ചതിയുടെ കുരുക്കിനി വേണ്ട; ആരാച്ചാർ ജീവനോടെയുണ്ട്

നാനൂറ്റി അമ്പത്തിയൊന്നു പേരെ തൂക്കിക്കൊന്ന ആരാച്ചാർക്കു ജനിക്കേണ്ടിയിരുന്നത് മകൻ. കൊമ്പൻമീശ നീട്ടിവളർത്തി, ഭയലേശമില്ലാത്ത കണ്ണുകൾ അടച്ചും തുറന്നും, വീരകഥകൾ പൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞും അയാളും വലിയൊരു പരമ്പരയിലെ തെറ്റാത്ത കണ്ണിയായേനേം. ചരിത്രത്തിലെ വിരസമായ മറ്റൊരു ആവർത്തനം. കാലം കാത്തുവച്ചത് ആവർത്തനം മാത്രമായിരുന്നില്ല. വിരസതയുടെ താളുകൾക്കിടയിൽ അത്ഭുതങ്ങളും ഒളിപ്പിച്ചുവച്ചിരിക്കുന്നു. അതുകൊണ്ടല്ലേ ചരിത്രം പലരുടേയും ഇഷ്ടവിഷയമായതും കെ.ആർ. മീരയ്ക്ക് ആരാച്ചാർ എന്ന നോവലെഴുതാനായതും. ഭരണകൂടത്തിന്റെ ആജ്ഞകൾ ശിരസാവഹിച്ച് കുറ്റവാളികൾക്കു മരണം നൽകി അനുഗ്രഹിക്കുന്ന പ്രശസ്തനും പ്രഗൽഭനുമായ ആരാച്ചാരുടെ കുടുംബത്തിൽ പെൺകുട്ടി. വിധി അവളെ അപൂർവമായ നിയോഗം ഏൽപിച്ചപ്പോൾ ചരിത്രം വഴിമാറി. ആ കഥ പറയാൻ മീര എത്തിയപ്പോൾ സാഹിത്യചരിത്രത്തിലെ കീഴ്‍വഴക്കങ്ങളും പഴങ്കഥയായി. പ്രസിദ്ധീകൃതമായതുമുതൽ പുരസ്കാരങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിന്ന ആരാച്ചാർക്കു മറ്റൊരു പൊൻതൂവൽ കൂടി– കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.

പുരുഷന്റെ കഥയെന്നു ചരിത്രം വിശേഷിപ്പിക്കപ്പെടുന്നു. ‘ഹിസ്റ്ററി’ ‘ഹിസ് സ്റ്റോറി’ എന്നു വ്യാഖ്യാനിക്കപ്പെട്ടു. കാലങ്ങളായുള്ള പതിവ്. കെ.ആർ. മീര പതിവു തെറ്റിച്ചു. മകനെ നഷ്ടപ്പെട്ട ആരാച്ചാർക്ക് ഒരേയൊരു പെൺകുട്ടിയെന്ന വിശേഷം സൃഷ്ടിച്ചു. പുരുഷനാൽ എഴുതപ്പെടുകയും അവരാൽത്തന്നെ വാഴ്ത്തിപ്പാടുകയും ചെയ്ത ചരിത്രത്തിന്റെ വായനക്കാർ മാത്രമായിരുന്നു സ്ത്രീകൾ. മീര ആരാച്ചാർ കുടുംബത്തിൽ സ്ത്രീയെ സൃഷ്ടിച്ചു; ചരിത്രനിയോഗത്തിനായി ഒരുക്കി. പുതുചരിത്രം പിറവിയെടുക്കുകയായി. പുരുഷൻമാർക്കുവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത്, അവന്റെ നിഴലായി മാത്രം ഒതുങ്ങിപ്പോവേണ്ടിയിരുന്ന സ്ത്രീ ചരിത്രം സൃഷ്ടിക്കുകയായി. ആരാച്ചാർ എന്ന നോവലിന്റെ കേന്ദ്രപ്രമേയം സ്ത്രീയുടെ ചരിത്രനിർമിതിയാണ്. പുരുഷൻ എന്ന അച്ചുതണ്ടിനുചുറ്റും കറങ്ങുകമാത്രം ചെയ്തിരുന്ന സ്ത്രീ അച്ചുതണ്ടായി മാറുകയും പുരുഷൻമാർ അവൾ പറയുന്നതു കേൾക്കാനും അവളുടെ ചെയ്തികൾക്കുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന പുതുയുഗപ്പിറവി.

