എംടിയുടെ വിക്ടോറിയ; ഓർമ പുരണ്ട മണൽത്തരികൾ...
എം.ടി വാസുദേവൻ നായർ പഠിച്ച കോളജ് - തൊണ്ണൂറുകളുടെ ആദ്യ വർഷങ്ങളിൽ പാലക്കാട്ടെ ഗവ.വിക്ടോറിയ കോളജിൽ ചേരാൻ ഇതിൽപരം ഒരു ന്യായം ആവശ്യമായിരുന്നില്ല. മൻമോഹൻസിങ്ങിന്റെ ലിബറലൈസേഷൻ ചൂടുപിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. കൗമാരക്കാരും ചെറുപ്പക്കാരും ജീവിതത്തെ നോക്കിക്കാണുന്ന രീതി മറ്റൊന്നായിരുന്നു. 'കാല'ത്തിലെ
എം.ടി വാസുദേവൻ നായർ പഠിച്ച കോളജ് - തൊണ്ണൂറുകളുടെ ആദ്യ വർഷങ്ങളിൽ പാലക്കാട്ടെ ഗവ.വിക്ടോറിയ കോളജിൽ ചേരാൻ ഇതിൽപരം ഒരു ന്യായം ആവശ്യമായിരുന്നില്ല. മൻമോഹൻസിങ്ങിന്റെ ലിബറലൈസേഷൻ ചൂടുപിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. കൗമാരക്കാരും ചെറുപ്പക്കാരും ജീവിതത്തെ നോക്കിക്കാണുന്ന രീതി മറ്റൊന്നായിരുന്നു. 'കാല'ത്തിലെ
എം.ടി വാസുദേവൻ നായർ പഠിച്ച കോളജ് - തൊണ്ണൂറുകളുടെ ആദ്യ വർഷങ്ങളിൽ പാലക്കാട്ടെ ഗവ.വിക്ടോറിയ കോളജിൽ ചേരാൻ ഇതിൽപരം ഒരു ന്യായം ആവശ്യമായിരുന്നില്ല. മൻമോഹൻസിങ്ങിന്റെ ലിബറലൈസേഷൻ ചൂടുപിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. കൗമാരക്കാരും ചെറുപ്പക്കാരും ജീവിതത്തെ നോക്കിക്കാണുന്ന രീതി മറ്റൊന്നായിരുന്നു. 'കാല'ത്തിലെ
എം.ടി വാസുദേവൻ നായർ പഠിച്ച കോളജ് - തൊണ്ണൂറുകളുടെ ആദ്യ വർഷങ്ങളിൽ പാലക്കാട്ടെ ഗവ.വിക്ടോറിയ കോളജിൽ ചേരാൻ ഇതിൽപരം ഒരു ന്യായം ആവശ്യമായിരുന്നില്ല. മൻമോഹൻസിങ്ങിന്റെ ലിബറലൈസേഷൻ ചൂടുപിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. കൗമാരക്കാരും ചെറുപ്പക്കാരും ജീവിതത്തെ നോക്കിക്കാണുന്ന രീതി മറ്റൊന്നായിരുന്നു. 'കാല'ത്തിലെ സേതുമാധവനിൽ അവർ അവരുടെ തന്നെ ജീവിതത്തെ കണ്ടു.
അന്നൊക്കെ പാലക്കാട്ടും ചുറ്റുമുള്ള മിക്കവാറും എല്ലാ വീട്ടിൽനിന്നും ആരെങ്കിലുമൊരാൾ വിക്ടോറിയയിൽ പഠിച്ചിരുന്നു. അവരിലൂടെ എംടി യുടെ കോളജ് കഥകൾ വീടുകളിലുമെത്തി. എംടി വിക്ടോറിയയിൽ പഠിച്ചത് 1940 കളിലായിരുന്നു. 50 വർഷത്തിനു ശേഷവും ഓർമയും കഥകളും ക്യാംപസിൽ സജീവമായിരുന്നു. യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എം.ടിയുടെ കഴുത്തിൽ ഒരു പെൺകുട്ടി മാലയിട്ടത്, എംടിക്ക് വോട്ടുചെയ്യണമെന്ന ചുമരെഴുത്ത് എവിടെയോ മായാതെ കിടക്കുന്നത്, എംടിയുടെ ആദ്യത്തെ സമാഹാരം കൂട്ടുകാർ ചേർന്നു പ്രസിദ്ധീകരിച്ചത്... അങ്ങനെയൊക്കെ...
