തുലാവർഷത്തിന്റെ കാവ്യഗർജനം

വയലാർ രാമവർമ

ഒരു പരിവർത്തനയാമത്തിൽ പദമൂന്നി–

പ്പരിതസ്ഥിതികളോടേറ്റുമുട്ടി

നിവരുമീ ലോകത്തിൻ കരളിന്റെ ചുണ്ടിൽ

നിന്നുയരുന്ന ഗാനമാണെന്റെ ഗാനം

മലയാളിയുടെ സ്വപ്നങ്ങൾക്കു വാക്കുകളുടെ വർണം നൽകിയ വയലാർ രാമവർമയുടെ വിയോഗത്തിന് ഇന്ന് 40 വയസ്സ്. കേരളത്തിന്റെ മണ്ണിലേക്കും മലയാളിയുടെ മനസ്സിലേക്കും തുലാവർഷം തകർത്തുപെയ്യുന്ന നാളുകളിൽ വയലാറിന്റെ ഓർമദിനം.

ജീവിച്ചിരുന്നപ്പോൾ വയലാർ ഉപമിക്കപ്പെട്ടതും തുലാവർഷത്തോട്. തുലാമാസത്തിലെ പ്രഭാതങ്ങൾക്കു വല്ലാത്തൊരു തെളിച്ചമായിരിക്കും. ഉച്ചവരെ നല്ല തെളിഞ്ഞ വെയിൽ. ഉച്ച കഴിയുമ്പോൾ കിഴക്കൻചെരിവു കറുക്കും.

വൈകുന്നേരമാകുമ്പോഴേക്കും ശക്തിയായ കാറ്റ്, കനത്ത മഴ, ഭൂമി പിളർക്കും പോലുള്ള ഇടിയും മിന്നലും. അടുത്ത ദിവസം രാവിലത്തെ പ്രഭാതം കാണുമ്പോൾ തലേന്നു വൈകിട്ടു പ്രകൃതി കോപിച്ചിരുന്നോ എന്നുപോലും സംശയിക്കും. രചനാവേളയിൽ രാമവർമ ഉപമിക്കപ്പെട്ടതു തുലാവർഷത്തോടാണ്.

കവിതയും ഗാനങ്ങളും രചിക്കുമ്പോൾ ഉചിതമായ വാക്കുകൾക്കും വരികൾക്കുംവേണ്ടി അദ്ദേഹം അക്ഷമനാകുമായിരുന്നു. ധൃതിയിൽ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും. അപ്പോൾ ആരെങ്കിലും അടുത്തുവന്നാൽ ദേഷ്യമാണ്. കൈകൾ അദ്ദേഹം പ്രത്യേകരീതിയിൽ മുന്നോട്ടും പിന്നോട്ടും വീശിക്കൊണ്ടിരിക്കും.

അൽപം പിറുപിറുപ്പുമുണ്ട്. വീടിന്റെ മുന്നിലെ വഴിയിൽവച്ച് ഈ രൂപത്തിൽ രാമവർമയെ പലരും കണ്ടിട്ടുണ്ട്. സർഗവേദനയിൽ അസ്വസ്ഥനായ രാമവർമയോട് ആരെങ്കിലും വിശേഷം ചോദിച്ചാൽ അദ്ദേഹം തട്ടിക്കയറും. വീട്ടകാരോടുപോലും അദ്ദേഹം ഈ ദേഷ്യം കാണിച്ചിട്ടുണ്ട്.

തുലാവർഷത്തോടു വയലാറിനെ ഉപമിക്കുന്നത് ഒരിക്കൽ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.അപ്പോൾ വയലാറിന്റെ മറുപടി: തുലാവർഷം പോലെയാണു ഞാൻ ആ സമയം. എഴുത്തു തുടങ്ങുംവരെ നല്ല വെയിലായിരിക്കും. തുടങ്ങിയാൽപ്പിന്നെ കാറ്റും കോളും പേമാരിയും ഇടിയും മിന്നലുമൊക്കെ.

പക്ഷേ, കാലവർഷത്തിലെ വെള്ളം ഒഴുകിപ്പോകും. തുലാവർഷത്തിലെ വെള്ളമാണു ഭൂമിയിൽ കിടക്കുക. വേനൽക്കാലത്തേക്കുള്ള കരുതലാണ് അത്. വേനലിൽ ദാഹംകൊണ്ടു വലയുമ്പോൾ ജനം കുടിക്കുന്നത് ഈ തുലാവർഷത്തിലെ വെള്ളമാണ്!

പാദമുദ്രകൾ എന്നായിരുന്നു രാമവർമയുടെ ആദ്യ കവിതാ സമാഹാരത്തിന്റെ പേര്. അന്ന് അദ്ദേഹത്തിന്റെ പേര് ജി. രാമവർമ തിരുമുൽപ്പാട്. പ്രസിദ്ധീകരണം നരസിംഹവിലാസം ബുക്ക് ഡിപ്പോ, തുറവൂർ. ഉടമ തൈക്കാട്ടുശ്ശേരി പ്രൈമറി സ്കൂളിലെ അധ്യാപകൻ മാധവ പൈ.

