ആശാൻ, അണയാത്ത കാവ്യദീപം...

ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാവ്യ വരികൾ കണ്ടത് ഒരു പൂവിലാണ്.

"ഹാ! പുഷ്പമേ അധിക തുംഗപദത്തിലെത്ര

ശോഭിച്ചിതൊരു രാജ്ഞികണക്കയേ....."

ജീവിതത്തിന്‍റേയും മരണത്തിന്‍റേയും നൂൽപ്പാലത്തിലൂടെയുള്ള ഒരു പൂവിന്‍റെ യാത്ര. എത്ര നിസ്സാരവും ക്ഷണികവുമാണ് ജീവിതം എന്ന് ഓരോ നിമിഷവും ഓർമ്മിപ്പിയ്ക്കാൻ ആ വരികൾക്കുള്ള അപാരമായ കഴിവ് മറക്കാനാകുമോ? അതുപോലെ തന്നെ അതെഴുതിയ കവിയെയും മറക്കാൻ മലയാളം മനസ്സിൽ അറിഞ്ഞവനാകുമോ? കുമാരനാശാന്റെ ജന്മദിനമാണിന്ന്. അതിനാൽ തന്നെ ഓർക്കാതെ വയ്യ ആ സ്വരരാഗവും വീണപൂവിനേയും. 

1907 നവംബറിൽ പ്രസിദ്ധീകരിക്കപ്പെട്ട വീണപൂവ് എന്ന കാവ്യത്തോടെയാണ് കുമാരനാശാൻ എന്ന പേര് മലയാളി നെഞ്ചിലിട്ടോമനിയ്ക്കാൻ തുടങ്ങുന്നത്. അത്രയ്ക്ക് പരിശുദ്ധമായിരുന്നു ആ വരികൾ. കാവ്യങ്ങൾ രചിയ്ക്കുകയും അവയ്ക്ക് മനോഹരമായ ഈണങ്ങളാൽ, ശ്രുതി ശുദ്ധമായ തന്റെ ആലാപനത്താൽ, ജീവൻ പകരുകയും ചെയ്തിട്ടുണ്ട് കുമാരനാശാൻ. നളിനി, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം, കരുണ എന്നീ കവിതകൾ ഇതിഹാസ തുല്യമായി ഇപ്പോഴും നിലനില്ക്കുന്നു. 

കവിതകളിലൊക്കെയും കാണുന്ന ദയയുടെയും കരുണയുടെയും അതിനുമപ്പുറം ധാർമ്മികതയുടെയും നിഴലുകളും ആശാൻ കവിതകളെ മനോഹരമാക്കുന്നുണ്ട്. ശരീര ഭാഗങ്ങളൊക്കെയും അറ്റ് ശ്മശാന ഭൂമിയിൽ ജീവൻ വെടിയാൻ കാത്തു കിടക്കുന്ന വാസവദത്തയുടെ അരികിലേയ്ക്ക് ഉപഗുപ്തനെ പറഞ്ഞയക്കുമ്പോൾ ആശാൻ അവിടെ ചെയ്തത് പ്രണയം എന്ന മാന്ത്രിക സ്പർശത്തെ ഏറ്റവും ദൈവീകമായ അനുഭവമാക്കി മാറ്റുകയായിരുന്നു. വേശ്യാസ്ത്രീ ആയിരുന്നപ്പോൾ തന്റെ ശരീരത്തിന്റെ മുഴുപ്പുകളിൽ അഭിരമിച്ചിരുന്ന വെറുമൊരു സ്ത്രീ മാത്രമായിരുന്ന വാസവദത്ത, ഉപഗുപ്തനെ അന്നേ പ്രണയിച്ചു തുടങ്ങിയിരുന്നു. പക്ഷേ സ്നേഹം എന്നത് ശരീരത്തിന്റെ പരിധികൾക്കും അപ്പുറമാണെന്ന് അവൾക്കു മനസ്സിലാക്കാനായത് ഇരുണ്ട ശ്മശാന ഭൂമിയിൽ ചോരയിറ്റിച്ചു ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്നപ്പോൾ ഉപഗുപ്തൻ അവളെ തൊട്ടുഴിഞ്ഞപ്പോഴാണ്. സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ അനുഭൂതികളാണ് ആശാന്റെ കാവ്യങ്ങളുടെ വായനാനുഭവങ്ങൾ. 

