വിവാദങ്ങൾ വേണ്ട, വേദനകൾ മതി; ബഹളം വേണ്ട, മൗനം മതി: മാതൃകയായി നൊബേൽ ജേതാവ്
ചരിത്രത്തിലെ ചോരച്ചാലുകളുടെ സാക്ഷി മാത്രമല്ല ഹാൻ കാങ്. ഇര തന്നെയാണ്. ഇരകളോട് താദാത്മ്യപ്പെട്ടാണ് ഓരോ വാക്കും അവർ എഴുതുന്നത്. ക്രൂരതയും ദുരന്തവും ഏറ്റവും തീക്ഷ്ണമായി എഴുതുമ്പോൾ തന്നെ സൗമ്യതയും മാധുര്യവുമാണ് ജീവിതത്തിന്റെ സൗന്ദര്യം: കാങ് പറയുന്നു.
ചരിത്രത്തിലെ ചോരച്ചാലുകളുടെ സാക്ഷി മാത്രമല്ല ഹാൻ കാങ്. ഇര തന്നെയാണ്. ഇരകളോട് താദാത്മ്യപ്പെട്ടാണ് ഓരോ വാക്കും അവർ എഴുതുന്നത്. ക്രൂരതയും ദുരന്തവും ഏറ്റവും തീക്ഷ്ണമായി എഴുതുമ്പോൾ തന്നെ സൗമ്യതയും മാധുര്യവുമാണ് ജീവിതത്തിന്റെ സൗന്ദര്യം: കാങ് പറയുന്നു.
ചരിത്രത്തിലെ ചോരച്ചാലുകളുടെ സാക്ഷി മാത്രമല്ല ഹാൻ കാങ്. ഇര തന്നെയാണ്. ഇരകളോട് താദാത്മ്യപ്പെട്ടാണ് ഓരോ വാക്കും അവർ എഴുതുന്നത്. ക്രൂരതയും ദുരന്തവും ഏറ്റവും തീക്ഷ്ണമായി എഴുതുമ്പോൾ തന്നെ സൗമ്യതയും മാധുര്യവുമാണ് ജീവിതത്തിന്റെ സൗന്ദര്യം: കാങ് പറയുന്നു.
ഓരോ വാക്കും പ്രാർഥന. പ്രതിരോധം. വിശുദ്ധമായ മന്ത്രോച്ചാരണം പോലെ. അക്രമങ്ങൾക്കെതിരെ. ഹിംസയ്ക്കെതിരെ. മുറിവേൽപിക്കുന്നതിന് എതിരെ. പ്രതിസ്ഥാനത്ത് ഒരേയൊരാൾ: മനുഷ്യൻ മാത്രം. ഹാൻ കാങ് എന്ന എഴുത്തുകാരി പുറമേ ശാന്തയാണ്. സൗമ്യയാണ്. സംസാരത്തിലും പെരുമാറ്റത്തിലും സാധാരണത്വം, സൂക്ഷ്മത, സമാധാനം. നിരന്തരം ഒഴുകുന്നതിനാൽ, ഒഴുകുന്നുണ്ടെന്നു പോലും തോന്നാത്ത അരുവി പോലെ. പരിചിതരായവർക്കു മാത്രം തിരിച്ചറിയാൻ കഴിയുന്ന സാന്നിധ്യം. എന്നാൽ കാങ്ങിനെ പ്രശസ്തയാക്കിയ വെജിറ്റേറിയൻ ഉൾപ്പെടെയുള്ള നോവലുകൾ ഇളകിമറിയുന്ന കടൽ പോലെ പ്രക്ഷുബ്ധമാണ്. ഭയപ്പെടുത്തുന്നതാണ്. ആശങ്ക ജനിപ്പിക്കുന്നതാണ്. വികാര വിവശവും അസ്വസ്ഥവുമാണ്. കാങ് സമ്മതിക്കുന്നു: എന്റെ എല്ലാ നോവലുകളും അതിക്രമങ്ങളെക്കുറിച്ചാണ്. സംഘടിതമായത്. ഒറ്റപ്പെട്ടത്. ഭരണകൂടത്തിന്റെ നേതൃത്വത്തിൽ. വീടുകളിൽ. വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിൽ. അക്രമങ്ങൾക്കെതിരെ വാക്കുകൾ മുന കൂർപ്പിക്കുമ്പോഴും അധികമായി ഒരു വാക്ക് പോലും പറയാതെ, സ്വയം നിർമിത സ്വകാര്യതയിൽ സ്വച്ഛം, ശാന്തം.
