വിഷാദഗാനം പോലെ അവള്‍

ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയയായ എഴുത്തുകാരി. ഏറ്റവും വേദനാകരമായ ഒരു മരണം സ്വയംവരിക്കാന്‍ അവളെ പ്രേരിപ്പിച്ചതെന്തായിരുന്നു?

വര്‍ഷം 1963 ഫെബ്രുവരി 11
എന്തോ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരുന്നു അന്നേ ദിവസം അവള്‍ ഉറക്കമുണര്‍ന്നെണീറ്റത്. അടുക്കളയില്‍ ചെന്ന് ബ്രെഡും പാലും ട്രേയിലെടുത്തു  മക്കളുടെ മുറിയിലേക്ക് ചെന്നു. അവര്‍ -ഫ്രീഡ റബേക്കയും നിക്കോളാസ് ഫറാനും- ഉറക്കമുണര്‍ന്നിട്ടുണ്ടായിരുന്നില്ല. വേണ്ട അവര്‍ ഉറങ്ങട്ടെ..

സന്തോഷത്തോടെ അവരുടെ കിടക്കയ്ക്കരികില്‍ ഭക്ഷണം വച്ചതിന് ശേഷം അവള്‍ മുറിയുടെ വാതിലടച്ചു. വാതിലിന്റെ വിടവുകളെല്ലാം തുണിക്കഷ്ണങ്ങള്‍ കൊണ്ട് അടച്ചു. എന്തിനാണ് അവള്‍ അങ്ങനെ ചെയ്തത്?
പറയാം, അവള്‍ വീണ്ടും അടുക്കളയിലേക്ക് ചെന്നു. ഗ്യാസ് അടുപ്പ് തുറന്നിട്ടു. അടുപ്പിന്റെ വാതിലില്‍ ഒരു ടവല്‍ ചുറ്റിവച്ചു. പിന്നെ സ്വന്തം ശിരസ് ടൗവലില്‍ പൊതിഞ്ഞ് അടുപ്പിനുള്ളിലേക്ക് നീട്ടിവച്ചു. മരണം അവളിലേക്ക് കത്തിക്കയറി.

അവള്‍ സില്‍വിയ പ്ലാത്ത്. ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയയായ എഴുത്തുകാരി. ഏറ്റവും വേദനാകരമായ ഒരു മരണം സ്വയംവരിക്കാന്‍ അവളെ പ്രേരിപ്പിച്ചതെന്തായിരുന്നു? പലരും പലതും പറയുന്നു. ഭര്‍ത്താവിന്റെ വഴിതെറ്റിയ ജീവിതം. മക്കളെയും തന്നെയും അനാഥരാക്കിയതിലുള്ള വിദ്വേഷം. പിന്നെ അതിനൊപ്പം ചേര്‍ത്ത് പറയുന്നുണ്ട് മറ്റൊരു കാര്യം. സില്‍വിയായുടെ വിഷാദം.

വിഷാദത്തിന്റെ അഗ്നിപര്‍വ്വതങ്ങള്‍ എന്നും പുകഞ്ഞുകൊണ്ടിരുന്ന മനസ്സായിരുന്നു അവളുടേത്. ഭര്‍ത്താവിനെ അവളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ പ്രതി ചേര്‍ത്ത് വിസ്തരിക്കുന്നവര്‍ക്കും വിവാഹത്തിന് മുമ്പും സില്‍വിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിനെന്നതിന് കൃത്യമായ ഉത്തരമില്ല. മരണത്തോടും സ്വയംപീഡയോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഒരു മനസായിരുന്നു സില്‍വിയയുടേത്.

മരണം ഒരു കലയാണ് എന്നായിരുന്നു അവളുടെ വിശ്വാസം. ആനന്ദത്തിന് മാത്രം കൈക്കൊള്ളാനാവുന്ന മൂര്‍ച്ചയേറിയ മധുരമേറിയ വേദന താന്‍ അനുഭവിക്കുന്നതിനെക്കുറിച്ച് സില്‍വിയാ എഴുതിയിട്ടുണ്ട്.

പിതാവ് ഓട്ടോ എമീല്‍ പ്ലാത്ത് മരിച്ച ദിവസം സ്‌കൂളില്‍ പോകാന്‍ വാശിപിടിച്ച കുട്ടിയായിരുന്നു സില്‍വിയ. അന്ന് അവള്‍ അമ്മയോട് പറഞ്ഞത് ഞാന്‍ ഇനിയൊരിക്കലും ദൈവത്തോട് സംസാരിക്കുകയില്ല എന്നായിരുന്നുവത്രെ. അന്നേ ദിവസം സ്‌കൂളില്‍ നിന്ന് അവള്‍ വന്നത് തീരെ അസ്വസ്ഥയായിട്ടായിരുന്നു. അമ്മ രണ്ടാമത് വിവാഹം കഴിക്കും എന്ന് കൂട്ടുകാരികള്‍ പറഞ്ഞ് പേടിപ്പെടുത്തിയതായിരുന്നു കാരണം.

മകളുടെ ആ വേദനയ്ക്ക് മുമ്പില്‍ ഇനിയൊരിക്കലും ഞാന്‍ വിവാഹം കഴിക്കില്ല എന്ന് മകള്‍ എഴുതിയതിന്റെ അടിയില്‍ പേര് എഴുതി ഒപ്പുവയ്‌ക്കേണ്ടി വന്നു അവളുടെ അമ്മ ഒറീലിയക്ക്. അതായിരുന്നു സില്‍വിയ. മനസ്സിന്റെ സഞ്ചാരം എവിടെയൊക്കെയോ വ്യതിചലിക്കപ്പെട്ടുപോയവള്‍. 

എഴുത്തായിരുന്നു അവള്‍ക്കേറെ പ്രിയപ്പെട്ടത്.ജീവിതത്തിലെ ഓരോ സംഭവങ്ങളും അവള്‍ ഡയറിയില്‍ കുറിച്ചുവയ്ക്കുമായിരുന്നു. 45 ല്‍ അധികം രചനകള്‍ തിരസ്‌ക്കരിക്കപ്പെട്ടതിന് ശേഷമാണ് സില്‍വിയായുടെ ഒരു രചന പ്രസിദ്ധീകരിച്ചത്. അസ്വസ്ഥകരമായ ദാമ്പത്യജീവിതമായിരുന്നു സില്‍വിയായുടെ വിഷാദരോഗത്തെ തീവ്രമാക്കിയത്. കവിയായിരുന്നു ഭര്‍ത്താവായ ടെഡ് ഹ്യൂസ്.

അയാള്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത സില്‍വിയായെ തളര്‍ത്തിക്കളഞ്ഞു. ആത്മനിഷ്ഠമായ നോവലിന്റെ കയ്യെഴുത്തുപ്രതിയും ടെഡിന്റെ കത്തുകളും കവിതകളും എല്ലാം കത്തിച്ചുകളഞ്ഞ സില്‍വിയായെയുംജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തുടക്കത്തില്‍ പറഞ്ഞതിലേക്ക് മടങ്ങട്ടെ. സില്‍വിയാ എന്തിനാണ് വാതിലിന്റെ വിടവുകളെല്ലാം അടച്ചതെന്ന്. ഗ്യാസ് പുറത്തേക്ക് പ്രവേശിച്ച് മക്കള്‍ ശ്വാസം മുട്ടി മരിക്കരുതെന്ന് അവള്‍ ആഗ്രഹിച്ചു. മക്കളുടെ രക്ഷയ്ക്ക് മുന്‍കരുതലുകള്‍ എടുത്ത് സ്വയം മരണത്തിലേക്ക് പ്രവേശിച്ച അമ്മ. അത്രയും കൂടിയുണ്ടായിരുന്നു സില്‍വിയാ പ്ലാത്ത്.