സ്നേഹത്തിന്റെ ഗന്ധം...യതി ഓർമ്മപ്പെടുത്തലാകുന്നു 

സ്നേഹത്തിനും ഭക്തിയ്ക്കും പാരമ്പര്യത്തിന്റെ ഭാഷയ്ക്കപ്പറം, ജീവനത്തിന്റെ രീതികൾ ചേർത്ത് വച്ച് നയിക്കുകയും സ്വയം പൂർണനായി ജീവിക്കുകയും ചെയ്ത ഗുരുവായിരുന്നു നിത്യചൈതന്യയതി.

നിത്യചൈതന്യയതി എന്നത് ഒരു പേരല്ല, പ്രസ്ഥാനമാണ്. നിത്യ എന്ന നാമത്തിൽ തന്നെ നിത്യതയോടെ ഹൃദയങ്ങളിൽ ജീവിക്കുന്ന അപൂർവ പ്രതിഭാസം. സ്നേഹത്തിനും ഭക്തിയ്ക്കും പാരമ്പര്യത്തിന്റെ ഭാഷയ്ക്കപ്പുറം ജീവനത്തിന്റെ രീതികൾ ചേർത്ത് വച്ച് അത്തരത്തിൽ പ്രിയപ്പെട്ടവരെ നയിക്കുകയും സ്വയം പൂർണനായി ജീവിക്കുകയും ചെയ്ത ഗുരു തന്നെയായിരുന്നു നിത്യ എന്നാ നിത്യചൈതന്യയതി. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായി അറിയപ്പെടുന്ന ഇദ്ദേഹം സ്വന്തമായി ഒരു ആത്മീയപാത വരച്ചിട്ട സന്ന്യാസിയുമാണ്.

ശ്രീനാരായണ ദർശനങ്ങൾ വ്യാപിപ്പിയ്ക്കുക എന്ന ദർശനത്തോടെയാണ് യതി നിയമിക്കപ്പെട്ടതെങ്കിലും പിന്നീട് സ്വയമുള്ള പ്രഭാവത്തിന്റെ തീക്ഷ്ണത കൊണ്ട് ഗുരു എന്ന തലത്തിലേയ്ക്ക് ഉയർന്നു വരാൻ അദ്ദേഹത്തിന് എളുപ്പത്തിൽ കഴിഞ്ഞിരുന്നു. ഗുരു എന്നാൽ സ്വന്തമായി ഹൃദയത്തിൽ നിന്ന് ചുറ്റും ഉള്ളവർക്ക് നൽകുവാൻ ഉള്ളയാൾ ആയിരിക്കണം. സന്ന്യാസ ദീക്ഷ സ്വീകരിച്ച സന്ന്യാസിമാർ എല്ലാവരും ഒരിക്കലും ഗുരുക്കന്മാർ ആകുന്നുമില്ല, പക്ഷേ ഗുരു എന്ന സ്ഥാനത്തിനു അർഹനായിരുന്നു പറയുന്ന വാക്കുകളിൽ തന്നെ ജീവിച്ച നിത്യ. അദ്ദേഹത്തോടുള്ള പ്രണയം തന്നെയാണ് പലരെയും അദ്ദേഹത്തിന്റെ ശിഷ്യത്വത്തിലേയ്ക്കുയർത്തിയത്‌. 

പറയുന്ന വാക്കുകളെ അക്ഷരങ്ങളാക്കാനും നിത്യയ്ക്ക് ഏറെ താൽപ്പര്യമായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം പുസ്തകങ്ങളാണ് നിത്യ ചൈതന്യ യതി എഴുതിയത്. അവയെല്ലാം തന്നെ ദാർശനികതയുടെ അറിവുകൾ നിറഞ്ഞവയും തന്റെ ആത്മാവിനെ പകർത്തി വച്ചവയും ആയിരുന്നു. നളിനി എന്ന കാവ്യശില്പം എന്നാ കൃതിയെ ഇതിൽ ഏറെ പരാമർശിക്കെണ്ടതുണ്ട് . കുമാരനാശാന്റെ നളിനിയിലെ സത്യത്തെ ആശാന്റെതുമായി ചേർത്ത് വച്ച് എന്താണ് നളിനി പറയുന്നതെന്ന് വ്യക്തമാക്കി നിത്യ വായനക്കാർക്ക് മുന്നിൽ പറഞ്ഞു വച്ചു. ആ കൃതിയുടെ ഔന്നത്യം കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം വരെ നീളുകയും ചെയ്തു. 

