'കാൻസർ വാർഡിലെ ചിരി'; ഇന്നസെന്റിന്റെ പുസ്തകം ഇനി കന്നഡയിലും

നടനും, എം പിയുമായ ഇന്നസെന്റിന്റെ ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം കന്നഡയിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ബെംഗളൂരു മലയാളി. കാഞ്ഞിരപ്പള്ളി സ്വദേശിയും കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായ മായാ നായരാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

സാവിന മനേയ കദവ തട്ടി എന്നാണ് പുസ്തകത്തിന്റെ പേര്. മരണത്തിന്റെ പടിവാതിലെത്തിയശേഷം തിരികെ വന്നു എന്നര്‍ഥം.  ഒപ്പം ക്യാന്‍സര്‍ ഗേ ഹാസ്യ ഒൗഷധ അഥവാ ക്യാന്‍സറിന് ചിരി ഒരു മരുന്നാണ് എന്ന ടാഗ് ലൈനും. ഇന്നസെന്റിന്റെ ക്യാന്‍സര്‍ വാര്‍ഡിലെ ചിരിയെന്ന പുസ്തകം കന്നഡയിലെത്തിയത് ഇങ്ങനെ. നേരത്തെ തന്നെ കന്നഡയില്‍ ചെറുകഥകളക്കം എഴുതിത്തുടങ്ങിയ മായ നായര്‍ക്ക് ക്യാന്‍സര്‍ രോഗികള്‍ക്ക് ആത്മധൈര്യം നല്‍കാന്‍ അനുഭവകഥകള്‍ക്ക് കഴിയുമെന്ന തിരിച്ചറിവാണ് വിവവര്‍ത്തനത്തിന് പ്രചോദനം. മലയാളം പോലെതന്നെ കന്നഡയും ഇഷ്ടമെന്ന് മായാ നായര്‍

രോഗികളെ കാണാൻ വരുന്നവരുടെ മനോഭാവം മാറിയാൽ പകുതി രോഗവും മാറുമെന്നായിരുന്നു പുസ്തക പ്രകാശവേളയില്‍ നടന്‍ ഇന്നസെന്റിന്റെ പ്രതികരണം. സ്വന്തം അനുഭവങ്ങൾ കന്നഡ ഭാഷയിൽ പങ്കുവച്ചാണ് ഇന്നസെന്റ് സദസ്യരെ കയ്യിലെടുത്തത്. മലയാളത്തിനു പുറമെ തമിഴ്, ഇംഗ്ലിഷ്, ഇറ്റാലിയൻ ഭാഷകളിലേക്കും പുസ്തകം മൊഴിമാറ്റിയിട്ടുണ്ട്.