മാജിക്കൽ മാർക്കേസ്: ഏകാന്തതയുടെ നൂറുഹർഷങ്ങൾ; അസാധ്യകാര്യങ്ങളുടെ നടത്തിപ്പുകാരൻ

വലിയ എഴുത്തുകാരിൽ എന്തും സംഭവ്യമാണ്, ബഷീറിൽ ‘വിശ്വവിഖ്യാതമായ മൂക്കെ’ന്നതുപോലെ. ‘നിങ്ങൾക്ക് അയഥാർഥമെന്നു തോന്നുന്ന കാര്യങ്ങൾ ഞങ്ങൾക്കു സ്വാഭാവികമാണെ’ന്നു പറഞ്ഞ മാർക്കേസാകട്ടെ അസാധ്യകാര്യങ്ങളുടെ നടത്തിപ്പുകാരനായിരുന്നു. വേറെ ആരെഴുതിയാലും അസ്വാഭാവികമാകുമായിരുന്നത് മാർക്കേസിൽ തീർത്തും സ്വാഭാവികമായി
വലിയ എഴുത്തുകാരിൽ എന്തും സംഭവ്യമാണ്, ബഷീറിൽ ‘വിശ്വവിഖ്യാതമായ മൂക്കെ’ന്നതുപോലെ. ‘നിങ്ങൾക്ക് അയഥാർഥമെന്നു തോന്നുന്ന കാര്യങ്ങൾ ഞങ്ങൾക്കു സ്വാഭാവികമാണെ’ന്നു പറഞ്ഞ മാർക്കേസാകട്ടെ അസാധ്യകാര്യങ്ങളുടെ നടത്തിപ്പുകാരനായിരുന്നു. വേറെ ആരെഴുതിയാലും അസ്വാഭാവികമാകുമായിരുന്നത് മാർക്കേസിൽ തീർത്തും സ്വാഭാവികമായി
വലിയ എഴുത്തുകാരിൽ എന്തും സംഭവ്യമാണ്, ബഷീറിൽ ‘വിശ്വവിഖ്യാതമായ മൂക്കെ’ന്നതുപോലെ. ‘നിങ്ങൾക്ക് അയഥാർഥമെന്നു തോന്നുന്ന കാര്യങ്ങൾ ഞങ്ങൾക്കു സ്വാഭാവികമാണെ’ന്നു പറഞ്ഞ മാർക്കേസാകട്ടെ അസാധ്യകാര്യങ്ങളുടെ നടത്തിപ്പുകാരനായിരുന്നു. വേറെ ആരെഴുതിയാലും അസ്വാഭാവികമാകുമായിരുന്നത് മാർക്കേസിൽ തീർത്തും സ്വാഭാവികമായി
വലിയ എഴുത്തുകാരിൽ എന്തും സംഭവ്യമാണ്, ബഷീറിൽ ‘വിശ്വവിഖ്യാതമായ മൂക്കെ’ന്നതുപോലെ. ‘നിങ്ങൾക്ക് അയഥാർഥമെന്നു തോന്നുന്ന കാര്യങ്ങൾ ഞങ്ങൾക്കു സ്വാഭാവികമാണെ’ന്നു പറഞ്ഞ മാർക്കേസാകട്ടെ അസാധ്യകാര്യങ്ങളുടെ നടത്തിപ്പുകാരനായിരുന്നു. വേറെ ആരെഴുതിയാലും അസ്വാഭാവികമാകുമായിരുന്നത് മാർക്കേസിൽ തീർത്തും സ്വാഭാവികമായി വായനക്കാർ അനുഭവിച്ചു. കാറ്റടിച്ചാൽ ഒരു പട്ടണം അപ്പാടെ മറഞ്ഞുപോകുമെന്ന് മാർക്കേസ് എഴുതി ഫലിപ്പിച്ചു. യാഥാർഥ്യങ്ങൾ പോലും അതിമാസ്മരികമായി. വർത്തമാനവും ഭൂതവും ഭാവിയും ഒരു കലിഡോസ്കോപിലെന്ന പോലെ കലങ്ങിമറിയുകയും വൈകാരികതകളുടെ വിചിത്ര ധ്രുവദീപ്തികൾ വിടരുകയും ചെയ്തു.
ഒരിക്കൽ കാറോടിച്ചു പോകുമ്പോഴാണ് നോവലെഴുത്തിലേക്ക് അദ്ദേഹം പ്രചോദിതനായത്. വെളിപാടിന്റെ നിമിഷമായിരുന്നു അത്. കാർ വീട്ടിലേക്കു പറപ്പിച്ചു. മുറിക്കുള്ളിൽ അടച്ചിരുന്ന് നോവൽയജ്ഞം തുടങ്ങി. ജോലിക്കുപോകാതെ നിരന്തരമായ എഴുത്ത്. സിഗരറ്റ് കുറ്റികൾ മുറിയുടെ മൂലയിൽ കുന്നുണ്ടാക്കാൻ തുടങ്ങി. വീട്ടിലെ കാര്യങ്ങൾ കൂട്ടിമുട്ടിക്കേണ്ട ചുമതല ഭാര്യ മെഴ്സിഡീസിന്റെ ചുമലിലായി. ഭർത്താവ് അതുവരെ ചെയ്യാത്ത എന്തോ അസാധാരണമായ ഒന്നു സൃഷ്ടിക്കുകയാണെന്നു മനസ്സിലാക്കിയ അവൾ വിഷമങ്ങൾ അറിയിക്കാതെ സൂക്ഷിച്ചു. നിത്യച്ചെലവിനായി കാർ വിറ്റുകളഞ്ഞു. നോവലെഴുത്തിനുള്ള അസംസ്കൃതവസ്തുക്കളായി മാർക്കേസ് കരുതിയിരുന്ന സിഗരറ്റും കടലാസ്സും പോലും വാങ്ങാൻ ബുദ്ധിമുട്ടുള്ള സ്ഥിതിയെത്തി.
ഒന്നരവർഷം നീണ്ട തീവ്രസാധനയ്ക്കൊടുവിൽ മാർക്കേസ് മക്കൊണ്ടോയിൽ പിരിയൻ ഗോവണികളുള്ള ഒരു ഏകാന്തഗോപുരം പണിതു. ആദ്യത്തെ ഏതാനും അധ്യായങ്ങൾ എഴുത്തുകാരൻ കാർലോസ് ഫ്യുയന്തസിന് അയച്ചുകൊടുത്തു; അതയയ്ക്കാനുള്ള തപാൽക്കൂലി കണ്ടെത്താൻ തന്നെ അവർ വിഷമിച്ചു. അതുവായിച്ച് ഫ്യുയന്തസ് അദ്ഭുതസ്തബ്ധനായി. ആ നോവൽ മാർക്കേസിനെ പ്രശസ്തിയുടെ താരാപഥത്തിലേക്ക് എത്തിച്ചു. ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എന്ന ക്ലാസിക്കായിരുന്നു അത്. ‘വർഷങ്ങൾക്കു േശഷം കേണൽ ഔറേലിയാനോ ബുവെന്ദിയ തന്റെ വധശിക്ഷ നടപ്പാക്കാനുള്ള തോക്കുധാരികളെ അഭിമുഖീകരിച്ചപ്പോൾ, പണ്ടുപണ്ടൊരു ഉച്ചയ്ക്ക് ഐസ് കണ്ടുപിടിക്കാൻ അച്ഛൻ തന്നെ കൊണ്ടുപോയത് ഓർക്കുന്നതായിരിക്കും’ എന്നായിരുന്നു കാലങ്ങൾ കൂടിക്കുഴഞ്ഞ അതിലെ ആദ്യവരി. വരാനിരിക്കുന്ന ആഖ്യാനത്തിന്റെ അപ്രവചനീയതകളുടെ സൂചനയായിരുന്നു അത്. അടുപ്പിച്ചടുപ്പിച്ചു പുതിയ പതിപ്പുകൾ ഇറങ്ങാൻ തുടങ്ങിയതോടെ ധനികനാകാനും തുടങ്ങി. പക്ഷേ മാർക്കേസ് അതിൽ ലഹരിപിടിക്കാതെ പുതിയ വിസ്മയലോകങ്ങൾ പണിതുകൊണ്ടിരുന്നു. ഓട്ടം ഓഫ് ദ് പേട്രിയാർക്കും ലവ് അറ്റ് ദ് ടൈം ഓഫ് കോളറയും ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർറ്റോൾഡും നമുക്കു തന്നു.
