പറയൂ, നിൻ ഗാനത്തിൽ മധുരിമയെങ്ങനെ വന്നൂ...

നമ്മുടെ സൂര്യൻ ഉദിച്ചത് കന്യാകുമാരിയിലല്ല, കായിക്കര കടലോരത്ത്. അസ്തമിച്ചതു പല്ലനയാറ്റിലും. വിദ്യാർഥിയായിരിക്കെ, ആദ്യമായി പല്ലന കുമാരകോടി സന്ദർശിച്ചപ്പോൾ, കുമാരനാശാനെ അനുസ്മരിച്ച് ഒഎൻവി കുറുപ്പ് പറഞ്ഞ വാക്കുകൾ. യൗവ്വനത്തിന്റെ ആവേശത്തിമിർപ്പിലാണന്നങ്ങനെ പറഞ്ഞതെങ്കിലും പിന്നീടൊരിക്കലും ആ വാക്കുകളെക്കുറിച്ചോർത്ത് കവി പശ്ഛാത്തപിച്ചില്ല. തെറ്റാണെന്നോ അധികപ്പറ്റായെന്നോ തോന്നിയിട്ടില്ല. കായിക്കരയിൽ ഉദിച്ചുയർന്ന സ്നേഹസൂര്യനോടു ബഹുമാനം കൂടിയിട്ടേയുള്ളൂ. ഓരോ തവണ വായിക്കുമ്പോഴും മനസ്സിൽ അയവിറക്കുമ്പോഴും അനുഭൂതികളുടെ പുതിയ ഭൂമിയും ആകാശവും കാട്ടിത്തരുന്ന കാവ്യചക്രവാളത്തിലെ നിത്യനക്ഷത്രത്തോട് ആദരവ് കൂടിയിട്ടേയുള്ളൂ, സ്നേഹം അധികരിച്ചിട്ടേയുള്ളൂ, കരുണ തുളുമ്പിയിട്ടേയുള്ളൂ. അദ്ഭുതാദരവുകളോടെ താണുവണങ്ങി കവിയെ മനസ്സിൽ ധ്യാനിച്ച് ഒഎൻവി മന്ത്രിച്ചു:

പറയൂ, നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ

മധുരിമയെങ്ങനെ വന്നൂ....

ഒഎൻവിയുടെ മാത്രം ചോദ്യമല്ല, മലയാളികളുടെ ആകെ ചോദ്യം.... വീണപൂവിനെ കണ്ടു ‘കണ്ണേ മടങ്ങുക’ എന്നു പാടിയ, ജീവഛവമായ വേശ്യയിൽ കണ്ണീരുകൊണ്ട് അന്തമറ്റ സുകൃതഹാരങ്ങൾ അർപ്പിച്ച സന്യാസിശ്രേഷ്ഠന്റെ പ്രണയത്തെ കാണിച്ചുതന്ന കവിയോട് വേറെന്തു ചോദിക്കും ? പറയൂ, നിൻ ഗാനത്തിൽ കേൾക്കാത്ത രാഗത്തിൻ മധുരമിയെങ്ങനെ വന്നൂ...?

എക്കാലത്തും അതിശയത്തോടെ വായിക്കാൻ കഴിയുന്ന കാവ്യാക്ഷരങ്ങൾ കൈരളിക്കു സമ്മാനിച്ചു പല്ലനയാറ്റിന്റെ ഓളങ്ങളിൽ ജീവബിന്ദുക്കളെ അലിയിപ്പിച്ച മഹാകവി കുമാരനാശാന്റെ ഓർമകൾക്ക് ഇന്ന്–ജനുവരി 16– അശ്രുപൂജ.

