നീയെന്നെ എന്നെങ്കിലും വെറുത്തിരുന്നോ? 

കറുത്ത പറകഷ്ണങ്ങല്‍ക്കിടയിലൂടെ ഇടയിക്കിടയ്ക്ക് നുരയും പാതയുമായി ഓടി കയറുന്ന ചെറിയ തിരകളെ നോക്കികൊണ്ട് അവര്‍ വളരെ നേരം നിശ്ചലരായ്‌ ഇരുന്നു …..
ഒടുവില്‍ അയാള്‍ തന്റെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു
“ഒന്നും പറയാനില്ലേ?
ഒന്ന് ചോദിക്കണം എന്നുണ്ട് ?”
ഉം ….
“എന്നെ വെറുത്തു തുടങ്ങിയോ ?”
എന്തിന്?
“ഒരിക്കല്‍ നിന്നെ സ്നേഹിചിരുന്നതുകൊണ്ട് “(തരിശു നിലം- മാധവിക്കുട്ടി)
പലയോർമ്മകൾ മലയിറങ്ങിയൊഴുകുന്ന അരുവി പോലെ മെല്ലെ മെല്ലെ താളത്തിൽ വന്നു നെഞ്ചിലടിക്കുന്നുണ്ട്. ഒരിക്കൽ സ്നേഹിച്ചിരുന്നവളേ വെറുക്കുകയോ എന്ന ചോദ്യം ഉന്മാദത്തിന്റെ ഇടയ്ക്കിടെ കൂടം കൊണ്ടടിക്കുന്നതു പോലെ തോന്നുന്നുണ്ട്. എങ്കിലും ചിലപ്പോൾ ചില നേരത്തു അനാവശ്യമായെങ്കിലും ചോദ്യങ്ങൾ ചോദിക്കാതെയിരിക്കാൻ വയ്യ. ഉത്തരമറിയാമെങ്കിലും കേൾക്കാനാഗ്രഹിക്കുന്ന വാക്കുകൾ തന്നെ കേൾക്കണം, എത്ര വർഷങ്ങൾ കഴിഞ്ഞാലും സ്നേഹത്തിനുള്ളിൽ ഒരിക്കലും വെറുപ്പ്‌ നുഴഞ്ഞു കയറില്ല എന്ന് ഇത്തിരി സ്ത്രൈണത നിറഞ്ഞ ആ ഒച്ചയിൽ തന്നെ കേൾക്കുമ്പോഴല്ലേ ഒരിക്കൽ നാം തമ്മിൽ സ്നേഹിച്ചിരുന്നുവെന്നു വീണ്ടും വീണ്ടും ഓർത്തെടുക്കാനാകൂ.

ഒരിക്കൽ സ്നേഹത്തിലായിരിക്കുമ്പോൾ പങ്കു വയ്ക്കപ്പെടുന്ന എന്തിനും കണക്കുകളേയുണ്ടാകില്ല, എന്നെങ്കിലുമൊരിക്കൽ അകലങ്ങളിൽ പെട്ടു ഓർമ്മകൾ നഷ്ടമായാലോ എന്ന പേടി വിട പറയുന്ന നിമിഷങ്ങളിലെല്ലാം വല്ലാതെ ഉലച്ചു കലയും. നീയെന്നെ വെറുക്കുമോ എന്നല്ല നീയെന്നെ മറക്കുമോ എന്ന ചോദ്യമാകാം ഏറ്റവുമധികം പ്രണയിക്കുന്നവർ പരസ്പരം പറഞ്ഞിട്ടുണ്ടാവുക. എന്നാൽ വർഷങ്ങൾക്കിപ്പുറം തമ്മിലൊരിക്കൽ കാണുമെന്നു എന്നെങ്കിലും കരുതുമോ... ! കാണാതെ വയ്യല്ലോ, ചില ബന്ധങ്ങളിലെ ഇഴകൾ അങ്ങനെയാണ്, തമ്മിൽ കണ്ടു മുട്ടാതെ വയ്യ, തമ്മിൽ ഇഴകൾ ഒന്നാക്കാതെ വയ്യ, അതെത്ര വർഷങ്ങൾ കഴിഞ്ഞാണെങ്കിലും ഉള്ളിലേയ്ക്ക് നോക്കിയാലറിയാം, ഒന്നിനും തരാനാകാത്ത ഒരു അപൂർണത എവിടെയൊക്കെയോ ആഴത്തിൽ പിടിച്ചുലയ്ക്കുന്നുണ്ടെന്ന്, അതിലേക്കുള്ള യാത്രയാണ് അറിഞ്ഞുകൊണ്ടല്ലെങ്കിലും ഓരോരുത്തരും നയിക്കുന്നതെന്ന്... അത്തരമൊരു അവസ്ഥയിൽ മാധവിക്കുട്ടിയുടെ കഥാപാത്രത്തിന്റെ ഈ ചോദ്യം എത്ര പ്രസക്തമാണ്, ഒരിക്കൽ സ്നേഹിച്ചിരുന്നു കൊണ്ട് ഇപ്പോൾ വെറുത്തു തുടങ്ങിയോ എന്ന ചോദ്യം. ആ ചോദ്യം ഒരു വീണ്ടെടുപ്പാണ്, മുള്ളുകൾ കൊണ്ട് തന്നെ മുള്ളിനെ എടുക്കാനുള്ള ഒരു ശ്രമം. 

