റുഷ്ദി പറഞ്ഞു, ലോകം അവസാനിക്കുമ്പോൾ എന്റെ അരികിലുണ്ടാവണം കാൽവിനോ
റുഡ്യാഡ് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്ക് ആവർത്തിച്ചുവായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടി വളർന്നപ്പോൾ ഫാഷിസ്റ്റ് വിരുദ്ധ പുസ്തകങ്ങളും ശാസ്ത്രവും തത്വചിന്തയുമെല്ലാം വായിച്ചുകൂട്ടി. മതപരമായ പാഠങ്ങൾ പഠിക്കുന്നതിൽനിന്നു മകനെ നിർബന്ധപൂർവം മാറ്റിനിർത്തിയ
റുഡ്യാഡ് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്ക് ആവർത്തിച്ചുവായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടി വളർന്നപ്പോൾ ഫാഷിസ്റ്റ് വിരുദ്ധ പുസ്തകങ്ങളും ശാസ്ത്രവും തത്വചിന്തയുമെല്ലാം വായിച്ചുകൂട്ടി. മതപരമായ പാഠങ്ങൾ പഠിക്കുന്നതിൽനിന്നു മകനെ നിർബന്ധപൂർവം മാറ്റിനിർത്തിയ
റുഡ്യാഡ് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്ക് ആവർത്തിച്ചുവായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടി വളർന്നപ്പോൾ ഫാഷിസ്റ്റ് വിരുദ്ധ പുസ്തകങ്ങളും ശാസ്ത്രവും തത്വചിന്തയുമെല്ലാം വായിച്ചുകൂട്ടി. മതപരമായ പാഠങ്ങൾ പഠിക്കുന്നതിൽനിന്നു മകനെ നിർബന്ധപൂർവം മാറ്റിനിർത്തിയ
പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി ഒരിക്കൽ പറഞ്ഞു: ‘ഇറ്റലി പൊട്ടിത്തെറിക്കുമ്പോൾ, ബ്രിട്ടൻ കത്തിയെരിയുമ്പോൾ, ലോകം അവസാനിക്കുമ്പോൾ, എന്റെ അരികിലുണ്ടാകണമെന്ന് എനിക്കു ചിന്തിക്കാവുന്ന മറ്റൊരു മികച്ച എഴുത്തുകാരനുമില്ല’. റുഷ്ദിയുടെ മനസ്സിലുണ്ടായിരുന്ന എഴുത്തുകാരൻ ഇതാലോ കാൽവിനോയായിരുന്നു. ഏതു കൊടിയ പ്രതിസന്ധിയെയും നേരിടാൻ തുണയാകുന്ന, അടുത്തുപിടിച്ചിരുത്താൻ തോന്നുന്ന എഴുത്തിന്റെ വശ്യമായ മാന്ത്രികതയാണ് ഇൻവിസിബിൾ സിറ്റീസും ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ് എ ട്രാവലറും പോലുള്ള കാൽവിനോ രചനകൾ നമ്മെ അനുഭവിപ്പിച്ചത്. എഴുത്തിലെ സാമ്പ്രദായികതകളെ അദ്ദേഹം കൂസിയില്ല. ഒരു പുസ്തകം അദ്ദേഹം തുടങ്ങുന്നതു നോക്കുക: ‘ഇതാലോ കാൽവിനോയുടെ പുതിയ നോവലായ ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ് എ ട്രാവലർ വായിക്കാൻ തുടങ്ങുകയാണ് നിങ്ങൾ. ശാന്തരാകുക. ഏകാഗ്രമാകുക. മറ്റെല്ലാ ചിന്തകളെയും വലിച്ചെറിയുക’
