കഥയുടെ പൊന്തക്കാടുകൾ; സ്നേഹത്തിനും വിപ്ലവത്തിനും വേണ്ടിയുള്ള തിരച്ചിലിൽ
Mail This Article
മെച്ചപ്പെടുത്താനുള്ള ഭാവനയും ധൈര്യവും ഉണ്ടെങ്കിൽ ജീവിതത്തിലെ എല്ലാം എഴുതാവുന്നതാണ്. സർഗ്ഗാത്മകതയുടെ ഏറ്റവും വലിയ ശത്രു ആത്മസന്ദേഹമാണ്- Sylvia Plath
പ്രപഞ്ചത്തെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞു തുടങ്ങുന്നത് തന്നെ കഥകളിലൂടെയാണ്. മനുഷ്യൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത് അത്തരമൊരു ജൈവികതയിലാണ്. കഥയുടെ വിഷയത്തേക്കാൾ അത് വായനക്കാരുമായി സംവദിക്കുന്നതിലാണ് (connecting) എഴുത്തുകാരന്റേയും കഥയുടേയും വിജയവും. ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ‘പൊന്ത’ എന്ന കഥാസമാഹാരത്തിലെ പതിനൊന്ന് കഥകൾ വ്യത്യസ്തമായ പ്രമേയങ്ങളുടേയും കഥാപാത്രങ്ങളുടേയും അവതരണരീതിയുടേയും പൊന്തക്കാടുകളാണ്. ആ കഥകൾ നമ്മളിലേക്കല്ല, നമ്മൾ ആ കഥകളിലേക്കാണ് പല വായനകളുമായി ഇറങ്ങിച്ചെല്ലുന്നത്.
നിലവിളക്ക് വിപ്ലവം
മനുഷ്യരുടെ ഏറ്റവും വലിയ ആനന്ദം സൗഹൃദത്തിന്റെ ശക്തിയാണ്. ഒരു സുഹൃത്ത് നൽകുന്ന ഉന്മേഷത്തിന്റെ സംതൃപ്തി, അഗാധമായ സമുദ്രത്തോളം വിസ്തൃതമാണ്. സൗഹൃദങ്ങൾക്കിടയിലെ ആശയസംവാദങ്ങളും വാദപ്രതിവാദങ്ങളും വൈകാരികതയും പങ്കിടുന്ന മൂല്യങ്ങളും മാനവികതയുടെ വഴിയിലെ വെളിച്ചങ്ങളാണ്. എന്നാൽ രാഷ്ട്രീയവും മതവും സൗഹൃദങ്ങൾക്കിടയിൽ ഇരുട്ട് പരത്തുമ്പോൾ മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന്റെ ഇഴയടുപ്പം ദ്രവിക്കാൻ തുടങ്ങുന്നു, വർഗ്ഗീയ മനോഭാവത്തിന്റെ വിത്തുകൾ പാകപ്പെട്ടു തുടങ്ങുന്നു. ജയകൃഷ്ണനും സുകേശനും സൗഹൃദത്തിന്റെ മൂർത്തിമത്ഭാവങ്ങളല്ല, അതിൽ അവഗണിക്കപ്പെടേണ്ടതും ഉൾക്കൊള്ളേണ്ടതും എന്തൊക്കെയാണെന്ന് അവർക്ക് നന്നായറിയാം. തീർത്തും വ്യത്യസ്തമായ ആശയധാരകളുമായി ജീവിക്കുന്ന രണ്ട് മനുഷ്യരുടെ മൂല്യങ്ങളുടെ കഥ കൂടിയാണ് "നിലവിളക്ക് വിപ്ലവം".
വിഷ്ണുധർമ്മോത്തരപുരാണത്തിലെ ചിത്രസൂത്രത്തേയും ബുദ്ധ-പാലി സൂത്രങ്ങളിലെ ചിത്രകലാപരാമർശങ്ങളേയുമെല്ലാം ഉദ്ധരിച്ചുകൊണ്ടുള്ള ഭാരതീയ ചിത്രകലാപാരമ്പര്യത്തെപ്പറ്റിയുള്ള ജയകൃഷ്ണൻ മാഷിന്റെ ക്ലാസിൽ അൽപം അലോസരത്തോടെയാണ് സുകേശൻ ഇരിക്കുന്നത്. സംഘപരിവാർ ആശയധാരയോടുള്ള വിയോജിപ്പ് രേഖപ്പെടുത്താനുള്ള ഇടമല്ല അതെന്നും താൻ ചിത്രകല അഭ്യസിക്കാൻ വന്നതാണെന്നുമുള്ള വിചാരം സുകേശനെ ജയകൃഷ്ണൻ മാഷിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ദേശീയതയിലും ഭാരതസംസ്കാരത്തിലും അഭിമാനം കൊള്ളുന്ന മാഷുടെ മുഖത്തെ അലൗകികമായ ചൈതന്യം സുകേശനെ അദ്‌ഭുതപ്പെടുത്തുന്നുണ്ട്. ജയകൃഷ്ണനാകട്ടെ, സുകേശൻ പൂജ ചെയ്യുന്ന അമ്പലത്തിലെ വിഗ്രഹത്തിന്റെ ചന്ദനച്ചാർത്ത് നേരിട്ടുകണ്ട് ആ കലാവൈഭവത്തെ മനസ്സിൽ താലോലിക്കുകയും ചെയ്യുന്നയാളാണ്. ചിത്രകല അഭ്യസിക്കാൻ വന്ന ശിഷ്യൻ എന്നതിലുപരി ജയകൃഷ്ണന്റെ അടുത്ത സുഹൃത്തായി സുകേശൻ പെട്ടെന്നുതന്നെ മാറുകയും ചെയ്യുന്നു. കഥാപാത്രങ്ങൾ തന്നെയാണ് ഈ കഥയുടെ ശക്തി.