ഇക്കഴിഞ്ഞ ദിവസം കണ്ട ഒരു ഷോട്ട് ഫിലിം ഇത്തരം ഒരു ചോദ്യത്തിനുള്ള ഉത്തരം തന്നെന്നു തോന്നി. 30 വർഷങ്ങൾക്ക് മുൻപ് പരസ്പരം വഴി പിരിയുമ്പോൾ ഇനിയൊരു ജീവിതമില്ലെന്നു കരുതിയവർ, പിന്നീട് ഒരാൾ വിവാഹിതയായി കുട്ടികൾ വലുതായി അവരവരുടെ വഴിക്കു യാത്രയായപ്പോൾ വിശ്രമ ജീവിതം വായനയ്ക്കും എഴുത്തിനുമായി നൽകി വരുമ്പോൾ കാത്തിരിക്കുന്നത് ആ പഴയ പ്രണയം. അയാളും കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും. "നിങ്ങളെന്നെ വെറുത്തുവോ" എന്ന് ഒരുവേള അവൾ ചോദിച്ചിരുന്നെങ്കിൽ എന്താകും അയാൾ മറുപടി പറയുക? വീണ്ടും തരിശുനിലങ്ങളിലേയ്ക്ക് മടങ്ങാം. ചില നിമിഷങ്ങൾ പെട്ടെന്നുണ്ടാകുന്ന നോവുകൾ തരുന്ന ദേഷ്യങ്ങൾക്കൊടുവിൽ തിരിച്ചറിഞ്ഞേ മതിയാകൂ, ഒരിക്കലെങ്കിലും സ്നേഹിച്ചിരുന്ന ഒരു മനസ്സിനെ, ഉടലിനെ, വെറുക്കാൻ ആകില്ലെന്ന്. അകന്നു നിൽക്കാൻ കഴിഞ്ഞേക്കാം, പരസ്പരം മറവിയുടെ വെള്ളപ്പൊക്കത്തിലേയ്ക്ക് നാളുകൾ പിടിച്ചിടാനും കഴിഞ്ഞേക്കാം, പക്ഷെ നിതാന്തമായ ഒരു മറവിയോ വെറുപ്പോ അതുണ്ടാക്കുന്നതേയില്ല. 

മാധവിക്കുട്ടിയെ പോലെ ഒരു എഴുത്തുകാരിയുടെ കൈവിരലുകൾ ദൈവത്തിന്റേതാകുമ്പോൾ അതിനു ഒരു ദാർശനിക സ്വഭാവം കൈവരും. മാനുഷിക ജീവിതം ഇങ്ങനെയൊക്കെയാണ്, അവന്റെ ചിന്തകളും അനുഭൂതികളും ഇങ്ങനെയൊക്കെയാണെന്ന് ഒരു എഴുത്തുകാരിയ്ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. എഴുതുമ്പോൾ സ്വയം ദൈവം പിടിച്ചെഴുതുന്നതു പോലെ അവയൊക്കെയും നിത്യ സത്യങ്ങളായി വെളിവാക്കപ്പെടും. തരിശുനിലം എന്ന കഥയെ കുറിച്ചല്ല, പക്ഷെ അതിലെ ചില വാചകങ്ങളിൽ കാണാൻ കഴിയുന്ന വാക്കുകളുടെ ആഴം , അതേ കുറിച്ചു സംസാരിക്കാതെ വയ്യ. 

മൗനമാണ് പലപ്പോഴും ഉച്ചത്തിൽ സംസാരിക്കുന്നത്. ഒരിക്കൽ വേർപെട്ടു പോകുമ്പോൾ ഉയിര് പറിഞ്ഞു പോകുന്ന നോവോടും മിടിപ്പോടും അതിനെതിരെ അവനവനോട് തന്നെയും കലഹിച്ചും കഴിയുമ്പോഴും വേർപെടലിന്റെ ദേഷ്യത്തിൽ വെറുക്കാൻ ആവുന്നത്ര ശ്രമിക്കുമ്പോഴും തമ്മിലകറ്റാതെ സ്നേഹം എന്ന അടിത്തറ നിലനിൽക്കുന്നത് അറിയാനാകും. പിന്നീട് വർഷങ്ങളുടെ ഇടപെടീലുകൾ നരപ്പിച്ച മുഖങ്ങളെ പരസ്പരം ആഴത്തിൽ മൗനത്തിലാഴ്ത്തും. അത് വെറുപ്പായിരുന്നില്ല, ഉള്ളു നിറഞ്ഞു കവിയുന്ന ആനന്ദമായിരുന്നുവെന്ന് തിരിച്ചറിയാനാകുന്ന  പോലെ അവർ തമ്മിൽ ബന്ധിക്കപ്പെടും. എങ്കിലും വെറുതെ അവൾ ചോദിക്കും, "നീ എന്നെങ്കിലും എന്നെ വെറുത്തിരുന്നോ..." ഇല്ലാ ഉത്തരത്തിനു കാതോർത്ത് പിന്നെ കടലിലേയ്ക്ക് കണ്ണിമയ്ക്കാതെ നോക്കിയിരിക്കും.