കഴിഞ്ഞ ഒക്ടോബർ 10 സാധാരണ ദിവസം പോലെയാണ് എഴുത്തുകാരി നേരിട്ടത്; നൊബേൽ പ്രഖ്യാപിച്ച ദിവസം തന്നെ. ഫോൺ സൈലന്റാക്കി ആ ദിവസത്തെ സമാധാനത്തോടെ നേരിട്ട കാങ് എഴുത്തുകാരുടെ സ്വകാര്യതയിൽ അങ്ങേയറ്റം വിശ്വസിക്കുന്നു. നിരന്തരം ശ്രദ്ധിക്കപ്പെടുന്നത് എഴുത്തുകാർക്ക് നല്ലതല്ല: കാങ് പറയുന്നു. ആരാലും തിരിച്ചറിയപ്പെടാതെ റോഡിലൂടെ നടക്കണം. ഒരു തിരക്കുമില്ലാതെ, പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ, എങ്ങോട്ടെന്നില്ലാതെ.
ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയായിരുന്നു 2018 വരെ. സോൾ നഗരത്തിൽ പിന്നീട് ഒരു ചെറിയ പുസ്തകക്കട തുടങ്ങി. വളരെ ചെറുത്. കടയിൽ രാവിലെ വിളക്ക് തെളിക്കുന്നതും രാത്രി അണയ്ക്കുന്നതും പോലും എഴുത്തുകാരി തന്നെ. പുസ്തകങ്ങൾ ഷെൽഫിൽ അടുക്കിവയ്ക്കുമ്പോൾ അപാരമായ ആനന്ദം അനുഭവിച്ചിരുന്നു. എന്നാൽ ഒക്ടോബർ 10 നു ശേഷം കടയ്ക്കു മുന്നിൽ തിരക്കാണ്. ആൾക്കൂട്ടത്തിൽ നിന്ന് അകന്നുകഴിയുന്ന എഴുത്തുകാരി അതോടെ കട നടത്താൻ മാനേജരെ ഏൽപിച്ചു.
നിരൂപകനും അധ്യാപകനുമായ പങ്കാളിയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം മകനൊപ്പമാണ് താമസം. 54–ാം വയസ്സിൽ ലഭിച്ച നൊബേൽ സമ്മാനത്തെ ദക്ഷിണ കൊറിയ ഇപ്പോഴും ആഘോഷിച്ചു കഴിഞ്ഞിട്ടില്ല. കാങ്ങിന് വീരനായികയുടെ പരിവേഷമാണ് രാജ്യത്ത്. പുസ്തകങ്ങൾക്ക് ഒട്ടേറെ വായനക്കാർ. പ്രശസ്തി അറിഞ്ഞ ഭാവമേ ഇല്ലാതെയാണ് കാങ് ദിവസങ്ങൾ പിന്നിടുന്നു. എഴുത്തിൽ ശ്രദ്ധിച്ച്.
അടിച്ചമർത്തപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ചാണ് ഹ്യുമൻ ആക്ട്സ് എന്ന നോവൽ. പുതിയ പുസ്തകം വി ഡു നോട്ട് പാർട്ട് പറയുന്നതും അക്രമത്തെക്കുറിച്ചു തന്നെ. പ്രക്ഷോഭത്തെയും കൂട്ടക്കുരുതിയെയും കുറിച്ച്. രണ്ടാം ലോക യുദ്ധത്തിനു ശേഷം പട്ടാള നിയമത്തിനെതിരെ ഉയർന്ന പ്രതിഷേധത്തെക്കുറിച്ച്. തെരുവിലിറങ്ങിയ മൂന്നു ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമായതിനെക്കുറിച്ച്.
