യാത്ര ചെയ്യാന്‍ നമ്മെ പഠിപ്പിച്ച ആള്‍

എസ്.കെ പൊറ്റക്കാട്

ഇന്ന് ദൂരങ്ങള്‍ അരികിലാണ്; കൈനീട്ടിയാല്‍ തൊടാന്‍ പാകത്തില്‍ തൊട്ടടുത്ത്. അതുകൊണ്ടുതന്നെ യാത്രകള്‍ ഇപ്പോള്‍ നമുക്കു വലിയ ഭാരങ്ങളോ സംഘര്‍ഷങ്ങളോ സമ്മാനിക്കുന്നുമില്ല. പക്ഷേ ഇന്നത്തേതു പോലെ സൗകര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന  നാൽപതുകളിലും അമ്പതുകളിലും മറ്റും യാത്ര  അത്ര എളുപ്പമായിരുന്നില്ല. എളുപ്പമാകാതിരുന്ന ഈ യാത്രകളെ എളുപ്പമുള്ളതാക്കിത്തീര്‍ത്ത വ്യക്തിയായിരുന്നു എസ്.കെ പൊറ്റക്കാട് .

സാഹിത്യത്തെ യാത്രകളോടും യാത്രകളെ സാഹിത്യത്തോടും ചേര്‍ത്തുനിര്‍ത്തിയ എഴുത്തുകാരന്‍. യാത്രകളുടെ ഹൃദയതാളമായിരുന്നു എസ് കെയുടെ സമ്പാദ്യം. നിലയ്ക്കാത്ത യാത്രകള്‍ കൊണ്ട് ജീവിതത്തെ സമൃദ്ധമായി കൊണ്ടാടിയ ആള്‍.

സഞ്ചാരസാഹിത്യം എന്ന വിഭാഗത്തെ  മലയാളത്തില്‍ വളര്‍ത്തിയെടുത്തതുതന്നെ എസ്.കെയായിരുന്നുവെന്നു പറയാം.  അദ്ദേഹത്തിന്റെ ആദ്യ യാത്രാവിവരണഗ്രന്ഥം കാശ്മീര്‍ ആയിരുന്നു. 1947 ല്‍ ആയിരുന്നു അതു പുറത്തിറങ്ങിയത്. പിന്നീട് നൈല്‍ ഡയറി, യൂറോപ്പിലൂടെ, പാതിരാസൂര്യന്റെ നാട്ടില്‍, ബാലി ദ്വീപ്, ലണ്ടന്‍ നോട്ട്‌ബുക്ക്, സിംഹഭൂമി, സഞ്ചാരസാഹിത്യത്തിന്റെ മൂന്നു വാല്യങ്ങള്‍.. എന്നിങ്ങനെ പുസ്തകങ്ങൾ.

ഈ കൃതികളിലൂടെ കടന്നുപോകുമ്പോള്‍ അതു വെറും സ്ഥലവിവരണങ്ങള്‍ മാത്രമായി നമുക്കു തോന്നുകയില്ല  മറിച്ച് പ്രതിജനഭിന്ന വിചിത്രമായ  ആളുകളുടെ ജീവിതത്തിലൂടെയാണ് പോകുന്നതെന്ന തോന്നലാണുണ്ടാകുന്നത്. ആ തരത്തില്‍ ജീവിതമനുഭവിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ചരിത്രത്തിന്റെ ഭാഗമായിക്കൂടി പരിഗണിക്കേണ്ട ആ കൃതികള്‍ ഇപ്പോഴും ആസ്വാദനക്ഷമമാകുന്നത്.

അന്നുവരെ മലയാളികള്‍ക്ക് അപരിചിതമായിരുന്ന ഭൂമികകളെ അതീവസുന്ദരമായ ഭാഷയിൽ, ലളിതമായി, ദൃശ്യമികവോടെ അവതരിപ്പിക്കുന്നതില്‍ എസ്.കെ മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ നോവലുകള്‍ പോലും ഒരുതരത്തില്‍പ്പറഞ്ഞാല്‍ യാത്രാവിവരണം കൂടിയായിരുന്നു. 

വിഷകന്യക എന്ന നോവല്‍ തന്നെ ഉദാഹരണം. മധ്യതിരുവിതാംകൂറില്‍നിന്ന് മലബാറിന്റെ മണ്ണിലേക്ക് പുതിയ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമായി കുടിയേറുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെയും കീഴടങ്ങലിന്റെയും കഥയാണ് അതെങ്കിലും അതിനുമപ്പുറം ഒരു കാലത്തെയും ദേശത്തെയും അദ്ദേഹം അതില്‍ മനോഹരമായി വര്‍ണിക്കുന്നുമുണ്ട്. ഒരു ദേശത്തിന്റെ കഥയും ഇതുപോലെ തന്നെ.

മറ്റെല്ലാ വിശേഷണങ്ങൾക്കുമപ്പുറം എസ് കെ യാത്രയുടെ മനുഷ്യനായിരുന്നു എന്നതായിരുന്നു സത്യം. ആ ജീവിതചിത്രം നമ്മോട് പറയുന്നത് അതാണ്. അവസാനിക്കാത്ത പ്രാര്‍ഥനയാണു ജീവിതം എന്ന് ബഷീര്‍ പറയുമ്പോള്‍ അവസാനിക്കാത്ത യാത്രയാണു ജീവിതം എന്ന് എസ് കെ തിരുത്തിയെഴുതുകയായിരുന്നു; സഞ്ചാരം കൊണ്ട്. 

1940 കളില്‍ തുടങ്ങുന്നു എസ് കെയുടെ യാത്രകള്‍. 1941 ല്‍ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കയ്യിൽനിന്നു രക്ഷപ്പെടാനായി വീണ്ടും ഒരു ബോംബെ യാത്ര. പിന്നീട് കശ്മീരിലേക്കും ഹിമാലയത്തിലേക്കും. 1949 ല്‍ പതിനെട്ടുമാസം നീണ്ടുനില്ക്കുന്ന ആഫ്രിക്കന്‍, യൂറോപ്പ് പര്യടനങ്ങള്‍. 1980 ല്‍ മധ്യപൂര്‍വേഷ്യയിലേക്കു നടത്തിയ യാത്രയായിരുന്നു അവസാനത്തേത്. 

ഭൂമിയിലെ സകലയാത്രകളും അവസാനിപ്പിച്ച് 1982 ഓഗസ്റ്റ് ആറിന് എസ് കെ മറ്റൊരു യാത്രയ്ക്കു പുറപ്പെട്ടു, മടങ്ങിവരവില്ലാത്ത ആ യാത്രയ്ക്ക്.