Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒ.വി. വിജയന്റെ പ്രവചനവും സക്കറിയയുടെ കാത്തിരിപ്പും

ov-vijayan ഒ.വി. വിജയൻ

ഞാൻ എഴുത്തിലൂടെ സൗന്ദര്യവും അർഥവും സൃഷ്ടിക്കുമ്പോൾതന്നെ, എന്റെ സമൂഹത്തിനു സംഭവിക്കുന്നതെന്തെന്നതിനെപ്പറ്റി ജാഗരൂകനായിരിക്കണം. എന്റെ കണ്ണും ചെവിയും തുറന്നുപിടിക്കണം. എല്ലാ സ്വാധീനങ്ങൾക്കും പുറത്ത് സർവസ്വതന്ത്രനായിരിക്കണം. അതിനുപകരം ഞാൻ ജനാധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവും മാനവികതാവിരുദ്ധവുമായ ശക്തികൾക്കു കീഴടങ്ങിയാൽ എന്റെ സമൂഹത്തിന്റെ യാഥാർഥ്യത്തെപ്പറ്റി എങ്ങനെ എന്റെ വായനക്കാരെ അറിയിക്കും. എന്റെ എഴുത്തിൽ സൗന്ദര്യമുണ്ടായേക്കാം, പക്ഷേ സത്യമുണ്ടാവില്ല. ഇന്ന് ഇന്ത്യയിലെ ഒരു എഴുത്തുകാരനു ചെയ്യാൻകഴിയുന്ന ഏറ്റവും പ്രധാനകർത്തവ്യം ബോധപൂർവ്വം, നിഷ്ക്കർഷാപൂർവം സ്വതന്ത്രനായിരിക്കുക എന്നതാണ്. ‘സ്വതന്ത്രൻ’ എന്നതു വലിയ അക്ഷരങ്ങളിൽ. സ്വതന്ത്രൻ എന്നതു സ്വർണ്ണ അക്ഷരങ്ങളിൽ. 

zacharia സക്കറിയ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവ എഴുത്തുകാരെ പങ്കെടുപ്പിച്ച്  കേന്ദ്ര സാഹിത്യ അക്കാദമി മധുരയിൽവച്ചുനടത്തിയ സമ്മേളനത്തിൽ സക്കറിയ നടത്തിയ ഒരു പ്രസംഗത്തിൽനിന്നുള്ള വരികളാണിത്. അഞ്ചുവർഷം മുമ്പു നടന്ന സമ്മേളനത്തിൽ. കഴിഞ്ഞദിവസം പാലക്കാട്ടു തസ്രാക്കിലെ ഞാറ്റുപുരയിൽ നടത്തിയ സമ്മേളനത്തിലും സക്കറിയ പറഞ്ഞതും ആവർത്തിച്ചതും അരക്കിട്ടുറപ്പിച്ചതും എഴുത്തുകാരന്റെ സ്വാതന്ത്ര്യം തന്നെ. എഴുത്തുകാരൻ ജനാധിപത്യവാദിയാകണം. മതേതരവാദിയാകണം. മാനവികതാ വാദിയുമാകണം. ഈ അടിയുറച്ച വിശ്വാസങ്ങൾക്കു കോട്ടം തട്ടുന്ന ഒരു പ്രവൃത്തിയും എഴുത്തുകാരുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ല. അറിഞ്ഞോ അറിയാതെയോ പോലും സ്വാതന്ത്ര്യത്തിനു കോട്ടം വരുന്ന ഒരു പ്രവൃത്തിയും എഴുത്തുകാരുടെ ഭാഗത്തുനിന്നുണ്ടായിക്കൂടാ. ഒവി വിജയൻ അനുസ്മരണവേദിയിൽ ആശയം വിശദീകരിക്കവെ, സ്വാഭാവികമായും വിജയന്റെ വിവാദ നിലപാടുകളിലേക്കും സക്കറിയ കടന്നു. ഒ.വി. ഉഷ ഉൾപ്പെടെയുള്ളവരിൽനിന്ന് എതിർപ്പുമുണ്ടായതോടെ ഒരിക്കൽക്കൂടി ചൂടുപിടിച്ച ചർച്ചയായിരിക്കുകയാണ് മതേതരത്വവും എഴുത്തുകാരുടെ നിലപാടുകളും. 

