മൂന്ന് അജിതന്മാരിലെ പേരകത്തുശ്ശേരി കൃഷ്ണൻ അജിത്കുമാർ; പ്രഫ. സി. ആർ. ഓമനക്കുട്ടന്റെ പ്രസിദ്ധീകരിക്കാത്ത രചന
ഇന്ന് (2024 സെപ്റ്റംബർ 16) അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. സി. ആർ. ഓമനക്കുട്ടന്റെ ഒന്നാം ചരമ വാർഷികം. ഇത് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത അവസാനകാല രചനകളിൽ ഒന്ന്. അന്തരിച്ച പ്രിയ ശിഷ്യൻ പി. കെ. അജിത്കുമാറിനെകുറിച്ചുള്ള ഓർമ്മകൾ. രോഗബാധിതനായി എറണാകുളം ലിസി റോഡരികിലെ തിരുനക്കര വീട്ടിൽ
ഇന്ന് (2024 സെപ്റ്റംബർ 16) അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. സി. ആർ. ഓമനക്കുട്ടന്റെ ഒന്നാം ചരമ വാർഷികം. ഇത് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത അവസാനകാല രചനകളിൽ ഒന്ന്. അന്തരിച്ച പ്രിയ ശിഷ്യൻ പി. കെ. അജിത്കുമാറിനെകുറിച്ചുള്ള ഓർമ്മകൾ. രോഗബാധിതനായി എറണാകുളം ലിസി റോഡരികിലെ തിരുനക്കര വീട്ടിൽ
ഇന്ന് (2024 സെപ്റ്റംബർ 16) അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. സി. ആർ. ഓമനക്കുട്ടന്റെ ഒന്നാം ചരമ വാർഷികം. ഇത് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത അവസാനകാല രചനകളിൽ ഒന്ന്. അന്തരിച്ച പ്രിയ ശിഷ്യൻ പി. കെ. അജിത്കുമാറിനെകുറിച്ചുള്ള ഓർമ്മകൾ. രോഗബാധിതനായി എറണാകുളം ലിസി റോഡരികിലെ തിരുനക്കര വീട്ടിൽ
ഇന്ന് (2024 സെപ്റ്റംബർ 16) അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. സി. ആർ. ഓമനക്കുട്ടന്റെ ഒന്നാം ചരമ വാർഷികം. ഇത് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത അവസാനകാല രചനകളിൽ ഒന്ന്. അന്തരിച്ച പ്രിയ ശിഷ്യൻ പി. കെ. അജിത്കുമാറിനെകുറിച്ചുള്ള ഓർമ്മകൾ. രോഗബാധിതനായി എറണാകുളം ലിസി റോഡരികിലെ തിരുനക്കര വീട്ടിൽ വിശ്രമിക്കുന്ന 2020 കാലത്ത് സന്ദർശിച്ച എം ജി സർവ്വകലാശാല റിട്ട പബ്ലിക്കേഷൻ ഡയറക്ടർ കുര്യൻ കെ തോമസുമായി പങ്കുവെച്ചതായിരുന്നു അജിത്തിനെകുറിച്ചുള്ള പുസ്തകത്തിനായ ഈ ഓർമ്മക്കുറിപ്പ്... നാട്ടകം ഗവണ്മെന്റ് കോളേജിൽ അദ്ദേഹം അധ്യാപകനായിരുന്ന കാലത്ത് അവിടെ പ്രീഡിഗ്രി വിദ്യാർഥിയായിരുന്നു സൗമ്യനും സഹൃദയനുമായ പി കെ അജിത് കുമാർ. മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായിരുന്ന അജിത്ത് 2017 ആഗസ്റ്റ് 23 നു അന്തരിച്ചു.
“ഞാൻ സി ആർ ഓമനക്കുട്ടൻ, മീൻചന്തയിൽനിന്നു വരുന്നു.”. കുട്ടികൾ പൊട്ടിച്ചിരിച്ചപ്പോൾ തിരുത്തി. “ഞാൻ മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജിൽനിന്ന് വരുന്നു”.
