ADVERTISEMENT

ഏതു ഭാഷയിൽ എന്നതല്ല. പ്രാചീന ലിപി. നിഗൂഢ അക്ഷരങ്ങൾ. വിചിത്ര ചിഹ്നങ്ങൾ. എന്തു തന്നെ ആയിരുന്നാലും ചോദ്യത്തിന് ഉത്തരം വേണം. ചങ്കിൽ തന്നെ തറയ്ക്കുന്ന ചോദ്യമാണത്. നെഞ്ച് പിളർക്കുന്നത്. ആത്മാവിനെ കീറിമുറിക്കുന്നത്. ഉത്തരത്തോടെ വെളിപ്പെടുന്നത് യഥാർഥത്തിൽ ആര് ആയിരുന്നുവെന്ന്. ആരാകാനാണ് ആഗ്രഹിച്ചതെന്ന്. സുമന ഗോപാൽദായോട് ചോദിച്ചു. അദ്ദേഹം ആ ചോദ്യം സ്വയം ചോദിച്ചു. ആദ്യമൊന്നും ഉത്തരം ലഭിച്ചില്ല. പദവിയും പകിട്ടും എല്ലാം അഴിച്ച്, നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആകുലതയില്ലാതെ ആത്മാവിനു നേരെ നിന്നപ്പോൾ മാത്രമാണ് ഉത്തരം ലഭിച്ചത്. അതു ജീവിതത്തെ അടിമുടി ഉലച്ചു. ഗോപാൽ ദായുടെ മാത്രമല്ല. സുമന. തപോമയി. തപസ് സർക്കാർ. ജഹാൻ. പർവീണ. ജെഹാൻ ഗോപാൽ. സായന്തൻ സെൻ ഗുപ്ത. പിന്നെ എന്റെയും. അതുകൊണ്ടു തന്നെ തപോമയിയുടെ അച്ഛനെക്കുറിച്ച് എഴുതാതിരിക്കാനാവില്ല. അതെത്രതന്നെ ദുഃഖകരമെങ്കിലും. എല്ലാ സമാധാനവും നഷ്ടപ്പെടുത്തുമെങ്കിലും. ഇനിയൊരിക്കലും ഇന്നലത്തേതുപോലെ ജീവിക്കാനാകില്ലെങ്കിലും.

thapomayi-book-l

എത്ര പുസ്തകങ്ങൾക്ക് ജീവിതത്തിൽ ഇടപെടാൻ കഴിയും? അപൂർവം മാത്രം. വിരലിൽ എണ്ണാൻ പോലും കാണില്ല. ഒന്നോ രണ്ടോ. അതിലും കുറവോ. തപോമയിയുടെ അച്ഛൻ ജീവിതത്തിൽ ഇടപെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. ഉള്ളവർ. ഇല്ലാത്തവർ. പിന്നെ ഒന്നും വേണ്ടാത്തവരും. ആരും ഇല്ലാത്തവർക്കും ഒന്നും ഇല്ലാത്തവർക്കും വേണ്ടി പ്രവർത്തിക്കാൻ അവർക്കേ കഴിയൂ. ഒന്നും ഒരിക്കലും വേണ്ടാത്തവർക്ക്. ഗോപാൽ ദാ അങ്ങനെയായിരുന്നു. പിന്നീട് തപോമയി. ഇനി ആര്? ജെഹാൻ അങ്ങനെയായിരുന്നു. രണ്ടേ രണ്ടു കഥകൾ മാത്രം പ്രസിദ്ധീകരിച്ച് എവിടെ നിന്നാണോ വന്നത് അതേയിടത്തേക്കു മടങ്ങിയതിനാൽ ഇനി അയാളില്ല. ജെഹാൻ ഗോപാലിനു കഴിയുമോ. ഭാവിക്കു മാത്രമേ അതറിയൂ. ഭാവി നമ്മുടേതല്ല. നമുക്കുള്ളത് ഈ നിമിഷം പോലുമില്ല. കഴിഞ്ഞുപോയ നിമിഷങ്ങൾ മാത്രം. തപോമയിയുടെ അച്ഛൻ വായിച്ച മണിക്കൂറുകൾ മാത്രം. അതൊരു പുസ്തകം ആയിരുന്നോ. പുസ്തകം മാത്രം. എഴുതപ്പെട്ട അക്ഷരങ്ങൾ. അങ്ങനെ വിശ്വസിക്കാൻ കഴിയുന്നില്ല. എന്നെങ്കിലും കഴിയുമെന്നും തോന്നുന്നില്ല. ജീവിക്കുകയായിരുന്നു. അങ്ങകലെ പുഴവക്കത്തെ ആ വീട്ടിൽ. നിഷ്കളങ്കമായ ആ ഗ്രാമത്തിൽ. സ്വപ്നങ്ങളിലും. 

