വായന എന്നതും കവിത എന്നതും എത്രത്തോളം ഒന്നായി ചേർന്നിരിക്കുന്നു എന്നത് വായനയുടെ മാനസിക ആഘോഷത്തെ അടിസ്ഥാനപ്പെടുത്തി ഇരിക്കാം. ആത്മസംഘർഷങ്ങളുടെ വേലിയേറ്റത്തിനിടയിൽ കവിത എന്നത് ഉള്ളിലേയ്ക്കൊതുങ്ങുന്ന ഒരു വൈകാരികത കൂടിയാകുമ്പോൾ അതിനുണ്ടാകുന്ന ഒരു ചെറിയ മാറ്റം പോലും സ്ഫോടനം ഉണ്ടാക്കും. വിപ്ലവം സൃഷ്ടിക്കും. എന്നാൽ എക്കാലത്തും നിശബ്ദമായി ഉള്ളിലേയ്ക്ക് നോക്കി തന്നെ അവനവനോട് മാത്രം കവിതകൾ ചൊല്ലാനാകുമോ? അതുകൊണ്ട് തന്നെയാണു ആദ്യം വിപ്ലവങ്ങളോട് പ്രതിപത്തി ഇല്ലാതിരുന്നവർ പോലും മാറ്റങ്ങൾ കാണാൻ തിരക്കിട്ടൊരുങ്ങുന്നത്.
ഇത് പോയട്രി ഇൻസ്റ്റല്ലേഷന്റെ സമയമാണ്. കൊച്ചി ദർബാർ ഹാൾ അതിനു വേണ്ടി കഴിഞ്ഞ ഒരു വർഷമായി കാത്തിരിപ്പ് തുടങ്ങിയിട്ട് , കഴിഞ്ഞ വർഷം രണ്ടു കവിതകളുടെ 3D ഇൻസ്റ്റല്ലേഷനു ശേഷം കവിതകളുടെ പുതിയ മുഖം കാണാൻ ആരാധകർ കാത്തിരിക്കുന്നു . ഇൻസ്റ്റല്ലേഷൻ രണ്ടാം ഭാഗം ഒരുക്കങ്ങൾ തുടങ്ങിയിട്ട് മാസം മൂന്നാകുന്നു.ഇൻസ്റ്റല്ലേഷൻഡയറക്ടർ വിനോദ് കൃഷ്ണയുടെ മനസ്സിൽ തോന്നിയ ഒരു പുതുമയുള്ള ആശയത്തെ സൌണ്ട് ഡിസൈനർ രംഗനാഥ് കൂടി ചേർന്ന് അവതരിപ്പിക്കുമ്പോൾ ലോക ചരിത്രത്തിൽ തന്നെ കവിത പുതിയൊരു ചരിത്രം എഴുതി ചേർക്കുന്നുണ്ട്.
ഇൻസ്റ്റലേഷനുകളുടെ കാലമാണ് കൊച്ചിക്കിത്. ബിനാലെയുടെ ആഘോഷങ്ങൾ കെട്ടടങ്ങുന്നതിനു മുൻപാണ് കവിതകളെയും രൂപകൂട്ടിലൊരുക്കി പുതിയ അർത്ഥങ്ങളും നിറങ്ങളും ആശയങ്ങളും കൊടുത്തു ഈ കൂട്ടുകാർ ഒരുക്കുന്നത്. പലതരം ആശയങ്ങളെ ഒരു തലത്തിലേയ്ക്ക് സന്നിവേശിപ്പിച്ച ശേഷം പ്രദർശനത്തിനൊരുക്കുന്ന ആശയമാണ് ഇൻസ്റ്റലേഷനുകൾ. ലോകത്തിനു ഇത് പുതുമയല്ലെങ്കിലും മലയാളിയ്ക്ക് ഇത് പുതുമയുള്ള അനുഭവമാണ്. കവിതകൾക്ക് ഇങ്ങനെയും മുഖമൊരുക്കാം എന്ന പുതുമയുള്ള കണ്ടെത്തൽ. പോയട്രി ഇൻസ്റ്റലേഷൻ കൊച്ചിയിൽ ഇത് രണ്ടാം വർഷമാണ് അരങ്ങേറാൻ പോകുന്നത്. ഏറെ ശ്രമകരമായ ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചു തുടങ്ങിയ രണ്ടു പേർ, വിനോദ് കൃഷ്ണയും രംഗനാഥ് രവിയും തങ്ങളുടെ സ്വപ്നത്തെ കുറിച്ച് പറയുന്നു.
