അഭിമുഖത്തിനു നിന്നുകൊടുക്കാത്ത അപൂർവം എഴുത്തുകാരേയുള്ളൂ മലയാളത്തിൽ. പത്തുവർഷം മുമ്പു കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കവിയും ഗവേഷകനും ചിന്തകനുമായ കെ. അയ്യപ്പപ്പണിക്കർ അഭിമുഖത്തിനു സമ്മതിച്ചത് ഒരിക്കൽ മാത്രം. അതു തന്നെപ്പറ്റി വീമ്പു പറയാനോ അവകാശവാദങ്ങൾ ഉന്നയിക്കാനോ പ്രശസ്തിക്കു മാറ്റുകൂട്ടാനോ ആയിരുന്നില്ല. കവിതയെക്കുറിച്ചു ചർച്ച ചെയ്യാൻ മാത്രം. ഹ്രസ്വമായി. ആദ്യമായും അവസാനമായും ഒരേയൊരു അഭിമുഖം മാത്രം. അദ്ദേഹത്തോടു ചോദ്യങ്ങൾ ചോദിക്കാനും കവിതാചർച്ച നടത്താനും അവസരം ലഭിച്ചതു കഥാകൃത്ത് അക്ബർ കക്കട്ടിലിന്. അയ്യപ്പപ്പണിക്കർ അന്തരിച്ചു പത്തുവർഷമാകുമ്പോൾ കാലത്തിനു തകർക്കാൻപറ്റാതെ പണിക്കർ കവിതകളുണ്ട്. അഭിമുഖമുണ്ട്. കവിതകൾ ബാക്കിവച്ച് കവി യാത്രയായി; കഥകൾ പറഞ്ഞ അക്ബറും.
‘ആ ദിനം വരാതെ പോക’ എന്ന കവിതയിൽ പ്രിയയെ കണ്ടുകണ്ടു മതിവരുന്നൊരാ ദിനം ഒരിക്കലും വരാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നുണ്ട് അയ്യപ്പപ്പണിക്കർ.
നിന്നെയെന്റെ കണ്ണുകൊണ്ടു
കണ്ടു കണ്ടു മതിവരുന്നൊരാ ദിനം
ആ ദിനം വരാതെ പോക.
എന്റെ ചുണ്ടിൽ നിന്റെ ചുണ്ടിലെന്റെ ചുണ്ട–
മർന്നിടുന്ന ചുംബനം പകർന്നിടാത്തൊരാദിനം
ആ ദിനം വരാതെ പോക.
അയ്യപ്പപ്പണിക്കർ എന്ന കവിയുടെ സാന്നിധ്യമില്ലാത്ത, അദ്ദേഹത്തിന്റെ പുതുകവിതകളുടെ ചൂടേൽക്കാത്ത ദിനങ്ങളും ഒരിക്കലും വരാതെ പോകട്ടെ എന്നാഗ്രഹിച്ചിട്ടുണ്ട്. ചിറകറ്റ പക്ഷിക്കു ചിറകുമായി പിറകെ വരാതെ കവി അവസാനമവസാനമായി ഒരു കരിയില കൊഴിയുന്ന പോലെ, ഒരു മഞ്ഞുകട്ട അലിയുന്ന പോലെ ലഘുവായി, ലളിതമായ് മറഞ്ഞു.
കാലത്തോടൊപ്പം നടന്നതിനൊപ്പം മലയാളകവിതയെ ഭാവിയിലേക്ക് കൈപിടിച്ച് ഉയർത്തുകയും ചെയ്തു അയ്യപ്പപ്പണിക്കർ. ആധുനികത അവതരിപ്പിച്ചതിനൊപ്പം ഉത്തരാധുനികതയും കൊണ്ടുവന്ന കവി. പോസ്റ്റ് മോഡേണിസം എന്ന വാക്ക് ലോകസാഹിത്യത്തിൽ ഉപയോഗിക്കുന്നതുമുമ്പുതന്നെ പണിക്കർ മലയാളത്തിൽ ഉത്തരാധുനികത കൊണ്ടുവന്നു. വൃത്തനിബദ്ധമായ കവിതകളിൽനിന്നു പരീക്ഷണങ്ങളിലൂടെ ഗദ്യകവിതകളിലേക്കും കാർട്ടൂൺ കവിതകളിലേക്കും ഭാവുകത്വത്തെ നയിച്ച് അദ്ദേഹം ഭാവനയെ ചടുലമാക്കി.
ടി.എസ്. എലിയറ്റിന്റെ വേസ്റ്റ് ലാൻഡ് ( തരിശുഭൂമി ) ലോകസാഹിത്യത്തിൽ സൃഷ്ടിച്ച മാറ്റത്തിനു സമാനമാണ് അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം മലയാളത്തിൽ സൃഷ്ടിച്ച ചലനങ്ങൾ. ആധുനികതയെന്തെന്ന് വായനക്കാർക്ക് പരിചയമില്ലാത്ത കാലം. പത്രാധിപൻമാർ പോലും ആധുനികതയെക്കുറിച്ച് അജ്ഞരായിരുന്നെന്നു തെളിയിക്കുന്നു കുരുക്ഷേത്രത്തിന്റെ ആദ്യ തിരസ്കാരം. ഒരു കവി കൂടിയായിരുന്ന എൻ,വി. കൃഷ്ണവാര്യർ കുരുക്ഷേത്രം പ്രസിദ്ധീകരിക്കാതെ മടക്കിയയച്ചു. സി.എൻ. ശ്രീകണ്ഠൻനായരുടെ പത്രാധിപത്യത്തിൽ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ച ദേശബന്ധുവിൽ ഒടുവിൽ കുരുക്ഷേത്രം പ്രകാശിപ്പിച്ചപ്പോൾ രൂപ–ഭാവ ഉണർവിലേക്കു മലയാളി നടന്നു.