കഥയിലുടനീളം സുകേശനും ജയകൃഷ്ണനും തമ്മിലുള്ള ശക്തമായ സംഭാഷണങ്ങളുണ്ട്. കഥ തുടങ്ങുന്നതുതന്നെ ജയകൃഷ്ണന്റെ സംഘപരിവാർ ആശയധാരയെ വ്യക്തമാക്കിക്കൊണ്ടാണ്. മരിച്ചവർ ജീവിച്ചിരിക്കുന്നവരെ കാണുകയോ കേൾക്കുകയോ ചെയ്യുമോ? രാഷ്ട്രീയ സംഘട്ടനങ്ങളിൽ കൊല്ലപ്പെട്ടവന്റേയും കൊന്നവന്റേയും കുടുംബാംഗങ്ങൾ തമ്മിൽ പിന്നീട് ലോഹ്യത്തിലാകുന്നത് ശരിയാണോ എന്നൊക്കെയുള്ള സംശയത്തിന് സുകേശൻ എന്ന സുഹൃത്തല്ല സുകേശൻ എന്ന കമ്യൂണിസ്റ്റുകാരനാണ് മറുപടി പറയുന്നത് "അത് ചത്തവൻ അറിഞ്ഞാലും ഇല്ലെങ്കിലും, നന്ദികേടാണ്". സംഘപരിവാറുകാർക്ക് വായനയും അറിവും ഇല്ലെന്ന പൊതുവിശ്വാസത്തെ ജയകൃഷ്ണന്റെ അറിവും വായനാശീലവും മാറ്റിമറിക്കുന്നു, ആ പൊതുവിശ്വാസത്തെ ജയകൃഷ്ണൻ സ്വയം മനസ്സിലാക്കുന്നുമുണ്ട്. മരുഭൂമിയിൽ പച്ചപ്പ് വളരുമെന്നതിൽ സുകേശൻ ബോധവാനുമാണ്.
സംഘപരിവാറുകാരനായ ജയകൃഷ്ണന്റേയും ഇടതുപക്ഷക്കാരനായ സുകേശന്റേയും ദൃഢമായ രാഷ്ട്രീയം കഥയിൽ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. രണ്ട് ആശയങ്ങളിൽ വിശ്വസിക്കുന്നവർ തമ്മിലുള്ള സംഭാഷണങ്ങളാകട്ടെ വളരെ പക്വവും ആരോഗ്യപരമായ ചർച്ചയുമാകുന്നു. വ്യക്തിശുദ്ധീകരണത്തിലൂടെ സമാജത്തെ ശുദ്ധീകരിക്കുന്നതിനുള്ള യത്നത്തെപ്പറ്റിയും, പവിത്രീകരിക്കുക എന്നതിലെ പൊളിറ്റിക്കൽ കറക്ട്നെസ്സുമെല്ലാം സൗഹൃദത്തിലൂടെയുള്ള ചർച്ചാവിഷയങ്ങളാകുന്നു. എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് പ്രചാരക് ആയി ജീവിക്കാനുള്ള തീരുമാനം അനിയന്റെ മരണത്തോടെ തകിടം മറിഞ്ഞത് ജയകൃഷ്ണൻ പറയുന്നത് സുകേശൻ എന്ന കമ്യൂണിസ്റ്റുകാരനോടല്ല, സുഹൃത്തിനോടാണ്. ജയകൃഷ്ണന്റെ ആന്തരികസംഘർഷങ്ങളിൽ പലയിടത്തും സുകേശൻ പകച്ചുനിൽക്കുന്നുണ്ട്. മാനസികസമ്മർദ്ദം ഇടയ്ക്കെപ്പോഴോ ജയകൃഷ്ണനെ സ്വയമേർപ്പെടുത്തിയ വിലക്കുകളിൽ നിന്നും പുറത്തുചാടിക്കുന്നുണ്ട്. മരിച്ചുപോയ അനിയന്റെ ഭാര്യ ഭദ്രയോടുള്ള ഇഷ്ടത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ അയാൾ ഭ്രാന്തനാകുന്നുമുണ്ട്. പൂർത്തിയാക്കാത്ത ചിത്രം ഭദ്രയുടെ മുഖഛായയിൽ പൂർത്തീകരിക്കപ്പെടുമ്പോൾ, ശരിയെന്ന് തോന്നുന്നത് ചെയ്യാൻ ഒന്നിനേയും ഭയപ്പെടേണ്ടതില്ലെന്ന് സുകേശൻ പറയുന്നിടത്ത്, ജയകൃഷ്ണന്റെ പുഞ്ചിരിയിൽ, കഥ അവസാനിക്കുകയും ചെയ്യുന്നു. ഉജ്ജ്വലമായ കഥാപാത്രങ്ങളാണ് ഇതിലെ കമ്യൂണിസ്റ്റുകാരനും സംഘപരിവാറുകാരനും!
വ്യത്യസ്ത ആശയധാരകളെ പരസ്പരം മനസ്സിലാക്കിക്കൊണ്ട്, ആത്മവേദനകളിലും ആനന്ദത്തിലും അറിവ് പകരുന്നതിലുമെല്ലാം കൂടെ നിൽക്കുന്ന സൗഹൃദങ്ങളും മനുഷ്യബന്ധങ്ങളുമാണ് ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ ഇല്ലാത്തതും. ആരോഗ്യപരമായ സംവാദങ്ങൾ വ്യക്തി അധിക്ഷേപത്തിലേക്കും പരിഹാസത്തിലേക്കും നീളുന്ന സമകാലികജീവിതത്തിൽ ജയകൃഷ്ണന്മാരും സുകേശന്മാരും കൂടുതൽ ഉണ്ടാകേണ്ടതുണ്ട്.
