Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിടപറഞ്ഞത് മാന്ത്രികതയുടെ എഴുത്തുകാരന്‍; കലികയുടെയും

mohana chandran മലയാളം അതുവരെ കണ്ടിട്ടില്ലാത്ത അതിസാഹസികമായ ഒരു മേഖലയുടെ കവാടം തുറന്ന നോവലാണ് കലിക.

ത്രികാല‍ജ്ഞാനികളായ കാക്കകള്‍ രാവിന്റെ ചിറകടിച്ചുകൊണ്ട് പറന്നുവരികയാണ്. ജന്‍മരഹസ്യങ്ങളുടെ നിശചലസമുദ്രങ്ങള്‍ക്കുമുകളില്‍ അവ വട്ടമിട്ടു പറക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞ വാക്കുകളെ കറുത്ത കരച്ചില്‍കൊണ്ട് അവ തോറ്റിയുണര്‍ത്തുന്നു. കാക്കകള്‍ ദേവിയെ കാത്തിരിക്കുകയായിരുന്നു. അവള്‍ വന്നു; രഹസ്യങ്ങളുടെ മഞ്ഞുപാളികളില്‍ അവളുടെ മനസ്സിന്റെ പെരുവിരലമരുമ്പോള്‍ രാത്രിയുടെ മൗനമുദ്രിതമായ ചൊടികള്‍ വിറയ്ക്കുന്നു. 

കലികയിലൂടെ മലയാള വായനയില്‍ മാന്ത്രികതയുടെ അത്ഭുതസൗന്ദര്യം വിടര്‍ത്തിയ നോവലിസ്റ്റിന്റെ പ്രശസ്ത കൃതി. 

‘കാക്കകളുടെ രാത്രി’  എന്ന നോവലിനു കൊടുത്ത ഈ ആമുഖ വാചകങ്ങളിലുണ്ട് മോഹനചന്ദ്രന്‍ എന്ന എഴുത്തുകാരന്റെ ശക്തിയും സൗന്ദര്യവും. എഴുപതുകളുടെ തുടക്കത്തില്‍ വന്ന ഒരൊറ്റ നോവല്‍- കലിക. അതിനുശേഷം വന്ന മോഹനചന്ദ്രന്റെ എല്ലാ കൃതികളുടെയും ആമുഖങ്ങളില്‍ കലിക പരാമര്‍ശിക്കപ്പെട്ടു. കലികയുടെ എഴുത്തുകാരന്‍ എന്നറിയപ്പെട്ടു. മോഹനന്ദ്രന്റെ സര്‍ഗാത്മക ജീവതത്തെ മാന്ത്രികതയാലും രൗദ്രതയാലും കീഴടക്കുകയായിരുന്നു കലിക. തന്നോടു തെറ്റു ചെയ്തവരെ ഒന്നൊന്നായി കീഴടക്കി പ്രതികാര ദുര്‍ഗയായി മാറിയ യഥാര്‍ഥ കലികയെപ്പോലെതന്നെ. ഒപ്പം  മലയാളത്തിലെ ഭീകര, മാന്ത്രിക വിഭാഗത്തില്‍പ്പെടുന്ന രചനകള്‍ക്ക് അനുകരിക്കാനും പ്രചോദനം നേടാനും തികവുറ്റ മാതൃകയായും നിലകൊള്ളുന്നു- അരനൂറ്റാണ്ടിനുശേഷവും. 

മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവലായ കലികയെ മന്ത്രവാദത്തിലും സംസ്കൃതത്തിലും രതിയുടെയും മൃതിയുടെയും ഇരുള്‍ക്കയത്തിലുമായി തളച്ചിടാനാവില്ല. കലിക തീര്‍ച്ചയായും ഭാഷയിലെ ആദ്യത്തെ മാന്ത്രിക നോവല്‍തന്നെയാണ്. ഭീതിയും രതിയും മൃതിയും സംഹാരാത്മകതയുമെല്ലാം തുല്യഅനുപാതത്തില്‍ യോജിപ്പിച്ച് സൃഷ്ടിച്ചെടുത്ത അപൂര്‍വ കലാസൃഷ്ടി തന്നെയുമാണ്. പക്ഷേ, അതിലുപരി പെണ്ണിന്റെ അഭിമാനസംരക്ഷണത്തിന്റെ ആദ്യത്തെ രൂക്ഷമായ പ്രത്യയശാസ്ത്രങ്ങളില്‍ ഒന്നുമാണ്. ഗോത്രങ്ങളുടെ, മനുഷ്യക്കൂട്ടായ്മകളുടെ ആദിബോധത്തില്‍ ഉറഞ്ഞുകൂടിയ അമ്മ-ദേവി സങ്കല്‍പത്തിന്റെ ഏറ്റവും മനോഹരമായ വ്യാഖ്യാനവുമാണ്. ആലുവയില്‍ തന്റെ ജന്‍മദേശത്തെ കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട എൈതിഹ്യങ്ങളില്‍നിന്നുമാണ് മോഹനചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍ യൗവ്വനത്തിന്റെ എല്ലാ ലഹരിയോടെയും കലിക സൃഷ്ടിക്കുന്നത്. 