കണ്ണു കണ്ണീർ കുടിക്കുന്നു; വേവും
ചെന്നിണം കുടിക്കുന്നു സിരകൾ.
മജ്ജ വീണ്ടും നുണഞ്ഞിറക്കുന്നി–
തസ്ഥിമാടം തൊലി കരളുന്നു...
ഞെട്ടിയുണരാൻ വിളഞ്ഞു കിടപ്പു
തൊട്ടിലിൽ താനേ ശയിക്കും ശവങ്ങൾ.
വൈകാരികതയുടെ വിസ്ഫോടനങ്ങൾ പുതിയൊരു ഭാഷയിൽ അവതരിപ്പിച്ചതിനൊപ്പം രൂക്ഷമായ പരിഹാസവും പണിക്കർ കവിതകളുടെ മുഖമുദ്രയായിരുന്നു. എവിടെയെങ്കിലും യുദ്ധമോ ക്ഷാമമോ ഉണ്ടെന്നു കേട്ടാൽ അതിനെപ്പറ്റി കവിയെഴുതി കാശു വാങ്ങിക്കുന്ന കവികളെ അദ്ദേഹം വെറുതെവിട്ടില്ല. നാളെയുടെ പാട്ടു പാടിയതിന്റെ പേരിൽ നാണയം ചോദിക്കുന്ന സ്വാതന്ത്ര്യഗായകനെയും അദ്ദേഹം കണക്കിനു കളിയാക്കി. സ്വന്തം വേരുകൾ അന്വേഷിക്കുന്ന പണിക്കരുടെ കവിതയാണ് കുടുംബപുരാണം.
മറ്റു കവികളിൽ ഗൃഹാതുരത മുറ്റിനിൽക്കുന്ന അനുഭവഖണ്ഡം പണിക്കരിലെത്തയപ്പോൾ പരിഹാസത്തിന്റെ പുതുരൂപങ്ങൾ ആർജിക്കുന്നു. കുഞ്ഞായിരുന്ന കാലത്തു കവി ഏറെ ദുഃഖിച്ചു നാടിനെക്കുറിച്ച്. കുന്നുകളില്ലാത്ത നാട് എന്നതാണു ദുഃഖത്തിന്റെ കാരണം. മുതിർന്നപ്പോൾ കവിയുടെ ദുഃഖം തീർന്നു; ചുറ്റും ‘കുന്നായ്മകളുടെ’ കുന്നുകൾ മാത്രം. താൻ ജീവിച്ച കാലത്തെ മനുഷ്യന്റെ നിന്ദ്യവും പൈശാചികവുമായ പെരുമാറ്റ വൈകൃതത്തെക്കുറിച്ചു പാടി കവി ചിരിക്കുന്നു; ഒപ്പം വായനക്കാരെയും ചിരിപ്പിക്കുന്നു.
സ്തുതി പാടുക നാം, മർത്ത്യനു
സ്തുതി പാടുക നാം.
തന്നയൽവക്കത്തരവയർ നിറയാപ്പെണ്ണിനു
പെരുവയർ നൽകും മർത്ത്യനു
സ്തുതി പാടുക നാം.
അഭിമുഖങ്ങൾ വേണ്ടെന്നുവച്ചതിന്റെ കാരണം ഒരേയൊരു അഭിമുഖത്തിൽ പണിക്കർ വ്യക്തമാക്കുന്നുണ്ട്. കവിതയുടെ മേൻമ നിർണയിക്കേണ്ടതു കവിത്വഗുണം നോക്കിയാകണം. കവിയുടെ ജീവിതവിശദാംശങ്ങൾക്കു പ്രാധാന്യമില്ല. എന്താണു കവിത എന്നു ചോദിക്കുന്ന പണിക്കർ ഉത്തരവും പറയുന്നു: സത്യം പറയാനുള്ള മാർഗമാണത്. വ്യാസനും വാൽമീകിയും എഴുതിയിട്ടും നമ്മൾ എഴുതുന്നതു നമ്മുടേതായ ഒരുൾക്കാഴ്ച നൽകാനാണ്. മതിയായില്ല..പോരാ..പോരാ എന്ന തോന്നൽ. അങ്ങനെ തോന്നണം. നമുക്കു സത്യത്തിന്റെ തരിയെങ്കിലും പറയാൻ കാണണം. കവി ധൈഷണികമായി മറ്റാരേക്കാളും പിന്നിലായിക്കൂടാ. കാലഘട്ടത്തിന്റെ ദാർശനികനാണയാൾ. കവിയും ദാർശനികനുമായി ജീവിച്ച , കവിതയെ പുനർനിർവചിച്ച അയ്യപ്പപ്പണിക്കർക്കു മലയാളത്തിന്റെ സ്മൃതിപൂജ ...