മായ
സ്ത്രീയ്ക്ക്, ഏറ്റവും അപകടം പിടിച്ച സൗഹൃദം പുരുഷനുമായിട്ടുള്ളതാണ്, എന്നാൽ ഏറ്റവും ഉദാത്തമായ പ്രണയവും സ്നേഹവും സൗഹൃദവും നൽകാൻ പുരുഷന് മാത്രമേ കഴിയുകയുമുള്ളൂ. അതിലെ തിരഞ്ഞെടുപ്പ് പ്രധാനമാണ്.
പുരുഷന്മാർ മദ്യപാനവുമായി ഒത്തുകൂടിയാൽ അവരുടെ ചർച്ചയിൽ പ്രധാനപങ്ക് സ്ത്രീവിഷയങ്ങൾക്കായിരിക്കും. പ്രണയം സൗഹൃദം എന്നതിലുപരി കാമത്തിനും അശ്ലീലതയ്ക്കും പ്രാധാന്യം കൂടുകയും ചെയ്യും. മധു വാര്യരും, കലക്ടറേറ്റിലെ ജോലിക്കാരനായ പ്രദീപനും, വില്ലേജ് ഓഫീസറായ സനീഷും, പീറ്റർ മറ്റേടവും, വക്കീൽ ചുമ്മാറും, അനൂപും രാജധാനി ബാറിൽ ഒത്തുകൂടി മദ്യപാനസദസ്സ് തുടങ്ങുന്നിടത്താണ് കഥ വായനക്കാരിലേക്ക് ആധി പിടിപ്പിച്ചുകൊണ്ട് കയറിപ്പോകുന്നത്. ജാരശങ്ക കുഴിമാടത്തേക്കാൾ ഭയങ്കരമാണെന്നും ഇല്ലാത്ത വികാരമാണ് സ്നേഹം, അഥവാ ഉണ്ടെങ്കിലും അതൊരു മൃഗീയവികാരമാണെന്നുമൊക്കെയുള്ള വിചാരങ്ങളിലൂടെ സംഭാഷണങ്ങൾ കനത്ത്, കാമം തോന്നിയ സ്ത്രീയെ അവരുടെ സമ്മതമില്ലാതെ പ്രാപിക്കുന്നതിലേക്കും (റേപ്പ്) എത്തുന്നു. വിഭ്യാഭ്യാസമോ സാമൂഹികബോധമോ കുടുംബമോ ഇല്ലാത്തവരല്ല ഇതിലെ പുരുഷകഥാപാത്രങ്ങൾ. പുരുഷമേൽക്കോയ്മയുടെ ഏറ്റവും നീചമായ അഹങ്കാരബോധത്തിൽ നിന്നും ഉടലെടുത്ത, അല്ലെങ്കിൽ ഈ സമൂഹം അവർക്ക് നൽകിയ മൗനാനുവാദത്തിന്റെ വൃത്തിഹീനമായ ബോധത്തിന്റെ ഏറ്റവും അഴുകിയ തലത്തിൽ നിന്നും അവർ വെറും പുരുഷ(പുഴു)ജന്മങ്ങളാവുകയാണ്.
ലൈംഗികദാരിദ്ര്യത്തിന്റെ സാമൂഹിക കണ്ണാടി കൂടിയാണ് ഇതിലെ സംഭാഷണങ്ങൾ. കൂട്ടത്തിലുള്ളൊരുത്തന്റെ ഭാര്യയോട് തോന്നുന്ന കാമത്തിലേക്ക് സംഭാഷണം നീളുമ്പോൾ അവിടെ സൗഹൃദത്തിന് യാതൊരു സ്ഥാനവുമില്ല. സൗഹൃദമല്ല അവരെ കൂട്ടിച്ചേർക്കുന്നത്, സമാന ചിന്താഗതി മാത്രമാണ്. മദ്യപിക്കാൻ കൂട്ട് വരുന്നതും, നേരംപോക്ക് പറഞ്ഞിരിക്കുന്നതും സൗഹൃദത്തിന്റെ വരേണ്യഭാവങ്ങളായി പുരുഷസമൂഹം ഇന്നും കാണുന്നുണ്ട്. വരേണ്യതയെ ഈ സമൂഹം ഇപ്പോഴും താലോലിക്കുന്നുമുണ്ട്. അല്ലെങ്കിൽ സനീഷിന്റെ ഭാര്യ മായ ഇവരുടെ അശ്ലീലചർച്ചയിലേക്ക് ഒരിക്കലും കടന്നുവരികയില്ല.
കഥ മായയിലേക്ക് മാറുന്നു. പെയിന്റിങ്ങുകൾ ഇഷ്ടപ്പെടുന്ന, സനീഷിനെ ഹൃദയപൂർവ്വം സ്നേഹിക്കുന്ന ഉജ്ജ്വലസ്ത്രീയായി അവർ നിറഞ്ഞുനിൽക്കുന്നു. പെൻഗ്വിന് നേർക്ക് ചാടി വീഴുന്ന ഹിമക്കരടികളുടെ ചിത്രത്തെ സനീഷിന് പറഞ്ഞുകൊടുക്കുമ്പോഴും അയാൾ അതിന്റെ അർഥത്തെ ജീവിതവുമായി ചേർത്ത് ചിന്തിക്കാൻ താത്പര്യപ്പെടുന്നില്ല. കഥയുടെ മധ്യത്തിലാണ് ചതിയുടെ മുഖമണിഞ്ഞ കൂട്ടുകെട്ടിന്റെ നിറങ്ങൾ ചിതറിപ്പരക്കുന്നത്. അത്, മായ എന്ന പെണ്ണിലേക്ക് ഒഴുകിയെത്തുന്നു. മതിഭ്രമമെന്നപോലെ തന്നെ പ്രാപിക്കുന്ന പുരുഷന്മാരിൽനിന്നും രക്ഷപ്പെടാൻ ആവത് ശ്രമിക്കുമ്പോൾ, യാഥാർഥ്യത്തിന്റെ ചുഴി അവളെ വലിച്ചെടുക്കുന്നു. ആ പുരുഷന്മാർക്കിടയിൽ സനീഷിന്റെ മുഖം അവൾ പ്രതീക്ഷിച്ചിരുന്നില്ല, അവളെ ഏറെ തളർത്തിയതും അതുതന്നെ. വെളിച്ചം വരുമ്പോൾ, അവൾ സകലബോധത്തിൽനിന്നും ഉണരുന്നു. ദ്രവിച്ച മനസ്സുള്ള പുരുഷന്മാരാൽ അലങ്കോലമാക്കപ്പെട്ട ഭവനം വൃത്തിയാക്കി, സനീഷിനൊരു മെസ്സേജ് അയച്ച് അവൾ ആ വീട്ടിൽനിന്നും ഇറങ്ങിപ്പോകുന്നു.
ചിത്രകാരനായ രഘുവിന്റെ വീട്ടിൽ അവളെ കാത്തിരുന്നത്, അവളുടെ മുഖഛായയുള്ള പലവിധ ചിത്രങ്ങളാണ്. ഭർതൃമതിയായ ഒരു സ്ത്രീയെ, മായയെ നിരന്തരം നിരീക്ഷിക്കുകയും സ്വകാര്യമായി ഇഷ്ടപ്പെടുകയും ചെയ്യുന്ന രഘുവിന്റെ വീട്ടിലേക്ക് അവൾ സ്വാതന്ത്ര്യത്തോടെ കയറിച്ചെന്ന് ഇനി ഞാൻ നിന്റെ കൂടെയാണ് താമസിക്കുന്നതെന്ന് പറയുമ്പോൾ അദ്‌ഭുതത്തോടെ, നടുക്കത്തോടെ, പരിഭ്രമത്തോടെ അയാൾ നിൽക്കുന്നു. മായയുടെ ആ തീരുമാനം എത്രത്തോളം ശരിയാകുമെന്ന ആശങ്ക വായനക്കാരിൽ ഉടലെടുക്കുന്നുണ്ട്. കാരണം, അഭിനിവേശത്തോടെയുള്ള ഒരു പുരുഷന്റെ ഇഷ്ടത്തിലേക്കാണ് അവൾ കേറിചെല്ലുന്നത്. കാമമല്ല രതിയോ പ്രണയമോ ആയിരിക്കാം അവിടെ എന്നതിന് യാതൊരു ഉറപ്പുമില്ല. സനീഷിന്റെ നിർവികാരത പോലെത്തന്നെയാണ് രഘുവിന്റെ അഭിനിവേശവും. ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും ഗാസയിലെ ആക്രമണത്തെക്കുറിച്ചും ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും അവർ ഘോരഘോരം സംസാരിക്കുമ്പോഴും ഒരു സ്ത്രീക്ക് മേൽ പരമാവധി പുരുഷജീർണ്ണതയുടെ ഓവുചാൽ നിർമ്മിക്കുകയും ചെയ്യും.
'മായ' മറ്റൊരു തലത്തിൽ വായിക്കുമ്പോൾ മൂന്നാംകണ്ണിന്റെ ചുഴി രൂപപ്പെടുന്നു. ആദ്യമായി കാണുന്ന ഭർത്താവിന്റെ സുഹൃത്തുക്കളെക്കുറിച്ച് കൃത്യമായി അറിയുന്ന, അവരുടെ ഇഷ്ടാനിഷ്ടങ്ങളെ മനസ്സിലാക്കി പെരുമാറുന്ന മായ സനീഷിനെ അമ്പരപ്പിക്കുന്നു. മുൻകാലത്തെന്നോ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടിയെക്കുറിച്ച് ചോദിക്കുമ്പോഴും താനെപ്പോഴെങ്കിലും അതേക്കുറിച്ച് മായയോട് പറഞ്ഞിട്ടുണ്ടാകണം എന്ന് സനീഷ് ഊഹിക്കുന്നു. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ സംഭവങ്ങളെക്കുറിച്ച് അറിയാൻ കഴിയുന്ന മായയിലേക്ക് എത്തിപ്പെടാൻ സനീഷിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല. ഓർമ്മയുടെയും മതിഭ്രമത്തിന്റെയും ഇടയിൽ മായ തീവ്രമായി ഉഴറുന്നുണ്ടായിരിക്കണം. മൂന്നാംകണ്ണിന്റെ മാനസിക ലക്ഷണങ്ങളായ സർഗാത്മകതയും ചിന്താശേഷിയും അമിതമായ സുരക്ഷിതബോധവുമെല്ലാം കഥയിലുടനീളം പ്രകടമാകുന്നുമുണ്ട്. ഉപദ്രവിക്കപ്പെടുമെന്നുറപ്പുള്ള ഒരു രാത്രിയെ മുൻകൂട്ടി കാണുകയോ അങ്ങനെയൊരു രാത്രിയെ സങ്കൽപിച്ചെടുക്കുകയോ ചെയ്യുന്നതിലൂടെ മായ, മൂന്നാംകണ്ണിന്റെ (third eye) ശാരീരിക ലക്ഷണങ്ങളായ സ്വപ്നലോകത്തേയും ഉറക്കമില്ലായ്മയേയും വ്യക്തമായി ചിത്രീകരിക്കുന്നു.