വർഷങ്ങൾക്കുമുമ്പ് കേരള സാഹിത്യ അക്കാദമിയുടെ ഒരു പ്രതിനിധി സംഘം ബംഗാളിൽ സന്ദർശനം നടത്തി. എസ്.കെ.പൊറ്റെക്കാട്ടും ഒഎൻവിയുമൊക്കെ സംഘത്തിൽ ഉണ്ടായിരുന്നു. മുൻകൂട്ടി നിശ്ഛയിച്ച സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കുന്നതിനിടെ കൊൽക്കത്ത ഹിന്ദു കോളജ് സന്ദർശിക്കണമെന്ന് ഒഎൻവി ആഗ്രഹം പ്രകടിപ്പിച്ചു. ബംഗാളിലെ പബ്ളിക് റിലേഷൻസ് ഉദ്യോഗസ്ഥൻ മൊനിക് സർക്കാർ സംഘത്തെ കോളജിലേക്കു നയിച്ചു. ഒഴിവുദിവസം. കോളജ് പരിസരം ശാന്തം, നിശ്ശബ്ദം. പോർട്ടിക്കോവിലേക്കു കാലെടുത്തുവച്ചപ്പോൾത്തന്നെ, വിലക്കപ്പെട്ട വിജ്ഞാനത്തിനായി ദാഹം പൂണ്ടൊരു ചെറുപ്പക്കാരൻ അവിടെയേതോ ക്ളാസ്മുറിയിലേക്കു കയറിപ്പോകുന്നത് ഒഎൻവി മനസ്സിൽ കണ്ടു. കവി നിലംതൊട്ടു നിറുകയിൽവച്ചു. നിമിഷനേരം നിശ്ശബ്ദനായി നിന്നു. മൊനിക് സർക്കാർ അതിശയത്തോടെ നിന്നു. കുമാരനാശാനെക്കുറിച്ചും അദ്ദേഹം കൽക്കത്ത ഹിന്ദു കോളജിൽ വിദ്യാർഥിയായിരുന്നതിനെക്കുറിച്ചും കവി വിശദീകരിച്ചു: ഞങ്ങൾക്കിത് ഞങ്ങളുടെ മഹാനായ കവിയുടെ സ്മാരകമാണ്’.

‘മാറ്റുവിൻ ചട്ടങ്ങളേ’ എന്ന കുമാരനാശാന്റെ വാക്കുകൾ കടമെടുത്ത് ഒഎൻവി ഒരു കവിതതന്നെ എഴുതിയിട്ടുണ്ട്. വേറെയും അനേകം കവിതകളിൽ ആശാന്റെ വാക്കുകളും ഉപമകളും ഉപയോഗിച്ചിട്ടുമുണ്ട്.

ഏതാനും വർഷങ്ങൾക്കുമുമ്പ് ദേശീയ പാതയ്ക്കു വീതി കൂട്ടാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ ആശാൻ സ്മാരകത്തിന്റെ കുറേയേറെ സ്ഥലം ഏറ്റെടുക്കുന്ന ഘട്ടമെത്തി. അന്ന് പാർലമെന്റ് അംഗമായിരുന്ന വർക്കല രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ പ്രതിഷേധ യോഗം കൂടി. പ്രസംഗിക്കാൻ എഴുന്നേറ്റ ഒഎൻവി ഒരു കവിത ചൊല്ലി.

വെട്ടിമുറിക്കരുതീ, പുണ്യഭൂമിയെ !

തൊട്ടുനിറുകയിൽവച്ചു പൊയ്ക്കൊള്ളുക !

അരുത് എന്ന കവിത ആവേശത്തോടെ ജനം ഏറ്റുചൊല്ലി.

കരുണയൂറുന്ന വാക്കുകളുടെ ഹിമബിന്ദുക്കളിൽ ജീവിതത്തിന്റെ സ്നേഹസൂര്യനെ പ്രതിഫലിപ്പിച്ച കവിയുടെ ഓർമകളിൽ ഒഎൻവിയോടൊപ്പം ആത്മാവിൽ മുട്ടിവിളിക്കുമ്പോലെ, സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മലയാളം ചോദിക്കുന്നു:

പറയൂ, നിൻ ഗാനത്തിലാരും കൊതിക്കുമീ

മധുരിമയെങ്ങനെ വന്നൂ ?

കനിവാർന്ന നിൻ സ്വരം കണ്ണീരിലീറനാം

കവിളുകളൊപ്പുകയാലോ....?