതങ്ങൾക്ക് ഭാഷയുടെ അതിർത്തികളില്ല. അത് ഒരു ജ്ഞാനത്തിന്റെ കനലാണ്. ഓരോ ഓണവും പകരുന്ന വിശുദ്ധിയുടെ വേവ്. ഞാൻ ആൽബർട്ട് സേവ്യറെ ഓർക്കുന്നു. കരുണയായി പൊഴിഞ്ഞകന്ന മഹാജ്ഞാനിയാണല്ലോ എനിക്കയാൾ.

(ഇരിങ്ങാലക്കുട സ്വദേശിയാണ് കൃഷ്ണനുണ്ണി ജോജി. ഒരാനയെ മെരുക്കേണ്ട വിധം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. മാക്കൊണ്ട, രണ്ടാം വരവ്, മോഷ്ടിക്കപ്പെട്ട രണ്ടു ദിനങ്ങൾ, ജീവിതം മരണത്തോട് പറഞ്ഞത്, കവചം, ഒരു മഴയെ കാലം ഖനനം ചെയ്യുന്നു, പേനപ്പോര് തുടങ്ങിയ കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

ഓർമകളിലെ ദുഃഖം

റിഹാൻ റാഷിദ്

ജീവിതം വച്ചുനീട്ടിയ പലകാലങ്ങളിൽ ഒഴുകിയണഞ്ഞ് കിതച്ച് നിൽക്കുമ്പോഴും ചില ഓർമകൾ കടൽ പോലെ വിസ്താരമേറിയതാണ്. മറ്റൊരു തരത്തിൽ കൊഴിഞ്ഞുവീണ കാലത്തിന്റെ വീണ്ടെടുപ്പെന്നും പറയാം. അങ്ങനെ ഓർമകളുടെ തേനറകളിൽ വറ്റാതെ കിടക്കുന്ന ചിലതിലൊന്ന് ഓണമാണ്. ലോകത്ത് എവിടെയുമുള്ള മലയാളിയുടെ സുഖകരമായ ഓർമകളിൽ ഓണത്തിന് പ്രഥമസ്ഥാനമുണ്ടെന്നത് നിസ്തർക്കമാണ്. ഇന്നത്തെ പോലെ ആഘോഷങ്ങൾക്ക് വിധിവിലക്കുകൾ ഒന്നുമില്ലാത്ത കാലം. പഴയ വീടിനോട് ചേർന്നുള്ള ഭാസ്കരേട്ടന്റെയും ശ്രീധരേട്ടന്റെയും കാർത്ത്യാനി ചേച്ചിയുടെയും വീട്. എന്നെ സംബന്ധിച്ച് അന്നത് എന്റെയും വീടായിരുന്നു. അവരെ ഓർക്കാതെ ഓണം ഓർമകളില്ല. ഭാസ്കരേട്ടന്റെ മകൻ ശ്രീജിത്ത്, മകൾ നിഷേച്ചി. ഓണക്കാലം തുടങ്ങുമ്പോൾ അവരുടെ മുറ്റത്ത് ചോന്ന മണ്ണ് കുഴച്ച് തറയുണ്ടാക്കും. ആതുണങ്ങിക്കഴിഞ്ഞാൽ ചാണകം മെഴുകും. ഇതിനൊക്കെ പൊന്നുരുക്കിന്നിടത്തെ പൂച്ചയെ പോലെ ഞാനും കൂട്ടിരിക്കും. അടുത്ത പണി പൂപറിക്കലാണ്. തീരദേശത്തായതുകൊണ്ടും സധാരണ മനുഷ്യർ താമസിക്കുന്നിടമായതുകൊണ്ടും ആഢംബര പൂക്കളൊന്നുമില്ല. ഇടവഴിയിലും ബറാമി വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്തും വിരിഞ്ഞു നിൽക്കുന്ന തുമ്പയും ചെമ്പരത്തിയും കൃഷ്ണകിരീടവുമാണ് കാര്യമായുള്ള പൂക്കൾ. പിന്നെയുണ്ടായിരുന്നത് കുറേ വേലിച്ചെടികളാണ്. പേരുകൾ ഓർമയില്ല. സന്ധ്യാനേരത്തും പുലർച്ചയുമാണ് പൂ പറിക്കാൻ ഇറങ്ങുക. ശ്രീജിക്കൊപ്പം മൈതാനിപ്പള്ളിയുടെ അടുത്തുവരെ നടക്കും. കണ്ണിൽകാണുന്ന പൂവും ഇലയും അടർത്തും. കയ്യിലതും കരുതിയുള്ള മടക്കത്തിനിടെ ഏതെല്ലാമോ കഥകൾ പറയും. തിരുവോണത്തിന്‌ ഇലയിട്ടൊരുമിച്ച് ഇരുന്നുണ്ണുന്ന സദ്യയോടെ ഓണം കഴിയും. 