മായയുടെ തുടർന്നുള്ള ജീവിതത്തെ വായനക്കാരന് തീരുമാനിക്കാം. മായയും ചിത്രകാരനും തമ്മിലുള്ള ഒന്നിക്കലിൽ കഥ യഥാർഥത്തിൽ തീരുന്നില്ല, ആകാംക്ഷാഭരിതമാവുകയാണ്.
ഒളിച്ചിരിക്കുന്ന വീട്
'സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തനിക്ക് തന്നെ തീർച്ചയില്ലാത്ത ഒരു ജീവിതമായിരുന്നു അവളുടേത്'
കഥയിലെ ആദ്യവാചകം തന്നെയാണ് അവസാനംവരേയും നിഗൂഢമായി നിറഞ്ഞുനിൽക്കുന്നത്. കഥയത്രയും ഓർമ്മയുടെയോ മറവിയുടേയോ, മുറിവിന്റെ നീറ്റലിൽ ഉരുവപ്പെടുന്ന ഭ്രമത്തിന്റെ പ്രതിഫലനങ്ങളാണെങ്കിലും ഒന്നുമാത്രം യാഥാർഥ്യമാണ്. അവളുടെ കുഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നു, ഒരു കൊലപാതകിയെപ്പോലെ അയാൾ തലകുനിച്ചിരിക്കുന്നു. കഥയേക്കാൾ 'ഒളിച്ചിരിക്കുന്ന വീട്' വായനക്കാർക്ക് നൽകുന്നത് ഭാഷയുടെ ഭംഗിയും ഗംഭീരമായ അവതരണരീതിയുമാണ്. രാത്രിയേയും ഭയമൂറുന്ന ഒറ്റപ്പെടലിനെയും മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
അവളുടെ ഓർമ്മകളിൽ ഒരു വീടും പടവുകളും വിതുമ്പി നിൽക്കുന്ന സന്ധ്യയുമുണ്ട്, എല്ലാമുപേക്ഷിച്ച് ഒരാളോടൊപ്പം ഇറങ്ങിപ്പോന്ന ദിനവുമുണ്ട്. ഇരുട്ട് ശേഖരിച്ചുവെച്ച വീട് അവളുടെ ഉപബോധമനസ്സിലുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ വായനക്കാരിലേക്കും പടരുന്നുണ്ട്. കാട്ടുമൃഗത്തിന്റെ ആക്രമണത്തിലകപ്പെട്ട കഥാനായികയും അവളുടെ കുഞ്ഞും, എന്ന വായനയിൽ കഥയെ ഒതുക്കാൻ കഴിയില്ല. പല വായനകൾ നൽകുന്ന, ആന്തരികസംഘർഷങ്ങളുടെ ഇരുട്ട് പരന്ന കഥയാണിത്. അതുവരെയുള്ളതെല്ലാം തന്റെ സ്വപ്‌നമാണെന്ന് അവൾ തിരിച്ചറിയുന്നുണ്ടെങ്കിലും ആ സ്വപ്നം കണ്മുന്നിൽ മരവിച്ച് നിൽക്കുന്നത് കാണുമ്പോൾ അവളിലേക്ക് അയാളും കുഞ്ഞും കാട്ടുമൃഗവുമെല്ലാം വീണ്ടും ഇരച്ചെത്തുന്നു.
ദൈവത്തിന്റെ ഏകാന്തത
Nothing is so strange when one is in love as the complete indifference of other people- Virginia Woolf
സാമ്പ്രദായിക കഥാവതരണരീതിയെ ചവിട്ടിമെതിച്ചുകൊണ്ടാണ് ദൈവത്തിന്റെ ഏകാന്തത തുടങ്ങുന്നത്. രണ്ട് പേർ തമ്മിലുള്ള കഥ പറച്ചിലൂടെ പുരോഗമിക്കുന്ന കഥയിൽ ഒരു സിനിമാ സംവിധായകനും ഒരു ചിത്രകാരനുമാണുള്ളത്. ചിത്രകാരൻ കഥ പറഞ്ഞു തുടങ്ങുമ്പോൾ ഉണ്ടാകുന്ന മുഷിച്ചിൽ ഏറെ താമസിയാതെ ഇല്ലാതാകുന്നത് ആ കഥാപരിസരം സംവിധായകന്റെ ജീവിതവുമായി ഏറെ സാമ്യമുള്ളതുകൊണ്ടാണ്. ദാമ്പത്യജീവിതത്തിലെ സ്നേഹമില്ലായ്മയാണ് വിഷയം. കഥാനായകന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുമ്പോൾ അയാളത് സമ്മതിക്കുകയും എന്നാൽ ഭാര്യയെ നിരീക്ഷിക്കാൻ രഹസ്യ ഏജന്റ് പ്രീതാ നായരെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. അവളുടെ സുരക്ഷയ്ക്കാണ് എന്ന് പറയുന്നുണ്ടെങ്കിലും മറ്റാരിലാണ് അവൾ സ്നേഹം കണ്ടെത്തിയത് എന്ന് അയാൾക്ക് അറിയണമായിരുന്നു. സമാനദു:ഖിതയായ പ്രീതാ നായരാകട്ടെ അയാളിലേക്ക് കൂടുതൽ അടുക്കുന്നു. സുഖസൗകര്യങ്ങളെല്ലാമുണ്ടെങ്കിലും വിവാഹജീവിതത്തിൽ ഇല്ലാതെ പോകുന്ന സ്നേഹം തേടിയുള്ള തിരച്ചിലിൽ കഥാനായകനിലേക്ക് എത്തുന്നത് മറ്റ് രണ്ട് സ്ത്രീകളാണ്, പ്രീതാ നായരും കളിക്കൂട്ടുകാരിയും. കഥ കേൾക്കുന്ന സംവിധായകൻ ആ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്നത് അയാളുടെ കാശുകാരിയായ കൂട്ടുകാരിയുടെ പരിചയക്കാരിക്ക് വേണ്ടിയാണ്.
