മഴ നനഞ്ഞു വന്ന സ്കൂൾ കുട്ടിയോട് അഴിക്കോട്മാഷ് ഒരിക്കൽ ചോദിച്ചു; "കരുണയറ്റ കാലവർഷത്തിന്റെ രോഷം ഖനീഭൂതമായ മേഘപാളികളിൽ കുളിർതെന്നൽ വീശിയപ്പോൾ ഉണ്ടായ വർഷബിന്ദുക്കളുടെ അനന്തപ്രവാഹം മൂലമാണോ കുട്ടീ താമസിച്ചത്?.."
അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് ആ ഓർമ്മകളെ ഒന്ന് പറഞ്ഞു പോകാതെ എങ്ങനെ സാഹിത്യവും കലയും പൂർണമാകും?
ഒരു സഭയെ പിടിച്ചെടുക്കണമെങ്കിൽ അവിടെ കേൾവിക്കാരായിരിക്കുന്ന ശ്രോതാക്കളുടെ ചെവിയിൽ മാത്രമല്ല ഹൃദയത്തിലും പ്രകമ്പനമുണ്ടാക്കണം. കരുത്തുള്ള പ്രഭാഷണം കൊണ്ട് ഒരു ജനതയെ തളച്ചിടാൻ ഗ്രീക്ക് ഇതിഹാസത്തിലെ ആന്റണിയ്ക്ക് ഞ്ഞത് അങ്ങനെയാണ്. ഒരു ജനതയെ പിടിച്ചുലയ്ക്കാൻ ഒരു ജനനായകന് എളുപ്പം കഴിയും എന്നത് നമ്മളെ പ്രത്യേകിച്ച് പഠിപ്പിച്ചു തരേണ്ട കാര്യവുമില്ലല്ലോ. അങ്ങനെ നോക്കുമ്പോൾ സുകുമാർ അഴീക്കോടിനെ ഏതു സ്ഥാനത്ത് നിർത്തണം? തീർച്ചയായും ശ്രോതാക്കളെ വലിയൊരു മനനത്തിനു സാധിപ്പിക്കുന്ന അഭൗമമായ പ്രഭാഷണ പാടവമുള്ള ഒരു വ്യക്തി എന്ന നിലയിൽ തന്നെ സുകുമാർ അഴീക്കോടിന് ആരാധകർ ഏറെയുള്ളത്.
സാഹിത്യ വിമർശകനും തത്വചിന്തകനും എഴുത്തുകാരനും മികച്ച പ്രഭാഷകനും അങ്ങനെ എത്ര താരപരിവേഷങ്ങളാണ് അഴീക്കോടിന് സ്വന്തമായുള്ളത്. ഏറ്റവും പരുക്കമായ മനസ്സിലെ തീർത്തും നിസ്വാർത്ഥമായ അടയാളപ്പെടുത്തലായിരുന്നു ഏറ്റവും ചിരപരിചിതർക്ക് അഴീക്കോട് മാഷ് ഇപ്പോഴും. കണ്ണൂര് ജില്ലയിലാണ് ഇദ്ദേഹത്തിന്റെ പേരിലെ അഴീക്കോട് എന്ന ഗ്രാമം ഉള്ളത്. മെയ് 12 നു 1926 ൽ ജനിക്കുമ്പോൾ പനങ്കാവിൽ വീട്ടിൽ വിദ്വാൻ പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളിൽ നാലാമനായിരുന്നു സുകുമാർ അഴീക്കോട്.