പോയട്രി ഇൻസ്റ്റലേഷന്റെ ഡയറക്ടർ വിനോദ് കൃഷ്ണ:
"എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന താൽപ്പര്യത്തിൽ നിന്നാണ് കവിതകൾ വച്ച് ഇൻസ്റ്റലേഷൻ ചെയ്യാൻ തീരുമാനിക്കുന്നത്. ഈ ആശയം ആദ്യം പറയുന്നതു സൗണ്ട് ഡിസൈനറായ രംഗനാഥിനോടാണു.അദ്ദേഹം ഡിസൈനർ ആയതുകൊണ്ട് തന്നെ ശബ്ദം കൊണ്ട് കവിതയെ ഞാൻ ഉദ്ദേശിക്കുന്ന രീതിയിലേയ്ക്ക് കൊണ്ടെത്തിക്കാൻ കഴിയുമെന്നു ഉറപ്പുണ്ടായിരുന്നു. കഴിഞ്ഞ വർഷം നടന്ന ആദ്യ പരിപാടി തന്നെ വിജയമായിരുന്നു.
അജീഷ് ദാസ്, കലേഷ് സോം എന്നിവരുടെ കവിതയാണ് അന്ന് തിരഞ്ഞെടുത്തത്. അതിനു ശബ്ദവും രൂപവും നല്കി 3 ഡയമെൻഷനിലാണു അത് ചെയ്തത്. എന്നാൽ ഇത്തവണ 4 കവികളുടെ കവിതകൾ എടുത്തിട്ടുണ്ട്, ഇത്തവണ 4D ആയാണ് ഇൻസ്റ്റലേഷൻ ആസ്വാദകരെ രസിപ്പിക്കുക. അതായത് നാല് വ്യത്യസ്ത തലങ്ങളിൽ നിന്ന് കൊണ്ട് ഒരേ സമയം കവിത ആസ്വദിയ്ക്കാനാകും എന്നതാണു ഇതിന്റെ പ്രത്യേകത.
തെൻസിൻ സുൻന്ത്യു,റഫീക്ക് അഹമ്മദ്, അജീഷ് ദാസ്, സിനി മാത്യു എന്നിവരുടെ കവിതകളാണ് ഇത്തവണ ഉണ്ടാവുക. എല്ലാത്തിനും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്നതാണു എടുത്തു പറയേണ്ട പ്രത്യേകത. ദേശീയബോധവും ദേശസ്നേഹവും തന്നെയാണു ഓരോ കവിതകളുടെയും കാതൽ. ഒരിക്കലും അത് ഇന്ന് പറയപ്പെടുന്ന വ്യാജ ദേശീയതയല്ല. പരസ്പരം മനുഷ്യൻ സ്നേഹിക്കേണ്ടതിന്റെ ആവശ്യകത പറയുന്ന ദേശീയത തന്നെയാണു കവിതകളുടെ വിഷയം. ഒരുതരത്തിൽ പറഞ്ഞാൽ ഒരു കലാപം തന്നെയാണു ഈ കവിതകളുടെ വിഷയം. സ്നേഹത്തിന്റെ കലാപം, മാനുഷികതയുടെ കലാപം, ദേശത്തിന് വേണ്ടിയുള്ള കലാപം എന്നിങ്ങനെ പറഞ്ഞു വയ്ക്കുകയാണ് ഈ ഇൻസ്റ്റലേഷനുകൾ.