'ചാപല്യമേ നിന്റെ പേരോ സ്ത്രീ' എന്ന വിഖ്യാതമായ ഷേക്‌സ്‌പിയർ വചനം. ഒരു സ്ത്രീ ഒരാളെ മാത്രമേ ഇഷ്ടപ്പെടാവൂ എന്നതിലെ നീതി എന്താണ്? വിവാഹജീവിതത്തിലെ സുഖങ്ങൾക്കപ്പുറം അവൾ പ്രണയം തേടുന്നെങ്കിൽ അതെങ്ങനെയാണ് ചാപല്യമാകുന്നത്? പ്രണയം ഒരിക്കലും ചാപല്യമല്ല, അത് ഏറ്റവും മനോഹരമായ ഒരനുഭൂതിയാണ്, പ്രാപഞ്ചികസത്യമാണ്. സ്നേഹത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ട്, ഉത്തരവാദിത്തങ്ങളുടേയും നിർമ്മലതയുടേയും ചൂടുണ്ട്. എന്നാൽ അവിടെ തീർത്തും ശൂന്യമായൊരിടം ബാക്കിയാകുന്നുമുണ്ട്, അതിന്റെ തേടലിലേക്ക് സ്ത്രീയും പുരുഷനും കുതറിച്ചാടിയേക്കാം.
ഭൂമിയിൽ വചനങ്ങളെല്ലാം സ്ത്രീകളെ പ്രകീർത്തിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്തുകൊണ്ടാണ് നിലനിൽക്കുന്നത്. അവ പുരുഷകേന്ദ്രീകൃതമായാണ് വേണ്ടത്. 'ചാപല്യമേ നിന്റെ പേരോ സ്ത്രീ' എന്നത് പുരുഷകേന്ദ്രീകൃതമായിരുന്നെങ്കിൽ? സ്ത്രീ അവളുടെ പ്രണയം തേടുന്നതിന് കാലപരിധിയില്ല, അതിൽ പുരുഷൻ അവളെ പിന്തുടരുന്നത് അവന്റെ കാപട്യമാണ്.
കഥയുടെ അവസാനമാണ് വായനക്കാർ മനസ്സിലാക്കുന്നത് ചിത്രകാരന്റെ കഥയിലെ കഥാപാത്രങ്ങൾ തന്നെയാണ് അയാളും സംവിധായകനുമെന്ന്. സംവിധായകൻ അവിടെ കാത്തിരിക്കുന്നത് ചിത്രകാരന്റെ ഭാര്യയെയാണ്. ചിത്രകാരന്റെ തോൾസഞ്ചിയിലെ ലോഡഡ് തോക്കിനെക്കുറിച്ച് പ്രീതാ നായരുടെ ഫോൺ കാൾ സൂചിപ്പിക്കുന്നിടത്ത്, കഥയുടെ അവസാനത്തെക്കുറിച്ച് വായനക്കാരന് പൂർണ്ണമായും മനസ്സിലാകുന്നു. വ്യത്യസ്‍തമായ അവതരണരീതിയും ഒതുക്കത്തോടെയുള്ള കഥ പറച്ചിലുമാണ് ദൈവത്തിന്റെ ഏകാന്തതയെ മനോഹരമാക്കുന്നത്.
മുയൽക്കുരുതി
Turn on to politics or Politics will turn on you- Ralph Nader
ആശയങ്ങളിൽ ശക്തരായി നിലകൊള്ളുന്നവർക്ക് രാഷ്ട്രീയം വെല്ലുവിളികൾ നിറഞ്ഞതാകും. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന രവി, തത്വശാസ്ത്രങ്ങളിൽ എത്രമാത്രം നീതിപുലർത്തുന്നവനാണെന്ന് മധുവിനറിയാം. അത്രയേറെ പീഡനങ്ങളും ദുരിതവും അനുഭവിച്ചിട്ടും രാഷ്ട്രീയനീതിയുടെ എല്ലാ കിരണങ്ങളും രവിയിൽ പ്രകാശിതമാകുന്നുണ്ട്. മധുവിനോട് പ്രസ്ഥാനത്തിന്റെ ജീർണതയെക്കുറിച്ച് പറയുന്ന രവി, ആ ജീർണതയോട് പൊരുത്തപ്പെടാൻ കഴിയില്ലെന്ന് ഉറപ്പിച്ചു പറയുന്നു.. എന്നാൽ മധുവിനെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്ന മറ്റു രണ്ട് രാഷ്ട്രീയ അടിമകൾ അഥവാ രാഷ്ട്രീയ ഗുണ്ടകൾ മധുവിലെ ദുർബല രാഷ്ട്രീയക്കാരനിലേക്ക് ഒരു കൊലപാതകിയെ കയറ്റിവിടുന്നു. മരിക്കാൻ ഭയമുണ്ടോ എന്ന അവരുടെ ചോദ്യത്തിന് അൽപം നടുക്കത്തോടെ ഇല്ല എന്ന് മധു മറുപടി പറയുന്നു. പിന്നീട് ഒരാളെ കൊല്ലണമെന്ന് അവർ മധുവിനോട് പറയുമ്പോൾ. ആരെ? എന്തിന്? എന്ന രണ്ട് ചോദ്യങ്ങളാണ് വിറയലോടെ മധു ചോദിക്കുന്നത്. എനിക്ക് പറ്റില്ല എന്ന് അയാൾ പറയുന്നില്ല. സംഘടനയുടെ വേണ്ടപ്പെട്ട ഒരുപാട് പേരുണ്ടായിട്ടും, തന്നെയാണല്ലോ ഇതിന് തെരഞ്ഞെടുത്തത് എന്ന് അൽപം അഭിമാനത്തോടെ അയാളപ്പോൾ ഓർക്കുന്നുമുണ്ട്. അയാളിലുള്ള വിശ്വസ്തതയും കൂറും പാർട്ടിക്ക് അത്രത്തോളമുണ്ടെന്ന് അയാൾ കരുതുന്നു.