Representative image. Photo Credit: Sahana-M-S/Shutterstock.com

കാലത്തിന്റെ കുത്തൊഴുക്കിൽ ആ വീടും പ്രദേശവും പൂർണമായും ഉപേക്ഷിച്ച് മറ്റോരിടത്തേക്ക് മാറേണ്ടി വന്നു. പതിയെ ഓണവും ഓണസദ്യകളും ഇല്ലാതായി. പതിയെ ബന്ധങ്ങളും ഓർമകളായി മാറി. ജീവിതം പുതിയ ദിശകളിലേക്ക് ഊളിയിട്ടു. പുതിയ കൂട്ടുകെട്ടുകളുണ്ടായി. ആഘോഷങ്ങളുടെ രീതിയും മാറി. ആയിടയ്ക്കാണ് പ്രകാശേട്ടനൊപ്പം ജോലിക്ക് കയറിയത്. പൂക്കൾ പറിക്കുന്നതിനു പകരം റോഡ് വക്കിൽ കൂമ്പാരം കൂട്ടിയിടുന്ന പൂക്കളിലേക്ക്‌ ഓണം മാറിക്കയറി. തിരുവോണം പ്രകാശേട്ടന്റെ വീട്ടിലായി. സദ്യയ്ക്കൊപ്പം ചിക്കനും മീൻ വറുത്തതും മറ്റ് ചില 'ചൂടുള്ള' അനുസാരികളും ചേർന്ന ഓണം. ഞങ്ങൾ, കുറച്ചാളുകൾ ഇല്ലാതെ അവിടത്തെ ഓണം പൂർത്തിയാവില്ലെന്ന് തമാശ പറയും. പ്രത്യേകിച്ച് സഖാവ് ഫാസിൽക്ക. പക്ഷേ, ഇക്കഴിഞ്ഞ വർഷങ്ങളിൽ ഓണ സദ്യ ഉണ്ടിട്ടേയില്ല. ഒരിക്കലെന്നോ ഹോട്ടലിലെ റെഡിമെയ്ഡ് സദ്യയൊഴികെ. പ്രകാശേട്ടൻ മരണത്തിന്റെ അഗാധതയിലേക്ക് പോയതോടെ എന്റെ ഓണം നിലച്ചു. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഇതേ കാര്യം ഫാസിൽക്കയോട് സങ്കടം പറഞ്ഞതാണ്. ഇത്തവണയാവട്ടെ അദ്ദേഹവും ഇല്ല. ഓണം കാത്തുനിൽക്കാതെ മൂപ്പരും മരണത്തിന്റെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. ജീവിതം ഒന്നും ആർക്കുവേണ്ടിയും കാത്തിരിപ്പില്ലെന്ന സത്യത്തെ ഉൾക്കൊണ്ടേ പറ്റൂ. ഇതുപോലെ എത്രയോ പേർ എല്ലാം ഉപേക്ഷിക്കാൻ നിർബന്ധിതരായിട്ടുണ്ടാവും. ഓർമകളിലെ ഒരുരുള ചോറിനൊപ്പം ഏറ്റവും പ്രിയപ്പെട്ടവരുടെ ചങ്കിൽ തടഞ്ഞുനിൽക്കും.

റിഹാൻ റാഷിദ്, Image Credit: Special arrangement

(കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്ക് അടുത്ത് മുണ്ടോത്ത് സ്വദേശിയാണ് റിഹാൻ റാഷിദ്. ആഘോരികളുടെ ഇടയിൽ, ഡോൾസ്, യുദ്ധാനന്തരം, കായൽ മരം, ബ്യൂസെഫലസ്, ആത്മഹത്യയുടെ രസതന്ത്രം, പ്രണയജിന്നുകൾ, കാകപുരം, മോഡസ് ഓപ്പറാണ്ടി എന്നീ നോവലുകളും സമ്മിലൂനി എന്ന കഥാസമാഹാരവും ലക്ഷദ്വീപ് ഒരു സൂഫീലാൻഡ് എന്ന യാത്രാനുഭവവും ഈജിപ്തിലെ സുന്ദരി എന്ന ബാലസാഹിത്യവും ആണ് റിഹാന്റേതായി പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ)

ആനന്ദമല്ലാതൊന്നുമില്ല

ശ്യാം കൃഷ്ണൻ

ഓണത്തെ സംബന്ധിച്ചുള്ള ഏറ്റവും വലിയ സന്തോഷം പത്തു ദിവസത്തെ അവധിയായിരുന്നു. മഴയും സ്‌കൂളുമൊഴിഞ്ഞു മടി പിടിച്ചിരിക്കാമെന്നത് തന്നെ കാര്യം. രാവിലെയും വൈകിട്ടും അനിയന്മാരെക്കൂട്ടി ക്രിക്കറ്റ് കളിക്കാം. ചാനലുകളിലെ ഓണപ്പരിപാടികളും കോമഡി സ്കിറ്റുകളും മതിയാവോളം കണ്ടിരിക്കാം. മത്സരബുദ്ധിയോടെ അവർ സംപ്രേക്ഷണം ചെയ്യുന്ന പുത്തൻ ചലച്ചിത്രങ്ങൾക്കായി (പുത്തൻ എന്ന വാക്കിന് ഒരു വർഷത്തോളം പഴക്കം അന്നുണ്ടായിരുന്നു!) ആകാംക്ഷയോടെ കാത്തിരിക്കാം. അത്തം തൊട്ട് തിരുവോണം വരെ പൂക്കളമിടുന്ന പതിവ് വീട്ടിലുണ്ട്. പിൽക്കാലത്തു നൊസ്റ്റാൾജിക്കായി പറയാൻ പാകത്തിൽ തുമ്പപ്പൂ, വട്ടോപ്പിരിയൻ, കുമ്പളപ്പൂ എന്നിങ്ങനെ കുറെ പൂവുകളെ അറിയാനായി എന്നതാണ് അത് കൊണ്ടുണ്ടായ മെച്ചം. ഗംഭീരമായ പൂക്കളമത്സരങ്ങൾ ഒന്നും അന്നില്ലാതിരുന്നതിനാൽ ഡിസൈനുകളെപ്പറ്റി ഒരിക്കലും ആകുലപ്പെടേണ്ടി വന്നിട്ടുമില്ല. ചിക്കൻ കറി കൂട്ടിയുള്ള സദ്യ, വീടിനടുത്തുള്ള സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കലാപരിപാടികൾ, കമ്പവലി ടൂർണമെന്റ്, എന്നിങ്ങനെ ഓണവുമായി ചേർത്തുവയ്ക്കാവുന്ന ഓരോന്നും ആനന്ദമല്ലാതൊന്നും മനസ്സിൽ നിറയ്ക്കുന്നില്ല. ഓണപ്പതിപ്പുകളുടെ വായന ഗൗരവത്തിൽ തുടങ്ങിയത് കോളജ് കാലം മുതൽക്കാണ്. ഓരോ ആനുകാലികവും ഏറ്റവും തയാറെടുപ്പോടെ അവതരിപ്പിക്കുന്ന ഓണപ്പതിപ്പിൽ ആദ്യമായി സ്ഥാനം ലഭിച്ചത് രണ്ടു കൊല്ലം മുമ്പും. ഇത്തവണ രണ്ടു കഥകളാണ് എന്റേതായി അച്ചടിച്ച് വരുന്നത്. അവയുടെ വായനയ്ക്കായുള്ള കാത്തിരിപ്പാണ് ഈയൊരു ഓണക്കാലം. അപ്പോൾ ഞാൻ വീണ്ടും പരീക്ഷാപേപ്പറിനെപ്പറ്റി വ്യാകുലപ്പെടുന്ന സ്‌കൂൾവിദ്യാർഥിയായി മാറുന്നു. ഗൃഹാതുരത്വം മറ്റൊരു രൂപത്തിൽ എന്നെ വന്നു പൊതിയുന്നു!

