പ്രണയം പകർത്തി ഉൾവസ്ത്രങ്ങൾ; കാമുകനൊപ്പം നൊബേൽ ജേതാവിന്റെ 14 നിശ്ചല (നഗ്ന) ദൃശ്യങ്ങൾ!
മാംസ ദാഹത്തിന്റെ മഹോന്നത നിമിഷങ്ങൾ, പ്രണയത്തിന്റെ ലാവ, വേദനയുടെ അഹനീയ നിമിഷങ്ങൾ... തീവ്രത ചോരാതെ ആനി വാക്കുകളിലേക്കു പകർത്തി. എന്നാൽ, അതേ എഴുത്തുകാരി പ്രണയം പറയാൻ നിശ്ചല ദൃശ്യങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നു. ദ് യൂസ് ഓഫ് ഫോട്ടോഗ്രഫി എന്ന പുതിയ പുസ്തകത്തിൽ.
മാംസ ദാഹത്തിന്റെ മഹോന്നത നിമിഷങ്ങൾ, പ്രണയത്തിന്റെ ലാവ, വേദനയുടെ അഹനീയ നിമിഷങ്ങൾ... തീവ്രത ചോരാതെ ആനി വാക്കുകളിലേക്കു പകർത്തി. എന്നാൽ, അതേ എഴുത്തുകാരി പ്രണയം പറയാൻ നിശ്ചല ദൃശ്യങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നു. ദ് യൂസ് ഓഫ് ഫോട്ടോഗ്രഫി എന്ന പുതിയ പുസ്തകത്തിൽ.
മാംസ ദാഹത്തിന്റെ മഹോന്നത നിമിഷങ്ങൾ, പ്രണയത്തിന്റെ ലാവ, വേദനയുടെ അഹനീയ നിമിഷങ്ങൾ... തീവ്രത ചോരാതെ ആനി വാക്കുകളിലേക്കു പകർത്തി. എന്നാൽ, അതേ എഴുത്തുകാരി പ്രണയം പറയാൻ നിശ്ചല ദൃശ്യങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നു. ദ് യൂസ് ഓഫ് ഫോട്ടോഗ്രഫി എന്ന പുതിയ പുസ്തകത്തിൽ.
അനുഭവങ്ങളുടെ കടലാഴങ്ങളെ വാക്കുകളിൽ കൊത്തിവച്ചാണ് ഫ്രഞ്ച് എഴുത്തുകാരി ആനി എർനോ രണ്ടു വർഷം മുൻപ് നൊബേൽ നേടിയത്. മാംസ ദാഹത്തിന്റെ മഹോന്നത നിമിഷങ്ങൾ, പ്രണയത്തിന്റെ ലാവ, വേദനയുടെ അഹനീയ നിമിഷങ്ങൾ... തീവ്രത ചോരാതെ ആനി വാക്കുകളിലേക്കു പകർത്തി. എന്നാൽ, അതേ എഴുത്തുകാരി പ്രണയം പറയാൻ നിശ്ചല ദൃശ്യങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നു. 'ദ് യൂസ് ഓഫ് ഫൊട്ടോഗ്രഫി' എന്ന പുതിയ പുസ്തകത്തിൽ. ഒറ്റയ്ക്കല്ല. ഒരുമിച്ചു പങ്കിട്ട പ്രണയം പകർത്തിയെഴുതാൻ കാമുകനുണ്ട് കൂടെ. ആത്മകഥയോ ജീവചരിത്രമോ അല്ല. പ്രണയ ചരിത്രം. 2003ൽ പ്രണയം പങ്കിട്ട ആനി എർനോയും പത്രപ്രവർത്തകനും ഫോട്ടോഗ്രഫറുമായ മാർക് മേരിയും.
ജീവിതത്തെ അടിമുടി മാറ്റിമറിച്ച ഒരു പ്രണയം. മറ്റു ബന്ധങ്ങളേക്കാൾ കൂടുതൽ കാലം നിലനിന്നത്. വൈകാരികമായും ശാരീരികമായും ആത്മീയമായും സമ്പന്നമാക്കിയ ബന്ധം. പല അപാർട്മെന്റുകൾ. വീടുകൾ. ഹോട്ടലുകൾ. കിടപ്പുമുറിയിൽ ഒരുമിച്ചു ചെലവഴിച്ച നിമിഷങ്ങളിലൊന്നിൽ, ആനി ക്യാമറ കയ്യിലെടുത്തു. ഉരിഞ്ഞിട്ട വസ്ത്രങ്ങളുടെ ദൃശ്യം ആഹ്ലാദത്തോടെ, ആവേശത്തോടെ പകർത്തി. എത്ര സുന്ദരമായിരുന്നു ആ നിമിഷം; സങ്കടകരവും. ആസക്തിയുടെ ആ നിമിഷം കയ്യോടെ പകർത്തിയില്ലെങ്കിൽ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഉറപ്പായിരുന്നു. അതായിരുന്നു തുടക്കം. അങ്ങനെ 14 ദൃശ്യങ്ങൾ. അവയെക്കുറിച്ച് ഇരുവരും ചേർന്നെഴുതിയ പ്രണയാക്ഷരങ്ങൾ. ഇതിനു മുൻപ് ഇങ്ങനെയൊരു പുസ്തകം ഇറങ്ങിയിട്ടേയില്ലെന്ന് ഉറപ്പിച്ചോളൂ. 14 ദൃശ്യങ്ങളിലൂടെ കാമുകനും കാമുകിയും പ്രണയം ഒപ്പിയെടുത്ത കൃതി.