ജാതിയുടെയും മതത്തിന്റെയും അനാചാരത്തിന്റെയും എതിരെയുള്ള പോരാട്ടം കൂടിയായിരുന്നു ആശാൻ കവിതകൾ. ചണ്ഡാല ഭിക്ഷുകിയുടെ ഇതിവൃത്തവും മറ്റൊന്നല്ല. ബുദ്ധിസത്തിന്റേതായ വേരുകളിൽ സത്യങ്ങൾ തിരഞ്ഞു ആശാൻ യാത്ര നടത്തിയിരുന്നു എന്നു കരുണയും ചണ്ഡാല ഭിക്ഷുകിയും തെളിയിക്കുന്നുണ്ട്. അനാചാരങ്ങളെ ആശാൻ എപ്പോഴും എതിർത്തിരുന്നു. അതുകൊണ്ട് തന്നെ ഗുരുവായ ശ്രീനാരായണ ഗുരുദേവനുമായി വളരെ ഇഴയടുപ്പവും ആശാൻ കാത്തു സൂക്ഷിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി :

""ഞാനും നിങ്ങളും ശ്രീനാരായണ ഗുരുസ്വാമിയും തീയ്യ സമുദായത്തിലെ അംഗങ്ങളാണ്. നമ്മളാരും കുരുതി കഴിക്കാനും പൂരം തുളളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരം ആളുകൾ വേറെയും ഉണ്ട്. അവരും അതിനു പോകാറില്ല..... ഒരേ മതം അനുഷ്ഠിക്കുന്ന ആളുകൾ അസംഖ്യങ്ങളായിരിക്കും. അവരുടെയെല്ലാം നടപടികൾ ഒന്നു പോലെ ഇരുന്നുവെന്ന് ഒരിടത്തും വരുന്നതല്ല. അതിന് സമുദായ സ്ഥിരതയെയല്ലാതെ മതത്തെ കുറ്റം പറയുന്നതു ശരിയുമല്ല. അങ്ങനെയുളള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു.''. സത്യത്തെ സത്യമായി തന്നെ തിരിച്ചറിയാനും അദ്ദേഹത്തിനായിരുന്നു.

ശ്രീനാരായണ ഗുരുവിന്റെ വീഴ്ചയിൽ വിഷാദിച്ചു ആശാൻ എഴുതിയ കാവ്യമാണ് വീണപൂവ്‌. ഏറ്റവും അസ്ഥിരമായ ജീവൻ പാതിവഴിയിലെത്തി നിൽക്കുന്ന പൂവിനെ പ്രിയപ്പെട്ട ഗുരുടെവനോട് ഉപമിച്ചു ആശാൻ സങ്കടപ്പെട്ടു. മനുഷ്യന്റെ ജീവിതത്തിന്റെ നീളം എത്ര ചെറുതാണെന്ന് അദ്ദേഹം നെടുവീർപ്പിട്ടു. ജീവിതത്തിന്റെ ഏറ്റവും വലിയ തത്വങ്ങളാണ് വീണപൂവിൽ കാണാൻ കഴിയുന്നതും. അല്ലെങ്കിലും യാഥാർത്ഥ്യത്തോട് അടുക്കുമ്പോൾ മനുഷ്യൻ തത്വജ്ഞാനി ആകുമല്ലോ. പ്രത്യേകിച്ച് മനുഷ്യനോടും മണ്ണിനോടും ജീവിതത്തോടും അടുത്ത് നില്ക്കുന്നത് കൊണ്ട് തന്നെ കവികളെ തത്വജ്ഞാനികൾ എന്ന് വിളിക്കുന്നതിലും ഒരു തരിമ്പു പോലും തെറ്റില്ല. ശ്രീനാരായണ ഗുരുദേവനുമായുള്ള കണ്ടു മുട്ടലും അടുപ്പവും തന്നെയാണ് ആശാന്റെ ജീവിതം ഉടച്ചു വാർത്തത്. ശൃംഗാരകവിതകളിൽ നിന്നും വേദാന്ത കവിതകളിലേയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്രയും അവിടെ തുടങ്ങുന്നു. 

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു

മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ 

എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു

കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു കഷ്ടം!

പല്ലനയാട്ടിലുണ്ടായ ബോട്ടപടകം കവർന്നെടുത്ത് മലയാളത്തിന്റെ കാവ്യ ഇതിഹാസത്തെ തന്നെയായിരുന്നു. പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കു മടങ്ങിവരുമ്പോൾ വളരെ ദുരൂഹമായ രീതിയിൽ (എന്ന് പറയപ്പെടുന്നു) അപകടത്തിലായ റിഡീമർ എന്ന ബോട്ട് ആ കവിതാവരികളെ വീണ്ടും ഓർമ്മിപ്പിക്കും. അല്ലെങ്കിലും കുമാരനാശാൻ എന്ന കാവ്യ ദീപത്തെ ഓർക്കാൻ എത്രയോ വരികളിൽ അദ്ദേഹം സ്വയം തളച്ചിടപ്പെടിരുന്നു.