ഓരോ ദിവസവും പൂച്ചകളെ കഴുത്തറുത്ത് കൊന്ന് മധുവിന്റെ ഭയത്തെ അവർ ഇല്ലാതാക്കുന്നു. വെളുത്ത മുയലിന്റെ കഴുത്തറുത്ത് ചുടുചോരയുടെ ഗന്ധം ലഭിച്ചതോടെ മധു രവിയെ കൊല്ലാൻ തയാറാകുന്നു. അയാളിലപ്പോൾ 'ഇവിടെ വിശുദ്ധവും യാഥാർഥവുമായ സ്നേഹത്തെ തിരിച്ചറിയുന്നതുപോലും സാഹസമായിത്തീരുന്നു' എന്ന രവിയുടെ ലേഖനത്തിലെ വാചകം പ്രതിഫലിച്ചു നിന്നു. ആശയശക്തമായ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ രൂപമായി മധു, മുയൽക്കുരുതിയിൽ ചോര ചീറ്റിക്കുന്നു
നദീമുഖത്തെ കുഞ്ഞുങ്ങൾ
“I love you as certain dark things are to be loved, in secret, between the shadow and the soul’- Pablo Neruda
ആൺമനസ്സിന്റെ വൈകൃതങ്ങളെ പ്രകടമാക്കുന്ന കഥയാണ് നദീമുഖത്തെ കുഞ്ഞുങ്ങൾ. ഗോപാലനും ഭാര്യ രുപ്പിണിയും പ്രധാനകഥാപാത്രങ്ങളാകുന്ന കഥയിൽ കുഞ്ഞുങ്ങൾ കഥാകേന്ദ്രമാകുന്നു. കുട്ടികളോടുള്ള ഈർഷ്യ പ്രകടമാകുന്ന ഗോപാലന്റെ സ്വഭാവമാണ് തുടക്കത്തിൽ തന്നെ കാണുന്നത്. അതിന് വ്യക്തമായ കാരണവുമുണ്ട്. സുന്ദരിയായ ഭാര്യ രുപ്പിണി കുളിക്കാനിറങ്ങുന്നത് കാണാനും ആ അഴക് ആസ്വദിക്കാനുമായി എത്തുന്ന ആണുങ്ങളെക്കുറിച്ച് ഗോപാലന് കൃത്യമായി അറിയാം. അതിലയാൾ അസ്വസ്ഥനുമാണ്. ഒരു ദിവസം, ഭാര്യയെ ഉപദ്രവിച്ച മണൽവാരിച്ചക്കാരൻ വാസുവുമായുള്ള മൽപിടുത്തത്തിനിടയിൽ ഗോപാലൻ മലർന്നടിച്ച് വീഴുകയും നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റ് കിടപ്പിലാവുകയും ചെയ്യുന്നു.
പിന്നീട് കഥ ഒരു മാജിക്കൽ റിയലിസത്തിലേക്കാണ് പോകുന്നത്. രുപ്പിണി ഗർഭിണിയായെന്ന് കൂട്ടുകാരൻ ചുപ്രൻ വിളിച്ചുകൂവുന്നത് കേട്ട് സന്തോഷത്തോടെ ഓടിയടുക്കുന്ന ഗോപാലൻ പൊടുന്നനെ ഓർക്കുന്നു, അവളെങ്ങനെയാണ് ഗർഭിണിയായതെന്ന്. തോണി തുഴയുന്ന വാസുവിനും ഗോപാലനുമൊപ്പം കാമമോഹിതയായ തന്റെ ഭാര്യയെ അയാൾ ദർശിക്കുന്നു. അവൾ കുഞ്ഞുങ്ങളെ പ്രസവിക്കുകയും പുഴയിലേക്കെറിയുകയും ആ കുഞ്ഞുങ്ങൾ കരയിലേക്ക് വലിഞ്ഞുകയറുന്നതുമൊക്കെ അയാൾ കാണുന്നു. ആ ഭ്രമത്തിൽ നിന്നും പുറത്ത് കടക്കുമ്പോൾ അയാൾ മുറിയിലെ കിടക്കയിൽ ഭ്രാന്തനെപ്പോലെ അമറുകയാണ്. ഇത്ര വൈകിയിട്ടും കുളി കഴിഞ്ഞെത്താത്ത ഭാര്യ പലരുമായും ശാരീരികബന്ധത്തിലേർപ്പെടുന്നുണ്ടാകണമെന്ന് അയാൾ കരുതുന്നു. കയ്യിൽ കിട്ടിയതെല്ലാം മുറിയിൽ തലങ്ങും വിലങ്ങും വലിച്ചെറിയുന്നു. തിരിച്ചെത്തിയ രുപ്പിണി അലങ്കോലമായ മുറി കാണുന്നതും അരിശത്തോടെ അയാൾക്കുമുന്നിൽ പൂർണ്ണ നഗ്നയായി നിൽക്കുന്നു, ഒരു കുഞ്ഞിനെ നൽകുവാൻ വെല്ലുവിളിക്കുന്നു.