അതിലൊക്കെയുപരി, സേതുവിന്റെ ഏകാന്തതയും അനാഥത്വവും സ്നേഹിക്കപ്പെടാനുള്ള കൊതിയും അന്നത്തെ കുട്ടികളെ പൊള്ളിച്ചു. വെക്കേഷൻ കാലത്തും വീട്ടിൽ പോകാൻ കഴിയാതെ ഹോസ്റ്റലിൽ തനിച്ചു കഴിയേണ്ടി വരുന്ന സേതു താൻ തന്നെയാണെന്നു പലരും കരുതി. എംടിയേപ്പോലെ ഒ.വി. വിജയനെ അന്നു കുട്ടികൾ വായിച്ചു തുടങ്ങിയിട്ടില്ലാതിരുന്നതുകൊണ്ട്, അസ്‌തിത്വദുഃഖത്തിലേക്കു ഗ്രാജേറ്റു ചെയ്യുന്നതിനു മുൻപുള്ള വിഷാദങ്ങളായിരുന്നു അവയൊക്കെ.
എല്ലാക്കുട്ടികളും അക്കാലം വിക്ടോറിയയിൽ പഠിക്കാൻ ആഗ്രഹിച്ചു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഈ ലേഖകനും സ്വാഭാവികമായും മറ്റൊരു വഴി ആലോചിക്കേണ്ടിയിരുന്നില്ല. അങ്ങനെ എംടി പഠിച്ച കോളജിൽ, 1992ൽ ഞാനും പ്രീഡിഗ്രിക്കു ചേർന്നു.
എംടിയുടെ ഒരു കഥാപാത്രം പോലെ വിക്ടോറിയയ്ക്ക് അന്ന് ഒരു വള്ളുവനാടൻ ഛായയുണ്ടായിരുന്നു. അതേസമയം പാലക്കാടിന്റെ സംസ്കൃതിയിലേക്ക് ഇഴുകിച്ചേർന്ന മറ്റെല്ലാം അവിടെ പ്രതിഫലിച്ചു; തമിഴിന്റെ, ബ്രാഹ്മണരുടെ, മാപ്പിളമാരുടെ നിറം, മണം, മൊഴി എല്ലാം... പാശ്ചാത്യ വാസ്തുശില്പകലയുടെ കൂറ്റൻ എടുപ്പുകളിലും നീണ്ട ഇടനാഴികളിലും തണൽമരച്ചുവട്ടിലുമൊക്കെയായി പാലക്കാടൻ ജീവിതത്തിന്റെ ഒരു ഛേദം വിക്ടോറിയയിൽ സംഭവിച്ചു.
അങ്ങനെയിരിക്കെ, പ്രീഡിഗ്രിക്കാലത്ത് ഒരിക്കൽ, അൽപമൊന്നു കൂനിയ നടപ്പും നരച്ച മീശയും തലയിൽ മാക്‌സ്‌ഫീൽഡ് എന്നെഴുതിയ തൊപ്പിയുമായി, തേഞ്ഞുതീർന്നൊരു റബർ ചെരുപ്പുമിട്ട്, ഒരു ഹെമിങ്‌വേ കഥാപാത്രം പോലെ, ക്യാംപസിൽ ഉണ്ണിയേട്ടൻ പ്രത്യക്ഷപ്പെട്ടു. മുഖം വിക്ടോറിയയോളം പ്രായമുണ്ടെന്നു തോന്നിപ്പിച്ചുവെങ്കിലും കണ്ണുകൾ തീക്ഷ്‌ണമായിരുന്നു, വിരലുകൾക്കിടെ ബീഡി എരിഞ്ഞിരുന്നു. ഭ്രാന്തനെന്നും കിഴവനെന്നുമൊക്കെ കുട്ടികൾക്കു വിളിച്ചു പരിഹസിക്കാമായിരുന്നു വേണമെങ്കിൽ. പക്ഷേ ആരും അങ്ങനെ ചെയ്തു കണ്ടില്ല.
അയാൾ കുട്ടികളുടെ കൂട്ടുകാരനായിരുന്നു. അവരോട് സംസാരിച്ച്, തമാശ പറഞ്ഞ്, തിരഞ്ഞെടുപ്പുകാലത്ത് തന്ത്രങ്ങളുപദേശിച്ചു കൊടുത്ത്, ക്രിക്കറ്റും ഹോക്കിയും പഠിപ്പിച്ച് ഉണ്ണിയേട്ടൻ ക്യാംപസിന്റെ ഭാഗമായി. 'വിക്ടോറിയയുടെ ജീവിക്കുന്ന ഫോസിൽ' എന്ന് കോളജ് മാഗസിനിൽ ആരോ എഴുതി.