ഒന്നുമില്ലെങ്കിലും എന്നെങ്കിലും അവിടം വിടേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നേയില്ല. എന്നിട്ടും ആട്ടിപ്പായിക്കപ്പെട്ടു. സ്വന്തമായിരുന്നതിൽ നിന്നെല്ലാം. തിരിഞ്ഞു നോക്കി, തിരിഞ്ഞുനോക്കി ഒന്നും കാണാതിരുന്നപ്പോഴും നോക്കി ഇറങ്ങിയതാണ്. അതിനു ശേഷം വേര് പിടിച്ചിട്ടില്ല എങ്ങും. ജല സസ്യം. മണ്ണിൽ തൊടാത്ത വേരുകൾ കൊണ്ട് അവ വെള്ളത്തിൽ നിലയൂന്നുന്നു. ഒന്നിനും ഒരു ഉറപ്പുമില്ല. അനേകം ഉത്കണ്ഠകൾ. സങ്കോചങ്ങൾ. പുറപ്പെട്ടു. എത്തിയില്ല എന്ന സംശയം. ഇനിയും ഒഴുകിപ്പോകുമോ എന്ന ഉൾഭയം. എത്ര നാൾ കഴിഞ്ഞാലും തീരാത്ത വ്യഥ. അവരോടൊപ്പമായിരുന്നു. മനസ്സു കൊണ്ടു മാത്രമല്ല, ശരീരം കൊണ്ടും. തപോമയി വായിച്ചുതീർന്നപ്പോൾ ആ ലോകത്തുനിന്ന് പുറത്താക്കപ്പെടുമോ എന്നായിരുന്നു ഭയം. വിജയിക്കാൻ തോന്നിയ നിമിഷങ്ങളോട് എന്തെന്നില്ലാത്ത വെറുപ്പ്. ഗോപുരങ്ങൾ തകർന്നുവീഴുകയാണ്. കവാടങ്ങൾ നിലംപരിശാകുകയാണ്. തോൽക്കണം. ആരും ധൈര്യപ്പെടാത്ത രീതിയിൽ തോൽക്കണം. പുറത്താക്കപ്പെടണം. എല്ലാറ്റിൽ നിന്നും. കഷ്ടരാത്രികളിലേക്ക്. വ്യർഥ മാസങ്ങളിലേക്ക്. അങ്ങനെയല്ലാതെ എങ്ങനെ അവർക്കൊപ്പം താദാത്മ്യപ്പെടും. അവരെ മനസ്സിലാക്കും?

അഭയാർഥികൾ. അങ്ങനെ ആരെക്കുറിച്ചെങ്കിലും പറയാമോ എന്നു സംശയമുണ്ട്. അല്ലെങ്കിൽ ആരാണ് അഭയാർഥികൾ അല്ലാത്തത്. അവർ എങ്ങനെയാണ് അഭയം അർഥിക്കുന്നവരായത്. ആരോട്. ആരാണവരെ പുറത്താക്കിയത്. എവിടെ നിന്ന്. ആരുടേതാണ് എല്ലാം. നമ്മുടേതോ? അപ്പോൾ അവരോ. അവരെ ഇറക്കിവിട്ട ശേഷം ആർക്കാണു സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ഉണ്ണാനും ഉറങ്ങാനുമാവുക. അതിനെ ജീവിതം എന്നു വിളിക്കാൻ കഴിയുമോ. ആ ജീവിതം നയിക്കുന്നവരല്ലേ യഥാർഥ കുറ്റവാളികൾ. അവർക്കുള്ള കോടതി എവിടെയാണ്. വിചാരണ എന്നാണു തുടങ്ങുക. വിധി...? ആ വിധിക്കുള്ള സമയമാണിത്. ഇപ്പോഴല്ലെങ്കിൽ മറ്റെന്ന്?

ഗോപാൽ ദാ മഴ കാണുകയായിരുന്നു. അല്ല നനയുകയായിരുന്നു. കൊള്ളുകയായിരുന്നു. തോരാത്ത മഴ. എന്നാണു തുടങ്ങിയതെന്നറിയാം. പിന്നെയത് തോർന്നിട്ടേയില്ല. ഏറിയും കുറഞ്ഞും പെയ്തുകൊണ്ടേയിരുന്നു. ആ മഴ നനയാത്തവർ ഉണ്ടോ? ചെയ്തുപോയവ. ചെയ്യാതെ പോയവ. കണ്ണു തുറന്നു കണ്ടതും കണ്ണടച്ച് ഇരുട്ടാക്കിയതും. എഴുതണം. എല്ലാം എഴുതണം. എല്ലാവർക്കുമറിയുന്ന ഭാഷ വേണ്ട. ഗൂഢഭാഷ മതി. ചിഹ്നങ്ങളായാലും മതി. വായിക്കില്ലെന്ന് ഉറപ്പ് പറയാമോ. അത് എങ്ങോട്ടും എടുത്തുമാറ്റില്ലെന്ന്. നശിപ്പിച്ചു കളയുമെന്ന്. അറിയരുത്. ആരും ഒന്നും അറിയരുത്. അപ്പോൾ തപോമയിയുടെ അച്ഛനോ. ശ്യാമൾ ബറുവയോ. സുമന. ഞാൻ വായിച്ച ഡയറി. ഒക്കെയും യാഥാർഥമാണോ?