ഉത്തരാധുനികനെന്നു വിളിക്കപ്പെടുമ്പോഴും കഥപറച്ചിലിന്റെ ഏതോ പ്രാക്തനമായ വഴികളെ തോറ്റിയുണർത്തിയ, സ്വയം ആവർത്തിക്കാതെ, ഓരോ പുസ്തകത്തെയും ഓരോ അനുഭവപ്രപഞ്ചമാക്കിയ എഴുത്തുകാരൻ. ക്യൂബയുടെ തലസ്ഥാനമായ ഹവാനയ്ക്കു സമീപം ജനിച്ച് ഇറ്റലിയിൽ വളർന്ന കാൽവിനോ ആദ്യത്തെ യഥാർഥ രചനകൾക്കു ശേഷം തന്റെ എഴുത്തിന്റെ അലകുംപിടിയും മാറ്റി. അന്യാപദേശത്തിന്റെയും മുത്തശ്ശിക്കഥകളുടെയുമെല്ലാം ആഖ്യാനവഴികളെ ഓർമിപ്പിക്കും വിധം ചുറ്റിപ്പിണഞ്ഞു പടർന്നുകയറുന്ന കാൽവിനോയുടെ കഥകളും നോവലുകളും ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഒരുതരത്തിലുള്ള എഴുത്തിനെ മറ്റൊരു തരത്തിലുള്ള എഴുത്തുകൊണ്ട്, തീർത്തും വ്യത്യസ്തമായ എഴുത്തുകൊണ്ട് പകരംവയ്ക്കണമെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. മുൻപൊരിക്കലും ഒന്നും എഴുതിയിട്ടില്ലാത്തതുപോലെ വീണ്ടും എഴുതിത്തുടങ്ങുക’ തന്റെ എഴുത്തിന്റെ മാനിഫെസ്റ്റോ കാൽവിനോ അവതരിപ്പിച്ചത് ഇങ്ങനെയാണ്. ടാരറ്റ് കാർഡുകളിൽനിന്നു പോലും നോവൽ കണ്ടെടുക്കുന്ന വിചിത്ര ദർശനമാണ് അത്.
കുട്ടിക്കാലത്തേ അമേരിക്കൻ സിനിമകളും കാർട്ടൂണും ചിത്രകലയും നാടകവും കവിതയും ശാസ്ത്രവുമെല്ലാം ഇഷ്ടമായിരുന്ന കാൽവിനോയുടെ എഴുത്തിൽ അവയുടെയെല്ലാം മുദ്ര പതിഞ്ഞുകിടപ്പുണ്ട്. റുഡ്യാഡ് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്ക് ആവർത്തിച്ചുവായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടി വളർന്നപ്പോൾ ഫാഷിസ്റ്റ് വിരുദ്ധ പുസ്തകങ്ങളും ശാസ്ത്രവും തത്വചിന്തയുമെല്ലാം വായിച്ചുകൂട്ടി. മതപരമായ പാഠങ്ങൾ പഠിക്കുന്നതിൽനിന്നു മകനെ നിർബന്ധപൂർവം മാറ്റിനിർത്തിയ അച്ഛനും അമ്മയും തികഞ്ഞ ഫാഷിസ്റ്റ് വിരുദ്ധരായിരുന്നു. സ്കൂളിൽവച്ചു പരിചയപ്പെട്ട യുജെനിയോ സ്കൽഫാരിയെന്ന കൂട്ടുകാരൻ കാൽവിനോയിൽ വലിയ സ്വാധീനമായിരുന്നു. സ്കൽഫാരിയുമായി നടത്തിയ സാഹിത്യ, രാഷ്ട്രീയ ചർച്ചകൾ കാൽവിനോയെ അടിമുടി പുതുക്കുകയും പുതിയ ആശയങ്ങളോടുള്ള ആഭിമുഖ്യം വളർത്തുകയും ചെയ്തു. നിർബന്ധിത സൈനിക സേവനത്തിനു നിൽക്കാതെ കാൽവിനോ ഒളിവിൽ പോയത് നാത്സികളെ പ്രകോപിപ്പിച്ചു. അച്ഛനെയും അമ്മയെയും വീട്ടിൽത്തന്നെ തടവിലാക്കി. അച്ഛനെ വെടിവച്ചുകൊല്ലാൻ മൂന്നുവട്ടം തുനിഞ്ഞു. തികഞ്ഞ ഫാഷിസ്റ്റ് വിരുദ്ധരായിരുന്ന അച്ഛനും അമ്മയും അവർക്കുമുന്നിൽ തലകുനിച്ചില്ല. ഇറ്റാലിയൻ പ്രതിരോധ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാരിബാൾഡി ബ്രിഗേഡിൽ ചേർന്നു. സാന്തിയാഗോ എന്ന വ്യാജപ്പേരു സ്വീകരിച്ചായിരുന്നു പ്രവർത്തനം.
സാഹിത്യഭ്രമം ഉള്ളിൽക്കൊണ്ടു നടന്ന കാൽവിനോയുടെ ഒരു കഥ ടുറിൻ സർവകലാശാലയിൽനിന്ന് ഇറങ്ങുന്ന മാസികയിൽ വന്നു. കാൽവിനോയ്ക്ക് ഇഷ്ടമുണ്ടായിരുന്ന എഴുത്തുകാരൻ എലിയോ വിറ്റോറിനിയാണ് ആ കഥ മാസികയിൽ വരാൻ അവസരമൊരുക്കിയത്. കാൽവിനോയുടെ കാതൽ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പ്രസിദ്ധീകരണ ശാലയിൽ പണിയെടുത്തുകൊണ്ട് കാൽവിനോ സാഹിത്യപരിശ്രമങ്ങൾ തുടർന്നു. ദ് പാത്ത് ടു ദ് നെസ്റ്റ് ഓഫ് സ്‌ൈപഡേഴ്സ് എന്ന ആദ്യ നോവലിനു വായനക്കാർ മികച്ച സ്വീകരണമാണു നൽകിയത്. നോവലിറങ്ങി തൊട്ടടുത്ത വർഷം കാൽവിനോയെ തേടി ഒരു സുവർണാവസരമെത്തി. തന്റെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായ ഏണസ്റ്റ് ഹെമിങ്‌വേയെ അഭിമുഖം നടത്താൻ കഴിഞ്ഞതു ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങളിലൊന്നായി അദ്ദേഹം കണക്കുകൂട്ടി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്ന കാൽവിനോ സോവിയറ്റ് യൂണിയൻ ഹംഗറിയിൽ നടത്തിയ അധിനിവേശത്തിൽ പ്രതിഷേധിച്ചു രാജിവയ്ക്കുകയായിരുന്നു. മുൻപു റഷ്യ സന്ദർശിച്ചിട്ടുള്ള അദ്ദേഹം കമ്യൂണിസ്റ്റ് ബന്ധമുപേക്ഷിച്ച ശേഷം യുഎസ് സന്ദർശിച്ചു.
1964ൽ മറ്റൊരു അവിസ്മരണീയമായ കൂടിക്കാഴ്ച നടന്നു. ക്യൂബൻ സന്ദർശന കാലത്ത് ഏണസ്റ്റോ ചെ ഗവാരയെ കണ്ടു. ഏതാനും വർഷങ്ങൾക്കു ശേഷം ചെ മരിച്ചപ്പോൾ കാൽവിനോ ഹൃദയസ്പർശിയായ ഒരു കുറിപ്പെഴുതുകയുണ്ടായി. കഥകളും നോവലുകളും ഓർമക്കുറിപ്പുകളും പ്രബന്ധങ്ങളുമായി വിപുലമാണ് കാൽവിനോയുടെ എഴുത്തുലോകം. പസിലുകൾ പൂരിപ്പിക്കുന്നതുപോലെയോ വായനക്കാർക്കു കൂടി പങ്കെടുക്കാവുന്ന കളികൾ പോലെയോ ആണ് അദ്ദേഹം തന്റെ രചനകളെ സങ്കൽപ്പിച്ചത്. കഥകളുടെ കെട്ടുപിണച്ചിൽ അദ്ദേഹത്തിനു പ്രിയങ്കരമായിരുന്നു. ജീവിതം നേർരേഖയിലല്ല പോകുന്നതെന്നും കഥയ്ക്കും അതു വേണ്ടെന്നും കരുതി.
എലിയോ വിറ്റോറിനിയുടെ മരണം ഇതാലോ കാൽവിനോയ്ക്കു വലിയ ആഘാതമായി. ആ മരണത്തോടെ താൻ വാർധക്യത്തിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. വസന്തവിപ്ലവ കാലത്ത് പാരീസിൽവച്ച് ലെവിസ്ട്രോസും ബാർത്തും പെരെകും പോലുള്ള പ്രതിഭകളുമായി സംവദിക്കാൻ കഴിഞ്ഞു. 1985 സെപ്റ്റംബറിൽ ഹാർവഡ് സർവകലാശാലയിൽ പ്രഭാഷണത്തിനു തയാറെടുക്കവെ മസ്തിഷ്കാഘാതം സംഭവിച്ച കാൽവിനോ ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മരണത്തിനു കീഴടങ്ങി. കാൽവിനോയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ഹെമിങ്‌വേ പറഞ്ഞിട്ടുണ്ടല്ലോ, ‘എല്ലാ കഥകളും നീണ്ടുപോകുമ്പോൾ മരണത്തിലവസാനിക്കുന്നു. അതു മാറ്റിനിർത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല’.