ജനാധിപത്യം, മതനിരപേക്ഷത, സാതന്ത്ര്യം എന്നിവയുടെ പാഠങ്ങൾ തനിക്കു പകർന്നുതന്നതു വിജയനാണെന്ന് സക്കറിയ അനുസ്മരിക്കുന്നുണ്ട്. ഖസാക്കിന്റെ ഇതിഹാസവും ധർമരപുരാണവും ഒക്കെ എഴുതിയ കാലമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. തീക്ഷ്ണമായ കാർട്ടൂണുകളിലൂടെ രാഷ്ട്രീയത്തിൽ ഇടപെട്ട കാലം. വർഷങ്ങൾ  കടന്നുപോകെ ഗുരുസാഗരത്തിന്റെ സമൃദ്ധിയെക്കുറിച്ചും വിജയനെഴുതി. അക്കാലത്ത് അദ്ദേഹത്തിന് ഇടർച്ച സംഭവിച്ചു എന്നാണ് സക്കറിയ പറയുന്നത് അതു ചൂണ്ടിക്കാണിക്കുകയും സുഹൃത്തായിരുന്ന വിജയന്റെ ആശയങ്ങളെ തനിക്ക് എതിർക്കേണ്ടിവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

കരുണാകര ഗുരുവിന്റെ സമീപ്യം വിജയൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും ആ സന്നിധ്യത്തിൽനിന്ന് അദ്ദേഹം ഊർജം സ്വീകരിച്ചുവെന്നും ഒ.വി. ഉഷ പറയുന്നു. അതിനപ്പുറം വർഗീയമായ നിലപാടുകൾ തന്റെ സഹോദരിനിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് അവർ വ്യക്തമാക്കുന്നു. വിജയൻ സ്വീകരിച്ച ഒരു പുരസ്കാരം സമൂഹത്തിൽ തെറ്റിധാരണ സൃഷ്ടിച്ചുവെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ മതേതരത്വത്തിനു വിരുദ്ധമാകുന്നുണ്ടോ എന്നു സംശയിച്ചുവെന്നുമാണ് സക്കറിയുടെ വിശദീകരണം. സക്കറിയയുടെ വിമർശനത്തിന്റെ കാതലും അതുതന്നെ: സമൂഹത്തിൽ തെറ്റിധാരണയുണ്ടാക്കുന്ന ഒരു സംഘടനയുടെയും അംഗീകാരം ഒരിക്കലും സ്വീകരിക്കാൻ പാടില്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർഎസ്എസ് ആസ്ഥാനത്തു നടത്തിയ സന്ദർശനം ഉയർത്തിയ വിവാദത്തിന്റെ അലകൾ ഒടുങ്ങുന്നതിനുമുമ്പാണു പുതിയ വിവാദമെന്നതും ശ്രദ്ധേയം.

സമൂഹത്തിന്റെ പൊതുനൻമയെക്കരുതിയാണു സക്കറിയയുടെ വമർശനം. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി കാണാതിരിക്കാനാകില്ല. വിമർശനങ്ങൾക്കു കൃത്യമായി മറുപടി പറയാൻ വിജയനാകട്ടെ ഇന്നു നമ്മോടൊപ്പമില്ല. പക്ഷേ, സക്കറിയ പിന്തുണയ്ക്കുന്ന കാലത്തുപോലും വിജയന്റെ കൃതികളുടെ അന്തർധാരയായി ആത്മീയതയുടെ വിശാലമായ ഒരു തലം ഉണ്ടായിരുന്നു എന്നതാണു യാഥാർഥ്യം. പ്രകീർത്തിക്കപ്പെട്ട ഖസാക്കിന്റെ ഇതിഹാസത്തിൽപ്പോലും കർമ്മപരമ്പരയുടെ നൈരന്തര്യത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ചെതലിയുടെ താഴ്‍വരയിൽ, അസ്തമയ വെളിച്ചത്തിൽ  പൂവിറുക്കാൻ വന്ന പെൺകുട്ടിയുടെ കഥ തന്നെ മികച്ച ഉദാഹരണം. 