ആയുർവേദം, ബിസിനസ് ,അധ്യാപന പരിശീലനം, സാഹിത്യ പഠനം സുകുമാർ അഴീക്കോട് നടത്തിയിട്ടില്ലാത്ത പഠനവും ചുരുക്കമാണ്, ഇതിൽ ആയുർവേദ പഠനം അദ്ദേഹം പൂർത്തിയാക്കിയില്ല. ബാങ്കിലെ ജോലി പോലും വേണ്ടെന്നു വച്ചതിന്റെ പിന്നിൽ അഗാധമായ സാഹിത്യ മോഹം മാത്രമായിരുന്നു. അല്ലെങ്കിലും എഴുത്തും സാഹിത്യ തിളക്കവും തലയ്ക്കു പിടിച്ചവർ പിന്നെ ഒരു സാധാരണ ജോലിയ്ക്കായി മുന്നോട്ടു പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ചെറുപ്പം തിളയ്ക്കുന്ന പ്രായത്തിൽ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയെ കാണുക, അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ആകൃഷ്ടനായി മുന്നോട്ടു പോവുക. അത്തരം ഒരു അനുഭവം അഴീക്കോട് തന്റെ ആത്മ കഥയിൽ പങ്കു വയ്ക്കുന്നുണ്ട്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കണ്ടെത്തിയ അനുഭവമായിരുന്നു അത്. പ്രസംഗകലയുടെ തുടക്കം ഒരുപക്ഷേ അഴീക്കോടിന് ലഭിച്ചത് ആ കണ്ടു മുട്ടലിലൂടെ തന്നെയാകും. കാരണം തന്നെ ചുറ്റി നില്ക്കുന്ന ജനതയെ കയ്യിലെടുക്കാൻ പ്രത്യേക നൈപുണ്യം ഗാന്ധിയൻ സംസാര രീതികൾക്ക് ഉണ്ടായിരുന്നുവല്ലോ. . സാഹിത്യം,തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നീ വിഷയങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കുകയും എവിടെയും ഈ വിഷയങ്ങളിൽ തന്റെ പ്രസംഗം അദ്ദേഹം വളരെ വിദഗ്ദ്ധമായി മികവുറ്റതാക്കുകയും ചെയ്തിട്ടുണ്ട്.
ബഷീറിയൻ ശൈലിയിൽ പറഞ്ഞാല "സാഗരഗർജ്ജനം" തന്നെയായിരുന്നു അഴീക്കോടൻ പ്രഭാഷണം. വളരെ വിദൂരങ്ങളിൽ നിന്ന് പോലും ആളുകൾ അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ താൽപ്പര്യപ്പെട്ടു എതുമായിരുന്നുവത്രേ. വളരെ മെല്ലെ പറഞ്ഞു തുടങ്ങി മധ്യത്തിലെത്തുമ്പോമ്പോഴേക്കും ഉച്ചസ്ഥായിയുടെ ഉയരങ്ങളിലെത്തി കേൾവിക്കാരെ കോരിത്തരിപ്പിയ്ക്കുവാനുള്ള അഴീക്കോടിന്റെ കഴിവാണ് ബഷീറിനെ പോലെ ഉള്ള ഒരു എഴുത്തുകാരനെ കൊണ്ട് അഴീക്കോടൻ പ്രഭാഷണത്തെ "സാഗരഗർജ്ജനം" എന്ന പേരിൽ വിളിപ്പിച്ചത്.
അഴീക്കോടിന്റെ തത്വമസി എന്ന കൃതി ഇതിഹാസ തുല്യമായി തന്നെ കണക്കു കൂട്ടുന്ന ഒന്നാണ്. ഭാരതത്തിലെ പ്രധാന ആശയ സംഹിതകളായ ഉപനിഷത്തുകളെ അടിസ്ഥാനപ്പെടുത്തി രചിച്ച കൃതിയാണിത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, വയലാർ പുരസ്കാരം തുടങ്ങി പന്ത്രണ്ടോളം പുരസ്കാരങ്ങൾ ഈ പുസ്തകത്തിന് മാത്രം ലഭിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് തത്വമസിയുടെ മഹത്വം ഊഹിക്കാൻ ആവുക. ഇരുപതിലധികം പതിപ്പുകൾ പുറത്തിറങ്ങിയിട്ടുള്ള കൃതിയാണിത്. സുകുമാർ അഴീക്കോട് എന്ന പ്രതിഭയെ അതിന്റെ ഓന്നത്യത്തിലെത്തിച്ച കൃതിയുമാണിത്. ഇതുകൂടാതെ മുപ്പത്തഞ്ചിലേറെ കൃതികൾ ഇദ്ദേഹം രചിച്ചിട്ടുമുണ്ട്. സാഹിത്യ ലോകത്തിലെ ഒരിക്കലും അസ്തമിയ്ക്കാത്ത പൊൻ പ്രഭ തന്നെയാണ് എക്കാലത്തും സുകുമാർ അഴീക്കോട്.