വൈകി, ഇനിയില്ല സമയം; തിരുത്തിയെഴുതി മുറാകാമി
Mail This Article
എഴുത്തിലെ സംതൃപ്തി പോലെ തന്നെ പ്രധാനമാണ് അസംതൃപ്തിയും. വിജയത്തിലുള്ള അഭിമാനം പോലെ തന്നെ പരാജയത്തിലുള്ള പശ്ചാത്താപവും. ലോകമെങ്ങും വായനക്കാരുള്ളതിലും വലിയ പുരസ്കാരം വേറെയില്ലെന്ന തിരിച്ചറിവുണ്ടെങ്കിലും സംതൃപ്തിയില്ലാത്ത പുസ്തകം വീണ്ടും അച്ചടിക്കുന്നതിനോട് മുറാകാമിക്ക് താൽപര്യമില്ല. തിരുത്തിയെഴുതാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. മുപ്പതുകളിൽ എഴുതിയതിന് എഴുപതുകളിൽ തിരുത്ത്. 40 ദീർഘവർഷങ്ങൾക്കു ശേഷം. പുതിയ കൃതി തേടുന്ന വായനക്കാർക്ക് ദ് സിറ്റി ആൻഡ് ഇറ്റ്സ് അൺസെർട്ടൻ വാൾസ് സമ്മാനിക്കുകയാണ് അദ്ദേഹം. പഴയ നോവല്ലയല്ല, പുതിയ നോവൽ തന്നെ എന്ന വാഗ്ദാനത്തോടെ.
ഇതുവരെ എഴുതിയതിൽ വീണ്ടും പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കാത്ത ഒരേയൊരു പുസ്തകം എന്നാണ് പഴയ നോവല്ലയെ എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്.
ആ കൃതിയുടെ പ്രമേയം എല്ലാക്കാലത്തും പ്രസക്തമാണ്. എന്നാൽ, ആഗ്രഹിച്ചതുപോലെ എഴുതാനുള്ള കഴിവ് അന്ന് എനിക്കുണ്ടായിരുന്നില്ല. എഴുത്തുകാരൻ എന്ന നിലയിൽ ആത്മവിശ്വാസം ആർജിച്ച ശേഷം തിരുത്തിയെഴുതണം എന്നുതന്നെ തീരുമാനിച്ചിരുന്നു. ഇതിനിടെ ഒട്ടേറെ കൃതികൾ എഴുതിപ്പൂർത്തിയാക്കേണ്ടിവന്നു. ഇപ്പോൾ എഴുപത് വയസ്സ് കഴിഞ്ഞിരിക്കുന്നു. ഇനി അധിക സമയം ഉണ്ടെന്നു തോന്നുന്നില്ല. മാറ്റിവച്ച പദ്ധതി പൂർത്തിയാക്കാൻ ഇതാണ് ഉചിത സമയമെന്നു തോന്നി. എഴുത്തുകാരൻ എന്ന നിലയിൽ വായനക്കാരോടുള്ള കടമ നിറവേറ്റണമെന്നും തോന്നി: പുതിയ കൃതിയെക്കുറിച്ച് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രശസ്തനായ ജാപ്പനീസ് നോവലിസ്റ്റ് വ്യക്തമാക്കി.
നോർവീജിയൻ വുഡിൽ തുടങ്ങി കാഫ്ക ഓൺ ദ് ഷോറിലൂടെ കില്ലിങ് കുമ്മന്തത്തോരെ വരെയുള്ള നോവലുകളിലൂടെ സുപരിചിതനായ എഴുത്തുകാരന് നോവല്ല തിരുത്തിയെഴുതാനുള്ള സമയവും സാവകാശവും നൽകിയത് കോവിഡ് ലോക്ഡൗൺ കാലം കൂടിയായിരുന്നു. കവാടങ്ങൾ അടച്ചിട്ട നഗരത്തിൽ വികാരങ്ങൾക്ക് എന്തു പ്രസക്തി എന്ന ആലോചന കൂടി പുതിയ കൃതിയുടെ ഭാഗമായി. 40 വർഷം മുൻപ് ആലോചിച്ചിട്ടേയില്ലാത്ത പശ്ചാത്തലം കൂടി വന്നതോടെ അനായാസമായി എഴുത്ത് തുടർന്നു. ആഗ്രഹിച്ച അതേ തീക്ഷ്ണതയോടെ.
വായിച്ചു മറക്കുന്നവ നല്ല കൃതികളല്ലെന്ന പക്ഷക്കാരനാണ് മുറാകാമി. വ്യക്തമായ ഉത്തരം തരുന്ന കൃതികൾ കാലത്തെ അതിജീവിക്കില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ചില ചോദ്യങ്ങൾ ഉയർത്താനാണ് താൻ എന്നും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. കഥ ഇങ്ങനെ തന്നെയാണോ അവസാനിക്കേണ്ടതെന്നു വായനക്കാർ ചിന്തിക്കണം. എന്റെ പുസ്തകങ്ങൾ വായനക്കാർ വായിച്ചുതീരരുതെന്നാണ് ആഗ്രഹിക്കുന്നത്. ചിന്തിക്കാനുള്ളത് എന്തെങ്കിലും എല്ലാ കൃതിയിലും അവശേഷിക്കണം: എഴുത്തുകാരൻ നയം വ്യക്തമാക്കുന്നു.
കൃതികളിലെ ആഖ്യാതാവ് പൂർണമായും താനല്ലെന്നും അദ്ദേഹം പറയുന്നു. ഞാൻ ഉണ്ട്, എന്നാൽ പൂർണമായും ഞാൻ അല്ല. ഏതു രാജ്യത്തു പോയാലും പലരും എന്നെ തേടിയെത്തുന്നു. ഇത്രയധികം വായനക്കാരെ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല. ഇത് ഒരു അനുഗ്രഹം കൂടിയാണ്. ഇത്ര വ്യാപകമായി വായിക്കപ്പെടുക എന്നത്. ചിലപ്പോൾ എനിക്ക് എന്നിൽ തന്നെ അവിശ്വാസം തോന്നുന്നു. യഥാർഥത്തിൽ ജീവിച്ചിരിക്കുന്നുണ്ടോ എന്ന്. ഏതോ കഥയിലെ കഥാപാത്രമാണോ എന്നുപോലും തോന്നിപ്പോകുന്നു.
സ്ത്രീ കഥാപാത്രങ്ങൾ വിമർശിക്കപ്പെട്ടതിനോട് നിഷ്കളങ്കമായാണ് അദ്ദേഹം പ്രതികരിച്ചത്.
വിമർശനത്തിൽ കാര്യമുണ്ടായിരിക്കാം. എന്നാൽ, ഞാനത് ഓർക്കുന്നില്ല. വിമർശനത്തെ കാര്യമായി ഗൗനിക്കുന്നില്ല എന്നുതന്നെയാണ് മുറാകാമിയുടെ നിലപാട്. എന്നാൽ, ആത്മവിമർശനത്തെ അവഗണിക്കില്ല എന്നതിന്റെ തെളിവാണ് പുതിയ നോവൽ.