മലയാളം അതുവരെ കണ്ടിട്ടില്ലാത്ത അതിസാഹസികമായ ഒരു മേഖലയുടെ കവാടം തുറന്ന നോവലാണ് കലിക. ആധുനികതയുടെ ഉഷ്ണവാതം വീശിയടിക്കുന്നതിനും മുന്നേ മനസ്സിനെ കീഴടക്കിയ തീക്കാറ്റ്. ഗ്രാമത്തില്‍, പുരാതന തറവാട്ടില്‍ ഒരു ദുര്‍മരണം കൂടി ഉണ്ടായി എന്ന വിവരം ലഭിക്കുന്നതിനെത്തുടര്‍ന്നു മൂന്നു സൂഹൃത്തുക്കളെയും കൂട്ടി ദുരൂഹതയുടെ ഇരുട്ട് വകഞ്ഞുമാറ്റാന്‍ യാത്ര തിരിക്കുന്ന ഒരു യുവാവ്. അയാളെയും സുഹൃത്തുക്കളെയും കാത്തിരിക്കുന്ന മണ്ണും പെണ്ണും. അവിടെ ലഹരിയുണ്ട്. രതിയുണ്ട്. നിഗൂഢതകളുടെ ഇനിയും അഴിച്ചെടുക്കാനാവാത്ത ഇരുട്ടുനിറഞ്ഞ മുറികളും കാവും കുളവും ആരാധനാ സമ്പ്രദായങ്ങളും ഭക്തിശ്ലോകങ്ങളും. 

കലിക ഒരു പെണ്ണാണ്. പെണ്ണായതിന്റെ പേരില്‍ വ്യക്തിത്വം ചവിട്ടിയരയ്ക്കപ്പെട്ടവള്‍. പെണ്ണായതിന്റെ പേരില്‍ മോഹങ്ങളൊക്കെയും ഒരു പുരുഷന്റെ മൃഗീയമായ ആസക്തിക്കുമുന്നില്‍ അടിയറവു വയ്ക്കേണ്ടിവന്നവള്‍. പെണ്ണായതിന്റെ പേരില്‍ പ്രണയത്തിന്റെ ശുഷ്കനക്ഷത്രങ്ങള്‍പോലും മറന്ന് ഇരുട്ടിലെ കിതപ്പുകള്‍ക്കു കാത്തിരിക്കേണ്ടിവന്നവള്‍. എന്നെന്നും ആ പെണ്ണ് അടിമയും പുരുഷന്‍ ഉടമയും അവളുടെ കിതപ്പുകള്‍പോലും അവന്റെ  അവകാശവുമെന്ന പരമ്പരാഗത ധാരണയെ പൊളിച്ചെഴുതാന്‍ കലിക ഉണരുമ്പോള്‍ തകര്‍ന്നുവീഴുന്നത് ഒരു തറവാടിനെചുറ്റിപ്പറ്റി, ഒരു കാവിന്റെ ചുറ്റുമായി ഒരു ഗ്രാമവും ഒട്ടേറെ കുടുംബങ്ങളും കെട്ടിപ്പൊക്കിയ, ആവര്‍ത്തിച്ചുറപ്പിച്ച അന്ധവിശ്വാസങ്ങളുടെ കോട്ടകൊത്തളങ്ങള്‍ കൂടിയാണ്. കലികയ്ക്കും മുമ്പും ശേഷവും മലയാളത്തില്‍ പെണ്ണിന്റെ പ്രതികാരത്തിന്റെ ആവിഷ്ക്കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റു കൃതികളില്‍നിന്നൊക്കെ വ്യത്യസ്തമായി ഒരു ജനവിഭാഗത്തിന്റെ ആദിബോധത്തിലെ ഒരു വിഗ്രഹത്തിന്റെ ഭക്തിപരിവേഷത്തെ പ്രതികാരത്തിന്റെ നാളത്തിലേക്ക് ആവാഹിക്കുന്ന മറ്റൊരു കൃതിയില്ല. അങ്ങേയറ്റം വിശ്വസനീയമായി. സര്‍ഗാത്മക കാന്തി ഒരിറ്റുപോലും ബലി കഴിക്കാതെ. അതുകൊണ്ടുതന്നെയാണ് കലിക മോഹനചന്ദ്രന്‍ എന്ന ചരിത്രത്തില്‍ ഒന്നാം റാങ്ക് നേടി വിജയിച്ച്, ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ജോലി നേടിയ അംബാസഡറുടെ മാസ്റ്റര്‍പീസും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ജനപ്രിയ പുസ്തകങ്ങളിലൊന്നുമായത്. മികച്ച വായനക്കാരനുമായിരുന്നു മോഹനചന്ദ്രന്‍ എന്ന ബി.മോഹന ചന്ദ്രന്‍നായര്‍ അഥവാ ബിഎംസി നായര്‍. സിംഗപ്പൂരിലും ജമെയ്ക്കയിലും കുവൈത്തിലും അംബാസഡറായി ജോലി നോക്കിയ അദ്ദേഹം യാത്രകളെയും ഇഷ്ടപ്പെട്ടു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയപ്പോഴും എല്ലാ വര്‍ഷവും കേരളത്തിലേക്കു യാത്ര ചെയ്തു. സൗഹൃദസദസ്സുകള്‍ക്കു ജീവന്‍ പകര്‍ന്നു. 

അസാധാരണ ജനപ്രീതിയെത്തുടര്‍ന്നാണു കലിക ചലച്ചിത്രമാകുന്നതും. 1980-ല്‍ ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ ഷീല കലികയായി വന്നപ്പോഴും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കലികയുടെ പുതിയ പതിപ്പുകള്‍ക്കുവേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന വായനക്കാരുണ്ട്. അവരുടെ ആസ്വാദനബോധത്തിന്റെ മികച്ച അടിത്തറയില്‍നിന്ന് പുതിയ കാലത്തിലേക്കുള്ള കുതിപ്പു തുടങ്ങുകയാണ് കലിക. മോഹനചന്ദ്രന്റെ സുന്ദരി ഹൈമവതി, കരിമുത്ത്, ഗന്ധകം, കാപ്പിരി, പന്തയക്കുതിര തുടങ്ങിയ നോവലുകളും. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം