സ്വവർഗാനുരാഗി, ‘വൈൽഡ്’ ആയി ജീവിച്ചൊടുങ്ങിയ ധൂർത്തപ്രതിഭ
ഫ്രാൻസിൽ കഴിഞ്ഞ നാളുകളിൽ പ്രസാധകന് എഴുതിയ കത്തുകളിൽ അദ്ദേഹം കടന്നുപോയ കൊടിയ യാതനകളുടെ സങ്കടചിത്രമുണ്ട്. ‘ഈ ദാരിദ്ര്യം എന്റെ ഹൃദയം തകർക്കുന്നു’ എന്നു കണ്ണീരിൽ ചാലിച്ച അക്ഷരങ്ങളിൽ അദ്ദേഹം എഴുതി. എഴുതാനുള്ള പ്രതിഭ കൈമോശം വന്നിട്ടില്ലെന്ന് വൈൽഡിന് അറിയാമായിരുന്നു.
ഫ്രാൻസിൽ കഴിഞ്ഞ നാളുകളിൽ പ്രസാധകന് എഴുതിയ കത്തുകളിൽ അദ്ദേഹം കടന്നുപോയ കൊടിയ യാതനകളുടെ സങ്കടചിത്രമുണ്ട്. ‘ഈ ദാരിദ്ര്യം എന്റെ ഹൃദയം തകർക്കുന്നു’ എന്നു കണ്ണീരിൽ ചാലിച്ച അക്ഷരങ്ങളിൽ അദ്ദേഹം എഴുതി. എഴുതാനുള്ള പ്രതിഭ കൈമോശം വന്നിട്ടില്ലെന്ന് വൈൽഡിന് അറിയാമായിരുന്നു.
ഫ്രാൻസിൽ കഴിഞ്ഞ നാളുകളിൽ പ്രസാധകന് എഴുതിയ കത്തുകളിൽ അദ്ദേഹം കടന്നുപോയ കൊടിയ യാതനകളുടെ സങ്കടചിത്രമുണ്ട്. ‘ഈ ദാരിദ്ര്യം എന്റെ ഹൃദയം തകർക്കുന്നു’ എന്നു കണ്ണീരിൽ ചാലിച്ച അക്ഷരങ്ങളിൽ അദ്ദേഹം എഴുതി. എഴുതാനുള്ള പ്രതിഭ കൈമോശം വന്നിട്ടില്ലെന്ന് വൈൽഡിന് അറിയാമായിരുന്നു.
പ്രഭാഷണപര്യടനത്തിനായി ന്യൂയോർക്ക് നഗരത്തിൽ ചെന്നിറങ്ങിയപ്പോൾ ചെറുപ്പക്കാരനായ എഴുത്തുകാരൻ പറഞ്ഞു: ‘എന്റെ പ്രതിഭയല്ലാതെ എനിക്കൊന്നും പ്രഖ്യാപിക്കാനില്ല’. ഔദ്ധത്യത്തോളമെത്തുന്ന ആത്മവിശ്വാസം കൈമുതലായുണ്ടായിരുന്ന ആ എഴുത്തുകാരൻ ഓസ്കർ വൈൽഡ് ആയിരുന്നു. വന്യകാമനകളുടെ വൈദ്യുതാലിംഗനത്തിൽ അമർന്ന് തീർത്തും ‘വൈൽഡ്’ ആയി ജീവിച്ചൊടുങ്ങിയ പ്രതിഭ. സ്വവർഗാനുരാഗത്തിന്റെ പേരിൽ അദ്ദേഹം ജയിലിൽ അടയ്ക്കപ്പെടുകയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെടുകയും ചെയ്തു.
വൈൽഡിന്റെ പങ്കാളികളിലൊരാളുടെ പിതാവ് പ്രഭുവായിരുന്നു. മകനെ വഴിതെറ്റിച്ചതു വൈൽഡാണെന്നു കരുതിയ പ്രഭു അയാൾക്കു ജയിൽശിക്ഷ തന്നെ വാങ്ങിച്ചുകൊടുത്തു. വൻ തുക നഷ്ടപരിഹാരമായും ഈടാക്കി. ജയിൽശിക്ഷയിൽനിന്നു രക്ഷപ്പെടാൻ ബോട്ട് വഴി ഫ്രാൻസിലേക്കു രക്ഷപ്പെടാൻ പലരും ഉപദേശിച്ചെങ്കിലും ധീരതയോടെ വിചാരണ നേരിടാനായിരുന്നു കവി കൂടിയായിരുന്ന അമ്മയുടെ ഉപദേശം. ഒടുവിൽ വൈൽഡ് അത് അനുസരിച്ചു. എന്നാൽ തെളിവുകളുടെ കൂമ്പാരം തന്നെ എതിർഭാഗം അഭിഭാഷകൻ ഹാജരാക്കിയതോടെ വൈൽഡിനു മുന്നിൽ ജയിൽവാസമല്ലാതെ മറ്റു വഴികളൊന്നുമില്ലായിരുന്നു. അവിടെവച്ചുള്ള നിരന്തരമായ ശാരീരിക പീഡനങ്ങൾ താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നു. കർണപുടം തകർന്നുപോയി. ജീവിതത്തെക്കാൾ മരണത്തെ ആഗ്രഹിച്ച ദുഷ്കരദിനങ്ങൾ. ആ ആഘാതത്തിൽനിന്ന് വൈൽഡ് ഒരിക്കലും പുറത്തുകടന്നില്ല. അത് ആത്മാവിൽ വടു കെട്ടി.
