പുരസ്കാരങ്ങൾ നിരസിക്കപ്പെടുമ്പോൾ...

മേതിൽ രാധാകൃഷ്ണൻ.

കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം  എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ നിരസിച്ചു. അക്കാദമികളെ അംഗീകരിക്കാത്തതിനാൽ ആണ് ഈ അംഗീകാരം വേണ്ടെന്നു വച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള ചെറുകഥാ  ശാഖയിലെ ആധുനിക എഴുത്തുകാരിൽ പ്രമുഖനാണ് മേതിൽ. പുറമേ രാഷ്ട്രീയ അനുഭാവം പ്രകടമാക്കാറില്ലെങ്കിലും എഴുത്തുകളിൽ കൃത്യമായ രാഷ്ട്രീയ അവബോധം വച്ച് പുലർത്തുന്ന മേതിലിന്റെ എഴുത്തുകൾ സാഹിത്യത്തിന്റെ പുതുവഴികളിലെ വേറിട്ട കൈവഴിയാണ്. 

2015 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ്‌ മേതിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കാവാലം നാരായണപ്പണിക്കർക്കും പ്രൊഫ.എം തോമസ് മാത്യുവിനും കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.  മേതിൽ  രാധാകൃഷ്ണൻ, ദേശമംഗലം രാമകൃഷ്ണൻ, ചന്ദ്രകല കമ്മത്ത്, ജോർജ്ജ്  ഇരുമ്പയം എന്നിവർക്കാണ്‌ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. 

സാഹിത്യ അക്കാദമികളിലെ അംഗത്വത്തിനും അവാർഡുകൾക്കും വേണ്ടി പണം അങ്ങോട്ട്‌ നൽകിയ കഥകൾ മലയാളികൾ നിരവധി കേട്ടിട്ടുണ്ട്. എന്നാൽ അംബിക സുതൻ മങ്ങാടിനെ പോലെ ഉള്ളവരും മേതിലിനെ പോലെ ഉള്ളവരുമൊക്കെ അക്കാദമികളുടെ സ്ഥാനവും പുരസ്കാരങ്ങളും ഒഴിവാക്കുമ്പോൾ ഒന്ന് മനസ്സിലാക്കാം. അഭിമാനികളായ എഴുത്തുകാരും നാട്ടിൽ ഉണ്ടെന്നുള്ളത്.

അക്കാദമികൾ എന്താണ് വളർത്തുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നുണ്ട്. പ്രത്യേകിച്ച് കഴിവുള്ള അങ്ങേയറ്റം പ്രതിഭയുള്ള എഴുത്തുകാരെ കണ്ടെത്തി അത്തരക്കാരെ പ്രോത്സാഹിപ്പിക്കുവാനോ സഹായങ്ങൾ നൽകുവാനോ പലപ്പോഴും സാഹിത്യ അക്കാദമികൾ മറന്നു പോവുകയും ചെയ്യുന്ന സാഹചര്യത്തിൽ മേതിലിനെ പോലെയുള്ള പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ അംഗീകാര നിരാസം കാലഘട്ടം ആവശ്യപ്പെടുന്നതുമാണ്. 

സാഹിത്യ അക്കാദമിയുടെ പുരസ്കാരം സാഹിത്യ ലോകത്തെ അവശ്യ ഘടകമായി കരുതി പോന്നിരുന്ന ഒരു കാലഘട്ടം ഒന്നുമല്ല ഇപ്പോൾ. കാരണം പ്രസക്തികൾ നഷ്ടപ്പെടുന്ന പുരസ്കാര തിരഞ്ഞെടുപ്പ്, ഇതിനോടനുബന്ധിച്ചു പുറത്തായിട്ടുള്ള കഥകൾ എന്നിവ അക്കാദമി അവാർഡുകളുടെ മാറ്റ് കുറച്ചിട്ടുണ്ട്. എന്നിരുന്നാലും എല്ലാ വർഷവും അർഹതപ്പെട്ട ചിലർക്കെങ്കിലും പുരസ്കാരം ലഭിക്കുന്നു എന്നുള്ളതും പറയണം. പക്ഷെ പ്രതിഭാധനന്മാരായ എഴുത്തുകാർക്ക് അക്കാദമി പുരസ്കാരങ്ങൾ പലപ്പോഴും നൽകുന്ന അവഗണനയും വലുത് തന്നെ. അത്തരത്തിൽ ഉള്ള ഒരു പ്രതീകമാണ് മേതിൽ ഉൾപ്പെടെ ഉള്ള എഴുത്തുകാർ.

സർഗ്ഗാത്മകത കൊണ്ട് വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടാനായ എഴുത്തുകാർക്ക് എന്തിനു അക്കാദമി അംഗീകാരങ്ങൾ എന്ന മേതിൽ രാധാകൃഷ്ണന്റെ നിലപാടിന് ഒരു റിബലിന്റെ സ്വഭാവം ഉണ്ടെങ്കിലും അദ്ദേഹത്തെയും പുരസ്കാരങ്ങളെയും കുറിച്ച് നന്നായി അറിയുന്നവർ മേതിലിന്റെ തീരുമാനങ്ങളെ ശരി വയ്ക്കുന്നു.