ശ്യാം കൃഷ്ണൻ, Image Credit: Special arrangement

(കണ്ണൂർ പെരുമാച്ചേരി സ്വദേശിയാണ് ശ്യാം കൃഷ്ണൻ. മീശക്കള്ളൻ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു)

മാവേലിയച്ഛൻ

അപർണ ആരുഷി

പലമയുടെ ഒരുമയെന്ന് ഓണത്തെ ഓർക്കാനാണിഷ്ടം. തീർച്ചയായും ഓർമയിലാണ് ഓജസ്സോടെ എന്റെ ഓണമുള്ളത്. അത്തംകൊള്ളൽ മുതൽ ഉത്രാടപ്പാച്ചിൽ വരെ ഹരംകൊണ്ട് നടന്നിരുന്ന കുട്ടിക്ക് തിരുവോണനാളിൽ മഹാബലി വന്നെത്തുമെന്നതിൽ ഒട്ടും സംശയമില്ലായിരുന്നു. രാവകലുന്ന നേരത്ത് കണ്ണുചിമ്മുന്ന ഇടനേരം കൊണ്ട് തിരുവോണപ്പൂക്കളം കണ്ടുമടങ്ങുന്ന മാവേലിയെ ഒരു മാത്രയെങ്കിലും കണ്ടേ തീരൂ എന്ന് വാശിപിടിച്ചിരുന്ന കുട്ടി. അവൾ ഉറങ്ങാതെ, കണ്ണിമവെട്ടാതെ ഓണനിലാവിനു മുന്നിൽ അതികായനായ ആ രാജാവിനെ നോക്കിയിരുന്നു. അവളുടെ മാവേലിക്ക് ആറടി പൊക്കമുണ്ടായിരുന്നു, കട്ടി മീശയുണ്ടായിരുന്നു, അവൾക്ക് അദ്ദേഹം മഹാ ‘ബലി’യായ ഒരു മനുഷ്യനായിരുന്നു. കുരുത്തോല കെട്ടി വഴിയൊരുക്കി, ഓണത്തപ്പനെ നടയിരുത്തി, നിലവിളക്കു കൊളുത്തി, പൂവട നേദിച്ച് പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ തിരുവോണപ്പുലർച്ചയിൽ കുരവയിടും. ‘തൃക്കാക്കരയപ്പോ, ഞാനിട്ട പൂക്കളം കാണാനും വായോ ആർപ്പോ... ഇർറോ...’ എന്ന് ആണുങ്ങളായ ആണുങ്ങളൊക്കെ ആർപ്പുവിളിക്കും. മനുഷ്യർക്കാവുന്നത്ര ഉച്ചതയിൽ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളാൽ നാടാകെ ത്രസിക്കും, വാമനൻ വിറയ്ക്കും..! 