പല പ്രസാധകരെയും രാമവർമ കവിതകളുമായി സമീപിച്ചു. ആരും സമാഹാരം പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. അങ്ങനെയാണു നരസിംഹവിലാസം ബുക്ക് ഡിപ്പോയിൽ എത്തുന്നത്. അധ്യാപകനായ മാധവപൈയുടെ വീട്ടിൽ വയലാറിനു പലതവണ പോകേണ്ടിവന്നു.

ഒടുവിൽ അദ്ദേഹം വയലാറിനെയും കൂട്ടി കൊച്ചിയിൽ പുസ്തകം അച്ചടിക്കുന്ന പ്രസിൽപോയി. അതിമനോഹരമായ കവർപേജോടെ അച്ചടിച്ച പാദമുദ്രകൾ കണ്ടു. 48 പേജുള്ള പുസ്തകത്തിൽ പത്തു കവിതകൾ. വില ഏഴു ചക്രം നാലു കാശ്.

അച്ചടിക്കൂടി തീർത്തുകൊടുക്കാതെ ഒരു പുസ്തകം പോലും തരില്ലെന്നു പ്രസ്സുകാർ. യാത്രക്കൂലിയല്ലാതെ രാമവർമയുടെയും മാധവ പൈയുടെയും കയ്യിൽ വേറെ പണമില്ല. 75 രൂപയുമായി അടുത്തദിവസം ഗ്രന്ഥകർത്താവ് വരുമെന്നും അപ്പോൾ പുസ്തകത്തിന്റെ പത്തുകോപ്പി കൊടുക്കണമെന്നും മാധവ പൈ കരാറാക്കി.

രണ്ടുമാസമെടുത്തു വയലാറിന് 75 രൂപ സമ്പാദിക്കാൻ. കാശുമായി രാമവർമ കൊച്ചിയിൽപോയി പത്തുപുസ്തകവുമായി തിരിച്ചെത്തി. ഇക്കാലത്താണ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ പേരിൽ വയലാർ എന്ന സ്ഥലപ്പേര് ഇന്ത്യയൊട്ടാകെ അറിയപ്പെട്ടത്. അപ്പോൾ മാധവ പൈ എന്ന പ്രസാധകന് ഒരു ബുദ്ധി തോന്നി.

കൊച്ചിയിലെ പ്രസ്സിലിരിക്കുന്ന പാദമുദ്രകളുടെ മുഴുവൻ കോപ്പികളുമെടുത്തു തുറവൂരിൽ കൊണ്ടുവന്നു. അതിൽ ഗ്രന്ഥകർത്താവിന്റെ പേര് അച്ചടിച്ച പേജ് മുറിച്ചുമാറ്റി. ആ സ്ഥാനത്ത് ‘വയലാർ രാമവർമ’ എന്ന പേര് അച്ചടിച്ചു തുന്നിച്ചേർത്തു. അങ്ങനെ ജി. രാമവർമ തിരുമുൽപ്പാട് എന്ന കവി ഇല്ലാതായി. പകരം വയലാർ രാമവർമ എന്ന കവി ഉദയംചെയ്തു.

വയലാർ രാമവർമ എന്ന പേര് ഇട്ടതിന്റെ മുഴുവൻ ബഹുമതിയും തുറവൂർ ശ്രീ നരസിംഹവിലാസം ബുക്ക് ഡിപ്പോ ഉടമ മാധവ പൈക്കു മാത്രം അവകാശപ്പെട്ടതാണ്. പാദമുദ്രകളുടെ ഒന്നാംപതിപ്പ് വളരെവേഗം വിറ്റുതീർന്നു. ഏതാനം കവിതകൾക്കൂടിച്ചേർത്ത് രണ്ടാംപതിപ്പും പ്രസിദ്ധീകരിച്ചു. പിന്നീടു വയലാറിന്റെ പുസ്തകങ്ങൾ തേടിനടന്നു മലയാളികൾ.

സർഗ്ഗസംഗീതങ്ങളുടെ തീക്ഷ്ണലഹരി സൃഷ്ടിച്ച വയലാർ അനേകം കവിതകളിൽ തന്റെ പേരിനോടൊപ്പമുള്ള നാടിനെയും പ്രകീർത്തിച്ചിട്ടുണ്ട്.

മണ്ണിനെ, മണ്ണിലെ സൗഗന്ധികങ്ങളെ

സിന്ദൂരമാക്കിയ വയലാറിൽ

ദുഃഖഖനികളെ സ്വപ്നങ്ങൾ തൻ രക്ത–

രത്നങ്ങൾ ചൂടിച്ച വയലാറിൽ

അഗ്നിമകുടങ്ങൾ ചാർത്തിയ മോഹങ്ങൾ

അങ്കമാടിപ്പൂത്ത വയലാറിൽ...