അംബികാസുതൻ മാങ്ങാടിന്റെ ‘നോ’

ഡോ. അംബികാ സുതൻ മാങ്ങാട്.

‘‘കേന്ദ്ര സാഹിത്യ അക്കാദമിയുടെ കസേരയിൽ ഇരിക്കാൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോൾ ഇന്ത്യയിലുള്ളത്. അതുകൊണ്ട് അക്കാദമി ജനറൽ കൗൺസിൽ അംഗത്വം ഞാൻ നിരസിക്കുന്നു’’. പ്രശസ്ത നോവലിസ്റ്റും കോളജ് അധ്യാപകനുമായ ഡോ. അംബികാ സുതൻ മാങ്ങാട് ഇങ്ങനെയൊരു നിലപാട് എടുത്തതിനെ ധീരം എന്നേ ആദ്യം തന്നെ വിശേഷിപ്പിക്കാൻ കഴിയൂ. കേന്ദ്ര സാഹിത്യ അക്കാദമിയിൽ എങ്ങനെയെങ്കിലും കയറിപ്പറ്റണമെന്ന മോഹത്തിൽ രാഷ്ട്രീയക്കാർക്കു പിന്നാലെ പായുന്ന സാഹിത്യകാരൻമാരെയെല്ലാം ശൂന്യരാക്കിക്കൊണ്ടാണ് അംബികാ സുതൻ മാങ്ങാട് ഇങ്ങനെയൊരു നിലപാട് എടുത്തത്.

അക്കാദമിയിൽ നിന്നു വച്ചുനീട്ടിയ ഈ വലിയ ബഹുമതി ഇത്രയ്ക്കും ധൈര്യത്തോടെ വേണ്ടെന്നു വയ്ക്കുക എന്നാൽ ഒരുപാടു ശത്രുക്കളെ വിളിച്ചുവരുത്തുക, പലതരം അവസരങ്ങൾ നഷ്ടപ്പെടുത്തുക, സാമ്പത്തികമായി വൻ നഷ്ടമുണ്ടാക്കുക എന്നൊക്കെയാണ് അർഥം. അതാണ് കാസർകോട്ടുകാരനായ ഈ എഴുത്തുകാരൻ ധൈര്യത്തോടെ ചെയ്തിരിക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗത്വം നൽകിക്കൊണ്ട് സെക്രട്ടറി ഡോ.കെ. ശ്രീനിവാസറാവു മൂന്നുദിവസം മുൻപാണ് അംബികാസുതൻ മാങ്ങാടിന് കത്ത് അയച്ചത്. ‘കത്തുകിട്ടിയപ്പോൾ തന്നെ ഞാൻ വേണ്ടെന്നു വച്ചിരുന്നു. ആരോടും പറയാൻ പോയില്ല. സുഹൃത്തായ പി.കെ. പാറക്കടവ് വിളിച്ചപ്പോൾ ഇങ്ങനെയൊരു സംഭവമുണ്ടെന്നു പറഞ്ഞു. പാറക്കടവാണ് ഇതങ്ങനെ മൂടിവയ്ക്കേണ്ട കാര്യമല്ല, ലോകം അറിയണം ഈ നിരാസം എന്ന് എന്നോടു പറഞ്ഞത്. അതിനെ തുടർന്നാണ് ഞാനിക്കാര്യം എല്ലാവരോടും പറഞ്ഞത്– പദവി നിരസിച്ചതിനെക്കുറിച്ച് അംബികാസുതൻ മാങ്ങാട് തന്റെ നിലപാട് വ്യക്തമാക്കി.

രാജ്യത്ത് സ്ഥിതിഗതികൾ ഒട്ടും ആശാവഹമല്ല. ഞാനൊക്കെ ആരാധിക്കുന്ന കൽബുറഗിയെ പോലെയുള്ളവരെ കൊലപ്പെടുത്തിയപ്പോൾ തന്നെ കാര്യങ്ങൾ എങ്ങോട്ടാണു പോകുന്നതെന്നു വ്യക്തമായിരുന്നു. ഇപ്പോൾ പ്രശ്നം കൂടുതൽ രൂക്ഷമായി വരുന്നു. രോഹിത് വെമൂലയെ പോലുള്ള ദലിത് വിദ്യാർഥികൾക്കു ജീവിതം ദുസ്സഹമാവുകയും എഴുത്തുകാർ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്ത് ഇത്തരമൊരു സ്ഥാനം ആഗ്രഹിക്കുന്നതു തന്നെ ശരിയല്ല. ആദ്യമായിട്ടാണ് കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിലിലേക്കു ക്ഷണം വരുന്നത്. ജൂണിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനാണ് സെക്രട്ടറി ഡോ. ശ്രീനിവാസറാവുവിന്റെ കത്തിൽ പറയുന്നത്. വർത്തമാനകാല സാഹചര്യത്തിൽ എങ്ങനെ അത്തരമൊരു പദവി ഏറ്റെടുക്കാൻ സാധിക്കും. എന്നെക്കൊണ്ടു പറ്റില്ല. എനിക്കധികം മോഹങ്ങളില്ല. അധ്യാപനം, എഴുത്ത്, സാമൂഹിക പ്രവർത്തനം എന്നിവയൊക്കെയായി ഇങ്ങനെ കഴിഞ്ഞുപോയാൽ മതി.

കേന്ദ്ര സാഹിത്യ അക്കാദമിയിൽ അംഗത്വം ലഭിക്കാൻ പലരും മോഹിക്കാറുണ്ട്. ഞാനിതുവരെ മോഹിച്ചിട്ടൊന്നുമില്ലായിരുന്നു. അസഹിഷ്ണുതയ്ക്കെതിരെ സാഹിത്യകാരൻമാർ പ്രതികരിച്ചപ്പോൾ പി.കെ.പാറക്കടവും ഡോ.കെ.എസ്. രവികുമാരും കൗൺസിൽ സ്ഥാനം രാജിവച്ചിരുന്നു. അങ്ങനെ കേരളത്തിൽ നിന്ന് രണ്ട് ഒഴിവു വന്നു. അതിലേക്കാണ് എന്നെയും തിരുവനന്തപുരത്തെ സാഹിത്യകാരനെയും പരിഗണിച്ചത്. എനിക്കേതായാലും സ്ഥാനമാനങ്ങളിൽ വിശ്വാസമില്ല, പ്രതീക്ഷയും. അതുകൊണ്ട് ഈ നിരാസം വലിയൊരു കാര്യമായി എനിക്കു തോന്നിയിട്ടുമില്ല– അംബികാസുതൻ മാങ്ങാട് പറഞ്ഞു.

താൻ ചെയ്തത് വലിയ കാര്യമാണെന്ന് അംബികാ സുതൻ മാങ്ങാടിനു തോന്നിയില്ലെങ്കിലും സാഹിത്യത്തെ ഇഷ്ടപ്പെടുന്നവർക്കു തോന്നേണ്ടതുണ്. കാരണം അംബികാ സുതൻ മാങ്ങാട് മലയാളികൾക്ക് വെറുമൊരു എഴുത്തുകാരൻ മാത്രമല്ല. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതത്തെ പുറംലോകം അറിയിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചവരിൽ പ്രധാനിയാണ്.

കാഞ്ഞാങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ മലയാളം വിഭാഗം അധ്യാപകനായ അദ്ദേഹം വിദ്യാർഥികളെയും കൂടെക്കൂട്ടിക്കൊണ്ടാണ് എൻഡോസൾഫാൻ ദുരിതത്തിനിരയായവർക്കു നീതി ലഭിക്കാൻ രംഗത്തിറങ്ങിയത്. ഏറ്റവുമൊടുവിൽ അദ്ദേഹം എഴുതിയ 'എൻമകജെ' എന്ന നോവലിന്റെ പ്രമേയം ദുരിതം പേറി ജീവിക്കുന്നവരായിരുന്നു. നോവലിനു ലഭിച്ച ജനപ്രീതി എഴുത്തുകാരൻ മുന്നോട്ടു വച്ച നിലപാടിനു കൂടിയുള്ള അംഗീകാരമായിരുന്നു. നോവലിന്റെ പത്താംപതിപ്പ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പുസ്തകത്തിന്റെ റോയൽറ്റിയെല്ലാം എൻ‍ഡോസൾഫാൻ ദുരിതം പേറുന്നവരുടെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം ഉപയോഗിച്ചത്.