വടക്കൻ കൊളംബിയയിലെ അരക്കറ്റാക്കയിൽ പിറന്ന മാർക്കേസിനെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമുള്ള ജീവിതമാണ് എഴുത്തുകാരനാക്കിയത്. അവർ പകർന്ന വിചിത്രമായ പുരാസ്മൃതികളും മാന്ത്രികമായ സ്വപ്നദർശനങ്ങളുമുള്ള കഥകൾ മാർക്കേസിന്റെ ഭാവനയെ പ്രചോദിപ്പിച്ചു. മുത്തച്ഛൻ മരിക്കുകയും മുത്തശ്ശിയുടെ കണ്ണുകളെ ഇരുൾ മൂടാൻ തുടങ്ങുകയും ചെയ്തതോടെയാണ് മാർക്കേസ് താമസം അച്ഛനമ്മമാർക്കൊപ്പം ആക്കിയത്. നിയമപഠനത്തിനു സർവകലാശാലയിൽ ചേർന്നെങ്കിലും അതു മാത്രം പഠിച്ചില്ല. പുസ്തകങ്ങൾ വായിച്ച് കൂട്ടുകാരുമൊത്ത് അലഞ്ഞുതിരിഞ്ഞു. കയ്യിൽ കിട്ടുന്നതെന്തും ആർത്തിയോടെ വായിച്ച കാലം. കവിതയുടെ ലഹരിയാൽ ഉൻമത്തനായി. തെരുവുകളിലൂടെ സാഹിത്യപ്രേമികളായ കൂട്ടുകാർക്കൊപ്പം വേച്ചുനടന്നു. എങ്ങനെയോ കയ്യിൽ വന്നുചേർന്നൊരു പുസ്തകം മാർക്കേസിന്റെ സാഹിത്യദർശനത്തെ തിരുത്തി. അതു കാഫ്കയുടെ ‘മെറ്റമോർഫസിസ്’ ആയിരുന്നു. പഴകിത്തേഞ്ഞ വഴികളിലൂടെ നടക്കേണ്ടതില്ലെന്ന് കാഫ്ക, ഗ്രിഗർ സാംസയുടെ ജീവിതത്തിലൂടെ മാർക്കേസിനെ പഠിപ്പിച്ചു. ഇങ്ങനെയും സാഹിത്യം സാധ്യമാണെന്ന തിരിച്ചറിവിലേക്ക് ആ ചെറുപ്പക്കാരൻ ഉണർന്നു. ‘തേഡ് റെസിഗ്നേഷൻ’ എന്ന ആദ്യ കഥ തന്നെ വെളിച്ചം കണ്ടതോടെ ആത്മവിശ്വാസമായി. എഴുത്തിനോടുള്ള ഇഷ്ടം കൊണ്ട് പത്രപ്രവർത്തകനായി ജീവിക്കാൻ തീരുമാനിച്ചു.
അഗുസ്തോ റോബസ്തോസിനെയും അമാദുവിനെയും യോസയെയും കോർത്തസാറിനെ യും സബാറ്റോയെയും ഫ്യുയന്തസിനെയും പോലെ ലാറ്റിനമേരിക്കൻ സാഹിത്യലോകത്തെ അതികായരിലൊരാളായി നിൽക്കുമ്പോൾത്തന്നെയും അവർക്കൊന്നും ലഭിക്കാത്ത വലി യൊരു സ്വീകാര്യത ലോകമെമ്പാടും മാർക്കേസിനു കിട്ടി.‘ലാറ്റിനമേരിക്കൻ ബൂമി’ന്റെ ഭാഗമായിരുന്നെങ്കിലും മാർക്കേസിന്റെ മാജിക്കൽ റിയലിസം തീർത്തും വ്യതിരിക്തമാ യിരുന്നു. ജനപ്രിയ പുസ്തകങ്ങൾ പോലെ അതു വിറ്റഴിഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ രചനകളും കൃത്യമായി ഇംഗ്ലിഷ് അടക്കമുള്ള ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ലാറ്റിനമേരിക്കൻ സാഹിത്യത്തിന് ലോകവ്യാപകമായ സ്വീകാര്യതയുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഗ്രിഗറി റബ്ബാസയാണ് ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ സ്പാനിഷിൽനിന്ന് ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയത്. ‘എന്റെ നോവലിനേക്കാൾ മഹത്തരമാണ് തർജമ’ എന്നാണ് റബ്ബാസയുടെ പരിശ്രമത്തെ മാർക്കേസ് വാഴ്ത്തിയത്. ഈഡിത്ത് ഗ്രോസ്മാനും മാർക്കേസിന്റെ ഒട്ടേറെ കൃതികൾ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി. അത്രയും വിപുലമായ പരിഭാഷകൾ മറ്റൊരു ലാറ്റിനമേരിക്കൻ എഴുത്തുകാർക്കും കിട്ടിയിട്ടുണ്ടാകില്ല.
