കേന്ദ്ര സഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകും ; സാറാജോസഫ്

സാറാജോസഫ്

ന്യൂഡൽഹി∙ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകും. കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് ബോർഡിൽ നിന്നും ജനറൽ കൗൺസിലിൽ നിന്നും പ്രമുഖ കവി കെ.സച്ചിദാനന്ദൻ ഇന്നലെ രാജിവച്ചിരുന്നു. മലയാള സാഹിത്യകാരന്മാരിൽ നിന്നുള്ള ആദ്യ പരസ്യ പ്രതിഷേധമാണിത്.

എഴുത്തുകാരിയുടെ കടമയാണിതെന്നും സംസ്ഥാനത്തിൽ നിന്ന് ആദ്യപരസ്യ പ്രതികരണമെന്ന നിലയിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും സാറാ ജോസഫ് പറഞ്ഞു. ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേരാൻ രണ്ടുദിവസം വൈകിപ്പോയതിൽ സങ്കടമുണ്ട്. ഇന്ത്യയിൽ വളർന്നുവരുന്ന ഭീതിയുണർത്തുന്ന അവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധമാണെന്നും സാറാ ജോസഫ് പറ‍ഞ്ഞു.

എഴുത്തുകാരെ കൊന്നുകളയുന്നതടക്കമുള്ള സാംസ്കാരിക പ്രവർത്തനമാണ് മോദി സർക്കാർ നടത്തുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള അവകാശം നമുക്കില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അത് കഴിക്കുന്നവരെ കൊന്നൊടുക്കുന്നു. അതിൽ പ്രധാനമന്ത്രി ഒൻപതുദിവസം മൗനം പാലിക്കുകയായിരുന്നുവെന്നും സാറാ ജോസഫ് പറഞ്ഞു.

കൽബുർഗി കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതിൽ ഗൗരവമേറിയ ഒരു പ്രതികരണവും സാഹിത്യ അക്കാദമി നടത്തിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് സച്ചിദാനന്ദൻ അറിയിച്ചു.