book-marakkamo-by-balachandran-chullikkad

നെഞ്ചിൽ ഭാരം കനക്കുന്നു. കുറ്റബോധം. ആശ്വസിപ്പിക്കാനാവില്ല ആർക്കും. അല്ലെങ്കിൽതന്നെ ആ വാക്കുകൾക്ക് എന്തർഥമാണുള്ളത്. യഥാർഥ വേദനയ്ക്കു മുന്നിൽ ആ വാക്ക് കരിയുന്നല്ലോ. അർഥമില്ലാത്ത കരിക്കട്ടയാകുന്നല്ലോ. വേദനയോടെ സ്നേഹിക്കുന്നതുപോലെ വേദനയോടെ വായിക്കുക. വായിച്ച ശേഷവും ആ വേദന അവശേഷിക്കുക. അസ്വസ്ഥത നിലനിൽക്കുക. ജീവിതത്തിന്റെ വെളിപാടുകളിലേക്ക് ഉണരുക.

ഇത്രയുമൊക്കെയായാൽ വായന സാർഥകമായി; തപോമയിയുടെ അച്ഛൻ വായിക്കുമ്പോൾ എന്നപോലെ. 

വീണ്ടും ആനന്ദധാര

നിന്നിലേ നിത്യം ജനിച്ചുജീവിപ്പതും

നിന്നിലാകട്ടെയെന്നന്ത്യ വിശ്രാന്തിയും !

കവിതയ്ക്കു മാത്രം സ്പർശിക്കാൻ കഴിയുന്ന ഇടങ്ങളുണ്ട് ഹൃദയത്തിൽ. അവിടെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളുടെ ഇടം. ഞാൻ എന്ന വാക്കിൽ ആത്മധൈര്യത്തോടെ ഊന്നി ചൊല്ലുമ്പോഴും ഇഷ്ടപ്പെട്ടവരെക്കുറിച്ചാണെങ്കിലും ചുള്ളിക്കാട് എഴുതുമ്പോൾ ഭാഷ യൗവ്വനം വീണ്ടെടുക്കുന്നു. അപൂർവ ലാവണ്യത്തിന്റെ താരും തളിരും ഓരോ വാക്കിലും തളിർക്കുന്നു. കാത്തിരുന്ന മഴയിൽ എന്ന പോലെ എത്ര ഉൻമേഷത്തോടെ, ഓജസ്സോടെ, ഉഷാറോടെ ഭൂമി കൈ നീട്ടുന്നു. വാരിപ്പുണരുന്നു. ആകെ തുടുക്കുന്നു. പൂത്തുലയുന്നു. ആന്റണിയാശാൻ. എം.എം. ലോറൻസ്. ഞാൻ. നീ. വെളിപ്പെടുന്നത് ആരുമായും ആയിക്കോട്ടെ. മലയാള കവിത നഷ്ടപ്രതാപം വീണ്ടെടുക്കുന്നു. വാക്കുകൾ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുന്നു. ആഗ്രഹിച്ച ജീവിതം ഭാവനയുടെ

കൊള്ളിമീൻ വെളിച്ചത്തിൽ തെളിഞ്ഞു കത്തുന്നു. മറക്കുമോ എന്ന സമാഹാരത്തിലെ പ്രഭാതം എന്ന കവിത വായിച്ചപ്പോൾ മലയാള കവിയുടെ ആർദ്ര മധുരമായ സുവർണ കാലത്തിലാണു ജീവിക്കുന്നതെന്ന് ഒരു മാത്ര തെറ്റിധരിച്ചു.

എന്നെച്ചുഴലുന്നൊരീ വെളിച്ചം നിന്റെ

വെൺപട്ടുപാവാടയെന്നു കരുതി ഞാൻ

ഈയിളം കാറ്റോ പനിനീരിലാടിയ

വാർമുടി കോതി വരുന്നതെന്നോർത്തു ഞാൻ...

വചനത്തെ വീണ്ടും കവിതയുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു ചുള്ളിക്കാടിന്റെ പുതിയ കാവ്യസമാഹാരവും

മറക്കാമോ?

ഡി സി ബുക്സ്

ബാലചന്ദ്രൻ ചുള്ളിക്കാട്

വില: 120 രൂപ

English Summary:

Review of Malayalam Literature 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com