തെൻസിൻ സുൻന്ത്യുവിന്റെ കവിതയ്ക്ക് ശബ്ദം നല്കിയത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. ഈ രണ്ടു പേർക്കും ഒരുപാട് സാമ്യങ്ങളുണ്ട്. രണ്ടു പേരും സ്വന്തം നാട് വിട്ടു പ്രവാസികളായവരാണു, രണ്ടു പേരും കവികളാണ്, രണ്ടു പേരുംഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ വിശ്വസിച്ചിരുന്നവരുമാണ്, അതായത് വിപ്ലവ ചിന്തകളുള്ള സമാന രീതികളുള്ളവരുടെ കവിതകളുടെ ചരിത്രത്തിന്റെ കൈമാറ്റം നടക്കുന്നുണ്ട് ഇവിടെ.
ഈ സ്വപ്ന പരിപാടിയിൽ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയതു സ്വാഭാവികമായും സാമ്പത്തിക വിഷയം തന്നെയാണ്. സ്പോൻസർഷിപ് ആദ്യം ഒരാൾ ഏറ്റെങ്കിലും പക്ഷേ സഹകരിച്ചില്ല. ഇപ്പോഴും ആദ്യത്തെ പരിപാടിയ്ക്കും ഞങ്ങൾ ടീം അംഗങ്ങളും പിന്നെ ചില സുഹൃത്തുക്കളും കയ്യിൽ നിന്നെടുത്ത പണം കൊണ്ട് തന്നെയാണു ലക്ഷങ്ങൾ ചിലവാക്കി ഈ പ്രൊജക്റ്റ് ചെയ്തിരിക്കുന്നത്.സുഹൃത്തുക്കൾ തന്നെയാണു ഇതിന്റെ പ്രചോദനവും ശക്തിയും. കഴിഞ്ഞ വർഷം മാധ്യമങ്ങൾ തന്ന സപ്പോർട്ട് പറഞ്ഞറിയിക്കാൻ ആകില്ല. സോഷ്യൽ മീഡിയയും മാധ്യമങ്ങളും വഴി തന്നെയാണു, ഈ ശ്രമത്തെ കുറിച്ച് എല്ലാവരും അറിഞ്ഞത്. കണ്ടവർ കണ്ടവർ മൌത്ത് പബ്ലിസിറ്റിയും തന്നു. ഈ വർഷവും വിജയം ആകും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.
ഫിലിം അക്കാദമിയുടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ അതിൽ ഉൾപ്പെട്ടിരുന്ന പേരാണ് രംഗനാഥ് രവിയുടെത്. മികച്ച സൗണ്ട് ഡിസൈനിങ്ങിനുള്ള പുരസ്കാരം ലഭിച്ച രംഗനാഥിന്റെ പ്രൊഫൈലിലെ ചിത്രങ്ങൾ മലയാളത്തിൽ നിന്നല്ല തുടങ്ങുന്നത്, ബോളിവുഡ് അടക്കം 8 വ്യത്യസ്ത ഭാഷകളിൽ നിന്നാണ്. മലയാളിയ്ക്ക് ഒരു കാലയളവിന് ശേഷം ശബ്ദത്തിൽ പരീക്ഷണം നടത്താനുള്ള ധൈര്യം തുടങ്ങിയത് ഒരുപക്ഷേ രംഗനാഥിൽ കൂടി തന്നെയാണു എന്നതിന്റെ നേർകാഴ്ചയാണ് സംസ്ഥാന ചലച്ചിത്രപുരസ്കാരം 'എന്ന് നിന്‍റെ മൊയ്തീൻ' എന്ന സിനിമയിലൂടെ രംഗനാഥിനു ലഭിച്ചത്. പോയട്രി ഇൻസ്റ്റലേഷന്റെ കവിതകളെ ശബ്ദത്തിലൂടെ കാഴ്ചക്കാർക്കും കേൾവിക്കാർക്കും വേണ്ടി വീണ്ടും പണിഞ്ഞെടുക്കുമ്പോൾ ഒരു കാര്യം ഉറപ്പിയ്ക്കാം, ശബ്ദം എന്നത് ഒട്ടും നിസ്സാരമല്ല.
