ADVERTISEMENT

ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് വിവിധ ഭാഷകളിൽ എഴുതിയ 8 പുസ്തകങ്ങൾ ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയും മുഖ്യമന്ത്രി പ്രമോദ് സാവന്തും ഗോവ രാജ്ഭവനിൽ പ്രകാശനം ചെയ്തു. കാഴ്ചകൾ– ഉൾക്കാഴ്ചകൾ (മലയാളം), ചെക്കോവ് ആൻഡ് ഹിസ് ബോയ്സ് (ഇംഗ്ലീഷ്, ഹിന്ദി) വോക് ദ് ടോക് വിത്ത് മിത്ത് ആൻഡ് സയൻസ് (ഇംഗ്ലീഷ്), ഭക്തി ജുക്തിർ ജുഗൽബന്ദി (ബംഗാളി), സൈലെൻസ് സൗണ്ട്സ് ഗുഡ് (ഇംഗ്ലീഷ്), മൗനോതർ വാണി (ബംഗാളി), മൂൽ സേ ഫൂൽ ടാക്ക് (ഹിന്ദി) എന്നിവയാണ് പുസ്തകങ്ങൾ.

വാക്കുകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന സർഗ്ഗാത്മക മായാജാലമാണ് സിവി ആനന്ദബോസിന്റെ സാഹിത്യസൃഷ്ടികളെന്ന് ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സർഗവൈഭവം കൂട്ടിയിണക്കുന്ന അപൂർവ മലയാള കൃതിയാണ് ‘ചെക്കോവും ചെക്കന്മാരും’ എന്ന ചെറുകഥാസമാഹാരം. ഇംഗ്ലീഷ്, ഹിന്ദി ബംഗാളി ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് ആ കഥകൾ വിവർത്തനം ചെയ്യപ്പെട്ടത് അവയ്ക്കുള്ള സാർവത്രിക അംഗീകാരത്തിനുദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുരാണം, ശാസ്ത്രം, ഭൗതികവാദം, ആത്മീയത തുടങ്ങി പ്രത്യക്ഷത്തിൽ സമാനതകളില്ലാത്ത,  വിപരീതങ്ങളുടെ സർഗാത്മകമായ അനുരഞ്ജനമാണ് ആനന്ദബോസ് കൃതികളുടെ മുഖ്യ സവിശേഷതയെന്നും ശ്രീധരൻപിള്ള പറഞ്ഞു.  

വായനക്കാരെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും മുന്നോട്ടുനയിക്കുകയും ചെയ്യുന്ന സവിശേഷ വായനാനുഭവമാണ് ആനന്ദബോസിന്റെ പുസ്തകങ്ങൾ നൽകുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു.  ഗോവ ഗവർണറും മുഖ്യമന്ത്രിയും ഡോ. ആനന്ദബോസിനെ ആദരിച്ചു.

‘ജി - 3  സാഗർ ബന്ധൻ’ ദൗത്യത്തിന്റെ ഭാഗമായി ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ദേശീയ നിരീക്ഷകനായി ഗവർണർ ആനന്ദബോസ് പങ്കെടുത്തു. ഭാരതീയ  സിനിമയെ ആഗോള സിനിമയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് വിശകലനം ചെയ്ത് സമഗ്രമായ റിപ്പോർട്ട് തയാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com