ചരിത്രത്തിലെ ചോരച്ചാലുകളുടെ സാക്ഷി മാത്രമല്ല ഹാൻ കാങ്. ഇര തന്നെയാണ്. ഇരകളോട് താദാത്മ്യപ്പെട്ടാണ് ഓരോ വാക്കും അവർ എഴുതുന്നത്. ക്രൂരതയും ദുരന്തവും ഏറ്റവും തീക്ഷ്ണമായി എഴുതുമ്പോൾ തന്നെ സൗമ്യതയും മാധുര്യവുമാണ് ജീവിതത്തിന്റെ സൗന്ദര്യം: കാങ് പറയുന്നു. മനുഷ്യത്വത്തിന്റെ സവിശേഷതയും അതുതന്നെയാണ്. ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ജീവിതത്തിൽ വിശ്വസിക്കാൻ കഴിയുന്നതും. ശരീരത്തിൽ വേദനിപ്പിക്കുന്ന ഒരു മുറിവുണ്ടെങ്കിൽ ഇടയ്ക്കിടെ അവിടേക്കു നോക്കും. കൈകൾ ആ ഭാഗത്തേക്കു നീങ്ങും. ഹൃദയം ആ വേദനയിൽ മിടിക്കും. സ്വന്തം രാജ്യത്തിന്റെ മുറിവുകളെ അറിയാനാണ് ഹാൻ കാങ് ശ്രമിച്ചത്; എഴുത്തിലൂടെ. വാക്കുകളിലൂടെ.
എഴുതുമ്പോൾ മറ്റൊരാളാണ് കാങ്. ശരീരം ഉപയോഗിച്ചാണ് ഞാൻ എഴുതുന്നത്; നൊബേൽ പുരസ്കാരം സ്വീകരിച്ചുകൊണ്ട് അവർ പറഞ്ഞു. പീഡനങ്ങളെക്കുറിച്ച് എഴുതുമ്പോൾ എനിക്കെങ്ങനെ ചിരിക്കാനാവും. ആയിരക്കണക്കിനു മനുഷ്യർ വേദനിച്ചു മരിക്കുമ്പോൾ മുറിയിൽ പോലും ഞാൻ സുരക്ഷിതയല്ല. എഴുതുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നു. ഭക്ഷണത്തോടുള്ള താൽപര്യം കുറയുന്നു. കടുത്ത തലവേദന. വയറിന് അസ്വസ്ഥത. കുട്ടിക്കാലം മുതലേ കൂടെയുള്ള മൈഗ്രെയ്ൻ തീവ്രമാകുന്നു. എന്റെ ശരീരം ഞാൻ ഇരകൾക്കു സമർപ്പിക്കുന്നു. അവർ നേരിട്ട അതേ വേദനകളിലൂടെ, ശാരീരിക പീഡനങ്ങളിലൂടെ ഞാനും കടന്നുപോകുന്നു.
സഹതാപവും അനുതാപവുമുള്ള വ്യക്തിയായതിനു പിന്നിൽ ഇടയ്ക്കിടെ അലട്ടുന്ന കടുത്ത തലവേദനകളുമുണ്ട്. വെജിറ്റേറിയൻ എഴുതുന്ന കാലത്ത് സന്ധിവേദന കൂടി. ടൈപ്പ് ചെയ്യാനാവുന്നില്ലായിരുന്നു. പേന കൊണ്ട് പേപ്പറിൽ എഴുതിനോക്കി. കഷ്ടപ്പെട്ടാണ് നോവൽ പൂർത്തീകരിച്ചത്. ഇനി എഴുതാനാവുമോ എന്നുപോലും ഭയപ്പെട്ടു.
ഹ്യൂമൻ ആക്ട്സ് വായിച്ച പലരും വല്ലാതെ വേദനിച്ചു. വേദനയിൽ ഞാനും വായനക്കാരും ഒന്നായ നിമിഷത്തിലാണ് വി ഡു നോട്ട് പാർട്ട് പിറക്കുന്നത്.
ലക്ഷങ്ങളെ കൊന്നൊടുക്കിയാലും രഹസ്യമായി സൂക്ഷിക്കാൻ ഒരിക്കൽ രാജ്യങ്ങൾക്കു കഴിഞ്ഞിരുന്നു. ഇന്നതല്ല സ്ഥിതി. ഓരോ മുറിവും എല്ലാവരും അറിയുന്നു. ആർക്കും ഒന്നും മറച്ചുവയ്ക്കാനാവില്ല. എനിക്കു പ്രതീക്ഷയുണ്ട്. ഭാവിയിലേക്കു നോക്കുമ്പോൾ മുറിവുകളില്ലാത്ത മനുഷ്യരെ, ലോകത്തെ ഞാൻ കാണുന്നു. വാക്കുകളിലൂടെ ആ ലോകത്തേക്കു കുതിക്കുന്നു. പ്രിയപ്പെട്ട വായനക്കാരെ ക്ഷണിക്കുന്നു. സാവധാനം. ഒരുമിച്ച്. ഒന്നായി... പിരിയില്ല നമ്മൾ.. വി ഡോണ്ട് പാർട്ട്. പിരിയാൻ നമുക്കാവില്ല...