  • വേദാന്ത പരിചയം
  • കുടുംബശാന്തി - മനശാസ്ത്ര സാധന
  • ഭഗവത്‌ ഗീത സ്വാദ്ധ്യായം
  • ഇമ്പം ദാമ്പത്യത്തില്‍
  • നടരാജഗുരുവും ഞാനും
  • രോഗം ബാധിച്ച വൈദ്യ രംഗം
  • പ്രേമവും ഭക്തിയും
  • ജനനി നവരത്നമഞ്ജരി
  • മൂല്യങ്ങളുടെ കുഴമറച്ചില്‍
  • ദൈവം സത്യമോ മിഥ്യയോ
  • മന:ശാസ്ത്രം ജീ‍വിതത്തില്‍
  • സത്യത്തിന്റെ മുഖങ്ങള്‍
  • തത്വമസി - തത്വവും അനുഷ്ഠാനവും
  • ബൃഹദാരണ്യകോപനിഷദ്‌

തുടങ്ങി നിത്യ എഴുതിയ പുസ്തകങ്ങൾ എല്ലാം തന്നെ അറിവിന്റെ കയ്യൊപ്പ് പതിഞ്ഞവയാണു.

ഗീതയിലും ഭാരതത്തിലും മാത്രം വായനകൾ ഒടുങ്ങാത്ത ധിഷണാശാലി തന്നെയായിരുന്നു നിത്യ. അനുഭവസ്ഥരുടെ വാക്കുകളിൽ ഒരു ദിവസം ഗീത വായിക്കുന്ന ഗുരു അടുത്ത ദിവസം ബൈബിളോ ഖുറാനോ ആകും വായിക്കുക. അറിവിന്റെ ലോകം ഒരു ഇതിഹാസത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന യഥാർത്ഥ തിരിച്ചറിവ് നേടിയ ആളെ ഉത്തമനായ ഗുരു എന്ന് തന്നെയല്ലേ വിളിക്കേണ്ടതും. അല്ലെങ്കിലും പ്രശസ്ത ആചാര്യനായ രമണ മഹർഷിയിൽ നിന്ന് സന്ന്യാസ ദീക്ഷ സ്വീകരിച്ച നിത്യ, അദ്വൈത ദർശനങ്ങളുടെ മുഖ്യപ്രഭാഷകനായിരുന്നു. കുട്ടികളോട് വളരെ അടുപ്പം സ്ഥാപിച്ചിരുന്ന നിത്യ താൻ എന്താണോ പറയുന്നത് അതേ പ്രകാരം ജീവിതവും നയിച്ചിരുന്ന വ്യക്തിയായിരുന്നു. പറഞ്ഞത് പ്രവൃത്തിയിലും കണ്ടിരുന്ന ആളായതിനാൽ തന്നെ ശിഷ്യർക്ക് നിത്യയെ ശ്രദ്ധിക്കുക മാത്രമേ ചെയ്യാനും ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയിൽ നിന്ന് പോലും പാഠങ്ങൾ പഠിക്കാനും പഠിപ്പിക്കാനും നിത്യ തന്റെ ശിഷ്യരെ എപ്പോഴും ഉപദേശിക്കാറുമുണ്ടായിരുന്നു. 

ഊട്ടിയിലെ തന്റെ ആശ്രമത്തിൽ 1999 മെയ് 14 നു സമാധി പ്രാപിയ്ക്കുന്നത് വരെ അക്ഷരങ്ങളിൽ കൂടിയും പ്രഭാഷണങ്ങളിൽ കൂടിയും ഒരു വലിയ സമൂഹത്തെ സ്നേഹത്തിന്റെയും കർമ്മത്തിന്റെയും വഴികളിൽ നടത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിത്യയുടെ പല ശിഷ്യരും പറയുന്നത് പോലെ അദ്ദേഹത്തെ പ്രണയിക്കാതെ ആ ജീവിതത്തെ എത്ര അടുത്ത് നിന്നും കാണുവാൻ സാധ്യമല്ല, എന്നാൽ അറിഞ്ഞു കഴിഞ്ഞാലോ അദ്വൈത ദർശനം എത്ര കൃത്യമാണെന്ന് മനസ്സിലാവുകയും ചെയ്യും. അങ്ങനെ തന്നെയാണ് ഗുരു , ശിഷ്യരുടെ മനസ്സില്‍ ദീപമായി മാറുന്നതും.