ചിത്രം: ജിൻസ്, മനോരമ

ഏറ്റവുമുറക്കെ ഓണംകൊള്ളുന്നിടത്തേക്ക് ഏറ്റവുമാദ്യം മാവേലി വരുമെന്നുറപ്പിച്ച കമ്മീസുകാരി കുട്ടി, അന്ന് വെള്ളകീറും മുൻപേ, തൊണ്ട കീറിയലറി... ‘മാവേലിയച്ഛോ.. ഞാൻ ചുട്ട പൂക്കളം കാണാനും വായോ’. പൂക്കളം ചുട്ടവൾക്കു ചുറ്റും മാലപ്പടക്കം പൊട്ടണ പോലെ കൂട്ടച്ചിരി.. ചിരികൾക്കിടയിലെപ്പോഴോ ഇരുട്ടത്ത് ഒളിമിന്നിയ സ്വർണകിരീടം! കുട്ടി കാത്തിരുന്ന വർഷങ്ങളിലൊന്നും മാവേലി വന്നില്ല, അദ്ദേഹമെത്തും മുന്നേ അവൾ വളർന്നുപോയിരുന്നു. മിത്തിന്റെ വിത്തുകളൊക്കെ പൊട്ടിച്ചു കളഞ്ഞ കാലത്തിന് മുന്നിലേക്ക് മഷി നിറച്ചൊരു പേനയും പിടിച്ച് അവളിരിക്കുന്നു. തലമുറകളില്ലാതായ പറമ്പുകളിൽ വീണ്ടും പച്ച പടരുന്നു, മുള്ളുകൊള്ളുന്ന മുക്കൂറ്റിച്ചന്തത്തിലെ നീറ്റലാദ്യം തിരിച്ചുപിടിക്കുന്നു. കാക്കപ്പൂ ചിരിക്കുന്നു, കൈക്കുമ്പിളിൽ തുമ്പ നിറയുന്നു. ഗന്ധകരാജനും മന്ദാരവും രാജമല്ലിയും കൃഷ്ണകിരീടവും ഒരു കുടന്ന പേരറിയാപ്പൂക്കളും നിറഞ്ഞ മുറ്റത്ത് വീണ്ടും ആർപ്പുവിളികൾ മുഴങ്ങുന്നു. വല്ലം നിറയുന്നു, അകം നിറയുന്നു, പുറം നിറയുന്നു. പ്രിയപ്പെട്ടവയെല്ലാം ഒന്നൊന്നായ് ചേർത്തുവെച്ചു കൊണ്ട് ഓരോണക്കാലത്തെ അവളിന്ന് എഴുതിയെഴുതി ചേർക്കുന്നു.

അപർണ ആരുഷി, Image Credit: Special arrangement

(എറണാകുളം പറവൂർ സ്വദേശിയാണ് അപർണ്ണ ആരുഷി. മൂമ, കഥ, അമൽ ആനന്ദി മോഹൻ എന്നിവയാണ് പ്രസിദ്ധീകരിച്ച കഥകൾ)