വേർപിരിയുമ്പോൾ ജ്യേഷ്ഠത്തി അനുജത്തിയോടു പറയുന്നുണ്ട്– നീയെന്നെ മറക്കും. 

ഇല്ലെന്ന് അനുജത്തിയുടെ മറുപടി. 

വർഷങ്ങൾക്കുശേഷം അസ്തമയത്തിന്റെ താഴ്‍വരയിൽ തനിച്ചുനിന്ന ചെമ്പകത്തിന്റെ പൂ പൊട്ടിക്കുമ്പോൾ ചെടി അനുജത്തിയോടു പറയുന്നു: നീയെന്നെ മറന്നല്ലോ ! 

കർമപരമ്പരയുടെ സ്നേഹരഹിതമായ കഥയാണിത്. ഇവിടെ അകൽച്ചയും വേദനയും മാത്രമേയുള്ളൂ. 

ഇതേ ആശയം ഗുരുസാഗരത്തിന്റെ തുടക്കത്തിൽതന്നെ വിജയൻ വിശദീകരിക്കുന്നുമുണ്ട്. കാളവണ്ടിക്കാരന്‍ വലംകയ്യനാണ്. സ്വാഭാവികമായും വണ്ടിയുടെ വലതുവശത്തു കെട്ടിയിരിക്കുന്ന കാളയെ ആയിരിക്കും വണ്ടിക്കാരന്‍ ചാട്ട കൊണ്ടു കൂടുതലായി മര്‍ദിക്കുക. ഇടതുവശത്തെ കാളയ്ക്കു ചാട്ടയടി കിട്ടാറില്ല. കിട്ടിയാല്‍തന്നെ ദുർബലവും. കാളകളെ വണ്ടിയില്‍ കെട്ടുമ്പോൾ എന്നും വലതുവശത്ത് ഒരേ കാള തന്നെയാണു വരുന്നത്. അതിന് ഇടതുവശത്തേക്കു മാറ്റം കിട്ടുന്നില്ല. ചാട്ടയടി നിരന്തരം അനുഭവിക്കാനാണ് ആ കാളയ്ക്കു യോഗം അഥവാ വേദനയാണ് അതിന്റെ നിയോഗം. 

കർമപരമ്പരയുടെ സ്നേഹരഹിതമായ കഥയെക്കുറിച്ചാണു വിജയൻ വീണ്ടും വീണ്ടും എഴുതിയത്. അകൽച്ചയെക്കുറിച്ചും വേദനയെക്കുറിച്ചും. 

ഖസാക്കിന്റെ ഇതിഹാസത്തിന്റെ അവസാനം രവിക്ക് ഏറ്റുവാങ്ങേണ്ടിവരുന്ന പാമ്പിന്റെ ദംശനത്തിലുമുണ്ട് ഇതിഹാസ കാവ്യത്തിന്റെ പ്രതിധ്വനി. യാദവകുലത്തിന്റെ അന്ത്യവും കൃഷ്ണന്റെ അവസാന നിമിഷങ്ങളും. ഒളിച്ചോടാനാകാത്ത വിധി. രക്ഷപ്പെടാനാകാത്ത അനുഭവങ്ങളുടെ വ്യൂഹം. വിജയന്റെ മനസ്സിൽ രൂഡമൂലമായിരുന്ന ആത്മീയത അദ്ദേഹത്തിന്റെ അവസാനകാലത്ത് ഒരു ഗുരുവിന്റെ സാന്നിധ്യത്തിൽ സാഫല്യം കണ്ടെത്തിയെന്നു കരുതുന്നതായിരിക്കും ഉചിതം. 

വീണ്ടും വായിക്കാം ഖസാക്കിന്റെ തുടക്കം:

കൂമൻകാവിൽ ബസ്സു ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായ്കകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ട് ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവുനിറഞ്ഞ വാർധക്യം, കുഷ്ഠം പറ്റിയ വേരുകൾ, എല്ലാമതുതന്നെ. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം