വേലായുധൻ വയലരികിലൂടെ നടന്നു. എത്തിച്ചേർന്നതു തോട്ടുവക്കത്താണ്. അവിടെനിന്ന് ഇടവഴിയിലേക്കു കയറി. ഇരുവശത്തും വൃക്ഷങ്ങൾ ഇടതിങ്ങി നിൽക്കുന്ന ആ ഇടവഴിയിലൂടെ നടക്കുമ്പോൾ താഴെ മണ്ണിൽ കുന്നിമണികൾ വീണുകിടക്കുന്നതു കണ്ടു.
ആ ഇടവഴിയിലിരുന്ന് ചെറുപ്പത്തിൽ എത്ര കളിച്ചതാണ്. മുന്നിൽ ചെങ്കല്ലുരച്ചുതേച്ച മതിൽക്കെട്ടും ചാടാൻ നിൽക്കുന്ന ഹനുമാന്റെ മരപ്രതിമ ശിരസ്സിലുറപ്പിച്ച വീടും കണ്ടപ്പോൾ വേലായുധന്റെ ഹൃദയം തുടിച്ചു. അവിടെയാണ്...അവിടെയാണ് അമ്മുക്കുട്ടി.
അവളെ ഒന്നു കണ്ടാൽ മതി. അമ്മുക്കുട്ടീ, എന്റെ രോഗം മാറി.എനിക്കിപ്പോൾ ഒന്നുമില്ല. എനിക്കിപ്പോൾ ഒന്നുമില്ല. അവൻ പടി കയറി. മുറ്റത്തെ കൂവളത്തറയ്ക്കടുത്തിരുന്ന് ഒരു കുട്ടി ഓലപ്പന്തുണ്ടാക്കുകയാണ്. ചാണകം മെഴുകിയ വിശാലമായ മുറ്റത്ത് ഇളവെയിൽ പരന്നിരിക്കുന്നു. ആ വലിയ വീടിന്റെ മുൻവശത്തുനിന്ന് വേലായുധൻ ചുറ്റും കണ്ണോടിച്ചു.
അമ്മുക്കുട്ടിയില്ലേ, അമ്മുക്കുട്ടി. അവൻ പതുക്കെ മുറ്റത്തിന്റെ അരികിലൂടെ നാലടി നടന്നു. അപ്പോഴാണവർ കാണുന്നത്. ഇറയത്ത് കെട്ടിയ കയറിൽ ഒരു സ്ത്രീ നനഞ്ഞ മുണ്ട് നിവർത്തിയിടുന്നു.
ചങ്ങല വീണ്ടും കുലുങ്ങി. അവർ തിരിഞ്ഞുനോക്കി. ഒരു നിമിഷം, വേലായുധൻ സ്തംഭിച്ചുനിന്നുപോയി. ഒരിക്കൽക്കൂടി അവൻ ആ മുഖത്തു നോക്കി. ‘‘അ...അമ്മുക്കുട്ടീ’’...
അവൾ കൈത്തണ്ടയിൽ മടക്കിയിട്ട ഈറൻമുണ്ടുകൾ നിലത്തിട്ട് കോലായിലേക്ക് കയറി ഉറക്കെ നിലവിളിച്ചു. ‘‘ഭ്രാന്തൻ...ഭ്രാന്തൻ..’’
ഞാനാണമ്മുക്കുട്ടീ, എനിക്കു ഭ്രാന്തില്ല എന്നു പറയണമെന്നുണ്ടായിരുന്നു. നാവു പൊങ്ങിയില്ല. ഒരിക്കൽക്കൂടി അവൻ വിളിച്ചു: അമ്മുക്കുട്ടീ...
അവളകത്തേക്ക് ഓടി മറഞ്ഞുകഴിഞ്ഞിരുന്നു.
അതുവരെ തന്റെ രോഗം മാറിയെന്ന് ആത്മവിശ്വാസത്തോടെ മന്ത്രിച്ചുകൊണ്ടിരുന്ന വേലായുധൻ അപ്പോളാദ്യമായി സമ്മതിച്ചു. ഉറക്കെ അലറി: എനിക്കു ഭ്രാന്താണ്. എന്നെ ചങ്ങലയ്ക്കിടൂ..... മലയാളിക്കു മറക്കാനാകില്ല ആ രോദനം; ഇരുട്ടിന്റെ ആത്മാവിന്റെ രോദനം.
ഭ്രാന്തൻ വേലായുധന്റെ അഴിഞ്ഞുവീണ ചങ്ങലയുടെ അവസാനിക്കാത്ത കിലുക്കം മലയാള സാഹിത്യത്തറവാട്ടിലെ പ്രതിഭയുടെ മണിമുഴക്കം കൂടിയാണ്. എംടിയുടെ ഏറ്റവും മികച്ച കഥകളിലൊന്നാണ് ഇരുട്ടിന്റെ ആത്മാവ്; മലയാളത്തിലെ ഏറ്റവും മികച്ച പത്തു കഥകളിലൊന്നെന്നും നിരൂപകർ നിസ്സംശയം വിശേഷിപ്പിക്കുന്ന കഥ.
1955–56 കാലത്താണ് എംടി ഇരുട്ടിന്റെ ആത്മാവ് എഴുതുന്നത്. ദേവന്റെ വരകളോടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥ. എംടിക്ക് എട്ടോ ഒമ്പതോ വയസ്സുള്ളപ്പോൾ വീടിനടുത്ത് ഉണ്ടായിരുന്നയാളാണ് ഭ്രാന്തൻ വേലായുധൻ. എംടിയുടെ അകന്ന ഒരമ്മാവൻ തന്നെ. നോട്ടക്കാരൻ അച്യുതൻ നായരും അമ്മുക്കുട്ടിയുമെല്ലാം എഴുത്തുകാരന്റെ ഭാവന സൃഷ്ടിച്ച കഥാപാത്രങ്ങൾ.
അന്നു വേലായുധന് പതിനേഴ്, പതിനെട്ട് വയസ്സുണ്ടാവും. എംടിയുടെ കുട്ടിക്കാലത്ത് ഒരു സന്ധ്യക്ക് വേലായുധേട്ടൻ ചങ്ങല പൊട്ടിച്ചോടി എന്നു കേട്ടു. എംടിയുടെ വീട്ടിലേക്കാണ് പടികയറി വന്നത്. വേലായുധേട്ടൻ വീട്ടിലേക്കു കയറിവരുന്നതു കണ്ടിട്ടും അമ്മ ഭയന്നില്ല. ഉമ്മറത്തെത്തിയ വേലായുധേട്ടൻ അമ്മയെ തിരിച്ചറിഞ്ഞു. അമ്മ പരിഭ്രമം കൂടാതെ എന്താ വേലായുധാ എന്നു ചോദിച്ചു.
മാള്വേടത്തി, ത്തിരി ചോറു തരണം– വേലായുധേട്ടൻ പറഞ്ഞു. അതിനെന്താ ഇരിയ്ക്ക് എന്നായി അമ്മ. അമ്മ വേലായുധേട്ടനെ വടക്കേമിറ്റത്തുകൂടി കൊണ്ടുപോയി പുറത്തെ വരാന്തയിലിരുത്തി ചോറുകൊടുത്തു.
ഇത്തിരി കൗതുകത്തോടെ എംടിയുൾപ്പെടെയുള്ള കുട്ടികൾ വേലായുധേട്ടൻ ഉണ്ണുന്നതും നോക്കിയിരുന്നു. സാധാരണ മനുഷ്യരെപ്പോലെ അയാൾ കൈ കഴുകി ഇറങ്ങിപ്പോയി. ചങ്ങല പൊട്ടിച്ചുപോയതിന്റെ പേരിൽ പുറത്തു ബഹളം നടന്നിട്ടുണ്ടാവും. അരെങ്കിലും പിടിച്ചുകെട്ടിയിട്ടുണ്ടാകാം.
ആ ഊണിന്റെ ചിത്രം മാത്രം വലുതായപ്പോഴും എഴുത്തുകാരന്റെ മനസ്സിൽ നിന്നു മാഞ്ഞില്ല. മായാൻ കൂട്ടാക്കാത്ത ആ ചിത്രത്തെ എംടി ഇരുട്ടിന്റെ ആത്മാവാക്കുകയായിരുന്നു...
പ്രണയിക്കുകയും ആഗ്രഹിക്കുകയും ചെയ്ത പെൺകുട്ടി തള്ളിപ്പറഞ്ഞപ്പോൾ ഭ്രാന്തിനെ ആലിംഗനം ചെയ്തു മർദനങ്ങൾക്കായി തല നീട്ടിക്കൊടുത്ത കാമുകനാക്കുകയായിരുന്നു. തിരസ്കരിക്കപ്പെട്ട പ്രണയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാക്കുകയായിരുന്നു...അമ്മുക്കുട്ടിയെ തൊടണമെന്നാഗ്രഹമുണ്ടെങ്കിലും അതിനു മുതിരാത്തയാളാണ് വേലായുധൻ.
കയ്യിലപ്പിടി ചളിയായതുകൊണ്ടാണ് അയാൾ അമ്മുക്കുട്ടിയെ തൊടാത്തത്. അഴുക്കു പിടിച്ച കൈകൊണ്ട് തൊട്ട് തന്റെ പ്രണയവിഗ്രഹത്തെ അശുദ്ധമാക്കാൻ അയാൾ തയ്യാറല്ല. എട്ടു വയസ്സിൽ കണ്ട വേലായുധേട്ടനെ എംടി ഓർമിച്ചതും എഴുതിയതും ഇരുപത്തിരണ്ടാം വയസ്സിലാണ്.
സ്വാഭാവികമായും വേറെയും മനുഷ്യർ ഇനിയുമില്ലേ ഗ്രാമത്തിൽ ?
എംടിയുടെ കഥകളിലെ കഥാപാത്രങ്ങളാവേണ്ടവർ ?
എംടി തന്നെ മറുപടി പറയുന്നു: എപ്പോഴാണ് അങ്ങനെയൊരു കഥാപാത്രം നമ്മുടെ മനസ്സിലേക്കു വരിക എന്നറിയില്ല. നമ്മൾ കഥ തേടിപ്പോവുകയല്ല; കഥ നമ്മളെത്തേടി വരികയാണ്. വേലായുധൻ വർഷങ്ങൾക്കുശേഷം എന്റെ മനസ്സിലേക്കു വന്നു. കഥാപാത്രങ്ങൾ അവിടവിടെയൊക്കെയുണ്ട്. മറഞ്ഞ് ഇരുട്ടിൽ കിടക്കുന്നവർ വെളിച്ചത്തിലേക്കു വരാം.