മുണ്ടും കാതിൽ കടുക്കനുമൊക്കെയായി തെക്കേപ്പാട്ടെ വാസു കോളജിൽ ചേരുമ്പോൾ ഉണ്ണി സീനിയറായിരുന്നു. ആദ്യ വർഷം കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എംടി തോറ്റു. ഉണ്ണി പിന്തുണച്ച ശാരദയായിരുന്നു വിജയിച്ചത്. വാസു കഥയെഴുതുമെന്നും മറ്റും അറിഞ്ഞതോടെ ഉണ്ണി പക്ഷം മാറി. അടുത്ത വർഷം തിരഞ്ഞെടുപ്പിൽ വാസു വിജയിച്ചു. കിങ് മേക്കർ ഉണ്ണി.
എങ്കിൽ പിന്നെ വാസുവിന്റെ കഥകൾ പ്രസിദ്ധീകരിക്കാമെന്നായി ഉണ്ണി. പണം കണ്ടെത്താനുള്ള മാർഗം ചീട്ടുകളി. പകൽ മുഴുവൻ ചീട്ടു കളിച്ചു കിട്ടുന്ന ലാഭവുമായി നന്ദകുമാർ ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്നു വരുന്ന ഉണ്ണിയെക്കുറിച്ച് എംടി എഴുതിയിട്ടുണ്ട്. ചീട്ടുകളിയും കൂട്ടുകാർക്കിടയിലെ പിരിവുമൊക്കെയായി കിട്ടിയ പണവും എംടിയുടെ കഥകളുമായി ഉണ്ണി പാലക്കാട്ടെ ഏറ്റവും ചെലവു കുറഞ്ഞ പ്രസ്സിലെത്തി.
‘രക്തം പുരണ്ട മൺതരികൾ' എന്ന ആ ആദ്യ കഥാസമാഹാരത്തിന്റെ മഷിയുണങ്ങാത്ത ഒരു കോപ്പിയുമായി ഉണ്ണി ഒരു രാത്രി ഹോസ്റ്റൽ മുറിയിലേക്കു കയറി വന്നതിനെക്കുറിച്ചും എംടി തന്നെ എഴുതിയിട്ടുണ്ട്. നിറയെ അച്ചടിപ്പിശകുകളുള്ള ആദ്യ പ്രതി...
1995ൽ ആ വാസുവിന് ജ്ഞാനപീഠം കിട്ടി, എംടി പാലക്കാട്ടും വിക്ടോറിയയിലുമെത്തി. ഉണ്ണിയുടെ കഥ വാസു തന്നെ കുട്ടികളുമായി പങ്കിട്ടു. 'അസുരവിത്തി'ലെ ഗോവിന്ദൻ കുട്ടിക്ക് ഉണ്ണിയും മാതൃകയായിട്ടുണ്ടെന്ന് എംടി പറഞ്ഞു. സ്വീകരണങ്ങൾക്കു ശേഷം അദ്ദേഹം ഉണ്ണിയെ കാണാൻ പോയി. 'ഉണ്ണിക്ക് ഒരു മാറ്റവുമില്ല. ആരോടും ഉത്തരവാദിത്വമില്ലാതെ, മറുപടി പറയേണ്ടതില്ലാതെ തോന്നിയതു പോലെ നടക്കുകയാണ് ഉണ്ണി ഇപ്പോഴും' - എംടി പറഞ്ഞു.
പിന്നെ കാലവും ക്യാംപസും മാറി. എംടി പഠിച്ച കോളജ് എന്നത് വിക്ടോറിയയ്ക്ക് ഒരു വിശേഷണമേയല്ലാതായി. എംടിയും അദ്ദേഹവുമായി ബന്ധപ്പെട്ട ക്യാംപസ് കഥകളും മാഞ്ഞുപോയിട്ടുണ്ടാകണം. വിക്ടോറിയയിൽ പഠിക്കണമെന്നത് കുട്ടികളുടെ വലിയ സ്വപ്നമല്ലാതായിത്തീർന്നു. തീപ്പെട്ടിക്കൂടുകൾ അടുക്കിവച്ചതു പോലുള്ള കെട്ടിടങ്ങളുമായി പുതിയ കോളജുകളും പുതിയ കാലത്തിന്റെ കോഴ്സുകളും വന്നു. സ്വപ്നം കാണാനും വിഷാദിക്കാനുമൊന്നും കുട്ടികൾക്ക് സമയവും താൽപര്യവുമില്ലാതായിട്ടുണ്ടാവാം.
ഇപ്പോൾ, ആർക്കെങ്കിലും തോന്നുന്നുണ്ടാകുമോ താൻ സേതുവാണെന്ന്?