കോളജിലെ വിദ്യാർഥികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ധാരാളം രോഗികൾക്ക് വീടുവച്ചുക്കൊടുക്കുകയും മറ്റു സഹായങ്ങൾ എത്തിച്ചുകൊടുക്കുകയുമുണ്ടായി. സൂപ്പർസ്റ്റാർ സുരേഷ്ഗോപിയായിരുന്നു ഒരുതവണ വീടുകൈമാറാൻ വന്നത്. അംബികാസുതന്റെ പ്രവർത്തനം കണ്ട് സുരേഷ്ഗോപിയും ദുരിതത്തിനിരയായവർക്ക് സഹായം നൽകിയിരുന്നു.

പരിസ്ഥിതി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടാണ് അദ്ദേഹം കാസർകോട്ട് ജീവിക്കുന്നത്. കടലാമ സംരക്ഷണം, കുന്നിടിക്കൽ എന്നുവേണ്ട എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹം മുന്നിലുണ്ടാകും. പരിസ്ഥിതി നാശം പ്രമേയമാക്കി ധാരാളം ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. 'നീരാളിയൻ' എന്ന കഥാസമാഹാരം തന്നെ പരിസ്ഥിതിയാണു വിഷയം.

ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും കേന്ദ്രസാഹിത്യ അക്കാദമിസ്ഥാനം വേണ്ടെന്നു വച്ച് ഇറങ്ങിപ്പോരാൻ ധൈര്യം കാണിക്കാത്ത സാഹിത്യകാരൻമാർ ഇപ്പോഴും ഇവിടെയുണ്ട്. രാജ്യത്തിന്റെ തലസ്ഥാനത്തു ലഭിക്കാവുന്ന വലിയ സൗകര്യങ്ങളാണ് ‘വേണ്ട’ എന്ന നിലപാടിലൂടെ അദ്ദേഹം നഷ്ടപ്പെടുത്തിയത്. ഇന്ത്യയിലെമ്പാടും നടക്കുന്ന സാഹിത്യ മേളകളിലും ചർച്ചകളിലുമൊക്കെ പങ്കെടുക്കാവുന്ന അവസരം, ധാരാളം വിദേശ യാത്രകൾ ഇതൊക്കെ അംബികാസുതൻ മാങ്ങാട് നഷ്ടപ്പെടുത്തിയവയി‍ൽ ചിലതാണ്.

എല്ലാറ്റിനോടും ‘യെസ്’ പറയാൻ എളുപ്പമാണ്. ‘നോ’ പറയാനാണ് പ്രയാസം. മുന്നിൽ വന്നു നിൽക്കുന്ന സൗഭാഗ്യത്തെ കണ്ടില്ലെന്നു നടിച്ച് ‘നോ’ പറഞ്ഞ ഡോ. അംബികാ സുതൻ മാങ്ങാടിനെയാണ് നാം അഭിനന്ദിക്കേണ്ടത്. അക്കാദമിയുടെ സ്ഥാനങ്ങൾക്കും പുരസ്കാരങ്ങൾക്കും വേണ്ടി ഓടിനടക്കുന്നവർക്കു മുൻപിൽ ഇദ്ദേഹം ഒരു മോശക്കാരനായിരിക്കും. എന്നാൽ സ്വന്തം മനസാക്ഷിക്കു മുൻപിൽ അദ്ദേഹം ജേതാവായിരിക്കും.