ജയിൽമോചിതനായപ്പോൾ ആത്മീയത വൈൽഡിനെ വിളിച്ചു. ധ്യാനിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഒരു ആത്മീയസംഘത്തിന് എഴുതിയെങ്കിലും അത് നിരസിക്കപ്പെട്ടു. ആ തിരസ്കാരം വൈൽഡിനെ മാനസികമായി തകർത്തുകളഞ്ഞു. ഒടുവിൽ കാലിക്കീശയുമായി ഫ്രാൻസിലേക്കു പലായനം ചെയ്തു. സെബാസ്റ്റ്യൻ മെൽമോത്ത് എന്ന പേരും സ്വീകരിച്ചു. തന്റെ സ്വത്വത്തെത്തന്നെ വെറുക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹം ചെന്നെത്തി. ഫ്രാൻസിൽ കഴിഞ്ഞ നാളുകളിൽ പ്രസാധകന് എഴുതിയ കത്തുകളിൽ അദ്ദേഹം കടന്നുപോയ കൊടിയ യാതനകളുടെ സങ്കടചിത്രമുണ്ട്. ‘ഈ ദാരിദ്ര്യം എന്റെ ഹൃദയം തകർക്കുന്നു’ എന്നു കണ്ണീരിൽ ചാലിച്ച അക്ഷരങ്ങളിൽ അദ്ദേഹം എഴുതി. എഴുതാനുള്ള പ്രതിഭ കൈമോശം വന്നിട്ടില്ലെന്ന് വൈൽഡിന് അറിയാമായിരുന്നു. പക്ഷേ, ഒഴിഞ്ഞ താളിനെ അഭിമുഖീകരിക്കാനുള്ള മനസ്സ് അപ്പോഴേക്കും നഷ്ടമായിരുന്നു. എഴുതാനാകുമെങ്കിലും അതു പഴയതുപോലെ ആസ്വദിക്കാനാകില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. പാരീസിലെ തെരുവുകളിൽ അനാഥനെപ്പോലെ അലഞ്ഞുതിരിഞ്ഞ്, കുടിച്ചുൻമത്തനായി, പരിചയക്കാരിൽനിന്നു മുഖം തിരിച്ച് ഓസ്കർ വൈൽഡ് നടന്നു. വിഭ്രാമകസ്വപ്നങ്ങളുടെ തടവുകാരനായി. താൻ മരിച്ചുപോയതായി ദുഃസ്വപ്നങ്ങൾ കണ്ടു.
സെറിബ്രൽ മെനിഞ്ചൈറ്റിസ് പിടിപെട്ടായിരുന്നു ജീവിതത്തിൽനിന്നുള്ള മടക്കം. യഥാർഥ ഓസ്കർ വൈൽഡ് അതിനും എത്രയോ മുന്നേ മരിച്ചിരുന്നു. സ്വവർഗാനുരാഗത്തെ ഉൾക്കൊള്ളാനോ ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനോ പാകമാകാത്ത സമൂഹം പ്രതിഭാശാലിയായൊരു എഴുത്തുകാരനെ ഇരയാക്കുകയായിരുന്നു. തന്റെ ആഭിമുഖ്യങ്ങളെ മറികടക്കാനുള്ള ഇച്ഛാശക്തി വൈൽഡിനുണ്ടായതുമില്ല.
‘പിക്ചർ ഓഫ് ഡോറിയൻ ഗ്രേ’ എന്ന നോവൽ മാത്രം മതി ആ എഴുത്തുജീവിതം സാർഥകമായിരുന്നു എന്നതിനു സാക്ഷ്യമായി. വിക്ടോറിയൻ സാമൂഹികമൂല്യങ്ങളെയും സദാചാരസങ്കൽപ്പങ്ങളെയും തന്റെ നാടകങ്ങളിലൂടെ കണക്കറ്റു പരിഹസിച്ച വൈൽഡിനെ കുടുക്കിയതും അതേ മൂല്യബോധം തന്നെ. എഴുത്തിൽനിന്നും നാടകങ്ങളിൽനിന്നും കിട്ടിയ പ്രതിഫലമെല്ലാം സ്വവർഗ പങ്കാളികൾക്കായി ധൂർത്തടിച്ച അദ്ദേഹം പിൽക്കാലത്തു തന്റെ ചെയ്തികളിൽ പശ്ചാത്തപിച്ചു. എഴുത്തുമേശയിലേക്കു മടങ്ങില്ലെന്ന് ഉറപ്പിച്ചിരുന്ന വൈൽഡിന്റെ ജീവിതത്തിനു പൂർണവിരാമമാകുമ്പോൾ പ്രായം 46 മാത്രമായിരുന്നു. സർഗാത്മകത പരിപക്വതയിലേക്കെത്തുന്ന കാലത്ത് ഒരു മെഴുതിരിപോലെ എരിഞ്ഞൊടുങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി.