വിലങ്ങുവീഴാത്ത വാക്കുകൾ; വിലയിടിയാത്ത സ്വാതന്ത്ര്യം

പി.ഗോവിന്ദപ്പിള്ള

ബുദ്ധിജീവി, സൈദ്ധാന്തികൻ എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും സന്ദേഹി എന്നൊരു മുദ്രകൂടി ചാർത്തപ്പെട്ടയാളായിരുന്നു പി.ഗോവിന്ദപ്പിള്ള. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആദ്യം അതിനെ ശക്തിയായി എതിർത്തും പിന്നീട് അനുകൂലിച്ചും ഒടുവിൽ അതിന്റെ വക്താവായിട്ടും നാൽപതിലേറെവർഷം പ്രവർത്തിച്ചയാൾ. ആത്മകഥ എഴുതാൻ താൽപര്യമില്ലെന്നും എന്നെങ്കിലുമെഴുതുകയാണെങ്കിൽ പശ്ചാത്തപിക്കാത്ത കമ്മ്യൂണിസ്റ്റ് എന്നായിരിക്കും അതിനു പേരിടുകയെന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയ രാഷ്ട്രീയ പ്രവർത്തകൻ. പുസ്തകങ്ങളുമായും വ്യക്തികളുമായി സംവദിച്ചും വിശ്വസിക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി ആശയങ്ങൾ പ്രചരിപ്പിച്ചും സുദീർഘമായ ജീവിതത്തെ സഫലമാക്കിയ മനുഷ്യൻ. മൗലികചിന്തയിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളും ലോകത്തിന്റെ പ്രശ്നങ്ങൾക്കു കണ്ടെത്തിയ പരിഹാരങ്ങളും പുസ്തകങ്ങളിലൂടെ അനശ്വരമാക്കിയ എഴുത്തുകാരൻ. ഈ വിശേഷണങ്ങളെല്ലാം നിലനിൽക്കുമ്പോഴും സന്ദേഹിയുടെ തുറന്നുപറച്ചിലുകൾക്കുള്ള സ്വാതന്ത്ര്യം എക്കാലത്തും സൂക്ഷിച്ച സ്വതന്ത്ര ബുദ്ധിജീവി.

2012 നവംബർ 22 ന് ആയിരുന്നു ഗോവിന്ദപ്പിള്ളയുടെ മരണം. മൂന്നുവർഷത്തിനുശേഷം അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ആശയപ്രചാരണത്തിനുവേണ്ടി സ്വീകരിച്ച നിലപാടുകൾക്കും അവ ജനങ്ങളിലെത്തിക്കാൻ നടത്തിയ എഴുത്തിനുമപ്പുറം ബുദ്ധിജീവി എന്ന നിലയിൽ ഉയർത്തിയ ആശയങ്ങളാണു കാലത്തെ അതിജീവിച്ചതെന്നു തെളിയുന്നു. വ്യവസ്ഥാപിതമായ, ശക്തമായ ചട്ടക്കൂടുകളുള്ള രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരുന്നു ഗോവിന്ദപ്പിള്ള. അഗോളതലത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്കും വിരുദ്ധ ആശയങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയ പ്രസ്ഥാനത്തിലെ അംഗം. പ്രസ്ഥാനത്തിന് എതിരായ അഭിപ്രായങ്ങൾ പറയാൻ അദ്ദേഹത്തിന്റെ മേലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ബൗദ്ധിക സ്വാതന്ത്ര്യം എന്നും അദ്ദേഹത്തെ മോഹിപ്പിച്ചു. അപൂർവ്വം ചില അവസരങ്ങളിൽ വരിഞ്ഞുകെട്ടിയ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ഗോവിന്ദപ്പിള്ള ഒറ്റപ്പെട്ട ശബ്ദം ഉയർത്തി. ശിക്ഷകൾ ലഭിച്ചെങ്കിലും പറഞ്ഞകാര്യങ്ങളിൽനിന്ന് അണുവിടപോലും വ്യതിചലിക്കാതെയും തുറന്നുപറയേണ്ടിയിരുന്നില്ല എന്ന ഒഴികഴിവ് ഉയർത്തിയും അദ്ദേഹം ഒരേസമയം പ്രസ്ഥാനത്തിനു വേണ്ടപ്പെട്ടയാളായും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളിയായും ജീവിച്ചു. പി. ഗോവിന്ദപ്പിള്ള എന്ന ചിന്തകൻ എഴുത്തുലോകത്തിനു കൊടുക്കുന്ന സന്ദേശവും ഇതാണ്. നിയന്ത്രണങ്ങൾക്കുള്ളിൽ ജീവിക്കുമ്പോഴും സ്വാതന്ത്ര്യം പ്രഖ്യാപിക്കുക. ആവിഷ്കാരസ്വാതന്ത്ര്യത്തിന് അതിർത്തികളില്ല. തുറന്നുപറഞ്ഞു പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുക. വരുംതലമുറകളെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുക.

അലക്സാണ്ടർ സോൾഷെനിറ്റ്സനും ബോറിസ് പാസ്റ്റർനാക്കും ലോകം കണ്ട മികച്ച എഴുത്തുകാരാണ്. രണ്ടുപേരും പഴയ സോവിയറ്റ് യൂണിയനിൽനിന്നുള്ള എഴുത്തുകാർ. ഭരണകൂടത്തിന്റെ ഭീഷണികൾക്കും നിയന്ത്രണങ്ങൾക്കും വിധേയരായവർ. ഇവരോടുള്ള നിലപാടുകൾ വിവാദങ്ങൾക്കു വഴിതെളിച്ചു. പി. ഗോവിന്ദപ്പിള്ളയ്ക്ക് ഇവരെക്കുറിച്ചുള്ള ചോദ്യങ്ങളുടെ മറുപടി പറയേണ്ടിവന്നു.എഴുതാനും എഴുതിയതു പ്രസിദ്ധീകരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മാതൃരാജ്യത്തുനിന്നു പലായനം ചെയ്യേണ്ടിവന്ന പാസ്റ്റർനാക്കിനെക്കുറിച്ചു ഗോവിന്ദപ്പിള്ള പ്രകടിപ്പിച്ചതു നല്ല അഭിപ്രായങ്ങൾ. പാസ്റ്റർനാക്ക് ശുദ്ധനായ മനുഷ്യനായിരുന്നു; വളരെ നല്ല കവിയും. അദ്ദേഹത്തോടു ഭരണകൂടം സ്വീകരിച്ച നിലപാടുകളെ ഗോവിന്ദപ്പിള്ള ശക്തിയായി തള്ളിപ്പറഞ്ഞു. സോൾഷെനിറ്റ്സനോടു പൂർണമായി യോജിക്കാൻ ഗോവിന്ദപ്പിള്ളയ്ക്കായില്ല. സോവിയറ്റ് യൂനിയനെതിരെ സംസാരിച്ചു ഒരുപാടു കാശുണ്ടാക്കിയ ആളാണദ്ദേഹം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ, അങ്ങനെയാണെങ്കിലും സോൾഷെനിറ്റ്സന്റെ പുസ്തകങ്ങൾ നിരോധിച്ചതു ശരിയായില്ലെന്നു ഗോവിന്ദപ്പിള്ള പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചാലും എഴുത്തുകാർക്കു നിയന്ത്രണം ഏർപ്പെടുത്തുന്ന സംവിധാനത്തോടു സ്വതന്ത്രചിന്തകനായ ഗോവിന്ദപ്പിള്ള യോജിച്ചില്ല. സോവിയറ്റ് യൂണിയന്റെ നിലപാടുകളെ എതിർക്കുമ്പോഴും അതെന്തുകൊണ്ട് ആവർത്തിച്ചുപറയുന്നില്ലെന്ന ചോദ്യത്തിന് അങ്ങനെ പറയുന്നതിലൂടെ എതിർവാദക്കാരുടെ കൂടെക്കൂടി യോഗ്യനാകാൻ തനിക്കു താൽപര്യമില്ലെന്ന് ഗോവിന്ദപ്പിള്ള പറഞ്ഞു.

വിപ്ലവപ്രസ്ഥാനത്തോടൊപ്പം ഒരായുഷ്ക്കാലം മുഴുവൻ സഞ്ചരിച്ചപ്പോഴും വ്യക്തിയെന്ന നിലയിൽ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച പി. ഗോവിന്ദപ്പിള്ള പറയാതെ പറഞ്ഞതും പേടിക്കാതെ പറഞ്ഞതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വാക്കുകൾ. ജീവിച്ചിരിക്കുന്ന ചിന്തകർക്കും ഇനി വരാനിരിക്കുനവർക്കും അദ്ദേഹത്തിന്റെ വാക്കുകൾ വെളിച്ചമാവട്ടെ; ശരിയായ വഴി കാണിച്ചുകൊടുക്കുന്ന, കനത്ത കാറ്റിലും ഇളകാതെ ഉറച്ചുനിൽക്കുന്ന വഴിവിളക്കിന്റെ അണയാത്ത വെളിച്ചം.