രംഗനാഥ് പറയുന്നു:
" വിനോദുമൊത്ത് ഒരു സിനിമയായിരുന്നു ആദ്യം മനസ്സിലുണ്ടായിരുന്നത്. പക്ഷേ ഇത്തരം ഒരു പുതുമയുള്ള ആവശ്യമാണ് വിനോദ് പറഞ്ഞത്. എന്തെങ്കിലും വ്യത്യസ്തമായതു ഞങ്ങൾക്ക് ചെയ്യേണ്ടതുമുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലൊക്കെ 7D വരെ ചെയ്യുന്നുണ്ട്, പക്ഷേ നമ്മൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് അത്രയ്ക്കൊന്നും മുന്നോട്ടു പോകാനായിട്ടില്ല . എന്നാൽ ഒരു കാര്യം ഉറപ്പിച്ചു പറയാം ലോകത്തിൽ ആദ്യമായാണു 3D യിൽ പോയെട്രി ഇൻസ്റ്റലേഷൻ ഉണ്ടാകുന്നത്, അതും കൊച്ചിയിൽ ആണ്, ആദ്യമായി ഇത് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇൻസ്റ്റല്ലേഷൻ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ അവർ ഉൾപ്പെടുത്തുമെന്ന് അറിയിച്ചിട്ടുമുണ്ടായിരുന്നു. ഇത്തവണയും സാധ്യതയുണ്ട്, കാരണം ഇത്തവണ 4D ആണു ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്.
മുൻപും കവിതയിൽ അല്ലെങ്കിൽ കൂടി ഇത്തരം ഇൻസ്റ്റലേഷൻസ് ചെയ്ത പരിചയമുണ്ടായിരുന്നു, അതുവച്ചാണ് ഇത്തരമൊരു പരീക്ഷണം ഞങ്ങൾ ചെയ്തത്. പിന്നെ ശബ്ദത്തെ സിനിമയിൽ ഒരു ഘടകം എന്ന നിലയിൽ മാത്രം ഒതുക്കി നിർത്തുക എന്ന രീതിയിൽ നിന്നും ശബ്ദത്തിനും പ്രസക്തിയുണ്ട് എന്ന തലത്തിലേയ്ക്ക് എത്തിയ്ക്കണമെന്നും തോന്നിയിട്ടുണ്ട് പല തവണ. ആ ആശയവും ഇത് ചെയ്യാൻ പ്രചോദനമായി എന്നതും സത്യം. ശബ്ദത്തിനു എപ്പോഴും സ്വന്തമായി ഒരു സ്പെയിസ് ഉണ്ടായിരിക്കണം എന്ന് തോന്നിയിട്ടുണ്ട്. സിനിമ കാണുമ്പോൾ കാഴ്ചയും കേൾവിയും ഒന്നിച്ചാണ് അനുഭവിക്കുന്നത്. ഒന്നില്ലെങ്കിൽ മറ്റൊന്നിനു പ്രാധാന്യം ഇല്ലെങ്കിൽ പോലും പലപ്പോഴും കാഴ്ച തന്നെയാണു സിനിമയിൽ പ്രസക്തം. പക്ഷേ കാലം മാറിയപ്പോൾ സാങ്കേതികമായി മുന്നേറ്റം വന്നപ്പോൾ, ശബ്ദത്തിനുകൂടുതൽ പ്രാധാന്യം വന്നിട്ടുണ്ട്, എന്നാൽ ശബ്ദത്തിന്റെ പ്രത്യേകതകളെ ഉപയോഗിയ്ക്കുക എന്നത് നമുക്ക് ഇത്തരം ആശയങ്ങളിലൂടെ ചെയ്യാൻ പറ്റും. അതുകൊണ്ട് ഏറെ സമയമെടുത്ത് ആസ്വദിച്ചു തന്നെ ചെയ്തതാണ് ഇൻസ്റ്റലേഷനിലെ 4 കവിതകളും.