1974-75 കാലത്ത് കോഴിക്കോട് മീഞ്ചന്ത ഗവൺമെൻ്റ് കോളേജിലെ ഒരു വർഷത്തെ അദ്ധ്യാപനത്തിനുശേഷമാണ് നാട്ടകത്തേക്കുള്ള വരവ്. മീഞ്ചന്ത കോളേജിലെ ആദ്യക്ലാസ്സിൽ "ഞാൻ കുറിച്ചിയിൽനിന്നു വരുന്നു" എന്നുപറഞ്ഞപ്പോൾ അവിടത്തെ കുട്ടികൾ കൂവിയ കഥകേട്ട് നാട്ടകത്തെ കുട്ടികൾ ഒരിക്കൽകൂടി പൊട്ടിച്ചിരിച്ചു. എൻ സുഗതൻ, വി പി ശിവകുമാർ ഞങ്ങൾ മൂന്നുംകൂടി അടിച്ചുപൊളിച്ച് ഒരു വർഷം. ഞാൻ എത്തിയതിന്റെ തലേവർഷമായിരുന്നു സാനു മാഷ് മാറ്റംകിട്ടി മഹാരാജാസിലേക്കു മടങ്ങിയത്.
നാട്ടകം കോളജിലെ രണ്ടാം വർഷ പ്രീഡിഗ്രി ക്‌ളാസിൽ ആ വർഷം അജിത് എന്ന പേരുകാരായ മൂന്നു പേർ. കോളേജിലെ ആദ്യക്ലാസ്സുപോലെ പ്രീഡിഗ്രി ക്ലാസ്സിലെ മൂന്നു അജിത് കുമാരന്മാരും അന്നേ ഓർമ്മയിലുണ്ട്. ഒന്ന് കാരാപ്പുഴനിന്നുള്ള പേരകത്തുശ്ശേരി കൃഷ്ണൻ അജിത്കുമാർ എന്ന പി കെ അജിത്ത് കുമാർ. പുളിമൂട് ജങ്ഷനിലെ രാമൻകുട്ടി ആൻഡ് സൺസ് എന്ന വാച്ചുകടയിലെ എം ആർ അജിത്ത്. പിന്നെ അഭിഭാഷകനായ പാലാ ഗോപാലൻനായരുടെ മകൻ ജി അജിത് കുമാർ. പ്രീഡിഗ്രി മൂന്നും നാലും ഗ്രൂപ്പുകൾ ചേർന്നതായിരുന്നു നാട്ടകം കോളേജിലെ മലയാളം ക്ലാസ്സ്. അജിതന്മാർ മൂവരിൽ പി കെ അജിത് കുമാർ തേർഡ് ഗ്രൂപ്പ്. മറ്റു രണ്ടുപേരും ഫോർത്ത് ഗ്രൂപ്പും.
നാട്ടകം പോളിടെക്നിക് കെട്ടിടത്തിലായിരുന്നു കോളേജിന്റെ അന്നത്തെ ആഫീസും പ്രിൻസിപ്പലിന്റെ മുറിയും. ജോസഫ് അലക്സാണ്ടർ സാർ പ്രിൻസിപ്പൽ. റബർതോട്ടത്തിന്റെ നടുക്കുള്ള കെട്ടിടത്തിലായിരുന്നു ക്ലാസുകൾ. കോട്ടയം റൈഫിൾ ക്ലബിന്റെ പരിശീലന സ്ഥലം കടന്നാൽ റബർത്തോട്ടം. ആകെ കാടുപിടിച്ച പ്രദേശങ്ങൾ. ഏദൻതോട്ടം എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. അലക്സാണ്ടർ സാർ റിട്ടയർ ചെയ്തശേഷം ഒരിക്കൽ തിരുവനന്തപുരം പാളയം പള്ളിയുടെ മുറ്റത്തുവച്ച് കണ്ടിരുന്നു. പള്ളിയിലെ പ്രധാനിയായിരുന്നു സാർ. സ്‌പെൻസർ ജങ്ഷനിലെ പഴയ ഇന്ത്യൻ കോഫിഹൗസിൽനിന്നിറങ്ങി വരുമ്പോൾ പള്ളിപ്പറമ്പിൽ സാർ നിൽക്കുന്നു. നമസ്കരിച്ചു. വലിയ സന്തോഷമായി.
നാട്ടകം കോളേജിന് വലിയ സംഭാവനകൾ നൽകിയ പ്രിൻസിപ്പൽ ആയിരുന്നു അലക്‌സാണ്ടർ സാർ. അടുത്തുള്ള വലിയ ബംഗ്ലാവ് കോളേജിന്റെ ഭാഗമാക്കണമെന്നായിരുന്ന വലിയ ആഗ്രഹം നടക്കാതെ പോയി. നടന്നിരുന്നെങ്കിൽ പ്രൗഢഗംഭീരമായ ഒരു കെട്ടിടം കോളേജിന് സ്വന്തമായേനെ. മുൻ മന്ത്രി എ എ റഹീമിന്റെ മകൻ അൻസാർ റഹിം വാങ്ങിയ ആ ബംഗ്ലാവ് പിന്നീട് അയാളും വിറ്റുവത്രേ. ശാകുന്തളവും നളചരിതവുമൊക്കെ സുഗതൻ. ശിവകുമാർ കവിതാ സമാഹാരം. ഞാൻ ഉഴപ്പിനിന്ന് നാടകവും ഉപപാഠ പുസ്തകങ്ങളും. 'ഡൽഹി മുതൽ ഹെൽസിജിവരെ' പറക്കോട് എന്‍. ആര്‍ കുറുപ്പിന്റെ യാത്രാവിവരണം.
അന്നത്തെ പ്രീഡിഗ്രിക്കാരായ ഇളമുറക്കാരുമായി അറിയാതെ ഒരു വലിയ അടുപ്പം. പി കെ അജിത് കുമാർ അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുപ്പം മുതലേ ആഴത്തിലുള്ള വായന അയാൾക്കുണ്ടായിരുന്നു. ജോഷി മാത്യുവും സനൽ ഇടമറുകുമൊക്കെ അന്ന് അവിടത്തെ മുതിർന്ന കുട്ടികൾ..
അക്കാലത്തായിരുന്നു ശരത്ചന്ദ്ര ചാറ്റർജിയുടെ ശതാബ്ദി. കോളേജിൽ സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ ബംഗാളി എഴുത്തുകാരിലൊരാൾ. നോവലിസ്റ്റ്. ചെറുകഥാകൃത്ത്. ദേവദാസ് എന്ന അനശ്വര ദുരന്തകഥാപാത്രത്തെ ഇന്ത്യൻ സിനിമക്ക് സംഭാവനചെയ്ത പ്രതിഭാശാലി.
അനുസ്മരണ സമ്മേളനവും ധനശേഖരണത്തിനു സിനിമാ പ്രദർശനാവുമായിരുന്നു പരിപാടികൾ. സമ്മേളനത്തിൽ ഡി സി കിഴക്കേമുറി, ടി കെ ജി നായർ, പാലാ കെ എം മാത്യു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ശരത്ചന്ദ്ര ചാറ്റർജിയുടെ പെയിന്റിംഗ് അലക്‌സാണ്ടർ സാർ അനാച്ഛാദനം ചെയ്തു. ഒരു ബ്ലാക് ആൻഡ് വൈറ്റ് സ്റ്റമ്പ് വർക്ക്. മറിയപ്പള്ളി കൊട്ടാരത്തിലെ രാജേന്ദ്ര വർമ്മയായിരുന്നു ചിത്രം തയ്യാറാക്കിയത്. വർമ്മ അന്ന് രണ്ടാ വർഷ ബി എസ് സി മാത്തമാറ്റിക്സ് ക്‌ളാസിൽ. അടുത്ത ദിവസമായിരുന്നു ചലച്ചിത്ര പ്രദർശനം. നാട്ടകം വെൽക്കം ടാക്കിസിൽ ശരത്ചന്ദ്ര ചാറ്റർജിയുടെ ദേവദാസ് സിനിമ. മിച്ചംവന്ന തരക്കേടില്ലാത്ത തുകകൊണ്ടൊരു പ്രസംഗപീഠം വാങ്ങി കോളേജിനു സമ്മാനിച്ചു.
ക്യാഷ് അനുവദിക്കുന്ന കാര്യത്തിലൊഴികെ എല്ലാത്തിനും അലക്‌സാണ്ടർ സാർ കൂടെനിന്നു. ഹിന്ദി വിഭാഗത്തിലെ വി ഡി കൃഷ്ണൻ നമ്പ്യാർ സാറിനും എനിക്കും സംഘടകരായ മറ്റു വിദ്യാർത്ഥികൾക്കുമൊപ്പം യോഗം സംഘടിപ്പിക്കാനും സിനിമയുടെ ടിക്കറ്റ് വിൽക്കാനുമെല്ലാം അജിത്തുമുണ്ടായിരുന്നു. ഒരു വർഷം മാത്രമായിരുന്നു നാട്ടകം കോളജിൽ. ഒട്ടും പ്രതീക്ഷിക്കാതെ പെട്ടന്നൊരു ട്രാൻസ്ഫർ. ഇത്തവണ തലശ്ശേരി ബ്രണ്ണൻ കോളേജിലേക്ക്. വലിയ നിരാശയായിരുന്നു. നാലു മാസം അവിടെ കഴിഞ്ഞു. ഒടുവിൽ ലീവിൽ പോന്നു. പിന്നീടാണ് മഹാരാജാസിലേക്ക് വരുന്നതും എറണാകുളത്ത് സ്ഥിരതാമസമാക്കുന്നതും.
മൂന്ന് അജിതന്മാരിൽ ജി അജിത്കുമാർ പിതാവിന്റെ പാത പിന്തുടർന്നു അഭിഭാഷകനായി. എം ആർ അജിത് ആദ്യം പുളിമൂട് ജങ്ഷനിലെ അച്ഛന്റെ വാച്ച് കടയിൽ. പിന്നെ വിവാഹിതനായി റെയിൽവേ സ്റ്റേഷനടുത്തു എം ടി സ്കൂളിന്റെ ഗേറ്റിൻറെ നേരെ എതിരായി വഴിക്കിപ്പുറം ഫോട്ടോസ്റ്റാറ്റും സംവിധാനങ്ങളുള്ള സ്റ്റേഷനറികട നടത്തി. അക്കാലത്ത് എറണാകുളത്ത് നിന്നു. ഒരിക്കൽ കാക്കനാട്ടെത്തിയപ്പോൾ അവിടൊരു ഹോട്ടലിൻറെ കൗണ്ടറിൽ കാഷ്യറായി കണ്ടു. ഇപ്പോൾ കഴക്കൂട്ടത്ത് മകളോടൊപ്പം ചെറിയ ഉദ്യോഗത്തിൽ കൂടുന്നതായി അറിയുന്നു. അവസാനമായി മൂവരെയും ഒരുമിച്ചുകണ്ടത് പി കെ അജിത്ത് കുമാറിന്റെ മകൾ ജ്യോതിർമയിയുടെ വിവാഹത്തിന് കുടമാളൂർ ഹാളിൽ വച്ചായിരുന്നു.
അദ്ധ്യാപകനും വിദ്യാർത്ഥിയും എന്നതിലുപരിയായിരുന്നു എന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന അടുപ്പം. ആറിന്റെ അക്കരെ ആയിരുന്നു പതിനാറിൽച്ചിറയിലെ ചന്ദ്രലായം എന്ന അജിത്തിന്റെ ആദ്യം താമസിച്ചിരുന്ന വീട്. അതുകൊണ്ടാകും അജിത്തിനു എന്നോടും എനിക്ക് അജിത്തിനോടും കൂടുതൽ അടുപ്പം ഉണ്ടായതും. അജിത്തിന്റെ അമ്മ ലീലാമ്മ സ്കൂൾ ടീച്ചർ. അമ്മയുടെ അനുജത്തി രാജലക്ഷ്മി ഞാൻ പഠിച്ചിരുന്ന കാലത്ത് കാരാപ്പുഴ സ്കൂളിൽത്തന്നെ പഠിച്ചിരുന്നു. അച്ഛൻ ആർമി ഉദ്യോഗസ്ഥൻ. കുടുംബത്തിലെ ആണും പെണ്ണും ഒക്കെ മികച്ച വിദ്യാഭ്യാസം നേടിയവർ.
നാട്ടകം കോളേജിൽനിന്ന് പോന്നശേഷവും കൂടുതൽ ബന്ധപ്പെട്ടിരുന്ന അവിടത്തെ വിദ്യാർത്ഥികളിൽ ഒരാൾ മുണ്ടക്കയത്തെ അജിത്തായിരുന്നു. എറണാകുളത്ത് താമസമാക്കി കഴിഞ്ഞു പലപ്പോഴും തിരുനക്കരവെച്ച് അജിത്തിനെ കണ്ടിരുന്നു. ഇടക്കൊക്കെ വിളിക്കുമായിരുന്നു. വല്ലപ്പോഴും ഞാനും വിളിക്കും. പിന്നെങ്ങോ ആണ് അജിത്ത് രോഗിയാണെന്ന വേദനിപ്പിക്കുന്ന വിവരം അറിയുന്നത്. ടെലിഫോൺസിൽ ജോലിയുള്ള വാഴൂരിലെ പെങ്ങൾ ഗിരിജയും ഭർത്താവുമായിരുന്നു ആ വിവരം അറിയിക്കുന്നത്. മുണ്ടക്കയത്തെ വീട്ടിൽ രണ്ടു തവണ പോയി കണ്ടിരുന്നു. ആദ്യം എന്തോ പരിപാടിക്ക് പോയപ്പോൾ. പിന്നീടൊരിക്കൽ രോഗിയായശേഷം വാത്മീകിയോടൊപ്പവും.
എന്റെ എഴുപതാം ജന്മദിനം ഓമനക്കൂട്ടം80@കോട്ടയം എന്ന പേരിൽ സുരേഷ് കുറുപ്പും കാപ്പനും വാത്മീകിയുമൊക്കെച്ചേർന്നു സംഘടിപ്പിച്ചപ്പോൾ സംഘാടകരിൽ ഒരാളായി അജിത്തും ഉണ്ടായിരുന്നു. പ്രിയപ്പെട്ട സി എം എസ് കോളേജിൽ ചാപ്പലിനും ഗ്രേറ്റ് ഹാളിനും ഇടയിലുള്ള ഹിസ്റ്ററി ക്ലാസിന്റെ തിണ്ണയിൽ ആർട്ടിസ്റ്റ് സുജാതൻ ഒരുക്കിയ ശ്രീഭൂതനാഥവിലാസം നായർ ഹോട്ടലും അവിടെ അതിഥികളായി എത്തിയവർക്കു കൊടുത്ത ലഘുഭക്ഷണവും ഒരുക്കുന്നത്തിൽ അജിത്തും സജീവപങ്കാളിയായിരുന്നു. കോളേജ് കാമ്പസിലെ മരത്തണലിൽ കാറിൻറെ പിൻസീറ്റിൽ ചരിഞ്ഞിരിക്കുന്ന അജിത്തിന്റെ രൂപം ഓർമ്മയിലുണ്ട്.
കോട്ടയത്തു നടന്ന രാകേന്ദു സംഗീതോത്സവത്തിനു അജിത് മുണ്ടക്കയത്തുനിന്നു മുടങ്ങാതെത്തി. തുടർച്ചയായി നാലു വർഷവും. താൻകൂടി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമാകാൻ. വേദിക്കരികിൽ ഏതെങ്കിലും മരത്തണലിൽ കാറിൽ ചാരിയിരുന്നു പാട്ടുകേൾക്കാൻ. അജിത്തിന്റെ അറുപതാം പിറന്നാളിൽ കൂട്ടുകാർ കോട്ടയത്തു സി എസ് ഐ റിട്രീറ്റ് സെന്ററിൽ ഒത്തുകൂടിയ എന്ന ഹൃദ്യമായ ചടങ്ങിൽ പങ്കെടുക്കാൻ എറണാകുളത്തുനിന്ന് ഡോ കെ എസ് ഡേവിഡിനൊപ്പം ഞാനുമെത്തി. ഞാൻ പ്രസംഗിക്കുകയും ചെയ്തു. മുഖ്യ പ്രഭാഷകൻ.
എന്നും അജിത് നല്ല ഓർമ്മയാണ്. എല്ലാവരെയും അജിത് സ്നേഹിച്ചു. കൂട്ടായിരുന്നു അജിത്തിൻറെ ശക്തിയും ദൗർബല്യവും. സൗഹൃദവും ബന്ധങ്ങളും എന്നും കാത്തു. തനിക്കു എത്താവുന്നിടത്തെല്ലാം വീൽചെയറിൽ കാറ്റുപോലെ കടന്നുചെന്നു. എല്ലാവരുടെയും പ്രിയപ്പെട്ടവനായി.
സാധാരണ ഓർമ്മക്കുറിപ്പുകൾ അദ്ധ്യാപകരെകുറിച്ച് വിദ്യാർത്ഥികളുടേതാണ്. ഇവിടെ പ്രയപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾക്ക് ഞാൻ ഓർമ്മക്കുറിപ്പെഴുതുന്നു.