ഒരു ഭാര്യയ്ക്ക് വേണ്ട സന്തോഷങ്ങൾ നൽകാൻ കഴിയില്ലെന്നറിയുമ്പോൾ പുരുഷ മനസ്സിൽ ഉടലെടുക്കുന്ന ക്രൂരമായ സംശയരോഗത്തെ, അപകർഷതാബോധത്തെ ഗോപാലനിലൂടെ സൂക്ഷ്മമായി പറയുന്നു. പൊതുവായ സാമൂഹികരീതിയെ, കുടുംബവ്യവസ്ഥയെ അടിസ്ഥാനമാക്കിയാണെങ്കിൽ രോഗാതുരയാവുകയോ ദാമ്പത്യജീവിതത്തിനുള്ള ആരോഗ്യമില്ലാതാവുകയോ ചെയ്യുമ്പോൾ ഭർത്താവ് മറ്റു സ്ത്രീകളെ സമീപിക്കുന്നതിന് സമൂഹവും കുടുംബവും മൗനാനുവാദം നൽകുന്നു. എന്നാൽ അതിന്റെ മറുവശം മനുഷ്യത്വപരമല്ലാതാകുന്നു എന്ന് മാത്രമല്ല ആ സ്ത്രീയുടെ ഓരോ ചലനവും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. സുപരിചിതമായ ഒരു പ്രമേയമാണ് നദീമുഖത്തെ കുഞ്ഞുങ്ങൾ എങ്കിലും അതിന്റെ ആവിഷ്കാരരീതി അദ്‌ഭുതപ്പെടുത്തുന്നുണ്ട്.
പൊന്ത എന്ന കഥയിലെ ഇയ്യായൻ പിള്ളയും കഠാരിക്കുട്ടിയും, പരിഹാരസ്തുതികളിലെ ഗിരീശൻ നമ്പൂതിരി, കത്രീന മൻസിലിലെ വർഗീസ് പുന്നനും കത്രീനയും സാബുവും, ഒടയോൻ എന്ന കഥയിൽ നിറഞ്ഞു നിൽക്കുന്ന ഒടയോൻ എന്ന കഥാപാത്രം, സത്യം പറയുന്ന കുഞ്ഞമ്മിണിയിലെ ഇരട്ടകളും ബിന്ദുവും കുഞ്ഞമ്മിണിയും അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങളെയാണ് ഈ പുസ്തകം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. എല്ലാ കഥകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ നിറവാണ്. നമുക്ക് പരിചിതമായ സാഹചര്യങ്ങളെ മികച്ച അവതരണരീതിയാലും ഭാഷയുടെ ഭംഗിയാലും മനോഹരമായ കഥകളാക്കി മാറ്റിയിരിക്കുന്നു. പൊന്ത കഥാസമാഹാരത്തിലെ പതിനൊന്ന് കഥകളും വ്യത്യസ്തമാണ്. പലതരം സ്വഭാവ സവിശേഷതകളുള്ള സ്ത്രീകൾ, സ്നേഹം, ജീവിതം, രതി, കാമം അങ്ങനെയെല്ലാം കഥയെ പരിപോഷിപ്പിക്കുന്നു. കഥയുടെ ഘടന, രൂപരേഖ, അതിലേക്ക് വേണ്ട കഥാപാത്രങ്ങളുടെ സൂക്ഷ്മമായ തിരഞ്ഞെടുപ്പ് എന്നിവ വളരെ ഭംഗിയായി കഥകളിൽ ക്രമീകരിച്ചിരിക്കുന്നു. സമകാലിക കഥാലോകത്ത് സുലഭമായി കാണുന്ന അനാവശ്യ വിവരണത്തെ (Detailing) തീർത്തും ഇല്ലാതാക്കുകയാണ് ഈ കഥകൾ. ഒരു കഥയ്ക്ക് വേണ്ടത് മാത്രം വിശദീകരിക്കുമ്പോൾ, കഥയുടെ വികാസം സ്വാഭാവികമായും സംഭവിക്കുന്നു. കഥയുടെ പ്രമേയത്തെക്കാൾ നിൽക്കേണ്ടത് കഥയുടെ അവതരണരീതിയാണ് (craft). പ്രമേയം പുതിയതോ പഴയതോ ആകട്ടെ, അത് പറയുന്ന രീതിയാണ് വായനക്കാരെ ആ കഥയുമായി ചേർത്ത് നിർത്തുന്നത്. ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ കഥകളുടെ പ്രത്യേകതയും മനോഹരമായ അവതരണരീതിയും ഭാഷയുടെ ഭംഗിയുമാണ്.
ഒരു പുസ്തകത്തിന്റെ അവതാരിക ഇത്രയേറെ ഭംഗിയോടെ ആദ്യമായാണ് വായിക്കുന്നത്. പൊന്തയ്ക്ക് വേണ്ടി എസ്. ഹരീഷ് എഴുതിയ അവതാരിക മറ്റൊരു കഥയാണ്!