സംസ്കാരങ്ങളെയും കലാചാരങ്ങളെയും എഴുത്തിലേയ്ക്ക് സന്നിവേശിപ്പിച്ച കടമ്മനിട്ട ഓർമ്മയായത് കവിതാസ്വാദകരുടെ മനസ്സിലേയ്ക്ക് സങ്കടപ്പെരുമഴ പെയ്യിച്ചു കൊണ്ടായിരുന്നു. നാടോടി ശീലുകളെയും പടയണിയുടെ പകിട്ടിനെയും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന കടമ്മനിട്ട ജനിച്ച ദിനമാണിന്ന്. മാർച്ച് 22. മലയാള കവിതയിലെ താളത്തിന് തീർത്തും വ്യത്യസ്തമായ ശൈലി ആണ് കടമ്മനിട്ട ആവിഷ്കരിച്ചത്. കൃത്യമായ ഛന്ദസ്സ് അനുസരിച്ചുള്ള താളത്തെ ഒന്ന് പൊടി തട്ടിയെടുത്ത്, കവിതയെ നാടോടി പാട്ടുകളുടെ താളത്തിലേയ്ക്ക് പറിച്ചു നടാൻ കടമ്മനിട്ടയ്ക്ക് സാധിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് കവിയുടെ ജനനം. അദ്ദേഹം പടയണിയെ കുറിച്ച് കൂടുതൽ അറിയുകയും അതേ ശീലുകളിൽ എഴുതുകയും ചെയ്തതിൽ പ്രത്യേകിച്ച് അതിശയിക്കാൻ ഒന്നുമില്ല, കാരണം കടമ്മനിട്ട എന്ന ഗ്രാമം പടയണി എന്ന പ്രസിദ്ധ കലാരൂപത്തിന് പേര് കേട്ട ഇടമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാവ്യ വഴികളിൽ ഇത്തരം നാടൻ ആചാരങ്ങൾ ചെലുത്തിയ സ്വാധീനം ചെറുതല്ല. 1965 ൽ പുറത്തിറക്കിയ "ഞാൻ " എന്ന കവിതയോടെ കവിതാ ലോകത്തേയ്ക്ക് ചുവടുകൾ വച്ച കടമ്മനിട്ടയുടെ ആദ്യ സമാഹാരം പുറത്തിറങ്ങുന്നത് 1976 ലാണ്. പിന്നീട് കാവ്യ വഴികളിൽ വിപ്ലവത്തിന്റെ സ്വാധീനവും ഏറെ ഉണ്ടാവുകയും ചെയ്തു. 1970നു ശേഷമാണ് വിപ്ലവ സംഘടനകളുടെ പ്രധാന അംഗങ്ങളിൽ ഒരാളായി കടമ്മനിട്ട മാറിയത്. നക്സൽ പ്രസ്ഥാനങ്ങളോട് പ്രത്യേക ആഭിമുഖ്യം കടമ്മനിട്ട കവിതകളിലും കാണാമായിരുന്നു.
"മലഞ്ചൂരൽ മടയിൽനിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ-
പ്പൊളിയില്‍നിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോൽ
കുറത്തിയെത്തുന്നു"
സമകാലീന എഴുത്തുകാർ പ്രകൃതിയെയും അതിന്റെ മറ്റു വശങ്ങളെയും കവിതയ്ക്ക് വിഷയമാക്കിയപ്പോൾ മാനുഷിക പ്രശ്നങ്ങളായിരുന്നു കടമ്മനിട്ടയുടെ കവിതകളുടെ കാതൽ. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും കടമ്മനിട്ട അംഗമായിരുന്നു. മലയാള കവിതാ ആസ്വാദകരെ ഒരുവേള തന്റെ കവിതകൾ കൊണ്ട് നടുക്കാൻ അദ്ദേഹത്തിനായി എന്നതുകൊണ്ട് തന്നെ കവിതാ വഴികളില്‍ ഇപ്പോഴും മുഴക്കത്തോടെ തന്നെയാണ് കടമ്മനിട്ട കവിതകൾ ഓർമിക്കപ്പെടുന്നത്.
"ഗുജറാത്തിൽ നിന്നും മടങ്ങുമ്പോൾ
കൊച്ചിയിൽ കച്ചവടത്തിനു പോകുന്ന
ഗുജറാത്തിയുമായി ട്രെയിനിൽ വച്ച് ഞാൻ പരിചയപ്പെട്ടു.
‘താങ്കളുടെ ശുഭനാമമെന്താകുന്നു’? അയാൾ ചോദിച്ചു.
‘രാമകൃഷ്ണൻ ’ ഞാൻ പറഞ്ഞു.
‘റാം കിശൻ ! റാം കിശൻ ! റാം റാം’
എന്നഭിനന്ദിച്ചുകൊണ്ട് അയാൾ
എന്നിലേക്കേറെ അടുത്തിരുന്നു.
‘താങ്കൾ മാംസഭുക്കാണോ?’അയാൾ ചോദിച്ചു.
‘അങ്ങനെയൊന്നുമില്ല’ ഞാൻ പറഞ്ഞു.
‘താങ്കളോ?’ ഞാൻ ചോദിച്ചു.
‘ഞങ്ങൾ വൈഷ്ണവജനത ശുദ്ധ സസ്യഭുക്കുകളാണ് ’
തെല്ലഭിമാനത്തോടെ അയാൾ പറഞ്ഞു.
‘നിങ്ങളിൽ ചില പുല്ലുതീനികൾ പൂർണ്ണഗർഭിണിയുടെ
വയറു കീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ?
തള്ളയേയും’ ഞാൻ പെട്ടെന്നു ചോദിച്ചുപോയി.
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാൾ
കോമ്പല്ലുകൾ കാട്ടി പുരികത്തിൽ വില്ലു കുലച്ചുകൊണ്ട്
എന്റെ നേരെ മുരണ്ടു: ‘ക്യാ? ’
മാനുഷിക മുഖത്തിന് നേരെ എഴുതിയ വരികൾ തന്നെയായിരുന്നു കടമ്മനിട്ടയുടേത്. ഫാസിസത്തിന് നേരെ കലഹിച്ച കവിതകൾ കാലം കടന്നു പോകുന്നുമുണ്ട്.
കവിതയുടെ ശുദ്ധ സൗന്ദര്യവും കാലത്തിന്റെ ഓർമ്മപ്പെടുത്തലും കവിതകളിൽ നിറയുമ്പോൾ ചൊൽ കവിതകൾ കൊണ്ട് ആരാധകരെ കയ്യിലെടുത്ത കവി കൂടിയാണ് കടമ്മനിട്ട. മേലാളന്മാരുടെ അധികാര ഗർവിനു നേരെ കവിത കൊണ്ട് ചാട്ടുളിയെറിഞ്ഞ കവിയുടെ ഒരു ചോദ്യം പ്രസക്തമാണ്,
“ നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.....”
അതേ ഈ വാചകങ്ങളിൽ എല്ലാം ഉണ്ട്. കവി എങ്ങനെ കവി ആയെന്നും.