വസ്ത്രങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ വർണശബളമാണ്. പല വസ്ത്രങ്ങളുടെയും നിറത്തെക്കുറിച്ച് കൃത്യവും വസ്തുനിഷ്ഠവുമായ പരാമർശങ്ങളുണ്ട്. എന്നാൽ എല്ലാ ചിത്രങ്ങളും കറുപ്പിലും വെളുപ്പിലുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കാലിൽ നിന്ന് ഊരിയ ഷൂ, ചുളിവുള്ള ജീൻസ്, മേൽ വസ്ത്രങ്ങൾ മുതൽ ഉൾവസ്ത്രങ്ങൾ വരെ, കൂടിക്കാഴ്ചയ്ക്കു വേണ്ടി മാത്രം അണിഞ്ഞ പുതിയവ.. പലതും മുറിയുടെ മൂലയിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലാണ്. ശാരീരിക ബന്ധത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെങ്കിലും അവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ഓരോ ചിത്രവും ആഘോഷിക്കുന്നത് രണ്ടു പേർ തീവ്രമായി ആഗ്രഹത്തോടെ പ്രണയിച്ച നിമിഷങ്ങൾ തന്നെയാണ്. ഓരോ ചിത്രവും ഒരു പ്രതീകം ആണ്. ഒരിക്കലും തീരരുത് എന്ന് വ്യർഥമായി മോഹിച്ച നിമിഷങ്ങളുടെ അപൂർവ സ്മരണകൾ. അവ ഒളിച്ചുവയ്ക്കേണ്ടതില്ലെന്ന് അവർ ഇരുവരും തന്നെയാണു തീരുമാനിച്ചത്. അവയെക്കുറിച്ച് എഴുതണമെന്നും. ആരുടെയോ ഏതോ കിടപ്പറ ദൃശ്യങ്ങൾ എന്നതിനപ്പുറം ഈ ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നത് നമ്മളെത്തന്നെയാണ്.
ആദ്യത്തെ ലേഖനം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഒരു ചിത്രത്തെക്കുറിച്ചാണ്. ആനി തന്നെയാണ് ആ ചിത്രം പകർത്തിയത്. എന്നാൽ, സ്വകാര്യത മാനിച്ചാണ് ആ നഗ്ന ചിത്രം ചേർക്കാതിരുന്നത്. എന്നാൽ, അതേക്കുറിച്ച് ഒരു മടിയും മറയുമില്ലാതെ എഴുതിയിട്ടുണ്ട്. ആ ചിത്രം ഞാൻ കാണിക്കില്ല. പക്ഷേ, എഴുതും. എഴുതുക തന്നെ ചെയ്തു ആനി.
രണ്ടു പതിറ്റാണ്ട് മുൻപത്തെ പ്രണയത്തെക്കുറിച്ച് എഴുതിയപ്പോൾ വിഷാദം ഘനീഭവിച്ചിട്ടുണ്ട് ആനിയുടെ വാക്കുകളിൽ. അതവർ നിഷേധിക്കുന്നില്ല. എന്നാൽ, സങ്കടത്തേക്കാൾ സ്വയം സമ്പൂർണമായ നിറവും പൂർണതയുമാണ് ആനിയുടെ വാക്കുകളിലുള്ളത്. പരാതിയോ പരിഭവമോ ഇല്ല. കുറ്റപ്പെടുത്തലോ ആരോപണമോ ഇല്ല. സ്നേഹിച്ചിരുന്നു എന്നല്ല സ്നേഹിച്ചു എന്നാണ് ആ കാലത്തെക്കുറിച്ച് ആനി പറയുന്നത്. ഒരിക്കൽ തുടങ്ങി മറ്റൊരിക്കൽ അവസാനിച്ചു എന്നല്ല, കാലഗണനയില്ലാത്ത പ്രവാഹം. ഓരോ തവണ ഇറങ്ങുമ്പോഴും പഴയ പുഴയിലല്ല. പുതിയ പ്രവാഹത്തിൽ. പുതിയ സ്പർശം. അല്ലെങ്കിൽ ഓരോ ബന്ധത്തിലും കാത്തിരിക്കുമ്പോൾ എന്തുകൊണ്ടാണ് ഹൃദയം ക്രമം തെറ്റി മിടിക്കുന്നത്. കാത്തിരിക്കുമ്പോൾ ഹൃദയത്തിനു ഭാരം കൂടുന്നത്. സമാഗമത്തിന്റെ നിമിഷത്തിൽ വിറകൊള്ളുന്നത്. മഴ കൊള്ളുന്ന മരം വേരറ്റു വീഴാൻ തുടങ്ങുന്നത്. എങ്ങനെയോ പിടിച്ചുനിൽക്കുന്നത്. എല്ലാ ഇലയും കൊഴിഞ്ഞ ശിഖരങ്ങളിൽ വീണ്ടും താരും തളിരും പൊടിക്കുന്നത്.
പ്രണയവും മരണവും. തന്റെ പുസ്തകത്തിനു ചേരുന്ന വാക്കുകൾ ആനി തന്നെ പറഞ്ഞിട്ടുണ്ട്. ഒടുവിൽ ബാക്കിയാകുന്നത് എല്ലാം അവസാനിക്കുന്നു എന്ന തിരിച്ചറിവ് തന്നെയാണ്. പ്രണയം മാത്രമല്ല ജീവിതവും. പ്രണയത്തിന്റെ ചിത്രങ്ങളെടുത്ത് സൂക്ഷിക്കാൻ തീരുമാനിച്ച ദിവസങ്ങളിൽ ആനിയുടെ ചികിത്സയും പുരോഗമിക്കുകയായിരുന്നു. സ്തനാർബുദത്തിന്. മാരക രോഗത്തിന്റെ നിഴലിൽ നിന്നാണ് അവരുടെ പ്രണയം തുടങ്ങുന്നത്.
കിടക്കയിലും ഞാൻ വിഗ് മാറ്റിയില്ല. മുടി കൊഴിഞ്ഞ എന്നെ അവൻ കാണരുതെന്ന് ഞാൻ ആഗ്രഹിച്ചു. കീമോതെറപ്പിയുടെ ദിവസങ്ങളായിരുന്നു അത്. പലയിടത്തും ഞാൻ തരിശുഭൂമിയായിരുന്നു: അസാധ്യ ധീരതയോടെ ആനി എഴുതുന്നു. മരണ മുനമ്പിൽ നിന്നാണ് അവർ ഒരുമിച്ചത്. ജീവിതത്തിലേക്കു തിരിച്ചുനടന്നത്. വീണ്ടും മരണം വിളിക്കുമെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ, ഓരോ ദിവസവും നിമിഷവും പ്രണയത്താൽ നിറയ്ക്കുക എന്നവർ തീരുമാനിച്ചു. രോഗത്തിനെതിരായ പോരാട്ടം കൂടിയായിരുന്നു പ്രണയം. കൂടുതലായി അനുവദിച്ചുകിട്ടിയ ഒരു നിമിഷവും പ്രണയത്തിന്റെ ബോണസ് തന്നെ.
എന്നെ ബാധിച്ച അസുഖത്തെക്കുറിച്ച് വളരെ കുറിച്ചു പേർക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. സ്തനാർബുദമാണെന്നു പറയുമ്പോൾ കേൾക്കുന്നവരുടെ കണ്ണുകളിൽ ഞാൻ ശൂന്യതയാണു കണ്ടത്. ഞാൻ ജീവിച്ചിരിപ്പില്ലാത്ത ലോകത്തിന്റെ ഇരുണ്ട ദൃശ്യം. എനിക്കു സഹതാപം വേണ്ടിയിരുന്നില്ല; ആശ്വാസവും.
കാമുകന്റെ വാക്കുകളിലുമുണ്ട് അസാന്നിധ്യം നിറയ്ക്കുന്ന വേദന. ഒരു ചിത്രത്തിൽ എന്റെ ഒരു വസ്ത്രം പോലും ഇല്ല. ഞാൻ അവിടെയെങ്ങും ഇല്ലെന്ന രീതിയിൽ. ഞാനില്ലാത്ത ലോകം.
പ്രണയത്തിന്റെ പുസ്തകം ആനി അവസാനിപ്പിക്കുന്നത് മരണത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. എന്റെ മരണം. അസാന്നിധ്യം. ഞാനത് കാണുന്നു. അറിയുന്നു. കാത്തിരിക്കുന്ന മരണത്തെ ഇനിയും കാണാതിരിക്കുന്നത് എങ്ങനെ. ഒരുപക്ഷേ എല്ലാ കാത്തിരിപ്പും അവസാനിക്കുകയാണ്; ഓർമകളും. ഇനി ശൂന്യതയുടെ നിഴൽ മാത്രം.
പുസ്തകം 2005ലാണ് ഫ്രാൻസിൽ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ ഇംഗ്ലിഷ് വിവർത്തനം പുറത്തിറങ്ങുന്നതു കാണാൻ ആനി മാത്രം. രണ്ടു വർഷം മുൻപ് 2022ൽ ആനിയുടെ പ്രിയപ്പെട്ടവൻ പോയി. ആനി പറയുന്നു: അവന്റെ കാർഡിയോളജിസ്റ്റ് അയച്ച കത്തിലൂടെയാണ് ഞാൻ ആ വാർത്തയറിഞ്ഞത്. അവന്റെ മരണം! ദൈവമേ ! (അറിയാതിഹ ദൈവശബ്ദമെൻ ഹൃദയം നിശ്ശബ്ദം ഉച്ചരിച്ചുവോ... ബാലചന്ദ്രൻ ചുള്ളിക്കാട്) ഇനി ഒന്നുമില്ലെന്നോ. ഒന്നും !