ചേതനാ ഗൃദ്ധാ മല്ലിക് അറിയപ്പെടേണ്ടത് ആരാച്ചാരുടെ മകൾ എന്ന നിലയിലല്ല, ആരാച്ചാർ എന്ന ഒറ്റവാക്കിലായിരിക്കണം. അതും നൂറ്റാണ്ടുകളായി തളച്ചിടപ്പെട്ട പ്രണയം എന്ന വികാരത്തിന്റെ പേരിൽ ആയിരിക്കരുത്. തീരുമാനമെടുക്കാനും അതു നടപ്പാക്കാനും ഇച്ഛാശക്തിയുള്ള സ്ത്രീ എന്നു ചരിത്രം ചേതനയെ രേഖപ്പെടുത്തട്ടെ. ചേതന പറയുന്നു: ‘ഞാൻ തൂക്കുമരച്ചുവട്ടിൽ നിൽക്കുകയായിരുന്നു. എന്റെ കൈകളിൽ മരണത്തിന്റെ വഴുവഴുപ്പുണ്ടായിരുന്നു. ക്രിസ്തുവിനു നാനൂറുകൊല്ലം മുമ്പിലേക്ക് നീളുന്ന സ്മരണകൾ തലച്ചോറിൽ കുരുങ്ങിവലിഞ്ഞു. മരണത്തിനുശേഷം എന്റെ നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തിലും അനശ്വരമായിത്തീരുമെങ്കിൽ അതു രണ്ടിലൊരാളുടെ ഹൃദയരക്തം ചീന്തി മാത്രം സാക്ഷാത്‌കരിക്കാൻ കഴിയുന്ന ഈ നശിച്ച പ്രണയത്തിന്റെ പേരിലാകരുതെന്ന് ഞാൻ നിശ്ചയിച്ചു’. വെറും നിശ്ചയമല്ല, ദൃഢനിശ്ചയം. നശിച്ച പ്രണയത്തെ തൂക്കിക്കൊന്നിട്ടായാലും ചേതന രക്ഷിച്ചത് ചവിട്ടിയരയ്ക്കപ്പെട്ട, അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ അഭിമാനത്തെ.

പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടാണെന്ന് ആരാച്ചാർ പഠിപ്പിക്കുന്നു. ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷനു സ്നേഹിക്കാൻ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനേയും സ്നേഹിക്കാൻ കഴിയും. വെറുമൊരു പ്രസ്താവനയല്ലിത്, ചേതന ജീവിതത്തിലൂടെ തെളിയിച്ച സത്യം. അടുത്തുകൂടിയ സഞ്ജീവ് കുമാർ മിത്ര എന്ന കാമുകനെ അടുത്തറിഞ്ഞപ്പോൾ അയാളുടെ തനിനിറവും ചേതന അറിഞ്ഞുതുടങ്ങി. കള്ളത്തരങ്ങൾ, കപടനാട്യങ്ങൾ, ആത്മാവിനെ മനസ്സിലാക്കാതെ ശരീരം മാത്രം കൊതിക്കുന്ന പുരുഷ ഭോഗാസക്തി......

അയാളിൽനിന്നകന്നു മാറാൻ അവസരങ്ങളുണ്ടായിട്ടും ചേതന തയ്യാറായില്ല. പകരം ഒരു തൂക്കുകയർ മനസ്സിൽ ഒരുക്കിക്കൊണ്ടിരുന്നു. പ്രണയത്തിന്റെ ആർദ്രതയിൽ നനച്ച്, പ്രതികാരത്തിന്റെ ചൂടിൽ കുരുക്കിയെടുത്ത കയർ. സ്വന്തം മനഃസാക്ഷിയുമായി അവൾ പോരടിച്ചു. തെറ്റുകളും കുറ്റങ്ങളും പൊറുക്കാൻ അവൾ തയ്യാറായിരുന്നു. ബാല്യത്തിൽ പിതാവിന്റെയും യൗവ്വനത്തിൽ പ്രിയപ്പെട്ട പുരുഷന്റെയും കരവലയത്തിൽ ഒതുങ്ങിനിൽക്കാൻ അവളും കൊതിച്ചു. നേരിടേണ്ടിവന്ന അനുഭവങ്ങൾ ചേതനയെ മറ്റൊരാളാക്കി. സൂത്രധാരൻമാർ ചരടുവലിക്കുന്നതനുസരിച്ചു അനങ്ങിക്കൊണ്ടിരുന്ന പാവ എന്ന സ്ഥാനത്തുനിന്നു സ്വന്തം ഈണം രചിക്കുന്ന ശരവേഗമായി ചേതന മാറി. ഒരു നിമിഷം പോലും അറച്ചുനിൽക്കാതെ തൂക്കുകയർ കയ്യിലെടുത്തു. അപ്പോൾ കൈ വിറച്ചില്ല. കാലുകൾ പതറിയില്ല. ശരീരം ചരിഞ്ഞില്ല. നിഴലുകളിൽനിന്നു മാറി ചേതന അസ്തിത്വം വീണ്ടെടുത്തു. അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെപേരിൽ ആരാച്ചാർ ജന്മദൗത്യം നിറവേറ്റി.

മലയാളത്തിൽ എഴുതപ്പെട്ടതെങ്കിലും കേരളവുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ലാത്ത നോവലിനു സാർവലൗകിക മാനമുണ്ട്. ഇംഗ്ലീഷിലേക്കു മൊഴിമാറ്റപ്പെട്ടപ്പോഴും ആരാച്ചാർ എന്ന ഹാങ്‌വുമൺ ശ്രദ്ധിക്കപ്പെട്ടു. 2012 അവസാനം പ്രസിദ്ധീകരിച്ച ആരാച്ചാർ ഇതിനോടകം എഴുപത്തി അയ്യായിരത്തിൽപരം കോപ്പികൾ വിറ്റുപോയി. പ്രസിദ്ധീകരിച്ച് രണ്ടര വർഷത്തിനുള്ളിൽ തന്നെ അമ്പതിനായിരം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം എന്ന റെക്കോർഡിലെത്തി. ഓടക്കുഴൽ, വയലാർ പുരസ്കാരങ്ങൾ നേടി ഇപ്പോൾ കേന്ദ്രസാഹിത്യ അക്കാദമിയുടെ അംഗീകാരവും. പ്രസിദ്ധീകരിച്ചു മൂന്നുവർഷത്തിനുശേഷവും നോവൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പുസ്തകങ്ങളുടെ കൂട്ടത്തിലുണ്ട്.