ഇതിൽ രണ്ടു കവിതകൾ 3 ട്രാക്കിലും മറ്റു രണ്ടു കവിതകൾ സ്റ്റീരിയോ രീതിയിലുമാണ് ശബ്ദം കൊടുത്തു ചെയ്തിരിക്കുന്നത്. ശബ്ദം രണ്ടു തരത്തിൽ ചെയ്യാം, ഒന്നുകിൽ നമ്മൾ കാണുന്ന കാഴ്ച്ചയുടെ അതേ ശബ്ദം കൊടുക്കാം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശബ്ദങ്ങളായി നല്കാം. ജനപ്രിയ സാഹിത്യവും ആധുനിക സാഹിത്യവും പോലെയുള്ള വ്യത്യാസമുണ്ട് ഇവ രണ്ടും. ഇതിൽ 75 % രണ്ടാമത്തെ രീതിയാണു ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കവിതയിൽ കവി പറഞ്ഞിരിക്കുന്ന വാക്കുകളുടെ അതേ ശബ്ദങ്ങൾക്ക് പകരം ആവർത്തന വിരസമല്ലാത്ത അതുമായി ബന്ധപ്പെടുത്തിയ ശബ്ദങ്ങളാണ് നൽകിയിരിക്കുന്നത്.
ഇതിലെ മൂന്നു കവിതകൾക്കും എഴുതിയവർ തന്നെയാണ് ശബ്ദം നല്കിയത്. എന്നാൽ തെൻസിൻ സുൻന്ത്യുവിന്റെ കവിതയ്ക്ക് ശബ്ദം നല്കിയത് ജോയ് മാത്യുവാണു. രണ്ടു സ്ത്രീകളും ഈ പരിപാടിയിൽ ടീമിലുണ്ട്, ധന്യ കെ വിലയിൽ, അഡ്വ. ഷഹ്ന, അഡ്വ. പി. രവീന്ദ്രനാഥാണു ഈ പരിപാടിയുടെ ഫൗണ്ടർ എന്ന് പറയാം. കാരണം കഴിഞ്ഞ വർഷം അദ്ദേഹം നല്കിയ ഒരു ലക്ഷം രൂപയിൽ നിന്നാണു ഈ സ്വപ്നങ്ങളുടെ ഒക്കെ തുടക്കം. ഷാരോൺ ഫിലിപ്പ് ആണ് ആർട്ട് ചെയ്യുന്നത്. മെറ്റൽ, ഫൈബർ, തുടങ്ങിയവ ഉപയോഗിച്ചാണ് ഇൻസ്റ്റലേഷൻ നിർമ്മിച്ചിരിക്കുന്നത്. സമീറുദ്ധീനും ജി എസ് വിനയനുമാണ് ഇവന്റ് മാനേജർ, പരിപാടിയുടെ കോർഡിനെഷൻ ധന്യയും ഷഹ്നയും. ഇതിന്ടെ പബ്ലിസിറ്റി ഡിസൈനർ ദീപേഷ് യോഗിയുമാണ്.
ഒരു സംഘം കൂട്ടുകാരുടെ പ്രവർത്തനം തന്നെയാണു ഈ പോയട്രി ഇൻസ്റ്റലേഷൻ. കവിതയെ വ്യത്യസ്തമായ രീതിയിൽ ശബ്ദവും ഒരേസമയം കാഴ്ചയും നൽകി അവതരിപ്പിക്കുക എന്നത് ശ്രമകരമായ ജോലി തന്നെയായിരുന്നു. ജോലികൾ പൂർത്തിയായി വരുന്നു. ജൂൺ 9 നു കൊച്ചി ദർബാർ ഹാളിൽ വച്ച് പ്രദർശനം ആരംഭിക്കുകയാണ്. സ്വപ്നസാക്ഷാത്കാരം എന്നതിനപ്പുറം പുതിയ കാലത്തിലേയ്ക്കുള്ള ഒരു കാലെടുത്തു വയ്ക്കലും കൂടിയാണ് ഇത് എന്നേ പറയാനുള്ളൂ.