അവിട്ടം, ജന്മനാൾ, അയ്യപ്പപ്പണിക്കർ

മായാ കിരൺ

സ്കൂൾ കാലഘട്ടം. ഓണക്കാലം എനിക്ക് പൊതുവെ പദ്യം ചൊല്ലലോ കവിതാരചനയോ ഒക്കെയായിട്ട് മത്സരക്കാലം കൂടിയായിരുന്നു. തിരുവനന്തപുരത്ത് മലയാള ഭാഷാ പരിഷത്ത്‌ സംഘടിപ്പിച്ച സംസ്ഥാനതല സമ്മേളനത്തിൽ പദ്യംചൊല്ലലിൽ മത്സരിക്കാൻ ഞാനും പോയിരുന്നു. ഓണപ്പരീക്ഷയുടെ ചൂട് ഒട്ടൊന്നാറിയ ആശ്വാസത്തിൽ തിരുവനന്തപുരം വരെ ഒരു യാത്ര എന്നത് നാട്ടിൻപുറത്തെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ലോട്ടറിയാണ്. പക്ഷേ, ഇന്നോളം എനിക്ക് ലഭിച്ച ഓണക്കാല ഓർമകളിൽ ഏറ്റവും അപ്രതീക്ഷിതമായ സന്തോഷം സമ്മാനിക്കാൻ ആ യാത്രയ്ക്ക് കഴിഞ്ഞു. മത്സരത്തിന് ശേഷം കോഓർഡിനേറ്റർക്കും മറ്റു രണ്ടു വിദ്യാർഥികൾക്കും ഒപ്പം ഓഫിസിന്റെ പരിസരത്തു വെറുതെയിരുന്നപ്പോഴാണ് അയ്യപ്പ പണിക്കർ സാറിന്റെ വീട് അടുത്താണ് ഒന്നുപോയാലോ എന്ന് ഞങ്ങളുടെ കോഓർഡിനേറ്റർ മറ്റൊരു അധ്യാപികയോട് ചോദിക്കുന്നത്. പരിചയമുള്ള ഒരാൾക്കൊപ്പം ഞങ്ങൾ മൂന്നാല് കുട്ടികളും നാല് അധ്യാപകരും അദ്ദേഹത്തിന്റെ വീട്ടിലെത്തി. ആദ്യമായാണ് ഒരു കവിയെ നേരിൽ കാണുന്നത്. ഞങ്ങളോട് കുറച്ചു സമയം സംസാരിച്ചു. കവിത തിരഞ്ഞെടുക്കുന്നതിൽ വികാരങ്ങൾക്ക് ഇടം കൊടുക്കുന്നത് നന്നാവും എന്ന് അദ്ദേഹം കൂടെയുള്ള അധ്യാപകനോട് പറയുന്നത് ശ്രദ്ധിച്ചു. ഞങ്ങൾ മൂന്നു കുട്ടികൾക്കും സ്വന്തം കൈപ്പടയിൽ രണ്ടുവരി കുറിച്ചു തന്നു. യാദൃശ്ചികമെന്നോ അല്ലെങ്കിൽ ദൈവികമെന്നോ അറിയില്ല, എനിക്കായി അദ്ദേഹം കുറിച്ചത് ഏകദേശം ഇപ്രകാരമായിരുന്നു, കൃത്യമായി ഓർക്കുന്നില്ല.

‘അവിട്ടമാവട്ടെ എന്നും നിറവിൽ!’ 

എന്റെ ജന്മനാൾ അവിട്ടമായിരുന്നു. അദ്ദേഹമത് മനസിലാക്കിയാണോ അറിയില്ല. ഇതിലും മനോഹരമായ ഒരു ഓണ ഓർമ എങ്ങനെ ലഭിക്കാനാണ്. പ്രിയ കവിയെ ഓർത്തുകൊണ്ട് അദ്ദേഹത്തിന്റെ കവിതയിലെ ഇഷ്ട വരി കൂടി ചേർക്കുന്നു. 

മായാ കിരൺ, Image Credit: Special arrangement

‘‘പകലായ പകലൊക്കെ

വറ്റിക്കഴിഞ്ഞി‌ട്ടും 

പതിവായി നീ വന്ന നാളിൽ

പിരിയാതെ, ‘ശുഭരാത്രി’

പറയാതെ, കുന്നിന്റെ

ചെരിവിൽക്കിടന്നുവോ നമ്മൾ?

പുണരാതെ, ചുംബനം

പകരാതെ, മഞ്ഞിന്റെ

കുളിരിൽ കഴിഞ്ഞുവോ നമ്മൾ?’’

(ആലപ്പുഴ സ്വദേശിയാണ് മായാ കിരൺ. ഞാൻ വൈദേഹി, ദി ബ്രെയിൻ ഗെയിം, പ്ലാനറ്റ് 9, ഇൻസിഷൻ, ദേജാ വു എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ)