ADVERTISEMENT

കൊച്ചി ∙ പുതുതലമുറയെ വായനയിലേക്ക് തിരികെ കൊണ്ടു വരാൻ മെച്ചപ്പെട്ട വാക്ക് ‘ചങ്ക് ബ്രോ’ എന്നാണോ ‘നെല്‍ക്കതിർ’ എന്നാണോ? മലയാളം ബിരുദ ക്ലാസില്‍ പഠിപ്പിക്കേണ്ടത് കേരളപാണിനിയെ ആണോ തിരക്കഥാ രചനയാണോ? എഴുതി മാത്രം കേരളത്തില്‍ ജീവിക്കാൻ സാധിക്കുമോ? പുതിയ തലമുറയ്ക്ക് എഴുത്തുകാരോട് ‘അമ്മാവന്‍ സിൻഡ്രം’ ഉണ്ടോ? ചോദ്യങ്ങളും സന്ദേഹങ്ങളും അനുഭവം പങ്കുവയ്ക്കലുമായി മലയാളത്തിലെ പ്രമുഖ യുവ എഴുത്തുകാരായ എസ്.ഹരീഷും സന്തോഷ് ഏച്ചിക്കാനവും വിനോയ് തോമസും നിറഞ്ഞ സദസ്സിനു മുന്നിൽ ഇരുന്നു. മലയാള മനോരമ നവംബർ 1–3 തീയതികളിൽ കോഴിക്കോട് ബീച്ചിൽ ഒരുക്കുന്ന ‘ഹോര്‍ത്തൂസ്’ രാജ്യാന്തര സാഹിത്യ - സാംസ്‌കാരികോത്സവത്തിനു മുന്നോടിയായി ജില്ല തോറും നടത്തിവരുന്ന ‘ഹോർത്തൂസ് വായന’ പരമ്പരയുടെ ഭാഗമായി കൊച്ചിയിലെ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ഒരുക്കിയ സംവാദത്തിലായിരുന്നു യുവ എഴുത്തുകാർ ഒത്തുചേർന്നത്. 

കേരളം സാഹിത്യോത്സവങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ചർച്ചയ്ക്ക് തുടക്കമിട്ട എസ്.ഹരീഷ് അഭിപ്രായപ്പെട്ടത്. എന്നാല്‍ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സൃഷ്ടികളൊന്നും ഉണ്ടാകുന്നില്ല എന്ന ആശങ്ക പങ്കുവച്ചുകൊണ്ടു തന്നെ ഇത്തരം സാഹിത്യോത്സവങ്ങൾ രാജ്യാന്തര അതിർത്തികൾ ഭേദിക്കാൻ മലയാള സാഹിത്യത്തിന് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. എഴുതി ജീവിക്കും എന്നു തീരുമാനിച്ച തലമുറയിലെ തുടക്കക്കാരിലൊരാളാണ് താൻ എന്ന മുഖവുരയോടെയാണ് സന്തോഷ് ഏച്ചിക്കാനം സംസാരിച്ചു തുടങ്ങിയത്. എന്നാൽ ശുദ്ധസാഹിത്യം എഴുതിയിട്ട് ജീവിക്കുക എന്ന അവസ്ഥ ഇല്ല എന്ന് പെട്ടെന്ന് മനസ്സിലായെന്നും അതോടെയാണ് മെഗാ സീരിയൽ എഴുത്തിലേക്ക് താൻ തിരിഞ്ഞത് എന്നു അദ്ദേഹം പറഞ്ഞു. സീരിയൽ എഴുതിയാൽ ഭാഷയും ചിന്തയുമൊക്കെ കൈമോശം വരുമെന്നും കഥയെഴുതാൻ സാധിക്കില്ലെന്നും പലരും ഉപദേശിച്ചു. എന്നാൽ, തന്റെ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൊമാലയും പന്തിഭോജനവുമൊക്കെ എഴുതിയത് എന്നും അദ്ദേഹം പറഞ്ഞു. ഭാഷയെ ലളിതമായി ഉപയോഗിക്കാൻ സീരിയൽ എഴുത്ത് സഹായിച്ചു. സംഭാഷണങ്ങൾ എഴുതുമ്പോഴാണ് അത് ഏറ്റവും സഹായകമായത് എന്നും ഏച്ചിക്കാനം പറഞ്ഞു. 

young-writers-meeting-at-hortus-vayana-kochi1
‘ഹോർത്തൂസ് വായന’ പരമ്പരയുടെ ഭാഗമായി കൊച്ചിയിലെ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ഒരുക്കിയ സംവാദത്തിൽ സന്തോഷ് ഏച്ചിക്കാനം സംസാരിക്കുന്നു. എസ്. ഹരീഷ്, വിനോയ് തോമസ് എന്നിവർ സമീപം. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ

ഇന്നത്തെ സാഹിത്യത്തെ പ്രശ്നമേഖലയായാണ് പലരും കാണുന്നത് എന്നാണ് വിനോയ് തോമസ് തന്റെ ചിന്ത പങ്കുവച്ചത്. അത് നമ്മുടെ പാഠ്യപദ്ധതിയുടെ പ്രശ്നമാണ്. 8 പ്രശ്നമേഖലകളായാണ് നമ്മുടെ പാഠ്യപദ്ധതിയെ തിരിച്ചിരിക്കുന്നത്. ഇതിൽ ഏതു പ്രശ്നമേഖലയിലാണ് സാഹിത്യം ഉൾപ്പെടുത്തുക എന്നാണ് ചിന്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഭാഷ പഠിക്കുന്നവർക്ക് തിരക്കഥ, കണ്ടന്റ് റൈറ്റിങ്, കോപ്പി റൈറ്റിങ്, എഡിറ്റിങ് തുടങ്ങിയ മേഖലകളിലൊക്കെ സാധ്യതകൾ ഉണ്ടെങ്കിലും ഇവയൊക്കെ ആരു പഠിപ്പിക്കും എന്ന ആശങ്ക അധ്യാപകർക്ക് പോലുമുണ്ട്. ഇന്നും കേരള പാണിനിയുടെ വ്യാകരമാണ് നാം പഠിപ്പിക്കുന്നത്. ഇന്നത്തെ കുട്ടികൾക്ക് നെൽമണി എന്നത് പിരിച്ചെഴുതാൻ അറിയാവുന്നതിലും അധികം ചങ്ക്ബ്രോ എന്നതറിയാം. അപ്പോൾ വ്യാകരണത്തെ പുതുക്കാനുള്ള ധിക്ഷണശേഷി ഉള്ളവർ ഇല്ലാതായിരിക്കുന്നു എന്നതുകൊണ്ടാണ്. അത് വായനയേയും ബാധിക്കുന്നു. സമൂഹത്തിന്റെ ഭാഷ നിലനിൽക്കുന്നത് സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കമന്റുകളിലാണ് എന്ന നിരീക്ഷണവും വിനോയ് പങ്കുവച്ചു.  

young-writers-meeting-at-hortus-vayana-kochi2
‘ഹോർത്തൂസ് വായന’ പരമ്പരയുടെ ഭാഗമായി കൊച്ചിയിലെ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ഒരുക്കിയ സംവാദത്തിൽ എസ്. ഹരീഷ് സംസാരിക്കുന്നു. സന്തോഷ് ഏച്ചിക്കാനം, വിനോയ് തോമസ് എന്നിവർ സമീപം. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ

ഇന്ന് കേരളത്തിൽ നല്ല സാഹിത്യം എഴുതി ജീവിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് എസ്.ഹരീഷ് ചർച്ചയിൽ ഇടപെട്ടു. ഒരു ന്യൂനപക്ഷമാണ് അത് വായിക്കുന്നത്. മുമ്പ് ആളുകൾ‍ കൂടുതൽ വായിച്ചിരുന്നു എങ്കിൽ ഏക കാരണം അതു മാത്രമേ നമുക്ക് ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടാണ്. ഇപ്പോഴും കേരളത്തിൽ തന്നെ, അല്ലെങ്കിൽ കുറച്ച് ഇന്ത്യൻ ഭാഷകളിലേക്ക്, അതിനുമപ്പുറം രാജ്യാന്തര തലത്തിലേക്ക് നമ്മുടെ എഴുത്തുകൾ സഞ്ചരിക്കുന്നില്ല. പുതിയ തലമുറ എഴുത്തുകാരെ വായിക്കുന്നില്ല എങ്കിൽ അതിന് എഴുത്തുകാർക്കും ഉത്തരവാദിത്തമുണ്ട്. നമ്മളിപ്പോഴും നമ്മുടെ ജീവിതത്തെ കുറിച്ച് ഒരു ബന്ധവുമില്ലാത്ത വിന്റേജ് കാലത്തെക്കുറിച്ചാണ് എഴുതുന്നത് എന്നാണ് ഇതിനെക്കുറിച്ച് പുതുതലമുറയില്‍പ്പെട്ടവർ പങ്കുവച്ചത്. ഇന്നത്തെ തലമുറ അതിർത്തികള്‍ ഭേദിക്കുന്നവരാണ്. അവർ ആഗോള പൗരന്മാരാണ്. സിനിമയിൽ പോലും പുതിയ രീതികൾ വന്നു, ഇന്നത്തെ പാട്ടുുകളുടെ വരികൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. അത് വരാത്തത് സാഹിത്യ മേഖലയിലാണ് എന്ന് നിരീക്ഷണവും ഹരീഷ് പങ്കുവച്ചു. 

young-writers-meeting-at-hortus-vayana-kochi3
‘ഹോർത്തൂസ് വായന’ പരമ്പരയുടെ ഭാഗമായി കൊച്ചിയിലെ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ഒരുക്കിയ സംവാദത്തിൽ വിനയ് തോമസ് സംസാരിക്കുന്നു. എസ്. ഹരീഷ്, സന്തോഷ് ഏച്ചിക്കാനം എന്നിവർ സമീപം. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ

എം.ടി.വാസുദേവൻ നായർ ഒക്കെ ചലച്ചിത്ര മേഖലയിൽ ഉണ്ടായിരുന്ന സ്ഥാനമല്ല എഴുത്തുകാർക്ക് ഇന്നുള്ളത് എന്ന് വിനോയ് തോമസ് അഭിപ്രായപ്പെട്ടത്. സംവിധായകനാണ് കല ഉണ്ടാക്കുന്നത് എന്നും അവര്‍ക്ക് ആവശ്യമുള്ളത് എഴുതിക്കൊടുക്കുക എന്നതാണ് ഇന്ന് എഴുത്തുകാർക്ക് ചെയ്യാനുള്ളത് എന്ന് ഹരീഷാണ് തനിക്ക് പറഞ്ഞു തന്നതെന്നും വിനോയ് പറഞ്ഞു. എന്നാൽ സമകാലിക എഴുത്തിനെ പറ്റി പറയുന്നതില്‍ തനിക്കുള്ള വിയോജിപ്പ് ഏച്ചിക്കാനം പങ്കുവച്ചു. എന്തുകൊണ്ടാണ് ഭ്രമയുഗം പോലൊരു ചിത്രം തിയറ്ററിൽ ഓടിയത് എന്ന് പരിശോധിക്കണം. അത് ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ, എങ്ങനെ പറഞ്ഞു എന്നതുകൊണ്ടാണ്. ഹരീഷിന്റെ മീശയും ഓഗസ്റ്റ് 17ഉം ഒക്കെ വായിക്കപ്പെട്ടത് അത് ലളിതമായി, മനസ്സിലാവുന്ന രീതിയിൽ എഴുതിയതു കൊണ്ടാണ്. ആത്യന്തികമായി മനുഷ്യാവസ്ഥയെക്കുറിച്ചാണ് എല്ലാക്കാലത്തും പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും ചരിത്രവുമൊന്നും മാറ്റി നിർത്തിക്കൊണ്ട് എഴുതാൻ പറ്റില്ല എന്ന് ഹരീഷും ഇതിനോട് യോജിച്ചു. മനോരമ ബുക്സ് എഡിറ്റർ ഇൻ–ചാർജ് തോമസ് ഡൊമിനിക്, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി.പ്രകാശ് തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. റജിസ്ട്രേഷന് സന്ദർശിക്കുക: manoramahortus.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com