നൊബേൽ പുരസ്കാരത്തോടെ യശസ്സു വീണ്ടും കൂടി. മാർക്കേസിന്റെ രാഷ്ട്രീയ, സാഹിത്യ ദർശനങ്ങളെ രൂപപ്പെടുത്തുന്നതിൽ സാമ്രാജ്യത്വവിരുദ്ധത വലിയ പങ്കുവഹിച്ചിട്ടുണ്ട്. ചുറ്റും കണ്ട തീവ്രയാഥാർഥ്യങ്ങളാണ് അതിനു കാരണമായത്. ഫിദൽ കാസ്ട്രോയുടെ സ്വേച്ഛാധിപത്യപ്രവണതകളിൽ മനംമടുത്ത് മാരിയോ വാർഗസ് യോസയെപ്പോലുള്ളവർ വിശാല ഇടതുപക്ഷത്തുനിന്ന് വഴിമാറി നടന്നപ്പോൾ മാർക്കേസ് കാസ്ട്രോയെ തള്ളിപ്പറയാനോ വലതുപക്ഷത്തേക്കു കാൽമാറ്റി ചവിട്ടാനോ തയാറായില്ല. കാസ്ട്രോയുടെ ഭരണകൂടം എഴുത്തുകാരൻ ഹെർബർട്ട് പദില്ലയെ വേട്ടയാടുന്നതിന് എതിരെ യോസയടക്കമുള്ളവർ ശബ്ദമുയർത്തിയപ്പോൾ കണ്ണടച്ചിരുട്ടാക്കുകയായിരുന്നു മാർക്കേസ്. ക്യൂബയിലെ കൊടിയ പീഡനങ്ങളെയും മനുഷ്യാവകാശലംഘനങ്ങളെയും അദ്ദേഹം കണ്ടതായേ നടിച്ചില്ല. രോഷാകുലനായ യോസ, മാർക്കേസിനെ ‘കമ്യൂണിസ്റ്റ് നായ’യെന്നാണു വിളിച്ചത്. ചിലിയൻ സ്വേച്ഛാധിപതി അഗസ്തെ പിനോഷെയെ കൂസാതെ വേഷപ്രച്ഛന്നനായി ചെന്നു ഡോക്യുമെന്ററിയെടുത്ത മിഗ്വേൽ ലിറ്റിനെക്കുറിച്ചു ‘ക്ലാൻഡെസ്റ്റിൻ ഇൻ ചിലി’ എന്ന പുസ്തകമെഴുതിയ മാർക്കേസ് കാസ്ട്രോ പ്രകടിപ്പിച്ച ഏകാധിപത്യ പ്രവണതകളോട് ഉദാസീനനായി.
എഴുത്തിനതീതമായ പരിവേഷം അദ്ദേഹത്തിനുണ്ടായിരുന്നു. കൊളംബിയൻ സർക്കാരും ഗറില്ലകളും തമ്മിൽ മധ്യസ്ഥതയ്ക്കു ശ്രമിക്കാൻ നിയോഗിക്കപ്പെട്ടത് മാർക്കേസായിരുന്നു. തൊണ്ണൂറുകളുടെ ഒടുവിൽ കാൻസർ ബാധിതനായെങ്കിലും ജീവിതത്തിലേക്കും എഴുത്തിലേക്കും തിരിച്ചുവരികയും മെമ്മറീസ് ഓഫ് മൈ മെലങ്കിളി ഹോർസ് എന്ന നോവലും ലിവിങ് ടു ടെൽ ദ് ടെയ്ൽ എന്ന ആത്മകഥയും സമ്മാനിച്ചു. എന്നാൽ മറവിരോഗം പിടിപെട്ട അദ്ദേഹത്തിന് പിന്നീട് അധികമൊന്നും എഴുതാനായില്ല. മരണാനന്തരവും മാർക്കേസിനെ വായനക്കാർ പക്ഷേ മറന്നുകളഞ്ഞില്ലെന്നത് ആ എഴുത്തിന്റെ കാതലുറപ്പിന്റെ സാക്ഷ്യമാകാം.